എംടി; സ്വയം തെളിച്ചുപിടിക്കാതിരുന്ന ഒരാൾ
Mail This Article
കോഴിക്കോട് കൊട്ടാരം റോഡിലെ ‘സിത്താര’ എന്ന വീട്ടിൽ എംടി സ്ഥിരമായി ഇരുന്ന കസേര സന്ദർശകർക്ക് ആദ്യനോട്ടത്തിലേ അദ്ദേഹത്തെ കാണാവുന്നൊരു വിധത്തിലായിരുന്നില്ല. മുഖ്യവാതിൽ കടന്നിട്ടൊന്നു വലത്തോട്ടു തിരിഞ്ഞുനോക്കണം. അങ്ങനെ നോക്കുമ്പോഴും എംടിയുടെ മുഖത്തെ ഭാവം ആർക്കും പിടികിട്ടില്ല. അദ്ദേഹത്തിനു പിന്നിലൊരു വലിയ ചില്ലുജനാലയുള്ളതിലൂടെ വരുന്ന പ്രകാശം ചുറ്റും തെളിച്ചം വിതറുകയും അതുവഴി എംടിയുടെ മുഖത്ത് ഒരു നിഴൽപ്പാട വിരിച്ചിടുകയും ചെയ്തു.
ജീവിതം സംബന്ധിച്ച അദ്ദേഹത്തിന്റെ നിലപാടിന്റെ ഒരു പ്രഖ്യാപനം അതിൽ വായിച്ചെടുക്കാമായിരുന്നു. തന്നെത്തന്നെ സ്വയം തെളിച്ചുപിടിക്കുന്ന ഒരു സമീപനം എംടിക്ക് ഒരിക്കലുമില്ലായിരുന്നല്ലോ.
അപ്പോഴും മലയാളത്തിന്റെ പൊതുമണ്ഡലത്തിൽ സാഹിത്യത്തിനുള്ള കസേര എംടി ഏറ്റവും മുന്നിലേക്കു വലിച്ചിട്ടു. സാഹിത്യകാരൻ ആരുടെയും പിന്നിലിരിക്കേണ്ട ആളല്ലെന്നും ആരുടെയും മുന്നിൽ തല കുനിക്കേണ്ട ആളല്ലെന്നും ഉള്ള ബോധ്യം എപ്പോഴും സൂക്ഷിച്ച അദ്ദേഹം അതിനൊത്തു തന്നെ എവിടെയും പെരുമാറി. അങ്ങനെയൊരു വിഷയത്തിൽ അദ്ദേഹം എവിടെയും ഒന്നും പറഞ്ഞില്ല. പക്ഷേ, എംടി ഉള്ള ഇടങ്ങളിൽ അദ്ദേഹത്തിന്റെ കസേര എപ്പോഴും ഒന്നാമത്തെ കസേരയായി കണ്ടു മലയാളം. ധാർഷ്ട്യത്തിന്റെ പ്രദർശനങ്ങളോ അവകാശത്തിന്റെ ഉന്നയിക്കലുകളോ കൊണ്ടല്ല സമത്വമെന്ന മാനുഷികബോധത്തിന്റെ കരുത്തുകൊണ്ട് അദ്ദേഹം ആ നിലപാട് ഉറപ്പിച്ചെടുത്തു. ഒരു അധികാരകേന്ദ്രവും അതിനാൽ എംടിക്കു മേലേ തല പൊക്കിപ്പിടിച്ചില്ല. ആർക്കും ഒരു പ്രലോഭനം കൊണ്ടും അദ്ദേഹത്തിന്റെ ശിരസ്സിനെ താഴ്ത്തിയൊതുക്കാനും ആയില്ല.
പച്ചയായി അദ്ദേഹം എപ്പോഴെങ്കിലും കലഹിച്ചതും അനിഷ്ടം പ്രകടിപ്പിച്ചതും ടിവി ക്യാമറകൾക്കു മുന്നിലാകണം. അവയ്ക്കായി ഒരുങ്ങുന്ന ആ പ്രകാശപ്രളയം അദ്ദേഹത്തെ അസ്വസ്ഥനാക്കി. അതിനപ്പുറം അവയ്ക്കു പിന്നാലെ വന്നുപൊതിയുന്ന ആൾക്കൂട്ടവും ആകാം ആ അസ്വസ്ഥതയെ ഉണർത്തിയത്. മൗനത്തെ, ഏകാകിതയെ ഇത്രത്തോളം ഉപാസിച്ച ഒരാൾക്ക് അതു സ്വാഭാവികപ്രതികരണം. നടക്കാൻ പോകാനും എംടിക്ക് കൂട്ട് ഒരു കാലൻകുട മാത്രമായിരുന്നു. ഒന്നും മിണ്ടാതെ ഒപ്പം നടക്കാൻ വേറെ ആര്?
