'മണ്ണെണ്ണയും ഇനാമൽ പെയിന്റും ചേർത്തുണ്ടാക്കുന്ന പുലികളിയുടെ ചമയങ്ങള്'
Mail This Article
ഓണത്തെ കുറിച്ചോര്‍ക്കുമ്പോൾ മനസ്സിലേക്ക് ഓടിയെത്തുന്നത് ഓണത്തിന് അനുബന്ധമായി തൃശ്ശൂർ മാത്രം നടത്തുന്ന പുലികളി അല്ലാതെ മറ്റൊന്നല്ല. ഒരു മാസം മുമ്പേ പുലികളിക്കു വേണ്ട പണം അതിന്റെ സംഘാടകർ പല വഴിക്കു കണ്ടെത്തും. ആദ്യം ചമയങ്ങളുടെയും പലതരം മുഖംമൂടികളുടെയും ജോലി തുടങ്ങും. ഓരോ പ്രദേശത്തുനിന്ന് 10-15 പേർ പുലിവേഷം കെട്ടും. ബാക്കിയുള്ളവർ കൊട്ടുകാരും. പുലിവേഷം കെട്ടാൻ സ്വയം താൽപര്യം പ്രകടിപ്പിച്ച് വരുന്നവർ അതിനുള്ള തയാറെടുപ്പ് ഒരു മാസം മുമ്പേ തുടങ്ങിയിരിക്കും. പൊതുവേ തടിച്ച ശരീരപ്രകൃതിയുള്ളവർക്ക് ആണ് മുൻഗണന. അമിത ഭക്ഷണം കഴിച്ച് കുടവയറ് വളർത്തലാണ് ആദ്യ ചടങ്ങ്. ഇവരെ ഒരുക്കുന്നത് കണ്ടിരിക്കുന്നത് തന്നെ ഒരു കൗതുക കാഴ്ചയാണ്. ദേഹമാസകലമുള്ള രോമം വടിച്ചു രണ്ട് ദിവസം മഞ്ഞൾ തേച്ച് ഇടും. വൈകുന്നേരം മൂന്നുമണിക്ക് മത്സരത്തിനിറങ്ങുന്ന പുലിയെ തുറസ്സായ സ്ഥലത്ത് ഇരുത്തി 8:00 മണി മുതൽ ആർട്ടിസ്റ്റുകൾ ചായം തേക്കാൻ തുടങ്ങും. ചെറിയൊരു അടിവസ്ത്രം മാത്രം ധരിപ്പിച്ച് കൈ രണ്ടും കാലു രണ്ടും നീട്ടി വയ്പ്പിച്ചിട്ട് ആണ് മേക്കപ്പ് തുടങ്ങുക. കൈ താഴ്ന്നു പോകാതിരിക്കാൻ ഒരു കമ്പ് വച്ചു കെട്ടും. നാലഞ്ച് മണിക്കൂർ കൊണ്ട് പുലിമുഖം വരച്ചു കഴിഞ്ഞാലും ഇവർക്ക് സ്വാതന്ത്ര്യമായി ചലിക്കാൻ പറ്റില്ല. കാരണം പഴയകാലത്തെ ചായങ്ങൾ ഉണങ്ങി വരാൻ രണ്ടു മൂന്നു മണിക്കൂറെങ്കിലും വേണം. മണ്ണെണ്ണയും ഇനാമൽ പെയിന്റും ചേർത്തുള്ള ചായം ആയിരുന്നു പണ്ട് ഉപയോഗിച്ചിരുന്നത്. ഇവർക്ക് പിന്നെ ഭക്ഷണം വാരി കൊടുക്കുകയാണ് ചെയ്യുക. പലതരം പുലികൾ ഉണ്ടാകും. കടുവ, പുള്ളിപ്പുലി, പുപ്പുലി, ഈറ്റപ്പുലി.. അങ്ങനെ അവസാന മിനുക്കുപണിയായ അരയിൽ അരമണി കൂടി കെട്ടി, ഇതിന്റെ ആവശ്യത്തിനായി തയ്പ്പിച്ച ട്രൗസർ കൂടി ഇട്ടാൽ പുലികളിക്ക് റെഡിയായി എന്ന് പറയാം.
