ADVERTISEMENT

ഞാനും നിർമ്മലും ഒന്നാംക്ലാസ്സിൽ ഒരുമിച്ചാണ് പഠിച്ചത്. ഒന്നാംക്ലാസ് കഴിഞ്ഞതും ഞാൻ സ്കൂൾ മാറി. അഞ്ചാംക്ലാസിൽ ചേരാൻ വീണ്ടും വെളിമാനംസ്കൂളിൽ പോയപ്പോൾ ഞാൻ നിർമ്മലിനെ കണ്ടു. ഒന്നാംക്ലാസിലെ പോലെ അവനെന്റെ ഭംഗിയായി പൊതിഞ്ഞ നോട്ടുബുക്കിൽ നിന്നും ഛോട്ടാഭീമിന്റെ പടമുള്ള നെയിംസ്ലിപ്പ് പറിച്ചെടുക്കുമെന്നു ഞാൻ ഭയപ്പെട്ടുവെങ്കിലും അതുണ്ടായില്ല. അവൻ വേറെ ഡിവിഷനായിരുന്നു. എങ്കിലും നിർമ്മൽ എന്നെ വീണ്ടും ശല്യപ്പെടുത്തി. ക്ലാസിൽ ചുമ്മാ ഇരിക്കുമ്പോൾ വെയിൽപൂക്കൾ വീണു ചിതറുന്ന തുരുമ്പിച്ച ജനലഴികൾക്കപ്പുറത്തുനിന്നും അവന്റെ ഉച്ചത്തിലുള്ള ശബ്ദം ഞാൻ കേട്ടു. അതെന്നെ അലോസരപ്പെടുത്തി. ആദ്യവെള്ളിയാഴ്ചകളിൽ പള്ളിയിൽ കുർബാനയ്ക്കു പോകുമ്പോൾ അവനെങ്ങനെയെങ്കിലും സ്കൂൾ മാറിപ്പോണേയെന്ന് ഞാൻ ദൈവത്തോടു മുട്ടിപ്പായി പ്രാർഥിച്ചു. പക്ഷേ അതൊരിക്കലും സാധ്യമല്ലെന്ന് എനിക്കു നന്നായി അറിയാമായിരുന്നു. അവന്റെ അമ്മ ലീലടീച്ചർക്ക് ഈ സ്കൂളിൽ തന്നെയാണ് പണി. ഞങ്ങളെ ഇംഗ്ലിഷ് പഠിപ്പിക്കുന്നത് ലീല ടീച്ചറാണ്. ഒന്നെങ്കിൽ അവന്റെ അമ്മയ്ക്ക് വല്ല ട്രാൻസ്ഫറും കിട്ടണം. അല്ലെങ്കിൽ അവരെ സ്കൂളിൽ നിന്നും ഡിസ്മിസ്സ്‌ ചെയ്യണം.. അല്ലാതെ രക്ഷയില്ല. നിർമ്മലിന്റെ വെടി പൊട്ടിക്കുന്ന പോലെയുള്ള സംസാരം എന്നെ അത്രമേൽ അലോസരപ്പെടുത്തിയിരുന്നു. ഏഴാംക്ലാസിലെത്തിയപ്പോൾ നിർമ്മൽ ഡിവിഷൻ മാറി ഞങ്ങളുടെ ക്ലാസിലെത്തി. പിന്നെ ഹൈസ്കൂളിൽ പഠിക്കുമ്പോൾ ഒമ്പതാംക്ലാസിലും എനിക്കൊപ്പം അവനുണ്ടായിരുന്നു. അപ്പോഴേക്കും അവന്റെ ഒച്ച എനിക്കൊട്ടും സഹിക്കാൻ പറ്റാതായിരുന്നു. ക്ലാസിൽ ടീച്ചർ നോട്ടു പറഞ്ഞു കൊടുക്കുമ്പോൾ അതേറ്റു പറഞ്ഞുകൊണ്ടാണ് അവൻ എഴുതിയെടുക്കുക. ഞാൻ ദേഷ്യത്തോടെ പേന കൊണ്ട് ഡെസ്ക്കിൽ കുത്തി വരഞ്ഞു. "അവനോടാരും ഒന്നും പറയില്ല. അവൻ ലീല ടീച്ചറുടെ മോനാണ്."

