ADVERTISEMENT

കുറേദിവസമായി ഓഫിസിൽ വൈകിയാണ് എത്തുന്നത്. അവിടെ കയറി ചെല്ലുമ്പോൾ ഓരോരുത്തരുടെയും കണ്ണുകൾ പരസ്‌പരം സംസാരിക്കുന്നത് കാണാം. പണ്ടാറം... നാളെയെങ്കിലും നേരത്തെ ഓഫിസിൽ എത്തണം എന്ന പ്രതീക്ഷയോടെ അലാറം വെച്ചു. സ്‌നൂസും ഇട്ടു, ഇതൊരു സ്ഥിരം പരിപാടിയാണ് പക്ഷെ എണീക്കാറില്ലെന്നു മാത്രം. നേരത്തെ കിടന്നാൽ നേരത്തെ ഉണരാം എന്ന് ചിലർ പറയാറുണ്ട്, ഏതായാലും ഇന്ന് ഒന്ന് പരീക്ഷിച്ചുനോക്കാം. നേരത്തെ കിടന്നതുകൊണ്ടാണെന്ന് അറിയില്ല നല്ല സ്വപ്നങ്ങൾ കണ്ട് സുഖനിദ്രയിലാണ്. പണ്ടാറം.. അലാറം അടിക്കാൻ കണ്ട നേരം. പതുക്കെ കൈ നീട്ടി അലാറം ഓഫ് ചെയ്തു. എത്രനേരം ഉറങ്ങി എന്ന് അറിയില്ല. റൂമിലെ  ബഹളം കേട്ടാണ് ഉണർന്നത്. കണ്ണുതുറന്നപ്പോൾ സഹമുറിയൻ വാളുമായി നിൽക്കുന്നു. എന്തിനാടോ താൻ അലാറം വെക്കുന്നത് മറ്റുള്ളവരെ ശല്യം ചെയ്യാൻ. ഞാൻ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് കിടന്നതേയൊള്ളൂ. എത്ര നേരമായി അലാറം അടിക്കാൻ തുടങ്ങിയിട്ട്. ഞങ്ങൾക്കും ഉറങ്ങേണ്ടേ.

ഞാൻ വാച്ചിൽ നോക്കി ഏഴുമണി, എട്ടുമണിക്ക് ഓഫിസിൽ എത്തണം. ആറുമണിക്ക് അലാറം വെച്ചതാണ്, പണ്ടാറം... സ്വപ്‌നം കാണാൻ കണ്ട നേരം. വേഗം ബ്രഷും പേസ്‌റ്റും തോർത്തുമെടുത്ത് ബാത്ത്റൂമിന്റെ അടുത്തേക്ക് ഓടി. അവിടെ എത്തിയപ്പോൾ ഭയങ്കര ക്യൂ, പണ്ടാറം... ഇവന്മാർക്കൊക്കെ കുറച്ചുനേരത്തെ എണീട്ടുകൂടെ, മറ്റുള്ളവരെ ശല്യം ചെയ്യാൻ. ഒരുകണക്കിന് കുളി കഴിഞ്ഞ് ബസ് സ്റ്റോപ്പിലേക്ക് ഓടി. ബസ് സ്റ്റോപ്പ് കാലി, സ്ക്രീനിലേക്ക് നോക്കിയപ്പോൾ അടുത്ത ബസ് വരാൻ ഇരുപത് മിനിറ്റെടുക്കും, പണ്ടാറം... വേഗം മെട്രോ സ്റ്റേഷനിലേക്ക് ഓടി. പണ്ടാറം... ഇവിടെയും മുടിഞ്ഞ ക്യൂവാണല്ലോ. ക്യൂവിൽ മുന്നിലേക്ക്‌ കയറാൻ ഒരുവഴിയും ഇല്ല. നാലാമത്തെ മെട്രോയാണ് കിട്ടിയത്. 

