'നവരാത്രി ദിനങ്ങൾ വരുന്നതും കാത്തിരുന്ന കുട്ടിക്കാലം', ബൊമ്മക്കൊലുവും കച്ചേരികളും കണ്ട് നടക്കും...
Mail This Article
ഞങ്ങൾ നോർത്ത് പറവൂരുകാർക്കിനി തിരക്കിന്റെ ദിവസങ്ങൾ... നവരാത്രിയുടെ പ്രാധാന്യം അറിയുന്നതിനും മുൻപേ മനസ്സിൽ നല്ല പ്രാധാന്യമുള്ള ദിനങ്ങൾ... 'മൂകാംബി അമ്പലം' എന്ന് ചുരുക്കപ്പേരിട്ടുവിളിക്കുന്ന പ്രശസ്തമായ ദക്ഷിണ മൂകാംബിക ക്ഷേത്രം സ്ഥിതി ചെയ്യുന്ന പറവൂരിനടുത്താണ് വീട് എന്നതു കൊണ്ടാവാം പൂജവയ്പ് ദിനങ്ങൾ എവിടെയായിരുന്നാലും മനസ്സ് ക്ഷേത്രപരിസരത്തുതന്നെയായിരിക്കും.. എല്ലാ ഉഴപ്പുകുട്ടികളേയും പോലെ എനിക്കും സ്കൂളിൽ പഠിക്കുന്ന കാലത്ത് ആറ്റു നോറ്റ് കാത്തിരുന്നു കിട്ടുന്ന ഒഴിവു ദിനങ്ങളായിരുന്നു പൂജവയ്പ്പോണം.. പഠിക്കേണ്ടാത്ത, പുസ്തകം കൈകൊണ്ടു പോലും തൊടേണ്ടാത്ത മറ്റൊരു ഓണക്കാലം... പൂജവയ്പ്പിന് തൊട്ടുമുൻപേയുള്ള ദിവസം സ്കൂൾ വിട്ട് വീട്ടിൽ വന്നാലുടൻ നമ്മൾ പൂജയ്ക്ക് വച്ചിരിക്കും, വീട്ടിൽ തന്നെയുള്ള സരസ്വതി വിഗ്രഹത്തിനടുത്ത് വിളക്ക് കൊളുത്തി അതിന്നടുത്താണ് പുസ്തകങ്ങൾ വയ്ക്കുക. പിന്നെ ചിറ്റ വരുന്നതും കാത്തിരിക്കും ചിറ്റ വന്ന് പറവൂർക്ക് കൊണ്ടു പോകും, ചിറ്റയുടെ വീട്ടിൽ നിന്ന് മൂകാംബി അമ്പലത്തിലേക്ക് നടന്നു പോകാനുള്ള ദൂരമേയുള്ളൂ...
സരസ്വതി ദേവിയുടെ ശക്തനായ ഭക്തൻ, പറവൂർ തമ്പുരാൻ, കർണ്ണാടക കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ നിത്യ സന്ദർശകനായിരുന്നു. അനാരോഗ്യം മൂലം ഇത്ര ദൂരം യാത്ര ചെയ്യാൻ കഴിയാതെ വന്നപ്പോൾ, രോഗബാധിതനായ തമ്പുരാൻ പറവൂരിൽ സരസ്വതി ക്ഷേത്രം നിർമ്മിക്കാനുള്ള അനുഗ്രഹത്തിനായി ദേവിയോട് പ്രാർഥിച്ചു. ദേവിയുടെ സ്വപനദർശന അനുവാദത്തോടെ സന്തുഷ്ടനായ തമ്പുരാൻ, ഏകദേശം 400 വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ചതാണ് ഈ സരസ്വതി ക്ഷേത്രം... വെളുപ്പിനേ അമ്പലത്തിൽ പോകാനുള്ള എളുപ്പത്തിനാണ് നമ്മളെ അങ്ങോട്ടു കൊണ്ടു പോകുന്നത്, സരസ്വതിദേവിയുടെ അനുഗ്രഹം കിട്ടി പഠനത്തിലുള്ള മന്ദതയൊക്കെ മാറി പഠിപ്പിസ്റ്റ് ആകാനാണ് അന്നേ ദിവസം തന്നെ അമ്പലത്തിൽ കൊണ്ടു പോകുന്നത്…
ചിറ്റയുടെ വീട്ടിൽ ചിറ്റയുടെ നാത്തൂൻസ് ആന്റിമാർ സൂക്ഷിച്ചു വച്ചിട്ടുള്ള, വീട്ടിൽ നിരോധനാജ്ഞയുള്ള വാരികകളുടെ വൻ ശേഖരം തന്നെ നമ്മളേയും കാത്തിരിപ്പുണ്ടാകും. അവിടെ ചെന്നു കഴിഞ്ഞാൽ അതോരോന്നായി വായിക്കാതെ എനിക്കൊരു സ്വസ്ഥതയും കിട്ടില്ല. പൂജവച്ചു കഴിഞ്ഞാൽ കുട്ടികൾ പുസ്തകം കൈകൊണ്ട് തൊടരുതെന്ന് പറയുന്നതിനാൽ അവിടത്തെ അപ്പൂപ്പനും, അമ്മമ്മയും കാണാതെയായിരിക്കും വായന.. ഉദ്വേഗജനകമായി ഓരോ നോവലുകളും വായിച്ചു കൊണ്ടേയിരിക്കും.. എഴുത്തിനോടും, വായനയോടുമുള്ള ഇഷ്ടം അങ്ങനെ കിട്ടിയതാണെന്ന് ഇന്നും വിശ്വസിക്കുന്നു. രാത്രിയിൽ എപ്പോഴെങ്കിലും ഉറങ്ങി വെളുപ്പിന് രണ്ടുമണിക്കേ എഴുന്നേൽക്കും.. നാലുമണിക്ക് അമ്പലത്തിനു മുൻപിലുള്ള ക്യൂവിൽ ആദ്യം തന്നെ ഞങ്ങൾ സ്ഥാനം പിടിച്ചിട്ടുണ്ടാകും.
