മേതിൽ എന്ന നോവൽ, ഒരു സമ്മാനം
Mail This Article
ഒരു നോവൽ തുടങ്ങുമ്പോൾ ഒരുകാര്യം ഉറപ്പാണ്, അതൊരു വലിയ നിശ്ശബ്ദതയുടെയോ അന്ധകാരത്തിന്റെയോ വിശദീകരണമാണ്. ഈ പ്രപഞ്ചം ഇങ്ങനെയാകുന്നതിനുമുൻപുള്ളതു സങ്കൽപിച്ചിട്ടുണ്ടോ ? അതാണു നോവൽ ചെയ്യുന്നത്.
അങ്ങനെയൊരു നോവലിനു മുഖവാക്യമായി എടുത്തെഴുതാൻ യോഗ്യമായ മറ്റൊരു കൃതിയിലെ രണ്ടോ മൂന്നോ വാക്യമാണ് ആദ്യം ഉണ്ടാകുന്നത്. ഹാംലറ്റിൽ തുടക്കത്തിൽ പ്രത്യക്ഷമാകുന്ന അച്ഛന്റെ പ്രേതം പോലെ. പ്രപഞ്ചം ഒരു കളിപ്പന്തുപോലെ കയ്യിൽ വച്ച് അമ്മാനമാടാനാവും എന്നു കിനാവുകാണുന്ന ഒരു പയ്യനിലേക്ക് മരിച്ച പിതാവ് അയയ്ക്കുന്ന കൊടുങ്കാറ്റാണ് ഹാംലറ്റ് എന്ന നാടകം. നൂറ്റാണ്ടുകൾക്കുശേഷം ഹാംലറ്റിലെ ഏറ്റവും ഹീനമായ ഈരടി ചങ്ങമ്പുഴയുടെ രമണനു പ്രാരംഭവാക്യമായി. അതേസമയം, തിമിംഗലങ്ങളെക്കുറിച്ചുള്ള ഒന്നല്ല രണ്ടു ഡസനിലേറെ ഉദ്ധരണികളാണ് മോബിഡിക്കിന്റെ തീരം തുറക്കുന്നത്. റോബർട്ട് ബർട്ടന്റെ അനാട്ടമി ഓഫ് മെലങ്കലി യുടെ കാര്യം നോക്കൂ, ഉദ്ധരണികൾ കൊണ്ടു മാത്രം ഉണ്ടായിവന്ന പുസ്തകം. എഴുത്തുകാരൻ തന്റെ അന്ത്യം വരെ ഓരോ പുതിയ ഉദ്ധരണി കിട്ടുമ്പോഴും ചേർത്തുചേർത്താണ് അതൊരു ഭീമൻ പുസ്തകമായത്.
പക്ഷേ, എനിക്ക് ഒരു പ്രാരംഭ വാക്യം മാത്രം മതി.
ഇങ്ങനെ ആദ്യം ഞാൻ എഴുതുന്ന വാക്യം, മറ്റൊരിടത്തുനിന്ന് എടുത്തെഴുതുന്നത്, നോവലിന്റെ ടൈമർ പോലെയാണ്. അതു വായിക്കുന്നതോടെ നിങ്ങളുടെ ഉള്ളിൽ പണ്ടെന്നോ രൂപമെടുത്തുകഴിഞ്ഞതും അമർന്നുകഴിഞ്ഞിരുന്നതുമായ ഒരു ഉരുൾ പൊടുന്നനെയുള്ള തളളലിൽ പൊട്ടിപ്പോകുന്നു. അതൊരു ഭൂചലനമോ വെള്ളക്കുത്തോ ആയിത്തീരുന്നു. ഈ അനുഭവമാണ് താളുകളാകുന്നത്.
ഒരിക്കൽ മേതിൽ രാധാകൃഷ്ണനെ കഥാപാത്രമാക്കി ഒരാൾ ഒരു നോവലെഴുതി. നൂറ്റൻപതോളം താളുകളുള്ള കഥ. വാറ്റുചാരായത്തിൽ മുക്കിയ ചൂണ്ടുവിരൽ തീപ്പെട്ടി ഉരച്ചു കത്തിക്കുന്നതുപോലെ എരിയുന്ന ഏതോ നിമിഷത്തിൽനിന്നാണ് എൺപതുകളിൽ കക്കാടു കോയയുടെ മേതിൽക്കഥ ഉണ്ടായത്. അതുവരെ വിശേഷിച്ച് ഒന്നും സാഹിത്യത്തിൽ ചെയ്തിട്ടില്ലാത്ത ഒരു മനുഷ്യൻ, ചെങ്കുളം പവർഹൗസിനു എതിർവശത്ത്, പുഴക്കരെയിരുന്ന് വെള്ളച്ചാട്ടത്തിന്റെ മുഴക്കം കേട്ട് എഴുതിയ നോവലാണ്ണ്; മേതിലിന്റെ കുട.
