എഴുതിത്തീരാത്ത, പറഞ്ഞുതീരാത്ത അനുഭവങ്ങളുടെ മഹാനദിയായി എംടിക്ക് അമ്മ
Mail This Article
അമ്മയിലെ കണ്ണീരിന്റെയും നിളയിലെ തെളിനീരിന്റെയും നടുവിലെ വരമ്പിലൂടെയാണ് എഴുത്തിലേക്കു നടന്നു പഠിച്ചത്. എംടി എഴുതിയ എല്ലാ അമ്മമാരിലും എംടിയുടെ അമ്മയുണ്ട്, എഴുതിയ എല്ലാ പുഴകളിലും നിളയുള്ളതു പോലെത്തന്നെ. എന്നിട്ടും കുറ്റബോധം ബാക്കിനിന്നു: ‘മുഴുവൻ പറഞ്ഞുതീർത്തിട്ടില്ല. ഇനിയും പലതും ബാക്കിയുണ്ട്. സൂക്ഷിച്ചു വയ്ക്കുന്നു. അമ്മ ക്ഷമിക്കുമല്ലോ...’
വിക്ടോറിയയിലെ പരീക്ഷാക്കാലത്താണ് അമ്മയുടെ മരണം. കാൻസർ ചികിത്സയ്ക്കു മദ്രാസിലേക്കു കൊണ്ടുപോകുമ്പോൾ റെയിൽവേ സ്‌റ്റേഷനിൽ പോയി കണ്ടിരുന്നു. വണ്ടി പുറപ്പെടാൻ നേരം അമ്മ ഉള്ളം കയ്യിൽ വച്ചുകൊടുത്ത വെള്ളിനാണയമാണ് തെളിച്ചമുള്ള അവസാന ഓർമ. കൈനീട്ടങ്ങൾ മറ്റെന്തെങ്കിലും ഓർമയിലില്ല. ‘അമ്മയെ സംബന്ധിച്ചിടത്തോളം പ്രധാനം വീട്ടിൽ കുട്ടികൾക്കു ഭക്ഷണം നേരത്ത് എത്തിച്ചുകൊടുക്കുക എന്നുള്ളതായിരുന്നു. കുട്ടികൾക്ക് ആഹാരം തികയുന്നില്ല എന്ന് അമ്മയ്ക്ക് അറിയാമായിരുന്നു. ചോറു വിളമ്പിക്കഴിഞ്ഞ്, കുറച്ചേയുള്ളൂ, വയറു നിറഞ്ഞോ എന്നൊക്കെ ചോദിച്ചിട്ടുണ്ട്. അമ്മയുടെ ഒരുതരം നിസ്സഹായത അവിടെ ഉണ്ടായിരുന്നു. അതാരോടും പറയില്ല. പിറന്നാളിന്റെ ഓർമയിൽ ഞാനത് എഴുതിയിട്ടുണ്ട്’.
‘ഇവനൊരു ചെറിയ കുട്ടിയല്ലേ, ഇവന്റെ പിറന്നാളിന് ഒരു സദ്യവേണം എന്നൊന്നും അമ്മ ആലോചിച്ചിട്ടില്ല. അത്രയ്ക്കു പ്രാരബ്ധങ്ങളുമായി കഴിഞ്ഞ ആളായിരുന്നു. അതുകൊണ്ട് എന്റെ കുട്ടിക്കു പിറന്നാളില്ല, വിഷുക്കൈനീട്ടം കൊടുത്തില്ല എന്നൊന്നും ആലോചിച്ചിട്ടുണ്ടാവില്ല. എനിക്കൊന്നും വിഷുക്കൈനീട്ടം തരാൻ ആരും ഉണ്ടായിരുന്നില്ല’.
അച്ഛന്റെ സമൃദ്ധിയുടെ നാളുകൾ എംടിയുടെ കുട്ടിക്കാലത്തേ തീർന്നിരുന്നു. പ്രതാപകാലത്തെക്കുറിച്ചു കേട്ടറിവേയുള്ളൂ. എന്തിനാണ് പിന്നെയുമേറെക്കാലം ആ അച്ഛനോടു പകയോ പരിഭവമോ എന്തോ ഒന്ന് മനസ്സിൽ സൂക്ഷിച്ചതായി പിൽക്കാലത്ത് ആലോചിച്ചിട്ടുണ്ട്. അരുതെന്ന് ആഗ്രഹിച്ചിട്ടും വന്നുകയറിയ അവസാന സന്തതിയോട് അകൽച്ച മറച്ചുവച്ചില്ല അച്ഛൻ. ‘എഴുത്തുകാരനായ മകൻ എന്ന പരിഗണന നൽകിയില്ല. ദാ... ഇവൻ എന്തൊക്കെയോ ചെയ്തുകൊണ്ടു നടക്കണൂ. ആണുങ്ങളേം പെണ്ണുങ്ങളേം പറ്റി ചെല കഥകളൊക്കെ എഴ്തണുവത്രെ’ എന്നു കുറച്ചു കണ്ടിട്ടേയുള്ളൂ. കോളജിൽ പഠിക്കുമ്പോഴാണു നാലുകെട്ടിന് അക്കാദമി അവാർഡ് കിട്ടിയത്. 500 രൂപ കിട്ടിയതു നേരേ അച്ഛനു കൊണ്ടു കൊടുത്തു. പണയത്തിലായിരുന്ന ഏതോ പറമ്പ് തിരിച്ചെടുക്കാൻ പ്രയോജനപ്പെട്ടു. അവസാന കാലത്ത് അച്ഛനെ പരിചരിക്കാൻ സാധിച്ചതിലെ കൃതാർഥതയും വലുതായിരുന്നു.