ADVERTISEMENT

(അറിയിപ്പ്: ഇതിലെ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം അല്ല..)

പ്രശസ്തമായ തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നും എംബിബിഎസ് പഠനം പൂർത്തിയാക്കി നിർബന്ധ ഗ്രാമീണ സേവനം വണ്ടിപ്പെരിയാർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ചെയ്യുന്ന സമയം.. ഗൈനക്കോളജിസ്റ്റും, സ്വതവേ അൽപ്പം പരുക്കനും ആയ അരുൺ ബാബു സാർ ആണ് മെഡിക്കൽ ഓഫീസർ ഇൻ ചാർജ്. ഗൈന‌ക്കോളജി രോഗികളോട് ഒപ്പം മറ്റു അസുഖങ്ങൾ ഉള്ള ആളുകളെയും സാറ് ചികിത്സിക്കുമായിരുന്നു... കൈ കാൽ കഴപ്പ് പോലെ സ്ഥിരം പരാതികളും ആയി വരുന്ന അമ്മച്ചിമാരെയും, കുട്ടികളുടെ ചെറിയ അസുഖങ്ങൾക്ക് പോലും അനാവശ്യമായി (അവരുടെ ആവശ്യം ഡോക്ടർമാർക്ക് പലപ്പോഴും അനാവശ്യം ആണല്ലോ) ഉത്കണ്ഠ കാണിക്കുന്ന മാതാപിതാക്കളെയും കാണുമ്പോൾ അരുൺ സാറിന് ഹാലിളകും.

എല്ലാ ദിവസം ഏകദേശം പതിനൊന്നു മണിക്ക് ചായയും കടിയും അരുൺ സാറിന്റെ ഒപിയിൽ ആണ് വയ്ക്കാറുള്ളത്. പതിവ് പോലെ കാത്തു നിൽക്കുന്ന രോഗികളെ നിർദയം വകഞ്ഞു മാറ്റി, ചായ കുടിക്കാൻ സാറിന്റെ ഒപി റൂമിൽ ഇരിക്കുന്ന നേരം... ഏകദേശം 6 വയസു പ്രായം ഉള്ള ഒരു കുഞ്ഞുമായി ഒരു അമ്മ ഓടി കിതച്ചു, ക്യൂ നിൽകുന്ന മറ്റു രോഗികളെ തള്ളി മാറ്റി അകത്തു വന്നു. അത് കണ്ടപ്പോഴേ അരുൺ സാറിന് ദേഷ്യം കേറി. "ഞങ്ങൾ ചായ കുടിക്കുന്ന കണ്ടു കൂടെ... ഒരു അഞ്ചു മിനിട്ട് വെയ്റ്റ് ചെയ്താൽ എന്താ?" "സാറേ കുഞ്ഞിന് ഭയങ്കര പനിയും ചുമയുമാ" വിതുമ്പിക്കൊണ്ട് ആ അമ്മ പറഞ്ഞു ഒപ്പിച്ചു. "എപ്പോഴാണ് നിനക്ക് പനി തുടങ്ങിയത്?" സാറ് കൊച്ചിനോട് ചോദിച്ചു.. "പനി ഒന്നും ഇല്ല" പേടിച്ച് പോയ കുഞ്ഞിന്റെ മറുപടി.. ഇത്രയും കേട്ടതും സാറിന്റെ ക്ഷമ നശിച്ചു.. "ഒരു കുഴപ്പവും ഇല്ലാത്ത കുഞ്ഞിന് അസുഖം ആണെന്നു കള്ളംപറഞ്ഞു വന്നേക്കുവാ അല്ലേ? വേറെ പണി ഒന്നും ഇല്ലേ നിങ്ങൾക്ക്" 