മഴക്കാലത്തു പുഴയിൽനിന്നുള്ള കാറ്റിനെതിരെ കുട നിവർത്തിയാൽ ഉണ്ടാകുന്ന ഒച്ചയുണ്ടല്ലോ, അതാണു താളുകളിൽ പിടിച്ചത്. കാറ്റിലും മഴയിലും മേതിൽ കുട ചൂടി ഏതെങ്കിലും തെരുവിൽ നടക്കുകയോ പുഴയോരത്ത് മീൻപിടിക്കാനിരിക്കുകയോ ചെയ്യുമ്പോഴെല്ലാം ആ കുടശ്ശീല കാറ്റിനും വെള്ളത്തിനുമെതിരെ കലഹിക്കുന്നത് അയാൾ ശ്രദ്ധിക്കുമായിരുന്നു. തനിക്ക് ദൈവവിശ്വാസം നഷ്ടമാകുന്നുവോ എന്ന് ഭയന്ന് കക്കാടു കോയ, അതിനെ വിശദീകരിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഒരു കഥാപാത്രമായി വരുന്ന മേതിലിന് ഇതിലെന്തുകാര്യം? അതിഭൗതികതയെക്കാൾ, ആകസ്മിതകളുടെ വിചിത്രമായ സംഭവപരമ്പരകളിൽ അല്ലേ അയാൾ അഭിരമിക്കുക? മിസ്റ്ററിക്കു പിന്നാലെ മേതിൽ പോകും, അതിലൊരു ഡിസൈൻ ഉണ്ടെന്നു കണ്ടുപിടിക്കുകയുംചെയ്യും. പക്ഷേ ഉത്തരമല്ല, ചോദ്യങ്ങളാണു അയാൾ ബാക്കിയാക്കുക. അയാൾ പൂർത്തീകരിക്കാത്ത എത്രയോ ശകലങ്ങൾ,അതിലെ കഥ ഉണ്ടായിവരാതെ.. അയാൾ ഭൗതികനല്ല, അതിഭൗതികനുമല്ല, താൻ ശാസ്ത്രമാണ് എഴുതുന്നത് എന്ന് പറയും.
വർഷങ്ങൾക്കുശേഷം കക്കാടുകോയ നാടുവിട്ടു. ഓരോരുത്തരായി കോയയുടെ കൂട്ടുകാരും പിരിഞ്ഞുപോയശേഷം, ഒരുദിവസം തന്റെ സ്റ്റുഡിയോയുടെ ഡാർക്ക് റൂമിനു പുറത്ത് ഒരു സ്റ്റൂളിൽ ഇരുന്ന് ഹരിപ്രസാദാണ് എന്നോടു പറഞ്ഞത് താൻ കോയയുടെ നോവലിന്റെ കയ്യെഴുത്തു വായിച്ചിരുന്നുവെന്ന്. ഒറ്റ മേതിൽക്കഥയും വായിക്കാതെ കോയ എന്തിന്, എങ്ങനെ, മേതിലിനെ കഥാപാത്രമാക്കി നോവലുണ്ടാക്കി എന്ന ചോദ്യത്തിന് ഏതാണ്ടു വിശ്വസനീയമായ മറുപടിയാണു അന്നു ഹരി പറഞ്ഞത്.
ആ മറുപടി എന്താണെന്നു പറയുംമുൻപ് കോയയുടെ നോവലിന് എന്തുസംഭവിച്ചുവെന്നു കേൾക്കൂ..
