'ബസ് സ്റ്റാൻഡിൽ കുഞ്ഞിനെ ഉപേക്ഷിച്ചു പോയി', അമ്മയെ തിരയുന്ന ആറു വയസ്സുകാരൻ
Mail This Article
ഒരു സന്ധ്യ മയങ്ങുന്ന നേരത്താണ് ഭാരത പുഴയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന പട്ടാമ്പി ബസ് സ്റ്റാൻഡിൽ ഒരു അമ്മയും മകനും ചേർപ്പുള്ളശ്ശേരി ഭാഗത്തു നിന്ന് വരുന്ന ഒരു ബസ്സിൽ നിന്നും അവിടെ വന്നിറങ്ങിയത്. എങ്ങും വളരെ തിരക്ക്. സ്റ്റാൻഡ് നിറയെ പുരുഷാരം. പണി കഴിഞ്ഞു സ്വന്തം വീട്ടിലേക്ക് പോകാനുള്ള തത്രപാടിൽ ചില കൂലി പണിക്കാർ, ബാഗും കൈയ്യിലെടുത്ത് ഒരു ബസ്സിൽ നിന്നും വേറൊരു ബസ് പിടിക്കാനുള്ള തിരക്കിൽ വേറെ ചിലർ, ആകെ ഒരു ബഹള മയം. ബസ്സിൽ നിന്ന് ഇറങ്ങിയപ്പോഴും, ഇടക്കിടക്കും എല്ലാം ആ കുട്ടി തന്റെ അമ്മയോട് ചോദിക്കുന്നുണ്ടായിരുന്നു നമ്മൾ എവിടെക്കാണമ്മേ പോകുന്നത്? ആ അമ്മ തന്റെ വീർപ്പുമുട്ടലുകൾ ഉള്ളിലൊതുക്കി ഒന്നും മൊഴിയാതെ ബസ് സ്റ്റാൻഡിലുള്ള ഒരു ബെഞ്ചിൽ പോയിരുന്നു. ആ ബസ് സ്റ്റാൻഡിലെ ബഹളത്തിനിടയിലും ഭാരത പുഴയുടെ മദിച്ച് ഒഴുകുന്ന ശബ്ദം അവരുടെ കർണ്ണപടത്തിൽ വന്നങ്ങനെ ആഞ്ഞടിച്ചു കൊണ്ടേയിരുന്നു.
ചെറിയ ചാറ്റൽ മഴയുണ്ട്, കുറച്ചു കീറിയ ഒരു നീളൻ കുടയും ഒരു മുഷിഞ്ഞ ഹാൻഡ് ബാഗും ആ സ്ത്രീയുടെ കൈയ്യിലുണ്ട്. അവിടവിടെ കുറച്ചു കീറി പറിഞ്ഞ ഒരു ഓറഞ്ച് സാരിയായിരുന്നു ആ സ്ത്രീയുടെ വേഷം. തന്റെ മകന്റെ ഇടയ്ക്കിടക്കുള്ള ചോദ്യവും ആ നിഷ്കളങ്കത്വവും ആ അമ്മയുടെ നെഞ്ചിന്റെ ഭാരം പതിയെ പതിയെ കൂട്ടികൊണ്ടേയിരുന്നു. "ഇനി നമ്മടെ ബസ് എത്ര മണിക്കാണ് അമ്മേ?" അവൻ വീണ്ടും ചോദിച്ചു. നേരം ഇരുട്ടി തുടങ്ങി. എന്തെന്നില്ലാത്ത ഒരു ഭയം ആ അമ്മയുടെ കണ്ണുകളിൽ കാണാമായിരുന്നു. നേരം 7.15 കഴിഞ്ഞിരിക്കുന്നു. മുന്നിൽ നിന്ന് ആരോ, "എങ്ങോട്ടേക്ക?" അവിടെ വന്നു ഒരു വഴി പോക്കനായ ഒരാൾ അവരോട് ചോദിച്ചു. മറുപടി ഒന്നും പറയാതെ തന്റെ മോനെ ചേർത്ത് പിടിച്ച് അവിടെ തന്നെ ഇരുപ്പുറപ്പിച്ചു. "അല്ല ഗുരുവായൂർക്ക് ആണെങ്കിൽ ഇനി അവസാന ബസ് 7.30 ക്ക് ആണ്. അത് കഴിഞ്ഞാൽ പിന്നെ ബസ് ഒന്നും ഇല്ല, പിന്നെ നിലമ്പൂർക്ക് ഒരു പാസ്റ്റ് ആണ് ഉള്ളത്, 8.20 ന് ആണ്," ഞങ്ങൾ ഗുരുവായൂർക്ക് ആണെന്ന് പറഞ്ഞ് ആ ബെഞ്ചിന്റെ ഏറ്റവും അറ്റത്തേക്ക് മാറിയിരുന്നു.
