ADVERTISEMENT

അയാൾ ഏറെ ദിവസത്തെ യാത്ര കഴിഞ്ഞു വീട്ടിലേക്കുള്ള മടക്കയാത്രയിലായിരുന്നു, കാണാൻ സുമുഖനും നല്ല വാക്ചാതുരിയുമുള്ളയാളെ, കൂടെ യാത്ര ചെയ്ത ആളുകൾ ഇടം കണ്ണിട്ട് ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. അവരുടെ നോട്ടം കണ്ണുകളിലുടക്കുമ്പോൾ അയാൾ സൗമ്യമായി പുഞ്ചിരിച്ചു. ഏറെ നാളത്തെ യാത്ര ക്ഷീണം പുറത്ത് കാണിക്കാതിരിക്കാൻ അയാൾ നന്നേ ശ്രമിക്കുന്നുണ്ടായിരുന്നു. ട്രെയിൻ അതിവേഗത്തിൽ ഓടിക്കൊണ്ടിരുന്നു.. ചിലരൊക്കെ പിന്നിടുന്ന കാഴ്ചകൾ കൺമറയുന്നത് വരെ നോക്കികൊണ്ടേയിരുന്നു. കുട്ടികൾ കംപാർട്മെന്റിൽ ഓടിക്കളിച്ചു. വളരെ അപൂർവം മാത്രമായി ചായക്കാരൻ വന്നു. പാളങ്ങൾ കടന്നു പോകുന്ന ശബ്ദത്തിനോടൊപ്പം ചായക്കാരന്റെ ശബ്ദവും ചേർന്ന് ക്രമേണ ഇല്ലാതായി. അയാളുടെ ഫോൺ നിർത്താതെ അടിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു, ഏതോ വില കൂടിയ മൊബൈൽ ഫോണിലാണ് അയാൾ സംസാരിക്കുന്നത്. ഏറെ നേരം അയാൾ പല ഭാഷയിൽ പലരോടൊക്കെയോ സംസാരിച്ചു. ടിക്കറ്റ് എക്സാമിനർ ടിക്കറ്റ് പരിശോധിച്ച് കടന്ന് പോയി, ചില യാത്രക്കാർക്ക് പിഴയും, മറ്റു ചിലരെ ലോക്കൽ കംപാർട്മെന്റിലേക്ക് അദ്ദേഹം പറിച്ചു നട്ടു. മറ്റു ചിലർ കറുത്ത കോട്ട് കണ്ടപ്പോഴേക്കും എങ്ങോട്ടോ ഓടി മറഞ്ഞു. ട്രെയിൻ യാത്രയിൽ ഇത്തരം കാഴ്ചകൾ സർവ സാധാരണമാണ്, ടിക്കറ്റ് എടുത്തവർ മറ്റുള്ളവരെ നോക്കി പുച്ഛത്തോടെ ചിരിച്ചു. 