മേതിൽ എന്ന എഴുത്തുകാരനെക്കുറിച്ച് കേട്ടിട്ടില്ലാത്ത, പനംകൂട്ടി പാപ്പച്ചനാണ് കക്കാടുകോയയോടു പറഞ്ഞത്, മേതിലിന്റെ കുട ഞാൻ അച്ചടിക്കും, അതു ഞാൻ കൊണ്ടുനടന്നു വിൽക്കും. അയാൾ ‘ഹംസഗാനം’ എന്ന മാസിക നടത്തിയിരുന്നു. തന്റെ വീടിനു സമീപം ഒരു പഴയകെട്ടിടത്തിൽ പ്രസിൽ നിന്ന് കൊണ്ടുവരുന്ന ഈ വാരികയുടെ വിവിധ ലക്കങ്ങൾ അയാൾ കൂട്ടിവച്ചു. ഇരുപത്തഞ്ചു കോപ്പിയാണ് ഹംസഗാനം ആകെ വിറ്റതെന്ന് ഒരിക്കൽ പാപ്പച്ചൻ തന്നോടു പറഞ്ഞത് ഹരി ഓർത്തു. വിൽപനയില്ലായ്മ അയാളെ വിഷമിപ്പിച്ചില്ല. പക്ഷേ വിൽക്കാത്തവയുടെ അച്ചടിയിൽ അയാൾ എല്ലാം മറന്നു. ആദ്യമായി ഒരു നോവൽ താളുതാളായി അച്ചടിക്കുന്നതിന്റെ ഹരം അയാളെ മദിപ്പിച്ചു. കക്കാടു കോയയുടെ ആ കയ്യെഴുത്തുപ്രതി അയാൾവാങ്ങിക്കൊണ്ടുപോയി, അത് ഹംസഗാനത്തിന്റെ വിൽക്കാത്ത പ്രതികളുടെ പൊടിമണമുള്ള മുറിയിൽ കൊണ്ടുവച്ചു. മഴക്കാലമായിരുന്നു. തീയും വെള്ളവും പുസ്തകത്തിനെതിരാണ്. മഴ രാത്രി മുഴുവനും പെയ്തു. നേരം വെളുക്കും മുൻപേ മലയോരത്ത് ഒരു ഉരുൾപൊട്ടി. ആ പഴയ കെട്ടിടം, അതിനു നേരെ മുകളിലെ ചെരുവിൽനിന്ന മരങ്ങളും വിളകളുമടക്കം പെരിയാറ്റിലേക്ക് ഒലിച്ചുപോയി.
ഉരുളെടുത്ത സ്ഥലത്തെ ചെളിക്കൂനയ്ക്കു സമീപം അനേകരുടെ കുടകൾക്കിടയിൽ തന്റെ പഴയ കുടയും ചൂടി കോയ നിന്നു. കുഴമണ്ണ് മാത്രം കണ്ട ആ ചെരിവിൽനിന്ന്, ഒരു തുണ്ടു കടലാസ്സ് പോലും കിട്ടിയില്ലെങ്കിലും വെറുതെ ആ മഴയത്ത്..
ഹരിപ്രസാദ് പറഞ്ഞത് ആ നോവൽ പാപ്പച്ചനോ മറ്റാരെങ്കിലുമോ വായിച്ചിട്ടില്ല. താനല്ലാതെ! കക്കാടുകോയ തെറ്റിച്ച ചില പദങ്ങൾ ഇപ്പൊഴും ഓർമയുണ്ട്. ആ കടലാസുകൾക്ക് കോയയുടെ കയ്യിൽ ഒരു പകർപ്പുണ്ടായിരുന്നില്ല. അതു വായിച്ച ഹരിക്കും അതിലെന്തായിരുന്നു എന്ന് കൃത്യമായി പറയാനായില്ല. അയാൾ അതു മറന്നിരുന്നു.
ഞാൻ ഹരിയെ വിശ്വസിച്ചില്ല. അയാൾ ഒരു ഫൊട്ടോഗ്രഫറാണ്. ഫൊട്ടോഗ്രഫറുടെ ഓർമശക്തി വിശേഷമാണ്. ശൂന്യമായ പ്രതലത്തിനെതിരെ വെളിച്ചവും നിഴലും കൃത്യമായി അളന്നുതൂക്കി ഓർമയിൽ കണക്കു വയ്ക്കുന്ന ആളാണ്. അതാണു ഫിലിമിൽ അയാൾ ചാലിച്ചെടുക്കുന്നത്. അയാൾക്ക് ഓർമയുണ്ടാകും. പക്ഷേ അയാളതു പറയില്ല. അയാൾ അതു പങ്കുവയ്ക്കില്ല.
നിങ്ങൾ നുണയനാണ്, ഞാൻ അയാളുടെ കണ്ണുകളിൽ നോക്കി പറഞ്ഞു.
ശരി. എങ്കിൽ അന്നാ കരിനീനയിലെ പത്തുവാക്യങ്ങൾ നീ ഓർത്ത് പറയ്, എങ്കിൽ ഞാൻ കക്കാടു കോയയുടെ വരികൾ പറയാം, അയാൾ പറഞ്ഞു.
ആ വെല്ലുവിളിയിൽ ഞാൻ തോറ്റു.
