ADVERTISEMENT

എംടി ദീർഘായുസ്സായിരുന്നു. മരണം അകാലത്തിലുമായില്ല. ഏങ്കിലും ആ വിയോഗം മലയാളികളെ വിഷാദിപ്പിക്കുകയും നമ്മളിൽ നഷ്ട ബോധം നിറയ്ക്കുകയും ചെയ്യുന്നു. അത്ര വലിയൊരു സാന്നിധ്യമാണ് ബുധനാഴ്ച രാത്രി, ക്രിസ്മസ് ദിനത്തിൽ അഭാവപ്പെട്ടത്. എന്തായിരുന്നു ആ സാന്നിധ്യത്തിന്റെ മഹത്വം? 

സാഹിത്യത്തിലും, സിനിമയിലും, സാംസ്കാരിക മേഖലയിലും എംടി കഴിഞ്ഞ അര നൂറ്റാണ്ടിലേറെ നിറഞ്ഞു നിന്നു. വൈകാരിക സത്യസന്ധത കൊണ്ട് വായനക്കാരെ ആദ്യം എംടി വിസ്മയിപ്പിച്ചത് ഏതാണ്ട് അറുപതു വർഷങ്ങൾക്കു മുമ്പാണ്. അന്ന് തൊട്ടിന്നോളം മലയാള സാഹിത്യത്തിൽ അദ്ദേഹം കുലപതിയായി വാണു. അഥവാ വായനക്കാർ അദ്ദേഹത്തെ കുലപതിയായി അവരോധിച്ചു. സാമൂഹ്യ യഥാർഥ്യങ്ങൾ മലയാള സാഹിത്യത്തെ സമ്പന്നമാക്കിയിരുന്ന കാലത്ത് മനുഷ്യ മനസ്സിന്റെ നിഗൂഢതകൾക്ക് നേരെ തന്റെ സർഗ്ഗശക്തിയുടെ വെളിച്ചം തെളിയിച്ചതായിരുന്നു എംടി കഥകളുടെ സവിശേഷത. അത് വരെ നമുക്ക് പരിചയമില്ലാതിരുന്ന മനസ്സിന്റെ ഇടനാഴികളിൽ ആദ്യമായി പ്രകാശം പതിഞ്ഞു. പുറമെ പരുക്കരായ കഥാപാത്രങ്ങളുടെ സൂക്ഷ്മ മനോവ്യാപാരങ്ങളും രഹസ്യമായ ലോല ഭാവങ്ങളും ബാഹ്യവത്കരിക്കുന്നതിൽ ഈ എഴുത്തുകാരൻ കാട്ടിയ വൈഭവം അന്യാദൃശമാണ്. ആ നിഗൂഢ മനോവ്യാപാരങ്ങളിൽ വായനക്കാർ തങ്ങളുടെ മനസ്സുകളുടെ നേർചിത്രം കണ്ടെത്തുകയായിരുന്നു. ആ കണ്ടെത്തലാണ് എംടിയെ നിരവധി തലമുറകൾക്ക് പ്രിയങ്കരനാക്കിയത്. 

 കെ. ജയകുമാർ
കെ. ജയകുമാർ

ഭാഷയിൽ അദ്ദേഹം കൈക്കൊണ്ട മിതത്വവും സാന്ദ്രതയും എഴുത്തുകാർക്ക് പാഠപുസ്തകമാണ്. 'മഞ്ഞ് ' പോലെ അധികം പേജുകളില്ലെങ്കിലും അനിതര സാധാരണമായ സാന്ദ്ര ലാവണ്യം കൊണ്ട് അത്ഭുതപ്പെടുത്തുന്ന കൃതിയിലും, 'രണ്ടാമൂഴം' പോലെ എപിക് മാനങ്ങളുള്ള ഗരിമയാർന്ന നോവലിലും സമുചിതവും വ്യത്യസ്തവുമായ ഭാഷ അദ്ദേഹം പ്രയോഗിച്ചിരിക്കുന്നു. കൂടല്ലൂരിന്റെ സ്വകാര്യ കഥകളെഴുതി, ഒടുവിൽ മഹാഭാരത കഥയുടെ വിസ്മയാവഹമായ പുനരാഖ്യാനത്തിൽ എത്തിയ ആ ആഖ്യാന കലയുടെ വികാസ വളർച്ചകൾ സാഹിത്യ വിദ്യാർഥികളെയും വായനക്കാരെയും ഒരുപോലെ വിസ്മയിപ്പിക്കും. 

