ADVERTISEMENT

രാത്രിക്കും നിശബ്ദതയ്ക്കും ഒരു പ്രത്യേക സൗന്ദര്യമുണ്ട്, ശബ്ദങ്ങളില്ലാത്ത, ചിന്തകളില്ലാത്ത, സ്വപ്നങ്ങളില്ലാത്ത സമാധാനത്തിന്റെ ഒരു സൗന്ദര്യം.. അങ്ങനെയൊരു നിശബ്ദതയ്ക്ക് വിള്ളല്‍ വീഴ്ത്തിക്കൊണ്ട് എവിടെയോ ഒരു വലിയ അലര്‍ച്ച മുഴങ്ങി കേട്ടു.. ഇന്നലെയുടെ ഉറക്കച്ചടവുള്ളത് കൊണ്ട് കട്ടിലില്‍ നിന്നെഴുന്നേക്കാന്‍ അയാള്‍ ഒന്ന് മടിച്ചു. തിരക്ക് പിടിച്ച ജീവിതത്തിനെ അനുസ്മരിപ്പിക്കും വിധം മുഷിഞ്ഞ തുണികളും, വേസ്റ്റ് കൂനകളും ഇരുട്ട് പിടിച്ച ആ മുറിയില്‍ അങ്ങിങ്ങായി ചിതറി കിടപ്പുണ്ടായിരുന്നു. ക്ലോക്കില്‍ സമയം 2 മണി ആയിട്ടേ ഉണ്ടായിരുന്നുള്ളൂ... പിന്നെയും പിന്നെയും കേട്ട അലര്‍ച്ച തനിക്ക് സഹിക്കാവുന്നതിലും അപ്പുറമായപ്പോള്‍ അയാള്‍ കട്ടിലില്‍ നിന്ന് എഴുന്നേറ്റു. 'ഒന്ന് സ്വസ്ഥമായിട്ട് ഉറങ്ങാനും സമ്മതിക്കൂല കോപ്പ്.'. അയാള്‍ മനസ്സില്‍ പറഞ്ഞു.. ആ അലര്‍ച്ച അവിടെ മുഴങ്ങി കൊണ്ടിരുന്നു. അടുത്ത് എവിടെന്നോ ആണ് ആ ശബ്ദം എന്ന് അയാള്‍ക്ക് മനസിലായി. കാരണം അത്രയും ഉറക്കെയാണ് അലര്‍ച്ച കേള്‍ക്കുന്നത്. ഉറക്കം പോയതിലുള്ള ദേഷ്യം കൊണ്ട് സര്‍വ ശക്തിയുമെടുത്ത് അയാള്‍ ജനാല തള്ളി തുറന്നു.

പുറത്തേക്ക് നോക്കിയപ്പോള്‍ റോഡില്‍ ചവറുകള്‍ ചിക്കി ചികയുന്ന ഒരു പൂച്ച കുട്ടിയെ മാത്രമേ അയാള്‍ക്ക് കാണാനായുള്ളു.. അയാള്‍ അവിടെമെല്ലാം തിരഞ്ഞു പൂച്ച കുട്ടിയല്ലാതെ ഒരു മനുഷ്യ കുഞ്ഞിനെ പോലും അവിടെ കാണുന്നില്ല കുറച്ചു നേരം അയാളാ പൂച്ചക്കുട്ടിയെ നോക്കി നിന്നു.. അതിന്റെ ഒരു ചെവി പാതി മുറിഞ്ഞിരുന്നു.. ദേഹത്ത് അവിടെയും ഇവിടെയുമായി പൊള്ളലേറ്റതു പോലെയുള്ള മുറിവ് കാണാമായിരുന്നു... കാലുകളിടറിയുള്ള അതിന്റെ നടപ്പ് കണ്ടിട്ട് അയാള്‍ക്ക് അതിനോട് സഹതാപം തോന്നി.. പാവം എന്ത് കഷ്ടമാണ് അതിന്റെ അവസ്ഥ എന്ന് അയാളോര്‍ത്തു. അപ്പോഴേക്കും ആ അലര്‍ച്ച നിലച്ചിരുന്നു.. അയാള്‍ ജനാലയടച്ച് വീണ്ടും കട്ടിലില്‍ പോയി കിടന്നു. പതിയെ പതിയെ നിശബ്ദത അയാളെ വീണ്ടും മാടി വിളിച്ചു.. അധികം നേരം കഴിഞ്ഞില്ല ആ അലര്‍ച്ച പിന്നെയും അയാളുടെ ഉറക്കം കെടുത്തി. ഗത്യന്തരമില്ലാതെ അയാള്‍ ജനല്‍ തുറന്നു..