വേഗം ഇറങ്ങി ബസ് സ്റ്റോപ്പിൽ എത്തിയപ്പോൾ അവിടെയും ഭയങ്കര ക്യൂ, പണ്ടാറം... ആദ്യം വന്ന ബസിൽ ചാടിക്കയറി, ആളുകൾ പിറുപിറുക്കുന്നുണ്ടായിരുന്നു അതൊന്നും ശ്രദ്ധിച്ചില്ല. ബസിൽ നല്ല തിരക്ക് ഓരോ സ്റ്റോപ്പിലും നിർത്തി നിർത്തിയാണ് പോകുന്നത്. ബസിൽ നിന്നും ഇറങ്ങി ലിഫ്റ്റിലേക്ക് ഓടി, കുറെ ആളുകൾ ഉണ്ടായിരുന്നെങ്കിലും സർവീസ് ലിഫ്റ്റായതിനാൽ എല്ലാവരും കയറി. പണ്ടാറം... അറുപതാമത്തെ ഫ്ലോറിൽ എത്തണം, മുപ്പതാമത്തെ ഫ്ലോറുമുതൽ ഓരോ ഫ്ലോറിലും നിർത്തി നിർത്തിയാണ് പോകുന്നത്. ലിഫ്റ്റിൽ നിന്നും വേഗം പുറത്തേക്ക് ഇറങ്ങി, ഭാഗ്യം ഇന്ന് റിസപ്‌ഷനിസ്റ്റ് ഇല്ല, അവൾ ബോസിനെ മണിയടിച്ച് ആഴ്ചയിൽ രണ്ടുദിവസമെങ്കിലും സിക്ക് ലീവെടുക്കും. ബോസിന്റെ റൂമിന്റെ മുന്നിലൂടെ മാത്രമേ വഴിയൊള്ളൂ, ബോസ് തല താഴ്ത്തി ഇരിക്കുന്നതിനാൽ കണ്ടില്ലാ എന്നുതോന്നുന്നു. പുതിയ ഓഫിസിൽ എല്ലാ റൂമുകളും ഗ്ലാസുകൊണ്ട് ഉണ്ടാക്കിയതിനാൽ എല്ലാവർക്കും എല്ലാവരെയും കാണാൻ കഴിയും. ഓഫിസിൽ കയറി കംപ്യൂട്ടർ ഓണാക്കിയപ്പോൾ ഫോൺ റിങ്ങുചെയ്യാൻ തുടങ്ങി, ഫോണിലേക്ക് നോക്കിയപ്പോൾ ഭാര്യ ന്യൂ, അവൾ പുതിയ സിം എടുത്തപ്പോൾ പഴയ നമ്പർ ഭാര്യ ഓൾഡ് എന്നാക്കി. പണ്ടാറം.. ഇവൾക്ക് വിളിക്കാൻ കണ്ട നേരം. ഫോൺ കട്ടുചെയ്തു. വീണ്ടും റിങ്ങുചെയ്യാൻ തുടങ്ങി. കാശിന് വേണ്ടിയാകും അല്ലാതെ അവൾ വിളിക്കില്ല.

