ADVERTISEMENT

ഫ്യൂഡൽ ജീർണതയിൽ മുങ്ങിക്കിടന്ന മലയാളിയെ വിജയത്തിന്റെ സാരസ്വതരഹസ്യം പഠിപ്പിച്ചത് എംടിയാണെന്നു പറയാം. അതിനാലാണ് എല്ലാ തുറകളിലുമുള്ള മലയാളികൾ മാതൃകയായി എംടിയെ ഉറ്റുനോക്കിയത്. കൂടല്ലൂർ എന്ന കുഗ്രാമത്തിൽ ജനിച്ചു വളർന്ന എംടി സ്വയം ചെത്തിമിനുക്കി ഉയരങ്ങളിലേക്കു നടന്നുകയറിയ വഴികൾ അദ്ദേഹത്തിന്റെ വിജയവ്യക്തിത്വം പരിചയപ്പെടുത്തിത്തരും. സഹജീവികളുടെ ആശങ്കകളെയും ഇഷ്ടങ്ങളെയും അനിഷ്ടങ്ങളെയും തിരിച്ചറിയാനുള്ള ശക്തി മനുഷ്യന്റെ പ്രവർത്തന വിജയങ്ങളെ നിർണയിക്കും. അങ്ങനെ നോക്കുകയാണെങ്കിൽ എംടിയെ മഹാവിജയിയാക്കിയത് ആളെ മനസ്സിലാക്കാനുള്ള അദ്ദേഹത്തിന്റെ കഴിവു തന്നെയാണ്.

mt-vasudevan-nair-literature
എംടി

കാണാൻ അനുവാദം ചോദിച്ച് തുഞ്ചൻ സ്മാരകത്തിന്റെ ഓഫിസ് വരാന്തയിൽ പ്രത്യക്ഷപ്പെടുന്നവരുടെ സ്വഭാവവിശേഷങ്ങളും ഉള്ളിലിരിപ്പും നിമിഷാർധം കൊണ്ട് അദ്ദേഹം പിടിച്ചെടുക്കും. അഡ്മിനിസ്ട്രേറ്ററായിരുന്ന എന്റെയെല്ലാം നിഗമനങ്ങൾക്ക് വിരുദ്ധമായി അയാൾക്ക് ഇന്ന കുഴപ്പങ്ങളുണ്ടെങ്കിലും ഇന്ന കഴിവുകളുണ്ടെന്ന് കൃത്യമായി പ്രവചിക്കും. ഇടപെടുന്നവരുടെ വ്യക്തിത്വസ്കാൻ മുൻകൂട്ടി മനഃസ്ക്രീനിൽ തെളിഞ്ഞുകിട്ടുന്നതിനാൽ ഒരുപാട് അനാവശ്യപണികളും മെനക്കേടുകളുമാണ് ദിനംപ്രതി അദ്ദേഹത്തിന് ഒഴിവാക്കാനാകുന്നത്. പ്രയോജനരഹിതമായ ഓട്ടവും ചാട്ടവും പല്ലിളിക്കലും നമ്മുടെയെല്ലാം ആയുസ്സിന്റെ വലിയൊരു ഭാഗത്തെ കുട്ടിച്ചോറാക്കുമ്പോൾ നിഷ്ഫലമായ ചെറുവിരലനക്കം പോലും എംടി ജീവിതത്തിൽ നടത്തിയിരുന്നില്ല. ഈ പരഹൃദയജ്ഞാനവല സമൂഹത്തിൽ മൊത്തം വിരിച്ചതുകൊണ്ടായിരിക്കാം അദ്ദേഹത്തിന്റെ സൃഷ്ടികൾ സകലർക്കും ഒരുപോലെ ആസ്വാദ്യമായിത്തീർന്നതും.

