നഷ്ടപ്പെട്ട നല്ല ദിനങ്ങൾ എംടിയുടെ വരികളിൽ
Mail This Article
എൻ.വി.കൃഷ്ണവാരിയർ പത്രാധിപരായിരിക്കെ ആഴ്ചപ്പതിപ്പിൽ ട്രെയിനിയായാണ് കോഴിക്കോട്ട് എംടി പത്രപ്രവർത്തനം തുടങ്ങിയത്. ഒരു വർഷത്തിനു ശേഷം ദിനപ്പത്രത്തിലേക്കു മാറാമായിരുന്നു. ശമ്പളവും കൂടുമായിരുന്നു. എങ്കിലും വാരികയിൽ തന്നെ തുടരാൻ തീരുമാനിച്ചു. ടൈം, ന്യൂസ് വീക്ക് തുടങ്ങി അന്നു കോഴിക്കോട്ട് മറ്റൊരിടത്തും കാണാൻ പോലും കിട്ടാത്ത ഒരുപാടു മാഗസിനുകൾ വായിക്കാൻ കിട്ടും എന്നതായിരുന്നു ഒരു ആകർഷണം.
ചാലപ്പുറത്തെ ചെറിയൊരു വെജിറ്റേറിയൻ ഹോട്ടലിനു പിന്നിലെ വാടകമുറിയിലായിരുന്നു ആദ്യകാല താമസം. പിന്നെ ജയിലിനു പിന്നിൽ വീട് വാടകയ്‌ക്കെടുത്തു. ആനിഹാൾ റോഡിലെ ഒരു വീടിനു മുകളിലെ രണ്ടു മുറികളായി അടുത്ത താവളം. സെന്റ് വിൻസന്റ് കോളനിയിലും അൽപകാലം വാടകയ്ക്കു താമസിച്ചു. എസ്.കെ.പൊറ്റെക്കാട്ടിനെ നേരത്തേ അറിയാം. കോഴിക്കോട്ടെത്തിയതോടെ കൂടുതൽ അടുപ്പമായി. എൻ.പി.മുഹമ്മദുമായുള്ള സൗഹൃദമാണു കോഴിക്കോടൻ ജീവിതത്തിലെ വഴിത്തിരിവായത്. എൻപി വഴി കോഴിക്കോട്ടെ എഴുത്തുകാരുടെ സംഘത്തിൽ ഇടമായി. തിക്കോടിയൻ, ഉറൂബ്, കെ.എ.കൊടുങ്ങല്ലൂർ, എൻ.എൻ.കക്കാട്, പട്ടത്തുവിള, എം.വി.ദേവൻ...സൗഹൃദങ്ങളുടെ ഒരു പൂക്കാലം തുടങ്ങുന്നു. ഇളമുറക്കാരുടെ സംഘത്തിനു മുതിർന്നവരെ ഇഷ്ടമായിരുന്നു. ബഹുമാനമുണ്ടായിരുന്നു. ഇടയ്ക്കു നിർദോഷമായി പരിഹസിക്കും. എല്ലാവർക്കും ഓരോ ഓമനപ്പേരു നൽകിയിരുന്നു. റൊമാന്റിക് കാമുകഭാവം മുൻനിർത്തി എസ്‌കെയ്ക്ക് പ്രേംപൊറ്റാസ്. പി.സി.ക്ക് കിഴവൻ, തിക്കോടിയനെ തിക്കു എന്നു ചുരുക്കി. ഹാഫ്ട്രൗസറിട്ട് ആര്യഭവനിലിരുന്ന് കൗതുകത്തോടെ ജിലേബി കഴിച്ച പയ്യനു പിൽക്കാലത്തു തിക്കോടിയനുമായി എടാ പോടാ ബന്ധമായി. അക്കാലത്തെക്കുറിച്ചു പിന്നെ എംടി എഴുതി: 'അവരെല്ലാം ശക്തിയായിരുന്നു. സമൂഹത്തിൽ ഞാൻ ഒറ്റയ്ക്കല്ല എന്ന അറിവുനൽകി. മിഠായിത്തെരുവിലൂടെയും മറ്റും ഏകാകിയായി നടക്കുമ്പോൾ മാഷേ എന്ന വിളിയുമായി വരുന്ന കുട്ടികൾ നൽകിയതും അതേ സുരക്ഷിതത്വബോധം. നല്ല പുസ്തകങ്ങൾ കിട്ടിയാൽ എൻപിയും എംടിയും പരസ്പരം കൈമാറി. മൂസത് ട്യൂട്ടോറിയലിന്റെ മുകളിലെ കെട്ടിടത്തിലെ എംടിയുടെ താമസസ്ഥലത്ത് എൻപി വരും. മിഠായിത്തെരുവിലും കടപ്പുറത്തും എൻപിയുമൊത്ത് വെറുതെ നടന്നു. എഴുതിയതു പരസ്പരം കാണിച്ചു. എൻപിയോടൊപ്പം തമാശയായാണ് 'അറബിപ്പൊന്ന്' എഴുതിത്തുടങ്ങിയത്. എൻപിയും എം.എം.ബഷീറും ചേർന്നു ചെറിയ തോതിലൊരു പുസ്തക പ്രസിദ്ധീകരണം ആരംഭിച്ചു. കോർട്ട് റോഡിലെ കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ചെറിയ മുറി ആസ്ഥാനമാക്കി. 13 വർഷം എൻ.വി.കൃഷ്ണവാരിയരുടെ കീഴിൽ ആഴ്ചപ്പതിപ്പിൽ ജോലി ചെയ്തു.