വർഷങ്ങൾ കടന്നുപോയി. മൂന്നുവര എന്ന കോളത്തിൽ മേതിൽ, ‘ജോർജ് ഈസ്റ്റ്മാൻ ദൈവമായ നിമിഷം’ എന്ന ഒരു കുറിപ്പെഴുതി. ‘പ്രത്യേക ശാഠ്യങ്ങളൊന്നുമില്ലാത്ത അനായാസ വിചാരം’ എന്ന വിശേഷണത്തോടെയുള്ള ആ കുറിപ്പിൽ ഈസ്റ്റ്മാനും കാഫ്കയും നേർക്കുനേർ വരുന്നു. കാഫ്കയിൽ രണ്ടു കെയുണ്ട്. രണ്ടു ‘കെ’ വരുന്ന ഒരു പേരിനുവേണ്ടി കുറെ ആലോചിച്ചിട്ടാണു തന്റെ കമ്പനിയുടെ ബ്രാൻഡായി കൊഡാക് എന്ന പേര് ഈസ്റ്റ്മാൻ സ്വീകരിച്ചത്. കാഫ്കയിൽ രണ്ടു കെ ഉണ്ട്. കാഫ്കയുടെ കഥാപാത്രത്തിന്റെ പേര് കെ എന്നാണ്.
ഈസ്റ്റ്മാൻ എന്താണു ചെയ്തത്? ഫൊട്ടഗ്രഫിയിൽ വലിയ വിപ്ലവം ഉണ്ടാക്കി. പ്ലേറ്റുകൾക്ക് പകരം ഫിലിം കൊണ്ടുവന്നു. അയാൾ ല്ലാ മനുഷ്യരെയും ഫൊട്ടഗ്രഫറാക്കി. ഒടുവിൽ നിത്യരോഗബാധിതനായ ഈസ്റ്റ്മാൻ ഒരു കുറിപ്പെഴുതിവച്ചിട്ട് സ്വന്തം നെഞ്ചിലേക്ക് തോക്കു വച്ച് കാഞ്ചി വലിച്ചു.
ക്യാമറയുടെ ഒരു ക്ലിക്
കാഞ്ചിയുടെ ഒരു ക്ലിക്
അദ്ദേഹത്തിന്റെ ആത്മഹത്യാക്കുറിപ്പിലെ വാക്യം: ‘എന്റെ പണി പൂർത്തിയായി. ഇനി ഞാനെന്തിനു കാത്തിരിക്കണം’.
കോയയ്ക്ക് എങ്ങനെയാണു മേതിൽ ഒരു കഥാപാത്രമായത്? ഹരിയുടെ മറുപടി ഇതായിരുന്നു: ‘ഒരിക്കൽ പഴയപുസ്തകങ്ങൾ ഒരിടത്തുനിന്ന് തൂക്കിവാങ്ങിയപ്പോൾ ആ കെട്ടിൽനിന്ന് ഒരു പുസ്തകത്തിന്റെ പിൻതാൾ മാത്രം കിട്ടി. അതിൽ ഒരാൾ കണ്ണാടിക്ക് അഭിമുഖമായി ഒരു ക്യാമറയുടെ വ്യുഫൈൻഡറിലൂടെ സ്വന്തം മുഖം ക്ലിക് ചെയ്യുന്ന ഫോട്ടോ ഉണ്ടായിരുന്നു. അത് മേതിൽ ആയിരുന്നു. ആ നിമിഷം കക്കാടുകോയയുടെ ഹൃദയത്തിൽ ഒരു ഫ്ലാഷ് മിന്നി. അയാൾക്ക് ഒരു മൂർച്ഛ ഉണ്ടായി.. ജനാലയിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ നാരുനാരായി മഴ പെയ്യുന്നു. പുഴയോരത്ത് ഒരു കല്ലിനു മുകളിൽ കുട ചൂടിയിരുന്ന് ഒരാൾ ചൂണ്ടയിടുന്നു. ഒരു വാക്യം അപ്പോൾ കോയയെ വന്നുകൊത്തി. അതായിരുന്നു പ്രാരംഭം.’
മേതിൽ:
“രണ്ടാളുടെ നോട്ടങ്ങൾ ഒന്നിക്കുന്ന നേർവര ചിലപ്പോൾ ഒരു ഗിതാറിന്റെ കമ്പി പോലെ വിഹ്വലമാകും. ആകയാൽ ചില ശാസ്ത്രജ്ഞന്മാർ ചോദിച്ചു: ആകർഷകമായ രണ്ടു കണ്ണുകളുടെ നോട്ടം ഒരു സമ്മാനമാണോ? ഒരു സാമൂഹിക സമ്മാനം?”