കൊള്ളരുതാത്ത ആരെയും ഒരു പണിയും എംടി ഇന്നേവരെ ഏൽപിച്ചതായി കേട്ടിട്ടില്ല. ശബ്ദകോലാഹലങ്ങളില്ലാത്ത നേതൃഗുണവും ഭരണപാടവവുമാണ് അദ്ദേഹത്തെ വിജയത്തിലേക്ക് നയിച്ച മറ്റൊരു ഘടകം. ഒന്നും ആവശ്യപ്പെടാതെയും ആവർത്തിക്കാതെയും തനിക്കു വേണ്ടതെല്ലാം ആളുകളെക്കൊണ്ട് ചെയ്യിക്കുന്ന, ഇപ്പോഴും മാനേജ്മെന്റ് പണ്ഡിറ്റുകൾക്ക് പിടികിട്ടിയിട്ടില്ലാത്ത, മാസ്മരികത അദ്ദേഹത്തിനുണ്ടായിരുന്നു. സർക്കാർ സ്ഥാപനങ്ങളുടെ ഉണക്കത്തരങ്ങളില്ലാതെ, വീട്ടിലെ കാര്യം പോലെയാണ് തുഞ്ചൻ സ്മാരകത്തിന്റെ പ്രവർത്തനങ്ങൾ നടത്തേണ്ടതെന്ന് എംടി സൂചിപ്പിക്കുകയേ വേണ്ടിവന്നിരുന്നുള്ളു. ട്രസ്റ്റ് അംഗങ്ങൾ ജനറൽ ബോഡി യോഗങ്ങൾക്കുള്ള യാത്രാബത്ത വേണ്ടെന്നുവച്ചു. ഉത്സവനടത്തിപ്പിലെ കുശിനിയും വിളമ്പലും അലങ്കാരപ്പണികളും നാട്ടുകാർ ഏറ്റെടുത്തു. പണമായും അരിച്ചാക്കായും സഹായങ്ങളെത്തി. എംടിയുടെ മട്ടുകണ്ടാൽ കടുകടുത്ത, സ്വേച്ഛാപ്രമത്തനായ ബോസായിരിക്കും അദ്ദേഹമെന്നല്ലേ തോന്നുകയുള്ളു. എന്നാൽ തുഞ്ചൻ സ്മാരകത്തിൽ പൂർത്തീകരിച്ച 21 വർഷത്തെ അഡ്മിനിസ്ട്രേറ്റർ ജോലിക്കിടയിൽ ഒരു കാര്യവും അദ്ദേഹമെന്നോട് കൽപിച്ചിട്ടില്ല. ഇങ്ങനെയൊക്കെയല്ലേ വേണ്ടതെന്ന് അത്യന്തം വേണ്ടിണ്ടായ മുഖത്തോടെ ധ്വനിപ്പിക്കും. അപ്പോൾ അതിന് വേണ്ട പണികൾ കയ്യും മെയ്യും മറന്ന് ഞാനങ്ങ് ചെയ്തുപോകും. അത്രതന്നെ– ഇതായിരുന്നു തുഞ്ചൻ സ്മാരകത്തിലെ ചെയർമാൻ– അഡ്മിനിസ്ട്രേറ്റർ വർക്ക് റിലേഷൻഷിപ്.

കെ.പി.രാമനുണ്ണി
കെ.പി.രാമനുണ്ണി

ജീവജലം പോലെ അമൂല്യമായി സമയത്തെ പരിചരിക്കുന്ന സ്വഭാവമാണ് എംടിയുടേത്. കയറി ഹെഡ് ചെയ്യുന്ന ഏതു വായാടിക്കും ഒറ്റ മിനിറ്റുപോലും അദ്ദേഹത്തിൽനിന്ന് അപഹരിച്ചെടുക്കാൻ സാധ്യമല്ല. ആവശ്യത്തിൽക്കവിഞ്ഞ നേരം മുന്നിലിരുന്നു തിരിഞ്ഞാൽ എംടി ഗെറ്റ് ഔട്ടൊന്നും അടിക്കില്ല. തിരസ്കരണി ചൊല്ലി ധ്യാനസ്ഥമായൊരു ലോകത്തേക്കു തിരോഭവിച്ചുകളയും. പിന്നെ വർത്തമാനക്കാരന് സ്ഥലം കാലിയാക്കുകയേ നിവൃത്തിയുള്ളു.

ശാരീരികമായ പരാധീനതകളെക്കാൾ പ്രായമാകൽ ഉണ്ടാക്കുന്ന പ്രശ്നം അത് ആളുകളുടെ മനസ്സുകളെ കൊട്ടിയടയ്ക്കുന്നു എന്നതാണ്. മിക്കവാറും വന്ദ്യവയോധികർ ആകാശവാണി നിലയങ്ങൾ പോലെ പെരുമാറുകയല്ലാതെ മറ്റുള്ളവർ പറയുന്നതു കേൾക്കാറേയില്ല. എഴുത്തിൽ മാത്രമല്ല, വ്യക്തിത്വത്തിലും എംടിയെ മലയാളത്തിന്റെ നിത്യയൗവനമായി നിലനിർത്തിയത് അദ്ദേഹത്തിന്റെ ജാഗരൂകമായ ഇന്ദ്രിയക്ഷമതയും അതിന്റെ ദൃഷ്ടാന്തമായ കേൾക്കാനുള്ള സന്നദ്ധതയുമായിരുന്നു. കുറച്ചുകാലം മുൻപ് വരെ സാഹിത്യത്തിലെയും സിനിമയിലെയും പുതു പ്രവണതകളെക്കുറിച്ച് പുതുതലമുറയുമായി അദ്ദേഹം ചർച്ച നടത്തിയിരുന്നു. സ്വയം നവീകരണത്തിനുള്ള അടങ്ങാത്ത ആവേശമായിരിക്കാം എംടിയെ കടുത്ത വായനക്കാരനാക്കിയതും.

വിജയം ജീവിതത്തിന്റെ മധുരപലഹാരമാണെങ്കിൽ അതുണ്ടാക്കാനുള്ള ചേരുവകൾ കൃത്യമായി സൂക്ഷിക്കുകയും ഉചിതമായി ഉപയോഗിക്കുകയും ചെയ്ത മലയാളത്തിന്റെ മഹാനായ വിജയസാരഥിയായിരുന്നു എംടി.

English Summary:

K.P. Ramanunni remembering M.T. Vasudevan Nair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com