'ആ കുന്നിൻചെരുവിൽ വീടുവെച്ച തന്റെ ഭർത്താവിനെ അവൾ ശകാരിച്ചു, മക്കൾ ഒപ്പം കൂടി...'
Mail This Article
ഒരു മനോഹരമായ കുന്നിൻചെരുവിലായിരുന്നു ആ വീട്. ആ വീടിനെ ഇഷ്ടപ്പെടാതിരിക്കാൻ അതിലുണ്ടായിരുന്ന ഓരോരുത്തർക്കും അവരുടേതായ കാരണങ്ങളും ഉണ്ടായിരുന്നു. ചെരുവിൽ വീടിനോടു ചേർന്ന കളിയിടത്തിൽ പന്ത് താഴേക്ക് ഉരുണ്ടുകൊണ്ടിരുന്നു. ആ കുട്ടികളുടെ ഓരോ കളിയും അവസാനിച്ചിരുന്നത് അങ്ങനെയായിരുന്നു. "എന്നാണ് നമ്മൾ ശരിക്കുമൊന്ന് കളിക്കുക." കുട്ടികൾ സങ്കടപ്പെട്ടു. ആ വീട്ടിലെ സ്ത്രീ - അവളുടെ കുട്ടിക്കാലം എന്നത് ചുറ്റും പൂന്തോട്ടം നിറഞ്ഞ ഒരു ഗൃഹത്തിലായിരുന്നു. അവയ്ക്കിടയിൽ ഒരു പൂച്ചെടിയായി അവളും വളർന്നു. പിന്നീട് ഇവിടേക്ക് പറിച്ചുനട്ടപ്പോൾ അവളിലെ മോഹങ്ങൾ വാടിക്കൊഴിഞ്ഞു.
ഒരു നാൾ ആ സ്ത്രീ കുന്നും കയറി വന്നത് വിജയ ഭാവത്തോടെ കൈയ്യിലൊരു ചെടിയുമായിട്ട് - അവൾക്കിഷ്ടപ്പെട്ട ഏതോ പുഷ്പത്തെ നൽകാൻ പോന്നത്. ദൂരെയുള്ള 'അയൽപക്ക'ത്തു നിന്നും നീണ്ട ശ്രമങ്ങൾക്കൊടുവിൽ നേടിയതാണത്. കോരിച്ചൊരിയുന്ന ഒരു രാത്രിയിൽ മഴയുടെ ദംശനമേറ്റ് വിറപൂണ്ടുനിൽക്കുന്ന തന്റെ ചെടിയേയും ചിന്തിച്ച് അവൾ കിടന്നു. അപ്പോഴും പ്രതീക്ഷകളായിരുന്നു. എന്നാൽ പിറ്റേന്ന് രാവിലെ മുറ്റത്ത് ആ ചെടിയില്ല. ആ ചെരുവിൽ ജലത്തിന്റെ സ്വാഭാവിക ഒഴുക്ക് ശക്തി പ്രാപിച്ചതിനെ ചെറുക്കാൻ മാത്രം വേരോട്ടം ആ സസ്യത്തിനുണ്ടായിരുന്നില്ല. നഷ്ടപ്പെട്ടെങ്കിലും ജഡം പോലും ഇല്ലാത്തത് ആർക്കും താങ്ങാവുന്നതല്ലല്ലോ.
സ്വാഭാവികമായും ആ കുന്നിൻ ചെരുവിൽ വീടു വെച്ച തന്റെ ഭർത്താവിനു നേർക്ക് ശകാരങ്ങളോടെ അവൾ പെയ്തിറങ്ങി. ശരിക്കൊന്ന് കളിക്കാനാകാത്തതിൽ അതൃപ്തി പൂണ്ട ആ കുട്ടികളുടെ പിന്തുണയും അന്നേരം ലഭിച്ചതിനാൽ കാലവർഷം കനത്തു. ഒന്നിച്ചുള്ള ആക്രമണത്തിൽ ഒറ്റപ്പെട്ട് പതറിപ്പോയ അയാൾ വേഗം വീടിനു മുൻവശത്തേക്കിറങ്ങി. ഉമ്മറപ്പടിയിൽ ഇരുന്ന് സ്വസ്ഥതക്കായി ദൂരെയുള്ള ഏതെങ്കിലും കാഴ്ചയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിച്ചു. എന്നാൽ ചെരിഞ്ഞ പ്രതലം അയാളുടെ കണ്ണുകളെ ആനയിച്ചത് താഴ്ചയിലേക്കായിരുന്നു. ആ ആഴം അയാളെ അസ്വസ്ഥനാക്കുകയും ഭയമുളവാക്കുകയും ചെയ്തു. "നാശം പിടിച്ച വീട്. " ഒടുവിൽ അയാളും പറഞ്ഞു പോയി. എന്തിനേയും നേരിടാനുറച്ച് അയാൾ വീണ്ടും അകത്തേക്ക് കയറിപ്പോയി.
അന്നേരം കുന്നിനുതാഴെ അടിവാരത്ത് ഒരു കാർ വന്നുനിന്ന് രണ്ടുപേരിറങ്ങി - ആ പ്രദേശത്തിന്റെ പ്രകൃതിരമണീയതയിൽ മനംമയങ്ങിയ യുവദമ്പതികൾ. ദൂരെ ആ വീടിനുനേരെ വിരൽ ചൂണ്ടി അവൾ പറഞ്ഞു: "നോക്കൂ, പെയിന്റിങ്ങിലും സ്വപ്നങ്ങളിലും കാണാറുള്ള കുന്നിൻചെരുവിലെ വീട്. അവിടെയൊക്കെ പാർക്കണം. എത്ര പ്രശാന്തിയും സമാധാനവും, അല്ലേ ഡിയർ?'' ''അതേയതേ." പ്രിയതമൻ തലകുലുക്കി സമ്മതിച്ചു. പാവം മർത്യരെന്തറിവൂ!