തന്നെക്കുറിച്ച് എന്തെങ്കിലും എവിടെയെങ്കിലും പറയാൻ എംടി വിമുഖനായിരുന്നു. എഴുത്തുകാരനെന്നു സ്വയം പരിചയപ്പെടുത്തുവാൻ തന്നെ എംടി മടിച്ചു. എന്തു ചെയ്യുന്നു എന്നു ചോദ്യം വന്നയിടങ്ങളിൽ എംടി ‘പത്രമോഫിസിൽ പണിയാണ്’ എന്നു പറഞ്ഞൊഴിഞ്ഞു. എന്തിനാണങ്ങനെ എന്നു ചോദിച്ചപ്പോൾ മറുപടി: ഇല്ലെങ്കിൽ വിസ്തരിക്കൽ വേണ്ടിവരും.
കഥകളിൽ എംടി കടുപ്പക്കാരനാണ്. അടുക്കാൻ പേടിക്കണം; അപ്രാപ്യനാണ്. അങ്ങനെയങ്ങനെ. എംടിയെക്കുറിച്ച് മറ്റുള്ളവർ ആഗ്രഹിച്ച പ്രതീക്ഷകളാകാം ഇത്തരമൊരു ചിത്രത്തിലേക്കു കാര്യങ്ങളെ മറിച്ചിട്ടത്. തനിക്കു ചുറ്റും ഒരു ആരാധകക്കൂട്ടത്തെ എംടി കൊതിച്ചില്ല. കൂട്ടത്തെ എന്നല്ല, അത്തരത്തിൽ ഒരു ആളെപ്പോലും അദ്ദേഹം ആഗ്രഹിച്ചില്ല. തനിക്കു മുന്നിൽ വന്നു തന്നെ പൊക്കിപ്പറയുന്നവർക്കു മുന്നിൽ എംടി തന്റെ മനസ്സും മുഖവും അടച്ചുവച്ചു. അടുത്ത വാക്യത്തിലേക്കു കടക്കാൻ അവർക്കൊരു പ്രതികരണം അദ്ദേഹത്തിൽ നിന്നു കിട്ടിയില്ല. അവർ വേഗം സ്ഥലം വിട്ടു. തനിക്കു വിമർശകരായിട്ടുള്ളവരുടെ ദോഷം പറയാൻ അദ്ദേഹത്തിന്റെ മുന്നിൽ എത്തിയവരുടെ കാര്യം അതിലും കഷ്ടമായിരുന്നു. ‘ഇതിവിടെ പറയേണ്ടാ. വേറെവിടെയും പറയണമെന്നുമില്ല’ എന്ന പ്രതികരണം പലർക്കും പൊള്ളി. എംടി എന്ന ഛായ അങ്ങനെയങ്ങനെ കാർക്കശ്യത്തിന്റേതായി.
തന്നെപ്പറ്റി മോശം പറഞ്ഞവരെപ്പറ്റി എംടി ഒരിക്കലും മോശമായി ഒരക്ഷരവും പറഞ്ഞിട്ടില്ല. അവർക്കു മറുപടിയും പറഞ്ഞിട്ടില്ല. മോശമായിപ്പറയുന്നതൊന്നും തന്നെ ബാധിക്കാറില്ലെന്നും നമ്മളെ ബാധിക്കാത്ത കാര്യങ്ങളിൽ നമ്മൾ മറുപടി പറയേണ്ട ആവശ്യമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എന്നാൽ ബാധിക്കുന്ന കാര്യങ്ങളിൽ അദ്ദേഹം കേസിനു പോയി. അടിസ്ഥാനമൊന്നും സൂചിപ്പിക്കുക പോലും ചെയ്യാതെ സാഹിത്യ ചോരണം ആരോപിച്ചയാൾക്ക് എതിരെ നിയമനടപടി കൊണ്ടാണ് അദ്ദേഹം പ്രതികരിച്ചത്്. ‘‘എന്റെ സത്യസന്ധത ചോദ്യം ചെയ്താൽ അതു സമൂഹത്തെ ബോധ്യപ്പെടുത്താൻ എനിക്കു വേറെ വഴികളില്ലല്ലോ.’’