കുറച്ച് ദൂരെ ഒരു പുരുഷനും സ്ത്രീയും തമ്മില്‍ തര്‍ക്കിക്കുന്നത് അയാള്‍ കണ്ടു.. എന്തൊക്കെയോ പറഞ്ഞു കൊണ്ട് അയാള്‍ ആ സ്ത്രീയെ തലങ്ങും വിലങ്ങും അടിക്കുകയാണ്.. തിരിച്ചൊരു ചവിട്ട് വെച്ച് കൊടുത്ത് അയാളുടെ കൈയ്യില്‍ നിന്നും രക്ഷപ്പെട്ട് അവള്‍ ദൂരേക്ക് ഓടി മറഞ്ഞു. ആ പുരുഷനും പിന്നാലെ പോയി. അവര്‍ മാഞ്ഞു പോകുന്നതും നോക്കി അയാള്‍ ആ ജനാലക്കരികില്‍ കുറച്ചു നേരം കൂടി നിന്നു.. അലര്‍ച്ച നിലച്ചു.. ജനലടക്കാന്‍ നില്‍ക്കാതെ അയാള്‍ വീണ്ടും പോയി കിടന്നു. രാത്രി വീണ്ടും നിശബ്ദമായി.. അയാളെല്ലാം മറന്നു.. തുറന്നിട്ട ജനാലയിലൂടെ ഒരു ചെറിയ കാറ്റ് അയാളെ തഴുകി കടന്ന് പോയി.. പെട്ടെന്ന് വീണ്ടും ഒരു അലര്‍ച്ച കേട്ടു. ഇത്തവണ അയാള്‍ പതിയെ എഴുന്നേറ്റു ജനലിനരികിലെത്തി.. കുറച്ചകലെയായി ഒരു സ്ത്രീ നിന്ന് കരയുകയാണ്. കീറിപറിഞ്ഞ സാരിയാണ് അവളുടെ വേഷം. അയാള്‍ ആ സ്ത്രീയുടെ മുഖത്തേക്ക് നോക്കി... 'അമ്മ!!'

ആ കരച്ചില്‍ അയാള്‍ക്ക് കണ്ട് നില്‍ക്കാനായില്ല.. ഒരു നിമിഷം പോലും പാഴാക്കാനില്ലായിരുന്നു.. അയാള്‍ അമ്മയ്ക്കരികിലേക്ക് പാഞ്ഞു. പക്ഷെ എത്ര ശ്രമിച്ചിട്ടും മുറിയുടെ വാതില്‍ തുറക്കാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. ആരോ പുറത്ത് നിന്ന് പൂട്ടിയത് പോലെ വാതില്‍ അടഞ്ഞു കിടക്കുകയാണ്. വാതില്‍ ചവിട്ടി പൊളിക്കാന്‍ അയാള്‍ തീരുമാനിച്ചു. കുറച്ചു പിന്നിലേക്ക് പോയി വലതു കാല് ഉയര്‍ത്തി പിടിച്ച് അയാള്‍ മുന്നിലേക്ക് കുതിച്ചു.. വാതിലില്‍ ചവിട്ടി 'അത് പൊളിഞ്ഞില്ല'!! പക്ഷെ അയാള്‍ നടുവും തല്ലി താഴെ വീണു.. നിര്‍ത്താതെയുള്ള ആ കരച്ചില്‍ അയാളുടെ ചെവിയില്‍ മുഴങ്ങി. എഴുന്നേല്‍ക്കാനാവാതെ അയാള്‍ തറയില്‍ നിസ്സഹായനായി കിടന്നു. പതിയെ പതിയെ ആ കരച്ചില്‍ നിലച്ചു.. എല്ലാം അവസാനിച്ചു എന്ന് തോന്നിക്കും പോലെ അവിടം ശാന്തമായി.

ക്ലോക്കില്‍ സമയം 2 മണി ആയിട്ടേ ഉണ്ടായിരുന്നുള്ളൂ. പെട്ടെന്ന് വീണ്ടും അലര്‍ച്ചയുണ്ടായി. പക്ഷെ അതിന് ശക്തി നന്നേ കുറവായിരുന്നു. ഇത് കേട്ട അയാള്‍ ആദ്യമായി കണ്ണുകള്‍ തുറന്നു, ആ അലര്‍ച്ച എന്നന്നേക്കുമായി നിലച്ചു...

English Summary:

Malayalam Short Story ' Nishabdamaya Oralarcha ' Written by Chrysto Babu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com