വാഹനങ്ങളുടെ ഇരമ്പം. നിർമ്മലിന്റെ ഒച്ച പോലെ. ഞാൻ ബദ്ധപ്പെട്ട് കണ്ണു തുറക്കാൻ ശ്രമിച്ചു. ഹീറോപേന ലീക്കായതു പോലെ കണ്മുന്നിൽ ഒരു ചുവന്ന രേഖ പടർന്നു പോകുന്നു. പണ്ടു ഞാനും പെങ്ങളും കൂടി ബാലരമയിൽ മുയലിനു വഴി കാട്ടി കൊടുക്കുമായിരുന്നു. കാടുകൾക്കും പുല്ലുകൾക്കുമിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന ചുവന്ന മഷിയുടെ നിറം ഓർമ്മ വന്നു. "ചുവന്ന മഷി ടീച്ചർമാർക്കുള്ളതാ.. നമുക്ക് നീല അല്ലെങ്കിൽ കറുപ്പ്" പെങ്ങൾ പറയുന്നു. ചുവന്ന മഷികൊണ്ട് ബുക്കിലെഴുതിയതിന് ആർക്കോ മലയാളം ടീച്ചർ സിസിലി ടീച്ചറുടെ കൈയിൽ നിന്നും അടി കിട്ടിയിരുന്നല്ലോ.. ആർക്കായിരുന്നു? ആഹ് അതുലിന്. അല്ലല്ല അഖിലിന്. കുങ്കുമം കൊണ്ടു വരച്ചതു പോലെ ചുവന്ന പാട് അവന്റെ വെളുത്ത വിരലിലന്നു തിണർത്തു കിടന്നു. "ഹോ സിസിലി ടീച്ചർ വല്ലാത്ത സാധനം തന്നെ." ജെയിൻ എന്റെ ചെവിയിൽ മന്ത്രിച്ചു. അന്നു ഞങ്ങൾ ഒമ്പതാം ക്ലാസിൽ ഒരുമിച്ചു പഠിക്കുന്നു. സിസിലി ടീച്ചറുടെ അടി കൊണ്ട ദിവസം ഉച്ചയ്ക്ക് അഖിലിന് ചോറു കഴിക്കാൻ പറ്റിയില്ല. "ഹാ കൈ നീറുന്നു" അവൻ പരാതിപ്പെട്ടു. സ്‌കൂളിനു പുറകിലുള്ള റബർതോട്ടത്തിലായിരുന്നു അപ്പോൾ ഞങ്ങൾ. മൺതിട്ടയ്ക്കു താഴെയൊരു തോടുണ്ട്. 

