ഉച്ചഭക്ഷണവും സ്‌കൂളിന്റെ നീണ്ട വരാന്തയും ഓർമകളും
Mail This Article
എന്റെ എൽപി സ്‌കൂൾ കാലഘട്ടമാണ്, ഉച്ച ഭക്ഷണ സമയത്ത് ജെ ബി എസ് ന്റെ സ്‌കൂൾ വരാന്തയിൽ ഉപ്പുമാവ് വാങ്ങി കഴിക്കാൻ നിരന്നിരിക്കുന്ന എന്റെ കൂട്ടുകാർക്കിടയിൽ ഞാനും ചെന്നിരുന്നപ്പോൾ കണക്ക് മാഷ് വിശ്വനാഥൻ സാർ പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു.. ഇത് നിങ്ങളെ പോലെ ഉച്ചഭക്ഷണം കൊണ്ട് വരുന്ന കുട്ടികൾക്കുള്ളതല്ല എന്ന്.. പക്ഷെ, എന്റെ കണ്ണുകൾ ആ ഉപ്പുമാവിലേക്ക് തന്നെയാണ് എന്നറിഞ്ഞ സാർ പറഞ്ഞു, ഈ തവണത്തേക്ക് നീ അവിടെ തന്നെ ഇരുന്നോ എന്ന്... ആ വാക്കുകൾ കേട്ട പാതി ആ നീളൻ വരാന്തക്കരികിൽ ചടഞ്ഞിരുന്ന് മറ്റുള്ളവർക്കൊപ്പം ആ ഉപ്പുമാവ് വാങ്ങി കഴിക്കുമ്പോൾ, ഇതുവരെ അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത ആ രുചി.. അത് പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു...
എന്റെ ചുറ്റും ഇരുന്ന മിക്കവാറും കുട്ടികളുടെയും കുപ്പായങ്ങൾ കീറിയതായിരുന്നു, ഒട്ടിയ വയറിനുടമകൾ ആയിരുന്നവർ… അതിൽ ചിലർക്ക്, സ്‌കൂൾ എന്നാൽ ഉപ്പുമാവ് കിട്ടുന്ന ഒരിടം മാത്രം ആയിരുന്നു, വിശപ്പിന് മുൻപിൽ പാഠ പുസ്‌തകങ്ങൾ ഉപ്പുമാവിലേക്കുള്ള, അല്ലെങ്കിൽ കഞ്ഞിക്കും പയറിലേക്കുമുള്ള ഒരു വഴി കാട്ടി മാത്രം ആയിരുന്നു. പൈപ്പിൻ ചുവട്ടിനരികിൽ ഉള്ള പാചകപുരയിൽ നിന്നും ഉച്ചയോട് അടുക്കുമ്പോൾ ഉയരുന്ന ഉപ്പുമാവിന്റെ ഗന്ധം പലരുടെയും മുഖത്തു പ്രകാശം നിറക്കുമായിരുന്നു, ഒരു പക്ഷെ അതായിരിക്കാം സ്‌കൂളിലേക്ക് മുടങ്ങാതെ വരാനുള്ള അവരുടെ ഊർജ്ജം.
എന്തേ ഞാനും അവരുടെ പോലെ ആയില്ല എന്ന് ഒരുവട്ടം ഒന്ന് ഞാൻ ചിന്തിച്ചിരുന്നോ? എനിക്കും അവർക്കും എന്താണ് വ്യത്യാസങ്ങൾ എന്നറിയാതെ ഞാൻ പകച്ചു നിന്നിട്ടുണ്ട്. പിന്നീട് ഉപ്പുമാവിന് വേണ്ടി സ്‌കൂളിൽ നിന്നും തന്ന അപേക്ഷയിൽ വീട്ടിൽ നിന്നും ഒപ്പു കിട്ടാതെ നിന്നു കരഞ്ഞിട്ടുണ്ട്. കണക്ക് മാഷ് വിശ്വനാഥൻ സാറും, മലയാളം ടീച്ചറായിരുന്ന സുമതി ടീച്ചറും ചോറ്റു പാത്രത്തിലേക്കു വിളമ്പി തന്ന ഉപ്പുമാവിനോടൊപ്പം, വലുതാകുമ്പോൾ അവരെ മനസ്സു നിറയെ ഓർത്തു വെക്കാനുള്ള ഓർമ്മകൾ കൂടിയാണെന്ന് അന്ന് അറിഞ്ഞിരുന്നില്ല.. അതെ.. നല്ല ഓർമ്മകൾ എന്നും ഹൃദയത്തോട് ചേർത്ത് വെയ്ക്കുവാനുള്ളതാണല്ലോ.
ഇന്ന് രാവിലെ മോൻ സ്‌കൂൾ കാന്റീനിൽ നിന്ന് സാൻവിച്ച് വാങ്ങാൻ വേണ്ടി പൈസ ചോദിച്ചപ്പോൾ, പെട്ടെന്ന് ഞാൻ ഓർത്തത്, പണ്ട് ഞാൻ വീട്ടിൽ നിന്നും കൊണ്ടുവന്ന ഉച്ചഭക്ഷണം ആരും അറിയാതെ സ്‌കൂൾ വേലിക്കരികിൽ എവിടെയോ ഉപേക്ഷിച്ചു, ആ ഒഴിഞ്ഞ പാത്രവുമായി JBS ന്റെ സ്‌കൂൾ വരാന്തയിൽ എന്റെ ചങ്ങാതിമാരോടൊപ്പം ഉപ്പുമാവ് കൊണ്ടുവരുന്ന ആ വലിയ സ്റ്റീൽ ബക്കറ്റിലേക്ക് മിഴി നട്ട് അക്ഷമനായി കാത്തിരുന്ന എന്നെ തന്നെയായിരുന്നു.. അന്ന് ഉച്ച ഭക്ഷണത്തിന് യാതൊരു ചോയ്‌സും ഇല്ലാതെ ഉപ്പുമാവെന്ന ആ വികാരം അത്ര മേൽ അന്ന് നമ്മളെ കീഴ്പ്പെടുത്തിയിട്ടുണ്ടാകാം.. എന്തോ, ഉപ്പുമാവ് എന്ന് കേൾക്കുമ്പോൾ ഇപ്പോഴും JBS സ്‌കൂളിന്റെ നീണ്ട വരാന്തയാണ് ഓർമയിൽ ആദ്യം എത്തുന്നത്. ഇപ്പോഴും ആ സ്‌കൂളിന് മുന്നിലൂടെ പോകുമ്പോൾ.. ആ നീണ്ട വരാന്തയിൽ എവിടെയോ, ആ ഉപ്പുമാവും പ്രതീക്ഷിച്ചു കൊണ്ട്, എന്റെ കൂട്ടുകാർക്കൊപ്പം ഞാൻ ഇരിക്കുന്നതായി തോന്നാറുണ്ട്.