രചനയുടെ വെളിച്ചം കണ്ടെടുക്കുന്ന എംടിയെന്ന ഏകാന്തപഥികൻ
Mail This Article
സിദ്ധാന്തങ്ങളെ വായിച്ചു മനസ്സിലാക്കിയിരുന്നു. എങ്കിലും ഒരു സിദ്ധാന്തത്തിന്റെയും പ്രയോക്താവായി സ്വയം എണ്ണുകയോ അടയാളപ്പെടുത്തുകയോ ചെയ്തില്ല. കഥകളെ ബുദ്ധിപരമായ വ്യായാമമാക്കി എഴുതിയില്ലെങ്കിലും, ബുദ്ധിപരമായ വ്യായാമമാക്കി കഥകൾ എഴുതിയവരെ അപഹസിച്ചില്ല. കഥ എഴുതിത്തുടങ്ങുന്നവർക്കുള്ള പാഠപുസ്തകങ്ങളായിരുന്നു ‘കാഥികന്റെ പണിപ്പുര’യും ‘കാഥികന്റെ കല’യും. എഴുതാനിരിക്കുന്ന ഓരോരുത്തരോടുമായി എംടി എഴുതി: ‘വാക്കുകൾ, പുതിയ പൊൻനാണയങ്ങൾ പോലെ ശോഭിക്കുന്ന വാക്കുകൾ, തന്റെ കയ്യിൽ വരാനാണു കഥാകാരൻ എന്നും പ്രാർഥിക്കുന്നത്. വന്നു കഴിഞ്ഞാൽ, പിശുക്കൻ പണസഞ്ചിയുടെ ചരടിലെന്ന പോലെ മുറുകെപ്പിടിക്കുകയും വേണം’.
മറ്റുള്ളവരുടെ കഥകളെക്കുറിച്ചും കൃത്യമായ അഭിപ്രായങ്ങളുണ്ടായിരുന്നു. അതു തുറന്നു പറയുകയും ചെയ്തു. ‘കാഥികന്റെ കല’യിൽ എഴുതി: ‘കാരൂരിൽ പൊതിച്ചോറിന്റെ വിഭവങ്ങൾ മാത്രമേ കാണൂ. വിശപ്പടക്കാനും ആരോഗ്യം നിലനിർത്താനും അതു മതി. തകഴി വീട്ടുചോറൊരുക്കുന്നു. ഉറൂബിനു ചില നാടൻ സദ്യവട്ടങ്ങളുണ്ട്. അതും ഹൃദ്യമാണ്. ആവശ്യമില്ലാത്ത വിഭവങ്ങൾ നിരത്തി ഹോട്ടൽ സദ്യയുടെ പ്രതീതിയുണ്ടാക്കാൻ നോക്കിയിട്ടുണ്ട് ദേവ് പല കഥകളിലും. വിഭവങ്ങൾ വാരിവലിച്ചിട്ടുള്ള സദ്യകൾ ഹോട്ടലുകളിലായാലും കുറേ കഴിയുമ്പോൾ മടുക്കും’.
ഇതിഹാസമായ ശേഷവും എംടി ഇതിഹാസങ്ങൾ എഴുതി. എവിടെയോ ആരോ വായിക്കുന്നുണ്ട് എന്ന അറിവ് എംടിയെ ആഹ്ലാദിപ്പിച്ചു. ‘വിവേചനശീലമുള്ള വായനക്കാരോടുള്ള കടപ്പാട് ’ എംടി എന്നും രേഖപ്പെടുത്തി. എത്രയോ വലിയ എഴുത്തുകാരെ കണ്ടെടുത്ത പത്രാധിപരായിരുന്നുവെങ്കിലും ഭാഷയിലെ ഏറ്റവും പുതിയ എഴുത്തുകാരെപ്പോലും ആദരവോടെ വായിച്ചു. പുതുതലമുറയ്ക്കു പ്രതിഭയില്ലെന്നു പരിഹസിച്ചവരെ തിരുത്തി: ‘സാഹിത്യം രാജപാതയാണ്. എത്രയോ പേർ പോയി മറഞ്ഞുകഴിഞ്ഞു. എത്രയോ പേർ വരാനിരിക്കുന്നു. പുതിയ യാത്രക്കാർ ഊടുവഴികൾ താണ്ടി രാജപാതയിലെത്തുമ്പോൾ, നടന്നുപോകുന്ന ഏകാന്തപഥികർ ആശ്വസിക്കുക. ആശ്വസിക്കണം. തനിച്ചല്ലെന്ന ബോധം ഉത്സാഹം വളർത്തുന്നു’.
എത്രയോ ഊടുവഴികളിൽ നിന്ന് എത്രയോ എഴുത്തുകാരെ എഴുത്തിന്റെ രാജപാതയിലേക്ക് എംടി കൈപിടിച്ചു നടത്തി. മുകുന്ദനും പുനത്തിലും സേതുവും സക്കറിയയും മുതൽ സുഭാഷ് ചന്ദ്രൻ വരെ ആ കൈത്തണലിൽ എഴുതിത്തഴച്ചവരാണ്.
എൻ.എൻ.കക്കാടിനെപ്പോലുള്ള വലിയ എഴുത്തുകാർ, എൻ.വി.കൃഷ്ണവാരിയർ മടക്കിക്കൊടുത്ത കവിത പോക്കറ്റിലിട്ട് ചിരിച്ചുകൊണ്ട് മാതൃഭൂമിയുടെ പടിയിറങ്ങിപ്പോകുന്നതും തിരുത്തിയെഴുതി തിരിച്ചുകൊണ്ടു വരുന്നതും ആഴ്ചപ്പതിപ്പിന്റെ സഹപത്രാധിപരായി എംടി അടുത്തുനിന്നു കണ്ടിട്ടുണ്ട്. എംടിയെന്ന പത്രാധിപർ മടക്കിയ എഴുത്തുകാരും പിന്നീട് എഴുതിത്തെളിയാതിരുന്നില്ല.