ADVERTISEMENT

ഏറെ തിരക്കുപിടിച്ച ഒരു മാസാവസാനമായിരുന്നു. തന്റെ മുന്നിൽ നിരത്തി വച്ചിരുന്ന ഫയലുകൾ എല്ലാം അയാൾ പതിവിലും വിപരീതമായി അലക്ഷ്യമായി അടച്ചു വച്ച് കൊണ്ട് സീറ്റിൽ നിന്നും എഴുന്നേറ്റു. കുടിച്ച ചായ ഗ്ലാസുപോലും സ്വയം കഴുകി വെച്ചശേഷം ഓഫിസിൽ നിന്നിറങ്ങുന്ന ആൾ ഇന്ന് പകുതി കുടിച്ച ചായ ഗ്ലാസും വച്ച് ധൃതിയിൽ നടക്കുന്നത് കണ്ട് ഓഫിസ്‌ബോയ് സൂപ്പരിന്റെണ്ടന്റ് ആയ ഷേർളി മാഡത്തിന്റെ അടുത്തോട്ടു ചെന്നു. 'അല്ല രവി സാറിന് ഇതെന്തു പറ്റി? സാധാരണ രാത്രി ആയാലും പോകാത്ത ആളാണ്. ഇന്ന് മൂപ്പര് ചായ ഗ്ലാസ്സ് പോലും' അയാൾ മുഴുവനാക്കുന്നതിനു മുൻപേ മാഡം തുടർന്നു "ഒരു ദിവസേലും അയാൾ ഇത്തിരി നേരത്തെ പൊയ്ക്കോട്ടേ. പാവം ഞാൻ കാണുന്നത് മുതൽ അയാൾ ഇങ്ങനെയാണ് ജോലി ചെയ്യുന്നത് എന്തെങ്കിലും അത്യാവശ്യം ഉണ്ടാകും."

സ്ഥിരമായി പോവാറുള്ള ഷെയർ ഓട്ടോറിക്ഷകൾക്കു പകരം അയാൾ ഇന്ന് ടാക്സി കാറിലാണ് യാത്ര തുടർന്നത്. ഡ്രൈവർ വച്ചിട്ടുള്ള ആ പഴയ ഹിന്ദി ഗാനത്തിന്റെ കൂടെ അയാൾ മൂളി തുടങ്ങിയിരുന്നു. ഫോൺ റിങ് ചെയ്യുന്നു കീർത്തിയാണ്, അവൾ പറഞ്ഞുതീരുന്നതിനു മുൻപേ അയാൾ മറുപടി പറഞ്ഞു തുടങ്ങിയിരുന്നു 'അത്യാവശ്യമുള്ള എല്ലാ സാധനങ്ങളും ഇ–കാർട്ടിൽ ഓർഡർ ചെയ്തോ ഡെബിറ്റ് കാർഡ് ഡീറ്റെയിൽസ് വാട്ട്സാപ്പിൽ ഇട്ടിട്ടുണ്ട്‌. ഇന്ന് ഞാൻ ഒരുപാട് ലേറ്റ് ആകും' കാറിന്റെ വേഗതക്കൊപ്പം പാട്ടിന്റെ ഈണവും അലിഞ്ഞിരുന്നു.

ഏകദേശം ഏഴു മണി ആയിക്കാണും. നഗരത്തിൽ നിന്നും ഒത്തിരി മാറിയുള്ള ബീച്ച് ആയതു കൊണ്ട് തിരക്ക് നന്നേ കുറവായിരുന്നു. അയാൾ തന്റെ ബാഗും മൊബൈലും എല്ലാം കാറിൽ വച്ച് കൊണ്ട് തിരമാലകൾ ലക്ഷ്യമാക്കി ഓടിയടുത്തു അതിനുശേഷം തിരമാലകൾക്കൊപ്പം ആർത്തുല്ലസിച്ചുകൊണ്ടു കളിച്ചു കൊണ്ടേയിരുന്നു. ഒറ്റയ്ക്ക് മണൽ വാരിയെറിഞ്ഞും, ശംഖ് പെറുക്കിയുമൊക്കെ അയാൾ ആർത്തുല്ലസിച്ചുകൊണ്ടിരുന്നു. കുറച്ചു സമയങ്ങൾക്കുശേഷം അയാൾ തിരികെ ടാക്സിയിലേക്ക് കയറി ഒന്നും മിണ്ടാതെ കണ്ണടച്ച് കിടന്നു.

ഇതെല്ലാം കണ്ടു കൊണ്ടിരുന്ന ഒരാൾ തന്റെ ഭാര്യയോട് പറഞ്ഞു "അയാൾ ഒരു ഭ്രാന്തൻ ആയതു കൊണ്ടല്ല അങ്ങനെയൊക്കെ ചെയ്തത്, ചില ഇടങ്ങൾ അങ്ങനെയാണ്. കണ്ടു നിൽക്കുന്നവർക്കൊക്കെ ഒരു ഭ്രാന്ത് പോലെയൊക്ക തോന്നുമെങ്കിലും കുറച്ചു നേരത്തേക്കുള്ള ചിലരുടെ രക്ഷപെടലാണത്. ആ തനിച്ചുള്ള ഭ്രാന്ത് തന്നെയായിരിക്കാം അവരുടെ മുന്നോട്ടുള്ള ജീവിതത്തിന്റെ ഊർജമായി മാറുന്നതും" ഇരുട്ടിനെ കുതറിമാറ്റികൊണ്ടു കാർ മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു. നിർത്താതെ റിങ് ചെയ്യുന്ന മൊബൈൽ ശബ്ദത്തിനും കാറിൽ വച്ചിരിക്കുന്ന കാതടിപ്പിക്കുന്ന തമിഴ് പാട്ടിനും അയാളുടെ ഉറക്കത്തിനെ ഉണർത്താനാവുമായിരുന്നില്ല.

English Summary:

Malayalam Short Story ' Idam ' Written by Sooraj S.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com