നേരം 7.30 നോട് അടുക്കുന്നു. ബസ് സ്റ്റാൻഡ് അതിന്റെ തിരക്കുകളും ബഹളങ്ങളും എല്ലാം കഴിഞ്ഞ് അതിന്റെ ശൂന്യതയിലേക്ക് മറഞ്ഞു കൊണ്ടിരുന്നു, "കുട്ടി ഇവിടെ ഇരിക്കു ട്ടോ അമ്മ താ പ്പോ വരാം" എന്നും പറഞ് ആ അമ്മ തന്റെ മോനെ ആ ആളൊഴിഞ്ഞ ബെഞ്ചിലിരുത്തി ബസ് സ്റ്റാൻഡിന്റെ പിന്നിലൂടെ ഒഴുകുന്ന ഭാരത പുഴ ലക്ഷ്യമാക്കി നടന്നു നീങ്ങി, സമയം അങ്ങനെ പോയി കൊണ്ടേയിരുന്നു, തനിക്കും തന്റെ അമ്മയ്ക്കും പോകേണ്ട അവസാന ബസും വന്നു പോയി, അവൻ തന്റെ അമ്മയെ ആ ബസ് സ്റ്റാൻഡിൽ അവിടവിടെ അങ്ങനെ പരതി നടന്നു, ആ നീണ്ട ബെഞ്ചിലിരുന്ന ആ 6 വയസ്സുകാരൻ ബാലൻ ഇറങ്ങി ബസ് സ്റ്റാൻഡ് മുഴുവൻ തന്റെ അമ്മയെ തിരഞ്ഞു നടക്കുന്നു. അവന്റെ കണ്ണുകൾ കലങ്ങിയിരിക്കുന്നു, തന്റെ അമ്മയെ കാണാനില്ല, ആരോടൊക്കെയോ ചെന്ന് തന്റെ അമ്മയെ കണ്ടോ എന്ന് സങ്കടത്തോടും നിഷ്കളങ്കതയോടും കൂടി ആ നിരാലംബനായ പയ്യൻ ചോദിക്കുന്നു. അവൻ മനസ്സിൽ വിചാരിച്ചു "ഇനി എന്നെ തിരഞ്ഞ് അമ്മ എന്നെ ഇരുത്തിയ സ്ഥലത്ത് വന്നു എന്നെ തിരയുന്നുണ്ടാകുമോ?" അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളി തുള്ളികളായി അങ്ങനെ ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു.
ആളുകളെല്ലാം പോയൊഴിഞ്ഞു, രാത്രിയുടെ തുടക്കം ആരംഭിക്കാനായിരിക്കുന്നു. തന്റെ അമ്മ ഇനിയും വന്നില്ല! അമ്മ തന്നെ ഇരുത്തിയ അതെ ബെഞ്ചിൽ ആ മുഷിഞ്ഞ കീറിയ ബാഗും, കുടയും തന്റെ മാറോട് ചേർത്ത് വച്ച് അവൻ പൊട്ടി പൊട്ടി കരയുന്നുണ്ടായിരുന്നു. പിന്നിലൂടെ അലയടിച്ചൊഴുകുന്ന ഭാരത പുഴയുടെയും, ആർത്തിരമ്പി പെയ്യുന്ന മഴയുടെ ശക്തിയാലും ആ കുഞ്ഞിന്റെ കരച്ചിൽ ഒരു പക്ഷെ ആർക്കും ശ്രവിക്കാനാവുന്നില്ലായിരിക്കാം...