സംസാരിക്കാനായി ഞാൻ ചെന്നിരുന്നിട്ടുണ്ട് എംടിയുടെ മുന്നിൽ. ചിലപ്പോൾ ഒന്നും പറയാനില്ല എന്നു മാത്രം അദ്ദേഹം പറഞ്ഞു. അതിന് ആ ഒരു അർഥം മാത്രമേ ഉണ്ടായിരുന്നുള്ളു. ഒന്നുകൂടി ചോദിക്കാനോ ഉപചോദ്യം ചോദിക്കാനോ ഒന്നും പിന്നെ ഇടമില്ല. അതിനു തുനിഞ്ഞാൽ ശാശ്വതമായൊരു ‘ഇല്ല’ നമ്മളായിത്തന്നെ ഒരുക്കിയെടുക്കലാകും ഫലം. അതിന്റെയൊന്നും സൂചന എംടി തരില്ലെങ്കിലും. തടയില്ലാതെ എംടി സംസാരിച്ചത് കൂടല്ലൂരിനെപ്പറ്റിയായിരുന്നു. ബാല്യത്തെപ്പറ്റിയായിരുന്നു. പാടവരമ്പത്തുകൂടി നെല്ലുമായി നടന്നത്, കൃഷിയിൽ കുട്ടികളെല്ലാം സഹായികളായത്, കന്നുകാലികളെ തെളിച്ചത്, ശൈശവത്തിൽ താനൊരു ‘പ്രോബ്ളം ചൈൽഡ്’ ആയിരുന്നത്, അതിനു പ്രതിവിധിയായി കോപ്പൻ മാഷ്ടെ സ്കൂളിൽ അമ്മ കൊണ്ടാക്കിയത് .... അങ്ങനെയങ്ങനെ കഥകൾ. അതും ചോദിച്ചാലേ വരൂ.
മിണ്ടാതിരിക്കുമ്പോൾ എംടിയുടെ വിരലുകളിൽ നിന്ന് ആംഗ്യങ്ങൾ പൊഴിയുമായിരുന്നു. മനസ്സ് സംസാരിച്ചുകൊണ്ടിരുന്നതിന്റെ ഭാഗമായിരുന്നു അതെന്നു വേണം കരുതാൻ. കഥാപാത്രങ്ങളോടുള്ള സംസാരമായിരുന്നോ അത്, ഏതെങ്കിലുമൊക്കെ കഥാപാത്രമായിത്തന്നെയുള്ള സംസാരമായിരുന്നോ എന്നത് അറിയില്ല. ആ ആംഗ്യങ്ങളിൽ സംസാരമുണ്ടായിരുന്നു. പഠിച്ചാണ് എംടി സംസാരിച്ചിരുന്നത്. അത് അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ കേൾക്കുമ്പോൾ നാമറിഞ്ഞിരുന്നു. വിഷയത്തിലൂന്നി, വേണ്ടയിടങ്ങളിലൊക്കെ തന്റെ വാക്കുകളെ സമർഥിക്കാനാവശ്യമായ മുൻവിവരങ്ങൾ ചേർത്ത് എംടി പ്രസംഗിക്കുമ്പോൾ പിഴപറ്റാത്ത, മൂർച്ചയുള്ള ഓർമയുടെ ശേഖരമുള്ള ഒരാളെയും നമുക്കു തിരിച്ചറിയാനാകുമായിരുന്നു. എഴുതാൻ വേണ്ടിയും എംടി പഠിച്ചു. അതുകൊണ്ടാണ് എംടിയുടെ തിരക്കഥകൾ വ്യത്യസ്തമായത്. രണ്ടാമൂഴം എഴുതാൻ മഹാഭാരതത്തിനു പുറത്ത് ഒരുപാടു കാര്യങ്ങൾ അദ്ദേഹം തിരഞ്ഞു. വടക്കൻപാട്ട് എംടിയുടെ കൈകളിലൂടെ സിനിമയായപ്പോൾ അരിങ്ങോടർ തോർത്തുമുണ്ട് ഉടുത്തുവരുന്ന ആളായത് കാലത്തെ അദ്ദേഹം ഇഴ നീർത്തി പഠിച്ചതുകൊണ്ടാണ്. രണ്ടാമൂഴം എഴുതിത്തുടങ്ങും മുൻപ് അഞ്ചു