ADVERTISEMENT

മഴ കുറഞ്ഞപ്പോൾ അയാൾ ബസ്സിന്റെ ഷട്ടറുകൾ പതുക്കെ ഉയർത്തി ക്ലിപ്പ് ഇട്ടു. കമ്പിയിൽ ഏതാനും മഴത്തുള്ളികൾ കാറ്റിൽ അയാളുടെ ദേഹത്തേക്ക് തെറിച്ചു വീണു. ഇനിയും അരമണിക്കൂറെങ്കിലും യാത്ര ചെയ്താലേ ഇറങ്ങേണ്ട സ്റ്റോപ്പെത്തുകയുള്ളൂ അയാൾ മനസ്സിൽ വിചാരിച്ചു. ബസ്സ് മുന്നോട്ടു പോകുന്നതിനനുസരിച്ച് മഴയുടെ സാന്നിധ്യം കുറഞ്ഞു വന്നു. സന്ധ്യ മയങ്ങി ഇരുട്ട് വ്യാപിച്ചു തുടങ്ങിയിരിക്കുന്നു. ഇടയ്ക്കൊന്ന് മയങ്ങിപ്പോയ അയാളെ കണ്ടക്ടർ വിളിച്ചു. “ഇറങ്ങേണ്ട സ്റ്റോപ്പെത്തി.” തിടുക്കത്തിൽ തന്റെ ബാഗുമെടുത്ത് ബസ്സിൽ നിന്നുമിറങ്ങി. ബസ്സ് അയാളെയും കടന്ന് മുന്നോട്ട് പോയി. വേറെ ആരും അവിടെ ഇറങ്ങിയില്ല. ഏതാനും ചെറിയ കടകൾ മാത്രമുള്ള ചെറിയൊരു സ്ഥലം. ഒരു കടയിൽ മാത്രമേ വെളിച്ചം കാണുന്നുള്ളൂ. മറ്റുള്ളവ അടച്ചതാകാം. അയാൾ കടയിലേക്ക് ചെന്നു. “ഇവിടെ ആളുകളെയൊന്നും അങ്ങനെ കാണാനില്ലല്ലോ” “ഇവിടെ നേരത്തെ തന്നെ കടകളടക്കാറുണ്ട്. ഞാൻ ഒരാളെയും കാത്തിരുന്നതാ അതാണ് കടയടക്കാൻ വൈകിയത്. ആളാണെങ്കിൽ ഇന്നിനി വരുമെന്ന് തോന്നുന്നില്ല” “ഓഹോ” “ഇവിടെ അധികം ആളുകൾ താമസിക്കുന്ന സ്ഥലമല്ല. എല്ലാവരും ഇരുട്ടാകുമ്പോഴേക്കും വീട്ടിലെത്തും... അല്ലാ നിങ്ങളിവിടെ പുതിയ ആളാണല്ലേ” “അതെ ഞാൻ കുറച്ചധികം അകലെ നിന്നാ” “എവിടേക്കാ” “ഞാൻ ഇവിടെ ബംഗ്ലാവ്കുന്നിലേക്കാണ്. അവിടെ ഒരാവശ്യമുണ്ടായിരുന്നു. ഒരു സുഹൃത്താണ് വഴിയൊക്കെ പറഞ്ഞു തന്നത്” “ആ, അല്ലാ എങ്ങനെയാ വന്നത്. വണ്ടിയുണ്ടോ?” 