വലിയൊരു താമരക്കുളത്തിനു നടുവിലാണ് മൂകാംബി അമ്പലത്തിന്റെ ശ്രീകോവിൽ അതെന്നും കൗതുകകരമായ കാഴ്ചയായിരുന്നു.. കുളത്തിൽ വലിയ താമരപ്പൂക്കൾ വിരിഞ്ഞിട്ടുണ്ടെങ്കിൽ വലിയ സന്തോഷം തോന്നും.. പ്രാർഥിച്ച് താമരയിലയിൽ നാണയങ്ങളിടും, നാണയം അതിന്മേൽ തങ്ങി നിന്നാൽ പ്രാർഥിച്ച കാര്യം നടക്കും എന്നാണ്, ഇല തുളഞ്ഞ് നാണയം വെള്ളത്തിൽ വീണാൽ പ്രാർഥന ഫലം കാണില്ല എന്നൊക്കെയുള്ള വിശ്വാസങ്ങൾ അന്നുണ്ടായിരുന്നു. അമ്പലത്തിൽ നിന്ന് ഇറങ്ങുമ്പോഴേക്കും ആൾത്തിരക്ക് കൂടിയിട്ടുണ്ടാകും ക്യൂ മെയിൻ റോഡുവരെയൊക്കെ നീളും.. കടകളിൽ കാണുന്ന എല്ലാം വാങ്ങണമെന്ന് മനസ്സു പറയുമെങ്കിലും ചുറ്റുവളയോ, കളർ പൊട്ടുകളോ, മൈലാഞ്ചിക്കോണോ എന്തെങ്കിലുമൊക്കെ മാത്രം വാങ്ങി വീണ്ടും ചിറ്റയുടെ വീട്ടിലേക്ക്.. വാരിക വായനയുടെ തുടർച്ചയിലേക്ക്.. അല്ലെങ്കിൽ ഷഫാസ് തീയറ്ററിൽ പോയി മാറ്റിനി കാണും...
അമ്പലത്തിനടുത്തുള്ള വീടുകളിൽ നവരാത്രി പ്രമാണിച്ച് ഉണ്ടാക്കുന്ന ബൊമ്മക്കൊലുവും കണ്ട് വൈകുന്നേരം വീണ്ടും അമ്പലത്തിലേക്ക്, അവിടെയുള്ള സ്റ്റേജിൽ തുടർച്ചയായി അരങ്ങേറ്റങ്ങളും, കച്ചേരികളും നടക്കുന്നുണ്ടാകും അതു കണ്ട് രാത്രി വൈകും വീടണയാൻ. പിറ്റേദിവസങ്ങളും ഇതൊക്കെ തന്നെ ആവർത്തിക്കും.. പൂജയെടുപ്പു ദിവസം വെളുപ്പിന് അമ്പലത്തിൽ തൊഴുതു കഴിഞ്ഞ് അമ്പല മുറ്റത്തെ പഞ്ചാര മണലിൽ 'അ ആ ഇ ഈ... മുഴുവൻ മലയാള അക്ഷരങ്ങളും എഴുതും.... അതിനു ശേഷം, ഇംഗ്ലിഷിന് മാർക്ക് കുറയേണ്ടല്ലോ എന്നോർത്ത് A B C D യും എഴുതും. പൂജയെടുത്തു ഇനി അൽപം നിരാശയോടെ തിരികെ വീട്ടിലേക്ക്.. അപ്പോഴേക്കും വാരികകൾ മുഴുവൻ വായിച്ചു തീർത്തിട്ടുണ്ടാകും...
