കൂടല്ലൂരിന്റെ വിശ്വകഥാകാരൻ; എംടിയെക്കുറിച്ച് ആലങ്കോട് ലീലാകൃഷ്ണൻ
Mail This Article
എല്ലാ അർഥത്തിലും കൂടല്ലൂർ എന്ന ഗ്രാമത്തിന്റെ വിശ്വകഥാകാരനായിരുന്നു എംടി. അദ്ദേഹം കൂടല്ലൂരിന്റെ ഭൂമികയിൽ രചനകളിലൂടെ ഒരു പുതിയ ഭൂമിശാസ്ത്രം സൃഷ്ടിച്ചു. തോമസ് ഹാർഡിയുടെ എസെക്സ് പോലെയും വില്യം ഫോക്നറുടെ യോക്നപട്ടോഫ പോലെയും മാർകേസിന്റെ മക്കോൻഡോ പോലെയും എം.ടി.വാസുദേവൻ നായർ എഴുതിച്ചേർത്ത കഥയും ചരിത്രവും പുരാവൃത്തവും പ്രകൃതിയും ഭാവനയും കൂടി ചേർന്നതാണ് ഇന്ന് കൂടല്ലൂർ എന്ന ദേശം.
18 വയസ്സുവരെ മാത്രമേ തുടർച്ചയായി എംടി അവിടെ ജീവിച്ചിട്ടുണ്ടാകൂ. പഠിക്കാനായി പാലക്കാട്ടേക്കു പോയി. പിന്നീട് കോഴിക്കോട് പോയി. പക്ഷേ, അവിടെയൊക്കെയിരുന്നുകൊണ്ട് അദ്ദേഹം തന്റെ ഗ്രാമത്തിലേക്ക് മനസ്സുകൊണ്ട് സഞ്ചരിച്ചു. ഈ പുഴയിലെ ഉദയവും നരിമാളൻകുന്നിലെ അസ്തമയവും പോലെ മനോഹരമായ ഒരു കാഴ്ചയും ലോകത്തിലില്ലെന്നു വിശ്വസിക്കുന്ന ഒരു തനിഗ്രാമീണനാണ് താനെന്ന് എംടി പലപ്പോഴും പറഞ്ഞിട്ടുണ്ട്.
എന്നെ ബാധിച്ച എഴുത്തുകാരൻ
എന്റെ ഗ്രാമത്തിൽനിന്ന് 12 നാഴിക ദൂരെയാണ് കൂടല്ലൂർ. കുട്ടിക്കാലത്ത് നാലാം ക്ലാസിൽ പഠിക്കുമ്പോൾ എംടിയുടെ കഥാസാമാഹാരം ‘രക്തം പുരണ്ട മൺതരികൾ’ എനിക്കു വായിക്കാൻ തന്നത് ഞങ്ങളുടെ പ്രധാനാധ്യാപകനായിരുന്ന കുട്ടിക്കൃഷ്ണമേനോൻ മാഷാണ്. അദ്ദേഹം എംടിയുടെ കടുത്ത ആരാധകനായിരുന്നു. ഞങ്ങളുടെ സ്കൂൾ നിൽക്കുന്ന അട്ടേക്കുന്നത്തുനിന്ന് നോക്കിയാൽ ദൂരെക്കാണാവുന്ന നരിമാളൻ കുന്നിന്റെ അങ്ങേപുറത്താണ് എംടിയുടെ കൂടല്ലൂർ എന്ന് എനിക്ക് ആദ്യം പറഞ്ഞുതന്നത് മാഷ് തന്നെയാണ്. അന്നൊക്കെ ദൂരെയുള്ള നരിമാളൻകുന്നിനെയും എനിക്കു കാണാൻ കഴിയാത്ത എംടിയെയും ഞാൻ നോക്കി നിന്നിട്ടുണ്ട്.
എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞങ്ങളുടെ ഗ്രാമത്തിൽ ‘നിർമാല്യം’ ഷൂട്ടിങ് നടന്നത്. കാണാത്ത എംടിയെ കണ്ട അതേ കുട്ടിയുടെ കണ്ണോടു കൂടി അന്ന് അദ്ദേഹത്തെ കണ്ടുകൊണ്ട് പിന്നാലെ നടന്നു. അന്നുമുതൽ എന്നെ ബാധിച്ച എഴുത്തുകാരനാണ് എംടി.
മനസ്സറിയാൻ ഭാഗ്യം ലഭിച്ച കയ്യാൾ
എംടിയുടെ കൂടെ പിന്നീട് പ്രവർത്തിക്കാനും ഭാഗ്യം ലഭിച്ചു. 32 വർഷം മുൻപ് എംടി തിരൂർ തുഞ്ചൻ പറമ്പിന്റെ ചുമതലയേറ്റെടുത്തപ്പോൾ ഒപ്പം നിന്ന് കയ്യാളായി പ്രവർത്തിക്കാൻ, വിളിച്ചതും പറഞ്ഞതും കേൾക്കാനാണ് എന്നെ കൂടെക്കൂട്ടിയത്. പിന്നീട് എംടിയുടെ സന്തത സഹചാരിയായി. തികച്ചും ഒരു കയ്യാളായി പ്രവർത്തിച്ചു. അദ്ദേഹം ഒന്നും ആജ്ഞാപിക്കുകയില്ല, ആവശ്യപ്പെടുകയുമില്ല, ശകാരിക്കുകയില്ല, ഗുണദോഷിക്കുകയില്ല... അദ്ദേഹത്തിന്റെ മൂളലിൽ നിന്നും ബീഡി വലിയിൽ നിന്നും പുരികക്കൊടിയുടെ ചലനത്തിൽ നിന്നും ആ മഹാ മനുഷ്യന്റെ മനസ്സ് തിരിച്ചറിയാമായിരുന്നു.