കടക്കാരന്റെ ചോദ്യം കേട്ടപ്പോഴാണ് അടുത്ത ബസ്സ് എപ്പോഴാണെന്ന വിവരം തിരക്കാൻ അയാൾക്ക് തോന്നിയത്. “ഇല്ല, ഇനിയെപ്പോഴാ ആ വഴിക്ക് ബസ്സ്” “അയ്യോ ഇന്നിനി ആ വഴി ബസ്സില്ലല്ലോ, ഒരഞ്ചു മിനിറ്റ് മുമ്പ് അവിടേക്കുള്ള ലാസ്റ്റ് ബസ്സ് പോയത്” അയാളുടെ മനസ്സ് ആശങ്കാകുലമായി. മഴ ഇല്ലെങ്കിൽ കുറച്ച് കൂടി നേരത്തേ എത്താമായിരുന്നു എന്ന് മനസ്സിലോർത്തു. “വേറെ വല്ല വണ്ടിയും കിട്ടാൻ വഴിയുണ്ടോ” “വണ്ടി കാത്ത് നിന്നിട്ട് കാര്യമില്ല. ഞാനാണെങ്കിൽ ആ വഴിയ്ക്കുമല്ല. ഇവിടെ അടുത്ത് തന്നെയാണ്. പെട്ടെന്ന് തന്നെ എനിക്ക് പോകേണ്ടതുമുണ്ട്. ഞാനും കടയടക്കാൻ പോവുകയാണ്” അയാൾ കടയിൽ നിന്ന് ഒന്ന് രണ്ട് സാധനങ്ങൾ വാങ്ങി തന്റെ ബാഗിൽ വെച്ചു. നടക്കുകയല്ലാതെ മറ്റൊരു മാർഗ്ഗവുമില്ലെന്ന് മനസ്സിലാക്കിയ അയാൾ മുന്നോട്ട് നീങ്ങി. അവിടെ ലോഡ്ജുകളൊന്നും തന്നെ ഉണ്ടായിരുന്നില്ല. നിലാവുള്ളതിനാൽ ചുറ്റുപാടും വ്യക്തമായല്ലെങ്കിലും കാണാം. നടക്കുന്നതിനനുസരിച്ച് ഇരുട്ടിന് കൂടുതൽ ഇരുണ്ട നിറം വെച്ചുകൊണ്ടിരുന്നു. ചീവീടുകളുടെ ശബ്ദം കാതുകൾക്കുള്ളിലേക്ക് കയറി അയാളെ അസ്വസ്ഥനാക്കി. ഏകാന്തമായ യാത്രയിൽ ഇടുങ്ങിയ പാതയുടെ ഇരുവശങ്ങളിലേക്കും നോക്കി. രണ്ട് മൂന്ന് വീടുകൾ അവിടവിടെയായി കണ്ടു. പക്ഷേ അവയിൽ പലതിലും ആൾത്താമസമുള്ള ലക്ഷണങ്ങൾ കണ്ടില്ല. മുന്നോട്ട് നീങ്ങുന്നതിനനുസരിച്ച് വീടുകൾ കാണാതായി. ഇരുവശവും വലിയ മരങ്ങൾ മാത്രം. 

റോഡ് രണ്ടായി തിരിയുന്നിടത്ത് ഒരു നിമിഷം അയാൾ സംശയിച്ച് നിന്നു. ഓർമ്മയിൽ നിന്ന് വഴിയടയാളം കണ്ടെത്തി വലത്തേക്കുള്ള പാതയിലേക്ക് നടന്നു. കുറച്ച് ദൂരം കഴിഞ്ഞപ്പോൾ ഇടതുവശത്തായി ഒരു ശ്മശാനം തെളിഞ്ഞു വന്നു. ഒരു മഞ്ചാടിമരം അതിന് കാവൽ നിൽക്കുന്നതായി അയാൾക്ക് തോന്നി. തനിച്ചുള്ള രാത്രിയാത്രയിൽ ശ്മശാനം കണ്ടപ്പോൾ മനസ്സിലൂടെ പല ചിന്തകൾ ഈയാംപാറ്റകളെപ്പോലെ ചിറകടിച്ചു കൊണ്ടിരുന്നു. ഭീതിജനകമായ കഥകളും സിനിമയിലെ രംഗങ്ങളും ഓർമ്മയിടങ്ങളെ കീഴടക്കി. അയാൾ തിടുക്കത്തിൽ നടന്നകന്നു. യാത്രാക്ഷീണവും വിശപ്പും ഏകാന്ത യാത്രയും ഇതിനകം തളർത്തിയിരിക്കുന്നു. ഭയം മനസ്സിനെ സ്പർശിച്ചു തുടങ്ങിയതായി അയാൾക്കനുഭവപ്പെട്ടു. അയാളെ തലോടി കടന്നു പോയ ഇളംകാറ്റ് ആശ്വാസത്തിന് പകരം ഭയമാണ് ജനിപ്പിച്ചത്. മുന്നോട്ട് ധൈര്യത്തോടെ നടക്കാൻ തീരുമാനിച്ച് ബാഗിൽ നിന്നും കുപ്പിയെടുത്ത് വെള്ളം കുടിച്ചു. നടത്തത്തിന് വേഗത കൂട്ടി. മുന്നിൽ വീണ്ടും രണ്ട് ചെറിയ വഴികൾ പ്രത്യക്ഷപ്പെട്ടു. വലതുവശത്ത് നിന്ന് ഒരാൾ വരുന്നതായി അയാൾക്ക് തോന്നി. അവിടെ തന്നെ നിന്നു. രൂപം അടുത്തു കൊണ്ടിരിക്കുന്നു. അയാൾ താൻ നിൽക്കുന്ന ഭാഗത്തേക്ക് വരുന്ന ആളിന്റെ അടുത്തേക്ക് അൽപം നടന്നു. ഒരാളെ കണ്ടുമുട്ടിയ സന്തോഷവും ആശ്വാസവും അയാളുടെ മുഖത്ത് പ്രതിഫലിച്ചു. മനസ്സ് അൽപം ശാന്തമായി. വഴിപോക്കനോട് സംസാരിക്കാൻ തീരുമാനിച്ചു.