അത്ര തിരക്കില്ലാത്ത സ്റ്റേഷനിൽ വണ്ടി നിർത്തിയപ്പോൾ കുറച്ചു പൊലീസുകാർ ബോഗിയിലേക്ക് കയറി. തീവണ്ടി വീണ്ടും കുതിച്ചു പാഞ്ഞു കൊണ്ടിരുന്നു. കുറച്ചു സമയത്തിനകം ടിക്കറ്റ് എക്സാമിനറും അവിടെയെത്തി, എന്തോ ഇൻഫർമേഷൻ ഉണ്ടെന്നും എല്ലാ ബാഗുകളും തുറന്നു പരിശോധിക്കണമെന്നും അദ്ദേഹം യാത്രക്കാരോട് അഭ്യർഥിച്ചു. അപ്പോഴേക്കും മറ്റ് കംപാർട്മെന്റിലെ ആളുകളും കാഴ്ചക്കാരായി. സുമുഖനായ മധ്യവയസ്കൻ പൊലീസുകാരോട് പറഞ്ഞു, ഇതിൽ നിറയെ മുഷിഞ്ഞ വസ്ത്രമാണെന്നും, ഞാൻ തുറന്നു കാണിക്കാമെന്നും അഭ്യർഥിച്ചു. 'ഇപ്പോൾ കണ്ടാൽ മാന്യനാണെന്ന് തോന്നുന്ന പലരുമാണ് എല്ലാ കള്ളത്തരവും ചെയ്യുന്നത്' ഒരു സ്ത്രീ അവിടെ നിന്നും ആരോടെന്നില്ലാത്തത് പോലെ പറഞ്ഞു, എല്ലാ നോട്ടവും അയാളിൽ പതിഞ്ഞു, അയാൾക്ക്‌ വലിയ ബുദ്ധിമുട്ട് തോന്നി. പൊലീസുകാർ അയാളുടെ ബാഗ് ബലാൽകാരമായി പിടിച്ചു വാങ്ങി.. അയാൾ വീണ്ടും താൻ തുറന്നു തരാമെന്ന് അപേക്ഷിച്ചു, എല്ലാവരും കുറ്റവാളിയെ പോലെ അയാളെ നോക്കി. പൊലീസുകാർ ഓരോ സാധനവും പുറത്തേക്ക് വലിച്ചിട്ടു, അയാളുടെ മുഷിഞ്ഞ ഇന്നർ വെയറുകളും മറ്റ് വസ്ത്രങ്ങളും കമ്പാർട്ടുമെന്റിൽ ചിതറിക്കിടന്നു, ഒന്നും കണ്ടെത്താൻ കഴിയാത്ത ജാള്യത മറച്ചു വെച്ചു പൊലീസുകാർ അടുത്ത കംപാർട്മെന്റിലേക്ക് നീങ്ങി. നേരത്തെ അടക്കം പറഞ്ഞ സ്ത്രീ പതുക്കെ പുറം തിരിഞ്ഞിരുന്നു. 

അയാൾക്ക് കരച്ചിൽ വന്നു, തന്റെ പേഴ്സണൽ സാധനങ്ങൾ അയാൾ തിരികെയെടുത്തു വച്ചപ്പോൾ അയാൾ ജാള്യത കൊണ്ട് ഇല്ലാതായി. ഫോണുകൾ പിന്നെയും ചിലച്ചു. ബാഗ് വീണ്ടും പാക്ക് ചെയ്തു അയാൾക്ക് ഇറങ്ങാനുള്ള സ്റ്റേഷൻ എത്രയും പെട്ടെന്ന് എത്തിച്ചേരാൻ അയാൾ പ്രാർഥിച്ചു. വാച്ചിലും മൊബൈലിലും മാറി മാറി നോക്കി അയാൾ സമയത്തെ കൊല്ലാൻ ശ്രമിച്ചു. നടന്നു പോകുന്നതിടെ മറ്റൊരു പൊലീസുകാരൻ, മേലുദ്യോഗസ്ഥനോട് പറഞ്ഞു, നമുക്ക് അൽപം കൂടെ മാന്യത കാണിക്കാമായിരുന്നു. അയാൾ ഒന്നും പറഞ്ഞില്ല. Wireless settle എന്തിനൊക്കെയോ മറുപടി പറഞ്ഞു. പത്ത്‌ കിലോ കഞ്ചാവുമായി ആരോ ട്രെയിനിൽ കയറിയിട്ടുണ്ടത്രെ, ഒന്നും കണ്ടെത്തിയില്ലെങ്കിൽ നാളെ അവധിയെടുത്തോളാനാണ് മേലുദ്യോഗസ്ഥന്റെ കൽപന, എന്നാൽ അതൊന്നും അയാൾ കോൺസ്റ്റബിളിനോട് പറഞ്ഞില്ല. തൊണ്ടിമുതൽ പിടിക്കപെടാതിരിക്കാൻ കള്ളനും, എങ്ങനെയെങ്കിലും പിടിക്കാൻ പൊലീസുദ്യോഗസ്ഥനും ഒരേ തീവണ്ടിയിൽ യാത്ര തുടർന്നു. ഒരേ കാര്യവുമായി ബന്ധപ്പെട്ട് മൂന്നു പേരുടെ പ്രാർഥനകൾ കേട്ട് ദൈവം, ധ്യാനനിരതനായി. 

Content Summary: Malayalam Short Story ' Ente Theevandi Yathrakal ' Written by Shaju Chittarillathu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com