മറ്റൊരു വശത്ത് വലിയൊരു കുട്ട വർണ്ണക്കടലാസുകൾ കൊണ്ട് പൊതിഞ്ഞു നീളമുള്ള മുളയിൽ വച്ചുകെട്ടി അതിൽ നിറയെ നാലിഞ്ച് നീളത്തിലുള്ള വർണ്ണ പേപ്പറുകൾ മുറിച്ചിടും. ഓരോ സ്ഥലത്തെയും പുലികളി കഴിഞ്ഞു നീങ്ങുമ്പോൾ ഒരു പുലി കുട്ടയിൽ നിന്ന് കുറച്ചു വർണ്ണക്കടലാസുകൾ കൂടിനിന്നവർക്കായി വിതറും. ഉത്രാടത്തിന്റെയന്ന് തുടങ്ങുന്ന പുലികളിയുടെ സമാപനദിവസം നാലാം ഓണത്തിന്റെ അന്ന് വൈകുന്നേരം ആണ്. എല്ലാ പ്രദേശത്തുനിന്നുള്ള പുലി സംഘങ്ങളും ഒന്നിനുപുറകെ ഒന്നായി കൊട്ടും പാട്ടും മേളവുമായി തുറന്ന് അലങ്കരിച്ച ലോറികളിലും വണ്ടികളുമായി പൂരപ്പറമ്പിൽ എത്തും. കൂടെ കുറെ കെട്ടുകാഴ്ചകളും ഉണ്ടാകും. മണികണ്ഠനാലിന്റെ അവിടുന്ന് തുടങ്ങുന്ന വയറു കുലുക്കിയുള്ള പുലിക്കളി പൂരപ്പറമ്പ് ഒരു റൗണ്ട് ചുറ്റുന്നതോടെ തീരും. ലക്ഷക്കണക്കിന് ആളുകൾ ഇവരെ കാണാനും കൂടെ തുള്ളാനും പൂരപ്പറമ്പിൽ കൂടിയിട്ടുണ്ടാകും. ചില പീടികക്കാർ അവരുടെ ബാനർ പുറകിൽ കെട്ടി തൂക്കി പരസ്യത്തിനായി ഇവരെ ഉപയോഗിക്കാറുണ്ട്. അങ്ങനെ പരസ്യ പുലികളും മത്സരാർഥികളും എല്ലാവരും കൂടി കലാശക്കൊട്ട് ഗംഭീരമാക്കും. പുലികളിക്ക് കൊട്ടുന്ന കൊട്ട് പെരുന്നാളിനോ പൂരത്തിനോ ഒന്നും കേൾക്കാൻ കഴിയില്ല. പിന്നെ അതു കേൾക്കാൻ മറ്റൊരു പൊന്നോണം കൂടി വന്നെത്തണം. അവസാന ചടങ്ങ് സമ്മാനദാനം കൂടി കഴിയുന്നതോടെ പുലികൾ ഒക്കെ നാല് ദിവസത്തെ അല്ലെങ്കിൽ മൂന്നുദിവസത്തെ മേക്കപ്പ് അഴിക്കാൻ നമ്മുടെ ശ്രീനിവാസൻ “ഫ്രണ്ട്സ്” സിനിമയിൽ ചകിരിയുമായി കിണറ്റിൻ കരയിലേക്ക് പോകുന്നതുപോലെ മണ്ണെണ്ണയും ചകിരിയും എണ്ണയും ഒക്കെ ആയി കുളത്തിലേക്ക് നീങ്ങും.
ഇക്കഴിഞ്ഞ രണ്ടു വർഷവും കൊറോണ പിടിമുറുക്കിയിരുന്ന കേരളത്തിൽ ജനങ്ങൾ ഇതൊക്കെ ചാനലിലോ യൂട്യൂബിലോ ഇരുന്ന് കണ്ടു കൊതി തീർക്കുകയായിരുന്നു. അതിന്റെയെല്ലാ ക്ഷീണവും തീർത്ത് ഈ വർഷം പുലികളും പൂരപറമ്പും സജീവമായി.