പാത്രം കഴുകുന്നതിനിടയിൽ നിർമ്മലിന്റെ ചോറ്റുപാത്രം തോട്ടിലൂടെ ഒഴുകി പോയി. "അയ്യോ എന്റെ പാത്രം" നിർമ്മൽ ഉറക്കെ നിലവിളിച്ചു. "ഹഹ.. അവന് അങ്ങനെ തന്നെ വേണം." ഞാൻ പിറുപിറുക്കുന്നതു പോലെ പറഞ്ഞു. പിന്നെ വീണ്ടും കണ്ണു വലിച്ചു തുറക്കാൻ ശ്രമിച്ചു. ഇത്തവണ കഴിഞ്ഞ തവണത്തേക്കാളും നന്നേ ബുദ്ധിമുട്ടി. രാത്രിയായോ.. റോഡരികിലെ റബർമരങ്ങൾക്കിടയിൽ ഇരുട്ടിൽ മിന്നാമിനുങ്ങുകൾ പറക്കുന്നു. ഇരുട്ടിനെ പിളർന്ന് ആയിരം മിന്നാമിനുങ്ങുകളുടെ പ്രകാശം ഇടയ്ക്കിടയ്ക്ക് എന്റെ മുഖത്തു പതിച്ചു കടന്നു പോയി. ഹെഡ്‌ലൈറ്റ് മിന്നിച്ച് പാഞ്ഞുപോകുന്ന വാഹനങ്ങളാണ്. ഒന്നും നിർത്തുന്നില്ല. ഒന്നും നിർത്തുമെന്നു തോന്നുന്നില്ല. നാശം ഒന്നും നിർത്തണ്ട. വാഹനങ്ങൾക്കെല്ലാം നിർമ്മലിന്റെ ശബ്ദമാണ്. നിർമ്മലിനെ എനിക്കിഷ്ടമല്ല. എനിക്ക് ചെവി പൊത്തണമെന്നു തോന്നി. കഴിയുന്നില്ല. കണ്ണ് അടഞ്ഞടഞ്ഞു പോകുന്നു. ചോരച്ചാലിനു കനം വയ്ക്കുന്നതു ഞാൻ കണ്ടു. പണ്ട് അമലെന്റെ കണക്കുബുക്കിലേക്കു കുടഞ്ഞെറിഞ്ഞ മഷി പോലെ. അമലിന്റെ പേന ലീക്കടിച്ചത് എപ്പോഴായിരുന്നു? ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ. അടുത്തിരുന്നവരുടെ ഷർട്ടുകളിലെല്ലാം മഷി തെറിച്ചു. അല്ലല്ല. അത് അമലിന്റെ പേനയല്ല. സുജിത്തിന്റേതാണ്. അവന്റെ അച്ഛൻ ഗൾഫിൽനിന്നും വന്നപ്പോൾ കൊണ്ടുകൊടുത്തത്. അതിന്റെ ഗമ. എട്ടാംക്ലാസിലെ ഡയനടീച്ചറുടെ ക്ലാസ് ഓർമ്മ വരുന്നു. സുജിത്ത് ഫോറിൻപേനയുടെ ക്യാപ്പ് ഊരിയപ്പോൾ മഷി ചീറ്റി തെറിച്ചു. ഞാൻ തുറന്നുവച്ച മലയാളത്തിന്റെ പുസ്തകത്തിൽ മനോഹരമായ ഒരു ചിത്രമുണ്ടായിരുന്നു. ശ്രീകൃഷ്ണൻ ഒരു വിരലിനാൽ ഉയർത്തി പിടിച്ച ഗോവർദ്ധനപർവ്വതം മഷി വീണ് നീലിച്ചു.

"ഗോവർദ്ധന ഗിരിധാരീ,

ഗോപികാ ജന ഹൃദയവിഹാരീ..."

കസവു തുന്നിയ പട്ടുപാവാടയണിഞ്ഞു നിന്ന് ആതിര പാടുന്നു. നല്ല ശബ്ദമാണവൾക്ക്. അവളടുത്തു വന്നു നിൽക്കുമ്പോൾ എന്റെ ഹൃദയം പെരുമ്പറ കൊട്ടാൻ തുടങ്ങും. ചന്ദനത്തിന്റെ ഗന്ധമാണവൾക്ക്. "പെണ്ണുങ്ങൾക്കു മാത്രമെന്താ ഇങ്ങനെ മണം?" കിരൺ എന്നോടു ചോദിക്കുന്നു. "അതവർ തേക്കുന്ന സോപ്പിന്റെയാ" ഞാൻ സ്വരമമർത്തി പറഞ്ഞു. "എന്നിട്ട് നമ്മള് തേക്കുമ്പം ഇല്ലല്ലോ" അവന്റെ ഒടുക്കത്തെ സംശയം തീരുന്നില്ല. ഡയന ടീച്ചർ മുന്നിൽ ക്ലാസെടുക്കുന്നു. കാലമാടനെന്നെ കൊലയ്ക്കു കൊടുക്കുമെന്നാ തോന്നുന്നേ.. "അത് നമുക്ക് തിരിയാഞ്ഞിട്ടാ" "ഡയനടീച്ചർക്ക് മുല്ലപ്പൂവിന്റെ മണമാ.." അവൻ വീണ്ടും പറഞ്ഞു. അതു ശരിയാണെന്ന് എനിക്കും തോന്നി. ക്ലാസെടുക്കുന്നതിനിടയിൽ ഡയനടീച്ചർ അരികിലൂടെ നടന്നു പോകുമ്പോഴെല്ലാം മൂക്കിലേക്ക് വല്ലാത്തൊരു ഗന്ധം അടിച്ചു കയറും. അവൻ പറഞ്ഞതുപോലെ ആയിരം മുല്ലപ്പൂവുകൾ ഒരുമിച്ചു പൂത്ത ഗന്ധം. അതു ടീച്ചറുടെ സാരിയിൽ നിന്നുമാണെന്നായിരുന്നു എന്റെ വിചാരം. ടീച്ചറീ സാരി വാങ്ങിയതെവിടെ നിന്നാണോ എന്തോ. ഇരിട്ടിയിലെ സെഞ്ച്വറിയിൽ നിന്നായിരിക്കും. സെഞ്ച്വറിയിൽ എട്ടു റാക്കുകളിൽ നിറയെ സാരികൾ മാത്രമാണെന്ന് കഴിഞ്ഞദിവസം ഡെസ്ക്കിനു പുറത്തു കയറിയിരുന്ന് ജൂലിയറ്റ് തള്ളുന്ന കേട്ടായിരുന്നു. അവളുടെ അമ്മ അവിടെ സെയിൽസ് ഗേളാണ്. ഡയന ടീച്ചർ അടുത്തുവന്നു നിൽക്കുന്നതു കാണാതെ ഞാൻ ഊറി ചിരിച്ചു.