“എവിടേക്കാണ് സുഹൃത്തേ?” വഴിപോക്കൻ തിരിച്ചൊന്നും മിണ്ടിയില്ല. നേരെ കാണുന്ന വഴിയിലേക്ക് കൈ ചൂണ്ടുക മാത്രം ചെയ്തു. ഒന്നും സംസാരിച്ചില്ലെങ്കിലും തനിക്ക് പോകേണ്ട വഴിയിലൂടെ നടക്കാൻ ഒരാളെ കൂട്ടുകിട്ടിയതിൽ അയാൾ സന്തോഷിച്ചു. “ഞാൻ കുറച്ചധികം ദൂരെ നിന്നാ, ഇവിടെ ബംഗ്ലാവ്കുന്നിലേക്കാണ്” മറ്റേയാൾ ശരി എന്ന രീതിയിൽ തലയാട്ടി. നടക്കാം എന്ന് മുഖത്തെ ഭാവം വ്യക്തമാക്കി. ഇരുവരും കൂടി നടത്തം തുടർന്നു. നിലാവെളിച്ചം അൽപം മങ്ങിത്തുടങ്ങി. ബംഗ്ലാവ്കുന്ന് എന്നെഴുതിയ ഒരു ബോർഡ് വഴിയരികിൽ കാണാം. ഇനി നൂറുമീറ്റർ അകലം മാത്രം. അയാൾ അപരിചിതനെ ഒന്നു നോക്കി. അധികം സംസാരിക്കാത്ത പരുക്കനായ ആളാണെന്ന് അയാൾ ചിന്തിച്ചു. എങ്ങനെയായാലും ഒരാൾ കൂടെ ഇല്ലെങ്കിൽ തന്റെ അവസ്ഥ മോശമായിപ്പോയേനെ എന്ന് അയാളുടെ മനസ്സ് പറഞ്ഞു. ബംഗ്ലാവ്കുന്ന് എത്തി. അപരിചിതനോട് യാത്രപറയാനും ഒന്ന് സംസാരിച്ചു നോക്കാനും വിചാരിച്ചെങ്കിലും ഒരു മടി അയാളെ പിടികൂടിയെങ്കിലും അതിനെ മറികടന്ന് സംസാരിച്ചു. “കണ്ടതിൽ സന്തോഷം, രാത്രി ഇവിടം വരെ കൂട്ടിന് ഒരാളെ കിട്ടിയല്ലോ” അയാളെ ഞെട്ടിച്ചു കൊണ്ട് അപരിചിതൻ ഒന്ന് പുഞ്ചിരിച്ചു. “തനിച്ച് സഞ്ചരിക്കുന്ന നിങ്ങളുടെ ഭയം ഞാൻ മനസ്സിലാക്കി. നിങ്ങളെ ഇവിടെ എത്തിക്കാനാണ് ഞാൻ വന്നത്. ശരി, തിരികെ പോകുന്നു” അപരിചിതൻ ഇത്രയും സംസാരിച്ചതിൽ അയാൾക്ക് അത്ഭുതം തോന്നി. അയാൾ നന്ദി പറഞ്ഞു. തന്റെ ബാഗിൽ നിന്നും പോകേണ്ട സ്ഥലവിവരമുള്ള ഒരു എഴുത്ത് പരതി. കടലാസ് കൈയ്യിലെടുത്ത് തനിക്ക് കൂട്ടുവന്നയാളോട് ചോദിക്കാമെന്ന് കരുതി തലയുയർത്തിയതും അയാളെ കാണാനില്ല. നിമിഷനേരം കൊണ്ട് അപരിചിതൻ അപ്രത്യക്ഷനായിരിക്കുന്നു. അയാൾ ചുറ്റും കണ്ണോടിച്ചു, എവിടെയും ഒരു മനുഷ്യനെയും കാണാനില്ല. താനിപ്പോൾ ഏകനാണ്, ഏകാന്തയുടെ കൊടുമുടിയിലാണ്.

Content Summary: Malayalam Short Story ' Bungalowkunnilekku Oru Yathra ' Written by Abhijith Wayanad