ചലച്ചിത്ര മേഖലയിൽ എംടി ഒരു ഇന്ദ്രജാലം തന്നെ കാഴ്ച വച്ചു. മുറപ്പെണ്ണ് മുതൽ ആരംഭിച്ച ആ ജൈത്രയാത്രയിലൂടെ, അറുപതോളം സിനിമകളിലൂടെ, തിരക്കഥയുടെ മഹത്വം സ്ഥാപിച്ചെടുത്തു എംടി. നോവലും സിനിമയും എന്ന വിഭിന്ന മാധ്യമങ്ങളുടെ മർമ്മം തൊട്ടറിയാൻ എംടിക്ക് സാധിച്ചു. ദൃശ്യ മാധ്യമത്തിൽ അതി വാചാലത ഒഴിവാക്കി എങ്ങനെ ആഖ്യാനത്തെ സാന്ദ്രമാക്കാമെന്നു ഈ എഴുത്തുകാരൻ കാണിച്ചു തന്നു. 

വ്യക്തിപരമായി ഒരുപാട് കടപ്പാടുണ്ട് എനിക്ക് അദ്ദേഹത്തോട്. തുഞ്ചൻ സ്മാരകം ഒരു ദേശീയ സ്ഥാപനമാക്കി വളർത്താനുള്ള ശ്രമങ്ങളിൽ എന്നെ ഒരു ആദ്യകാല പങ്കാളിയാക്കിയതിന്, ഇംഗ്ലണ്ടിൽ എന്റെ ക്ഷണം സ്വീകരിച്ച്‌ അമേരിക്കയിൽ നിന്ന് മടങ്ങും വഴി മൂന്നു ദിവസം തങ്ങിയതിന്, ഷേക്സ്പിയർ സ്മൃതി സ്ഥലിയിൽ വച്ചു അദ്ദേഹത്തിന്റെ അറുപതാം പിറന്നാൾ ഞങ്ങൾക്കൊപ്പം ആഘോഷിച്ചതിന്, കൈയൊപ്പിട്ടു അനേകം പുസ്തകങ്ങൾ സമ്മാനിച്ചതിന്, മലയാളം സർവകലാശാലയുടെ ആരംഭ നാളുകളിൽ സാന്നിധ്യം കൊണ്ടും, സ്നേഹം കൊണ്ടും അനുഗ്രഹിച്ചതിന്, 'എഴുത്തച്ഛൻ എഴുതുമ്പോൾ' എന്ന എന്റെ ലഘു കാവ്യം വായിച്ചിട്ട് "എഴുത്തച്ഛൻ വാരിക്കോരി അനുഗ്രഹിച്ചിരിക്കുന്നു" എന്ന ഒറ്റവരി കീർത്തിപത്രം അയച്ചുതന്നതിന്, ഏറ്റവുമൊടുവിൽ ഒക്ടോബർ മാസത്തിൽ നേരിൽ കണ്ട സമയത്ത് ഒഎൻവിയുടെ ഉജ്ജയിനി എന്ന കാവ്യത്തെ ആസ്പദമാക്കി ഞാൻ തിരക്കഥ എഴുതാൻ തുടങ്ങുന്നു എന്നറിയിച്ചപ്പോൾ തോളത്തു തട്ടി 'You can do it' എന്ന് അനുഗ്രഹം ചൊരിഞ്ഞതിന്, പറയാതെ മനസ്സിൽ അങ്ങ് എപ്പോഴും സൂക്ഷിച്ച സ്നേഹത്തിന്, എല്ലാറ്റിനും എല്ലാറ്റിനും തീരാത്ത കടപ്പാട്. ആ കടപ്പാട് ജന്മ പുണ്യം. ശിഷ്ട ജീവിതത്തിലെ വിഭൂതി. ആ സമാഗമങ്ങൾ നമുക്ക് ആവർത്തിക്കാൻ കഴിയില്ല. കാലത്തിന്റെ അനന്തതയിൽ എന്നെങ്കിലും ഒരു പക്ഷെ മറ്റൊരു ലോകത്ത് എല്ലാം ആവർത്തിക്കുമായിരിക്കും.

English Summary:

K. Jayakumar remembering M.T. Vasudevan Nair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com