ഒരു നിമിഷം ഒന്നും മിണ്ടാതെ നിന്നിട്ട് ആ സ്ത്രീ പറഞ്ഞു "സാറിന് അറിയുവോ, സാറ് എന്റെ പ്രസവം നിർത്തി കഴിഞ്ഞ് എനിക്ക് ഉണ്ടായ കുട്ടിയാ ഇത് (സ്ത്രീകളിൽ പ്രസവം നിർത്താനുള്ള സർജറി ചെയ്താലും വളരെ അപൂർവമായി സംഭവിച്ചേക്കാവുന്ന ഒരു കാര്യം) ഇന്ന് വരെ അതും പറഞ്ഞ് ഞാൻ ഇവിടെ വന്നിട്ടുണ്ടോ?" സാറിന്റെ മുഖം വിളറി വെളുത്തു. അക്ഷമരായി കാത്തു നിൽക്കുന്ന ആളുകൾ ചിരി തുടങ്ങി.. "അങ്ങനെയുള്ള ഞാൻ എന്തിനാണ് കള്ളം പറഞ്ഞു വരുന്നത്? കൊച്ചിന് ചിലവ് കാശു ചോദിച്ചു സാറിന് എതിരെ കേസ് കൊടുക്കേണ്ടത് ആയിരുന്നു... ഞാൻ ആയൊണ്ട് ചെയ്തില്ല... എന്നിട്ടാ..." ഓപി സ്ലിപ് പിടിച്ചു വാങ്ങി എന്തൊക്കെയോ കുറിച്ച് അവരെ എത്രയും വേഗം ഒഴിവാക്കിയിട്ട് ചമ്മിയ മുഖത്തോടെ എന്നെ നോക്കി സാറ് പറഞ്ഞു "ചില രോഗികൾ ഇങ്ങനെ ആണ് വാട്സൺ..." തല കുലുക്കി സമ്മതിച്ചു കൊണ്ട്, ചായ മതിയാക്കി ഞാനും വേഗം സ്ഥലം കാലിയാക്കി. 

തിരക്കുള്ള ഒപി സമയം... റൂമിനുള്ളിൽ കാറ്റ് പോലും കടക്കാൻ ആവാത്ത തിരക്ക്... ഞാനും ബെന്നി സാറും ഒപിയിൽ ഒരു മേശക്കു ചുറ്റും ഇരുന്നാണ് രോഗികളെ കാണുന്നത്. ബെന്നി ഡോക്ടർക്ക് സ്ഥിരം വേദനകളും ആയി വരുന്ന വൃദ്ധരായ രോഗികളെ കാണുന്നതേ ദേഷ്യം ആണ്... "വയസാകുമ്പോൾ കുറച്ചു വേദന ഒക്കെ ഉണ്ടാകും... അതിന് എപ്പോഴും വേദന സംഹാരി ഒന്നും കഴിക്കുന്നത് നല്ലതല്ല.. കുറച്ചു ഒക്കെ സഹിച്ചു വല്ല കുഴമ്പും പുരട്ടി ഇരിക്കണം... അല്ലാതെ ഇത് മാറ്റാൻ മരുന്ന് ഒന്നും ഇല്ല" ഉറക്കെ പറഞ്ഞു നിർദാക്ഷിണ്യം വല്ല വിറ്റാമിൻ ഗുളിക ഒക്കെ കൊടുത്തു പറഞ്ഞു വിടാറാണ് പതിവ്. അന്നും പതിവ് പോലെ രോഗികൾ തിങ്ങി നിറഞ്ഞു നിൽക്കുന്ന സമയത്ത് ഏകദേശം 60-65 വയസുള്ള ഒരു അമ്മച്ചി സാറിന്റെ അടുത്ത് അസുഖവും ആയി എത്തി.. "വയറ്റിന്നു പോയിട്ട് ഒരാഴ്ച ആയി സാറേ..." അമ്മച്ചിയെ നോക്കി ബെന്നി സാറ് കളിയാക്കി ചിരിച്ചു കൊണ്ട് പറഞ്ഞു "വയറ്റിന്ന് പോകുന്നില്ലേല് രണ്ടു പാളയം കോടൻ പഴം വാങ്ങി കഴിക്ക്.. മരുന്നൊന്നും വേണ്ട" കേട്ട ഉടനെ അമ്മച്ചി എഴുന്നേറ്റു. എന്നിട്ട് എല്ലാവരും കേൾക്കെ "എന്നാ താൻ ഒരു പാളയം കോടൻ കുല ഇവിടെ തൂക്കി ഇട്... ആവശ്യം വരുമ്പോൾ ഞാൻ വന്നു രണ്ടെണ്ണം വീതം വാങ്ങിക്കൊളാം.. ഒരു ഡാക്കിട്ടറു വന്നേക്കുന്ന്" ഒപി മുഴുവൻ ചിരിയിൽ അമർന്നു... ബെന്നി സാറിന് വിഷമം ആകാതിരിക്കാൻ പുറമെ കടിച്ചു പിടിച്ചു, ഉള്ളിൽ ആർത്തു ചിരിച്ചു ഞാനും...