പണ്ടാറം... ഞാൻ ഓഫിസിൽ ഒരുകണക്കിന് ഓടിപിടിച്ച് എത്തിയിട്ടൊള്ളൂ, നിനക്ക് അവിടെ പണിയൊന്നും ഇല്ലേ. നിങ്ങളുടെ ഒരു പണ്ടാറം... എനിക്ക് പണിയൊന്നും ഇല്ലേ എന്നോ നിങ്ങൾ രാവിലെ തന്നെ എന്റെ വായയിൽ ഇരിക്കുന്നത് ഒന്നും കേൾക്കേണ്ട. എനിക്ക് ഇപ്പൊ പഞ്ചാര അടിച്ച് നിൽക്കാൻ നേരം ഇല്ല, കുട്ടികൾ സ്‌കൂളിൽ പോകാറായി, ഞാൻ വിളിച്ചത് നിങ്ങൾക്ക് അറിയാമല്ലോ. അയച്ച പൈസ തീർന്നു കുറച്ചുകൂടി പൈസ അയക്കണം. അപ്പോ ഞാൻ പൈസ അയച്ചിട്ട് പതിനഞ്ച് ദിവസം ആയിട്ടല്ലേ ഒള്ളൂ. നിങ്ങൾക്ക്‌ അവിടെ ഇരുന്ന് പൈസ അയച്ചാൽ മതിയല്ലോ ഞാനല്ലേ ചിലവാക്കുന്നത്. ഇവിടത്തെ ചിലവുകൾ നിങ്ങൾക്ക് അറിയുമോ. കറണ്ട്, വെള്ളം, പത്രം, പാല്, പലചരക്ക് കട, സ്‌കൂൾ ഫീസ് ഇത്രയും കഴിയുമ്പോൾ പൈസ കഴിയും. ഈ മാസം മൂന്ന് കല്യാണങ്ങൾ ഉണ്ട്. ഒരു കല്യാണത്തിന് ഇട്ട ഡ്രസ്സ്‌ അടുത്ത കല്യാണത്തിന് ഇടാൻ പറ്റോ, ആൾക്കാർ ചോദിക്കില്ലേ എന്താ നിങ്ങൾക്ക് ഒറ്റ ഡ്രസ്സേ ഒള്ളൂ എന്ന്, അതിന്റെ കുറവ് ആർക്കാ. ഓരോ മാസവും അവസാനം ഓട്ടോറിക്ഷക്കാരന് കടം പറയലാ. എന്നെക്കൊണ്ടാവില്ല ഈ മക്കളെയും മെയ്‌ച്ചുനടക്കാൻ.

ഭാര്യയുമായുള്ള സംസാരത്തിനിടയിൽ ആരോ വന്ന് കുലുക്കിവിളിക്കുന്നത് പോലെ തോന്നി, ഞാൻ കണ്ണുതുറന്നു നോക്കി. റൂമിൽ നിറച്ചു ബലൂണുകൾ നല്ല ബിരിയാണിയുടെ മണം, ഞാൻ ചോദിച്ചു ഇവിടെ എന്താ ഇന്ന് പരിപാടിയെന്ന്. അവർ പറഞ്ഞു നിങ്ങളല്ലേ പറഞ്ഞത് നിങ്ങൾ ദുബായിൽ വന്നിട്ട് ഇന്നേക്ക് ഇരുപത്തിയഞ്ചു വർഷം തികയും എന്ന്. ഞങ്ങൾ അത് ആഘോഷിക്കാമെന്ന് വെച്ചു, മാത്രമല്ല നല്ലൊരു ദിവസമായിട്ട് നിങ്ങൾ ഒന്ന് റെസ്റ്റ് എടുത്തോട്ടെ എന്ന് വെച്ചാണ് ഞങ്ങൾ വിളിക്കാതിരുന്നത്. ഗൾഫിലെ ബാച്ചിലർ റൂമുകൾ ഇങ്ങനെയാണ്‌, പല മതക്കാരും ജില്ലക്കാരും ഉരുമിച്ച് യാതൊരു വിവേചനവും ഇല്ലാതെ. അവർക്ക് നഷ്ടപ്പെടുന്ന സന്തോഷങ്ങൾ ആഘോഷമാക്കാൻ ഓരോ ഒഴിവ് ദിനത്തിലും അവർ ഓരോ കാരണങ്ങൾ കണ്ടെത്തും. പിറ്റേദിവസവും വീണ്ടും ജോലിസ്ഥലത്തെക്ക്.. പ്രവാസം അങ്ങനെയാണ്,  അനന്തമായ മരുഭൂമിയിൽ മരുപ്പച്ച തേടിയുള്ള യാത്ര...

English Summary:

Malayalam Short Story ' Ananthamaya Marubhoomiyil Marupacha Thediyulla Yathra ' Abdul Nazeer P. A. Chenthrappinni

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com