ADVERTISEMENT

ഒരു നവംബർ രണ്ടിനാണ് അപ്രതീക്ഷിതമായി ടി.പി.രാജീവൻ മരിക്കുന്നത്. രോഗബാധിതനെങ്കിലും തലേ ദിവസവും ആശുപത്രിക്കിടക്കയിൽ മികച്ച കവിത എഴുതിയ കവി പിറ്റേന്ന് മരിക്കുക എന്നത് അവിശ്വസനീയമാണ്; അന്നും എന്നും.
അവസാന വരിയുടെ അവസാന വരികളിൽ രാജീവൻ മരണത്തെ തൊട്ടു. കവി ആ സാന്നിധ്യം അറിഞ്ഞു. കടം വാങ്ങിയ നിമിഷങ്ങളിൽ ഏതാനും വരികൾ കൂടി എഴുതി  വിരാമ ചിഹ്നത്തിനു പകരം ആഛര്യ ചിഹ്നമിട്ടു. ജീവിതം അദ്ഭുതമാണെങ്കിൽ മരണം അതിലും വലിയ അദ്ഭുതമല്ലേ.

പെട്ടെന്നൊരു ദിവസം
സ്വപ്നങ്ങളുടെ എണ്ണം പൂജ്യമാകും.
പിന്നെ, അയാൾ ഒന്നും സംസാരിക്കില്ല.
ശൂന്യതയിലേക്കു നോക്കി
ഇരുന്നിരുന്ന് സമയം കളയുന്ന അയാളെ
ഒരുദിവസം പെട്ടെന്നു കാണാതാകും.
അത്രമാത്രം !
 
അവസാനകാലത്താണ് സുഗതകുമാരി വെറുതേ എന്നൊരു കവിതയെഴുതിയത്. സ്വതസിദ്ധമായ കവിത്വത്താൽ അനുഗ്രഹിക്കപ്പെട്ടിരുന്നു ആ കവിതയും. 

വെറുതേ കരംകോർ‌ത്തു
പിടിച്ചും കൊണ്ടാക്കിരം–
തിരകൾക്കിടയിലേ–
യ്ക്കിറങ്ങിപ്പോയി, വെറും
വെറുതേയൊരു പ്രേമം !...
 
ഒരു കോടി വിരലുകൾ കൊതിയോടെ പിന്നെയും ചൊരിമണലിൽ എഴുതുന്ന പ്രേമത്തെക്കുറിച്ചെഴുതിയ അതേ കവി അടുത്തെത്തിയ മരണത്തെ അറിഞ്ഞിരുന്നോ. അല്ലെങ്കിൽ എങ്ങനെയാണ് ആ പ്രേമം വെറുതേയായത്.അത്രമേൽ അഗാധമായ്, അത്രമേൽ വിശുദ്ധമായ്, അത്രമേൽ സ്വയം സമർപ്പിച്ച പ്രേമം. സൂര്യ ചന്ദ്രതാരകൾ പോലും നോക്കിനിന്ന പ്രേമം. അവസാനമായി നൽകിയ വിഷപാത്രവും കുടിച്ച് അവിടുത്തെക്കുറിച്ചുതന്നെ ഓർത്തുപാടിയ പ്രണയിനി.കാടാണ്, കാട്ടിൽ കടമ്പിന്റെ ചോട്ടിൽ...രാധ.
സുഗതകുമാരി പേന അടച്ചുവച്ചത് ഒരു ഡിസംബർ മാസത്തിലാണ്.ഒരു പാട്ട് കൂടി വീണ്ടും പാടാൻ നിൽക്കാതെ  23ന്.ഡിസംബറിൽ വീണ്ടുമൊരു നഷ്ടം. ഇത്തവണ 25നു തന്നെ. ഏറ്റവും പ്രിയപ്പെട്ട കവി കടന്നുപോയ ദിവസം കഴിഞ്ഞ് രണ്ടേ രണ്ടു ദിനം കൂടിയാകുമ്പോൾ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരന്റെ കസേരയും ശൂന്യമാകുന്നു.

1956ലാണ് നിന്റെ ഓർമയ്ക്ക് എന്ന കഥാസമാഹാരം ആദ്യമായി വെളിച്ചം കണ്ടത്. അരനൂറ്റാണ്ട് മുൻപ് എന്നല്ല 68 വർഷം മുൻപ്. കോട്ടയുടെ നിഴൽ എന്ന കഥയുടെ അവസാനം മരണമുണ്ട്.

അയാൾ ഇരുട്ടിന്റെ അഗാധതയിലേക്കു താണുപോയി.
അവൾ സിതാർ മീട്ടിക്കൊണ്ട് അയാളെ തിരഞ്ഞ് നടക്കുന്നുണ്ടാവും; കാണാതിരിക്കില്ല.
വിദൂരതയിൽ നിന്ന് വീണ്ടും നേർത്ത സംഗീതം ഒഴുകിവന്നു.
അയാൾ ഇരുളിലേക്കു പാഞ്ഞുപോയി.
അയാളെ പിന്തുടർന്നാലെന്ത് ? ഒന്നു ചോദിക്കാൻ വിട്ടുപോയി. അയാളുടെ പേർ ?
നിൽക്കൂ.
നോക്കുമ്പോൾ അയാളില്ല. ഇരുട്ട് മുഴുവൻ ഓടിയൊളിച്ചിരിക്കുന്നു. മൈതാനവും കോട്ടയുമെല്ലാം ഒരു സ്വപ്നലോകം പോലെ വിജനമായി കിടക്കുന്നു.
ദൂരെ നിന്ന് നേർത്ത ഗാനം ഒഴുകിവരുന്നുണ്ടോ ?

ഇതാണ് മരണം. ഇത്രമാത്രം. കടം വാങ്ങിയ നിമിഷങ്ങൾ വീണ്ടും തീരുന്നു. എന്നാലും ഇഷ്ടമാണ്. കാരണമില്ലാത്ത ഇഷ്ടം. കാലത്തിന്റെ കൈക്കുടന്നയിൽ നിന്ന് ചോർന്നുപോകുമ്പോഴും ....

English Summary:

Remembering T.P. Rajeevan and Sugathakumari: A Double Loss in December

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com