"എന്താ ചിരിക്കാൻ മാത്രം തമാശ? പറ ഞങ്ങളും കേൾക്കട്ടെ. സ്റ്റാൻഡ് അപ്പ്" എന്നെ പൊക്കിയതു കണ്ട് കിരൺ ഊറി ചിരിക്കുന്നു. "ടീച്ചറേ ഈ തെണ്ടിയാ ഞാൻ ചിരിക്കാൻ കാരണം." എനിക്കുറക്കെ വിളിച്ചു പറയണമെന്നു തോന്നി. എന്നാൽ ടീച്ചറുടെ കൈയ്യിലെ ചൂരലിന്റെ മുഴുപ്പ് കണ്ടതും തൊണ്ടയിലെ വെള്ളം വറ്റി. എന്റെ മുഖത്തെ ചമ്മിയ ഭാവം കണ്ട് ജൂലിയറ്റ് ചിരിക്കുന്നു, ആതിര ചിരിക്കുന്നു, കിരണും സുജിത്തും ആർത്തു ചിരിക്കുന്നു. അതിന്റെയെല്ലാം മുകളിൽ ഒരു ശബ്ദം എന്റെ ചെവിയിൽ വന്നു പതിച്ചു. അതു നിർമ്മലിന്റെ ചിരിയാണ്. എല്ലാവരും ചിരിച്ചു കഴിഞ്ഞു കഴിയുമ്പോൾ ഒറ്റയ്ക്കു ചിരിക്കുന്ന ഒരു സ്വഭാവമുണ്ട് തെണ്ടിക്ക്. "എടാ പെട്ടെന്നെടുക്കെടാ.." ആരോ ഉച്ചത്തിൽ അലറുന്നു. അത്.. അത് നിർമ്മലിന്റെ ശബ്ദമല്ലേ? അതിന് നിർമ്മൽ എട്ടാം ക്ലാസിൽ എനിക്കൊപ്പമായിരുന്നില്ലല്ലോ. അവൻ വേറെ ഡിവിഷനായിരുന്നു. ത്രേസ്യാമ്മ ടീച്ചറുടെ മോൻ. അല്ലല്ല ലീല ടീച്ചറുടെ മോൻ. വെളുത്തു മെലിഞ്ഞ അവന്റെ കൈകളിൽ നിറയെ രോമങ്ങളുണ്ടായിരുന്നു. രോമം നിറഞ്ഞ കൈയ്യിൽ വെള്ളി സ്ട്രാപ്പുള്ള വാച്ച് പിണഞ്ഞു കിടക്കുന്നതു കാണാൻ നല്ല രസമായിരുന്നു. അഞ്ചിലും ഏഴിലും ഒമ്പതിലും ഞങ്ങൾ ഒരുമിച്ചു പഠിച്ചു. പക്ഷേ ഡയന ടീച്ചറുടെ ക്ലാസിൽ അവനെങ്ങനെയാ ചിരിച്ചത്? ഞാൻ വീണ്ടും ബദ്ധപ്പെട്ടു കണ്ണുകൾ തുറക്കാൻ ശ്രമിച്ചു. മഴവെള്ളം വീണിട്ടെന്നവണ്ണം മങ്ങിയിട്ടാണ് കാഴ്ചകൾ. ആരൊക്കെയോ ചേർന്ന് എന്നെ ഒരു കാറിലേക്കു കയറ്റുകയാണ്.