ഒരിക്കൽ പോലും പരസ്പരം മുഷിഞ്ഞിട്ടില്ല. എൻവി പോയ ശേഷമാണ് ആ കസേരയിൽ എംടി ഇരുന്നത്. അക്കാലത്താണു വൈക്കം മുഹമ്മദ് ബഷീർ കോഴിക്കോട്ടേക്കു വരുന്നു എന്നു കേട്ടത്. 'ന്റുപ്പാപ്പായ്ക്ക്' നാടകമായി എഴുതാനായിരുന്നു വരവ്. പുതിയറയിൽ എസ്.കെ.പൊറ്റെക്കാടിന്റെ 'ചന്ദ്രകാന്ത'ത്തിലാണു ബഷീറിന്റെ താമസം. എൻപിയുമൊത്താണു കാണാൻ പോയത്. 'ഈ പയ്യനാണോ? അറിയാം. പക്ഷേ ആളൊരു നൂലനാണല്ലോ. ഞാൻ വിചാരിച്ചു ഏതോ ഒരു ഗണ്ടൻ ഗഡാഗഡിയൻ നായരാണെന്ന്..' (നൂലൻ എന്നു ബഷീറും ഗുരോ എന്ന് എംടിയും പിന്നെ പരസ്പരം വിളിച്ചു.)
രണ്ടു പയ്യന്മാരോടുമായി ബഷീർ പറഞ്ഞു: 'എടേയ്, നിങ്ങൾ രണ്ടും ഇവിടെ നിൽക്ക്. കഷ്ണം മുറിക്കണം, അരയ്ക്കണം, ലൊട്ടുലൊടുക്കു പണികളൊക്കെ ചെയ്യണം. നല്ല ആഹാരം ഫ്രീ'.
പിന്നെ കുറേനാൾ ചന്ദ്രകാന്തത്തിൽ എസ്‌കെയ്ക്കും ബഷീറിനുമൊപ്പം. ഇടയ്ക്ക് എം.വി.ദേവൻ പോർട്രെയിറ്റ് വരയ്ക്കാൻ വരും. കലാസമിതി ഭാരവാഹികളായ എം.അബ്ദുറഹ്മാനും വി.അബ്ദുല്ലയും വരും. വികെഎൻ ഇടയ്ക്കു വരും.
എംടിയുടെ വരികളിൽ ആ നാളുകൾ: 'അടുക്കളപ്പണിയും ഊണും നേരമ്പോക്കുകളും കഴിഞ്ഞ് പാതിരയ്ക്കാവും എൻപിയും ഞാനും പുതിയറയിൽ നിന്നു നടക്കുന്നത്. അകലെയുള്ള ആനിഹാൾ റോഡിൽ എന്നെ വിട്ട് എൻപിക്കു കുണ്ടുങ്ങലിലെത്താൻ പിന്നെയും ഒരു നാഴിക നടക്കണം. ആഹ്ലാദിക്കുകയും അഹങ്കരിക്കുകയും ചെയ്ത സന്ധ്യകൾ, ചിരിച്ചു മദിച്ച രാവുകൾ, ആചാരോപചാരങ്ങളില്ലാത്ത ദിവസങ്ങൾ...
ഉപദേശമൊന്നുമല്ലാത്ത മട്ടിൽ ബഷീറിന്റെ നിർദേശങ്ങൾ: വാസു ജീൻ ക്രിസ്റ്റോഫ് വായിക്കണം. സ്റ്റോറി ഓഫ് സാൻ മിഷേൽ വായിക്കണം... എന്റെ നഷ്ടപ്പെട്ട നല്ല ദിനങ്ങൾ...'.