മനസ്സിൽ മായാതെ അമ്പലത്തിലേക്ക് നീളുന്ന ക്യൂ, കലാപരമായ വായ്‌നോട്ടം, വല്ലപ്പോഴും കാണുന്ന പേഡ, മൈസൂർപാക്ക് മധുരങ്ങളുടെ കൊതിപ്പിക്കുന്ന ഗന്ധം, ശാസ്ത്രീയ സംഗീത-നൃത്ത സദസ്സ്, എഴുത്തിനിരുത്തുന്ന വാവകളുടെ കരച്ചിൽ.. വീട്ടിലെത്തിയാൽ പൂജ വെച്ചിരുന്ന പുസ്തകങ്ങൾ തുറന്ന് വായിക്കും ആദ്യം കാണുന്ന ഭാഗത്തു നിന്ന് പരീക്ഷയ്ക്കുള്ള ചോദ്യം വരും അതെങ്കിലും പഠിച്ചിട്ട് പോകാമല്ലോ എന്നോർത്ത് അത് അടയാളപ്പെടുത്തി വയ്ക്കും.. എത്ര പെട്ടെന്നാണ് നല്ല നാലു ദിവസങ്ങൾ കടന്നു പോയത്, മനസ്സിൽ നിരാശ നിറയും..
തിന്മയുടെ മേൽ നന്മയുടെ വിജയത്തെ സൂചിപ്പിക്കുന്ന നവരാത്രി ഉത്സവവുമായി ബന്ധപ്പെട്ട രണ്ട് കഥകളുണ്ടത്രേ.. ഒമ്പത് ദിവസത്തിലധികം നീണ്ടുനിന്ന ഘോരയുദ്ധത്തിനൊടുവിൽ ദുർഗ്ഗാദേവി മഹിഷാസുരനെ പരാജയപ്പെടുത്തിയത് ഈ ദിവസമാണെന്ന്.. മറ്റൊരു ഐതിഹ്യമനുസരിച്ച്, ലങ്കയിലെ പത്തു തലയുള്ള രാക്ഷസ രാജാവായ രാവണന്റെ മേൽ ശ്രീരാമൻ നേടിയ വിജയത്തെ ദസറ എന്ന പേരിൽ ആഘോഷിക്കുന്നതിനാണ് ഈ ദിനം എന്നും... ഇന്നേ ദിവസം ഉത്തരേന്ത്യയിലൊക്കെ പ്രസിദ്ധമായ രാംലീല അരങ്ങേറുകയും ഗംഭീരമായ മേളകൾ സംഘടിപ്പിക്കുകയും, രാവണന്റെ പ്രതിമകൾ തീകൊളുത്തുകയുമൊക്കെ ചെയ്യുന്നതുമൊക്കെ അന്ന് അറിയാതിരുന്നത് നന്നായി… അല്ലേൽ പിന്നെ, ആനപാപ്പാൻ ആവാൻ പോയ പിള്ളേരെപ്പോലെ മൂകാംബി അമ്പലത്തിൽ തൊഴുത് കഴിഞ്ഞ് നിരാശ മാറാൻ തൊട്ടടുത്ത് തന്നെയുള്ള പറവൂർ സ്റ്റാൻഡിൽ നിന്നും കള്ളവണ്ടി കയറി അങ്ങോട്ട് പോയേനെ…
അപ്പൊ തിന്മയുടെ മേൽ നന്മയുടെ വിജയം തന്നെയല്ലേ ദീപാവലിയും ഒരേ കാര്യത്തിന് രണ്ട് ആഘോഷമോ എന്ന ചെറ്യേ സംശയം മാറിയത് ഈയടുത്താണേ.. ഈ രാവണനെതിരായ വിജയത്തിനുശേഷം കറങ്ങിത്തിരിഞ്ഞു രാമേട്ടൻ വീട്ടിൽ തിരിച്ചെത്തിയ ദിവസം ദീപങ്ങളുടെ ഉത്സവം ആയ ‘ദീപാവലി’ ദസറയ്ക്ക് ഇരുപത് ദിവസങ്ങൾക്ക് ശേഷം.. അതോണ്ട് സെയിം ടാഗ് ലൈൻ. അന്ന് പിന്നെ കൊറേ ഒഴിവൊന്നും ഇല്ലല്ലോ അത്കൊണ്ട്, ഒഴിവു കിട്ടുന്ന ജനിച്ചീസം ഇനി ക്രിസ്മസ് ആണല്ലോ..,' എന്നു സമാധാനിച്ച് മറ്റൊരു നീണ്ട ഒഴിവുകാലവും സ്വപ്നം കണ്ട് വീണ്ടും സ്കൂളിലേക്ക്...
മനസ്സിൽ നന്മകൾ നിറയാൻ, വിദ്യാധനം നേടാൻ ഏവർക്കും ആശംസകൾ...