"വില കൂടിയ കാറല്ലേ.. സീറ്റിൽ മുഴുവൻ ചോരയാകും സാർ" ആരോ പറയുന്നു. "അതൊന്നും കുഴപ്പമില്ല. നിങ്ങളോടു വേഗം കയറ്റാനാ പറഞ്ഞേ.." ഡ്രൈവിംഗ് സീറ്റിലിരുന്നയാൾ അലറുകയാണ്. ഇത്തവണ ആ ശബ്ദം എനിക്കരോചകമായി തോന്നിയില്ല. ഓർമ്മകളുടെ ഹൃദയാറകളിലെവിടെയോ അതൊരു കുപ്പിവള പോൽ വീണുടഞ്ഞു. കണ്ണടയുന്നതിനു മുൻപ് ഞാനാ മുഖം വ്യക്തമായും കണ്ടു. അതവൻ തന്നെ. നിർമ്മൽ. 'ലീല' ടീച്ചറുടെ മോൻ. ഉച്ചത്തിൽ സംസാരിക്കുമെന്നേയുള്ളൂ. അവൻ ശരിക്കും വെറും പാവമാ. പഠിപ്പിസ്റ്റ് തെണ്ടി! കഴിഞ്ഞ ക്രിസ്മസ് പരീക്ഷയ്ക്ക് മലയാളമൊഴികെ എല്ലാ വിഷയത്തിനും അവനായിരുന്നു ക്ലാസിൽ ഫസ്റ്റ്. മലയാളത്തിനു മാത്രം എനിക്കും. ഏതോ മധുരതരമായ ഓർമ്മയുടെ പായൽവഴുപ്പുള്ള സ്കൂൾ വരാന്തയിലൂടെ എന്റെ ബോധം തെന്നിയിറങ്ങി. ക്ലാസിൽ 'ഡയന' ടീച്ചർ എന്നെ എണീപ്പിച്ചു നിർത്തിയിരിക്കുന്നു. അടി കിട്ടാതിരിക്കാൻ ഞാൻ പറഞ്ഞ ചിരിയുടെ രഹസ്യമറിഞ്ഞ് ക്ലാസ് മുറിയൊന്നാകെ പൊട്ടി ചിരിക്കുന്നു. 'ഡയന' ടീച്ചറുടെയും ചുണ്ടിലൊരു ചിരി വിരിഞ്ഞു. എല്ലാവരും ചിരിച്ചു കഴിഞ്ഞപ്പോൾ ഒരാൾ ഒറ്റയ്ക്ക് തല തല്ലി ചിരിക്കുകയാണ്. നിർമ്മൽ. നിർമ്മൽ... അതിനു നിർമ്മൽ എന്റെ കൂടെ എട്ടാം ക്ലാസിൽ പഠിച്ചിട്ടില്ലല്ലോ? ഉച്ചത്തിൽ സംസാരിക്കുമെന്നേയുള്ളൂ അവൻ വെറും പാവാ. കഴിഞ്ഞ ക്രിസ്മസ് പരീക്ഷയ്ക്ക് അവനായിരുന്നു ക്ലാസിൽ ഫസ്റ്റ്!

Content Summary: Malayalam Short Story ' Nirmalinte Shabdam ' Written by Grince George

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com