വർഷമാണ് എംടി പഠനത്തിനു മാറ്റി വച്ചത്. ആ കാലഘട്ടത്തിലെ വേഷം, ആഭരണങ്ങൾ, യുദ്ധതന്ത്രങ്ങൾ, ആഹാരരീതികൾ, സാമൂഹിക സമ്പ്രദായങ്ങൾ ഒക്കെ പഠിക്കാൻ. യജുർവേദം മുതലുണ്ട് പഠനത്തിനെടുത്തവയിൽ. മലയാളത്തിൽ കാലത്തെ അതിജീവിച്ചുനിൽക്കുന്ന എഴുത്തുകാർ ആരൊക്കെയാകും എന്നു പറഞ്ഞുവരുമ്പോൾ താനതിൽ ഉണ്ടാകില്ല എന്നു പറയുമായിരുന്നു അദ്ദേഹം. അറിയാത്ത മഹാസമുദ്രങ്ങളെക്കാൾ താനിഷ്ടപ്പെടുന്നത് അറിയുന്ന തന്റെ നിളാനദിയെയാണ് എന്നു പറഞ്ഞയിടത്ത് സ്വയം കൃത്യമായി മനസ്സിലാക്കിയ ഒരു എംടി ആണുള്ളത്. 90 തികഞ്ഞ വേളയിൽ സംസാരിക്കുമ്പോൾ ‘എന്താണ് എഴുത്തിന്റെ ഫിലോസഫി’ എന്നൊരു ചോദ്യമുയർന്നതിന് അദ്ദേഹത്തിന്റെ മറുപടി: അങ്ങനെ ഫിലോസഫിയൊന്നുമില്ല. ഒരു ഫിലസോഫിക്കൽ മൈൻഡുമല്ല എന്റേത്. എംടി കണ്ടെത്തിയവർ എന്നു പറയാൻ മലയാളത്തിലെ ചില തലമുറകളിലെ കഥാകൃത്തുക്കളുണ്ട്. അതെക്കുറിച്ച് അദ്ദേഹം പറഞ്ഞു: ഞാനില്ലായിരുന്നെങ്കിലും അവർ ഉണ്ടാകുമായിരുന്നു.
‘നന്നായിരിക്കുന്നു; സന്തോഷം തോന്നി’ എന്ന് താൻ എഴുതിയതിനെക്കുറിച്ച്് ആരെങ്കിലും പറയുമ്പോൾ എംടി സന്തോഷിച്ചു. താനറിയാത്തവർ അങ്ങനെ പറഞ്ഞ സന്ദർഭങ്ങളിൽ കൂടുതൽ സന്തോഷിച്ചു. ഉള്ളിലുണർന്ന് ഉള്ളിൽത്തന്നെ അടങ്ങിയ സന്തോഷം. പിന്നെ എംടി സന്തോഷിച്ചത് മറ്റുള്ളവർ നന്നായി എഴുതിയത് കണ്ടപ്പോഴും ലോകത്തെവിടെയോ നിന്നൊക്കെ ആരൊക്കെയോ തനിക്കായി പുസ്തകങ്ങൾ എത്തിച്ചപ്പോഴുമാണ്. തന്റെ പുസ്തകശേഖരത്തെക്കുറിച്ചും എംടിക്ക് സന്തോഷമുണ്ടായിരുന്നു. ഒരു മൂവായിരമൊക്കെ കാണും എന്നു പറഞ്ഞിടത്ത് പുസ്തകങ്ങൾ അതിലേറെ ഉണ്ടായിരുന്നു. അതൊക്കെ അദ്ദേഹം സൂക്ഷ്മമായ കരുതലോടെ തന്നോടൊപ്പം ഉണ്ടാകേണ്ടവ എന്ന നിശ്ചയത്തിൽ തിരഞ്ഞെടുത്തവ മാത്രമായിരുന്നു. അല്ലാതെയുള്ള ഒരുപാടു പുസ്തകങ്ങൾ അദ്ദേഹം വായനശാലകൾക്കും മറ്റുമായി കൊടുത്തുകൊണ്ടേയിരുന്നു.
ഇനി ബാക്കിയാകുന്നതു മലയാളത്തിന് ഇതിഹാസമായി മാറിയ ആ മൗനവും അതിൽ നിന്ന് വാർത്തെടുത്ത വാക്കുകളുടെ ആഴവുമാണ്. രണ്ടും മായില്ല മലയാളത്തിൽ നിന്ന്.