ഒപി എത്ര ആണെങ്കിലും, തീരുന്ന വരെ യാതൊരു ദേഷ്യവും പുറമെ കാണിക്കാതെ കഷ്ടപെട്ടിരുന്ന കാലം.. തിരക്ക് നിയന്ത്രിക്കാൻ സെക്യൂരിറ്റിയോ ഒപി സ്റ്റാഫ്കളോ ഉണ്ടാകാറില്ല.. ആൾക്കൂട്ടത്തിനു ഇടയിൽ ഇരുന്നു മരുന്ന് എഴുതണം.. 60 വയസിൽ കുറയാത്ത ഒരു അമ്മച്ചി അസുഖവും ആയി എത്തി.. "സാറേ വയറ്റിൽ ഒരു കടു കടുപ്പ്" ആദ്യമായി ആണ് ഇങ്ങനെ ഒരു വാക്ക് കേൾക്കുന്നത്... "വേദന ആണോ" ഞാൻ ചോദിച്ചു... "അല്ല സാറേ ഒരു കടു കടുപ്പു ആണ്" "ഗ്യാസിന്റെ ബുദ്ധിമുട്ട് ആണോ?" ഒരു വ്യക്തതക്കായി ഞാൻ ചോദിച്ചു.. "ഇതെന്ത് ഡോക്ടർ ആണ് ഗ്യാസ് അല്ല.. കടു കടുപ്പാണ്" എന്ന് അമ്മച്ചി.. ചുറ്റും ഉള്ളവർ ചിരി തുടങ്ങി.. "എരിച്ചിലാരിക്കും അല്ലേ?" "എരിച്ചിലും അല്ല പുകച്ചിലും അല്ല... കടു കടുപ്പാ, കടു കടുപ്പ്.. മരുന്ന് വല്ലോം ഉണ്ടെൽ താ സാറേ.... അറിയത്തില്ലേൽ കൊള്ളാവുന്ന ഡാക്കിട്ടർ ആരെ എങ്കിലും ഞാൻ കണ്ടോളാം" ചുറ്റും കൂട്ട ചിരി...

ഇനിയും വ്യക്തത വരുത്തിയാൽ ഇളിഭ്യൻ ആകും എന്ന് ഉറപ്പുള്ളത് കൊണ്ട്, ഒരാഴ്ചത്തേക്ക് ഒരു ഗ്യാസിനുള്ള മരുന്ന് എഴുതി കൊടുത്തു തടി തപ്പി.. ഒരാഴ്ച തികഞ്ഞില്ല ദേ അമ്മച്ചി വീണ്ടും എന്റെ ഒപി ക്യുവിൽ.. അകലെ കണ്ടപ്പോഴേ അപകടം മണത്തു.. തന്റെ ഊഴം എത്തിയപ്പോൾ എന്റെ മുൻപിൽ വന്നു ഇരുന്നു, എന്റെ കൈ പിടിച്ചു ഉറക്കെ പറഞ്ഞു "മോന് നല്ല കൈപ്പുണ്യം ആണ്.. രണ്ടു ദിവസം മോന്റെ മരുന്ന് കഴിച്ചപ്പോഴെ എന്റെ വയറിന്റെ കടു കടുപ്പ് പോയി.." നല്ല ജീവൻ തിരിച്ചു കിട്ടി തെളിഞ്ഞു വന്ന എന്റെ മുഖം നോക്കി അമ്മച്ചി തുടർന്നു "മോനെ ഇപ്പൊൾ ആ കടു കടുപ്പ് മാറി ഒരു ചുളി ചുളിപ്പാണ്" 

അസ്ഥിരോഗ വിദഗ്ധൻ ആയ ശേഷം ഇപ്പോൾ അൽപം ആശ്വാസം ഉണ്ട്... എങ്കിലും ചുളി ചുളിപ്പും, കടു കടുപ്പും, നീറ്റലും, പുകച്ചിലും, പെരുപ്പും ഇപ്പോഴും നിർബാധം തുടരുകയാണ്.