ADVERTISEMENT

"എടീ നീയിങ്ങനെ കരയാതെ കാര്യം പറ. കുറേ നേരമായല്ലോ ഇരുന്നു മോങ്ങാൻ തുടങ്ങിയിട്ട്. ഞാനപ്പഴേ നിന്നോട് പറഞ്ഞതല്ലേ. അവന്റെ കൂടെ കറങ്ങാൻ പോവരുതെന്ന്. എന്നു മുതല് നീയവനെ പ്രേമിച്ച് തുടങ്ങിയോ അന്നുമുതല് മോങ്ങാതെ നീ കിടന്നുറങ്ങിയിട്ടില്ല. എന്നും അവനുമായി വഴക്കിട്ടേ കിടക്കൂ എന്നിട്ട് എനിക്ക് ചെവിതല സ്വൈര്യം തരില്ല.. ആട്ടെ ഇന്നെന്താ പ്രശ്നം പറയ് കേൾക്കട്ടെ. ഹോസ്റ്റൽ റൂമിലെ കട്ടിലിൽ അനുവിനെ ചേർത്തുപിടിച്ചു കൊണ്ട് സാൻവി ചോദിച്ചു. ഒരാശ്രയമെന്നോണം സാൻവിയെ ഇറുകെ പിടിച്ചു കൊണ്ടാണ് അനു നെഞ്ചുപൊട്ടി ഏങ്ങലടിച്ചു കരഞ്ഞു കൊണ്ടിരുന്നത്. കരച്ചിൽ നേർത്തു നേർത്തു വന്ന് ഏങ്ങലടി മാത്രമായപ്പോൾ അനുവിന്റെ താടി പിടിച്ചുയർത്തികൊണ്ട് സാൻവി പറഞ്ഞു. "നീ പറയുന്നുണ്ടോ.. രാവിലെ മുതൽ ഓഫിസിലിരുന്ന് ജോലി ചെയ്ത് യാത്ര ചെയ്ത് ക്ഷീണിച്ച്, ഒന്നുകിടന്നാ മതീന്ന് വിചാരിച്ചാ ഇവിടെ വന്ന് കയറുന്നത്. അപ്പോഴാ നിന്റെ കരച്ചിലും ആത്മഹത്യാ ഭീഷണിയും.

ഏങ്ങലടിക്കിടയിൽ അനു മെല്ലെ പറഞ്ഞു കൊണ്ടിരുന്നു. "എടീ സാനീ... അവനുണ്ടല്ലോ, എന്നോട് പറയുവാണ്. ഇനിയും ഞാനവന്റെ കൂടെ ചെല്ലണമെന്ന് ഇല്ലെങ്കിൽ ഞങ്ങളുരണ്ടും കൂടെയുള്ള ഫോട്ടോ മോർഫ് ചെയ്ത് അവൻ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്ത് വിടും, ഇന്റർനെറ്റിലൂടെ പ്രചരിപ്പിക്കും എന്നൊക്കെ.." "ഇനിയും ചെല്ലണമെന്നൊക്കെ പറയണമെങ്കിൽ മുമ്പ് നീ പോയിരുന്നോ." "ഉം.. ഒരൊറ്റത്തവണ.. പക്ഷേ തെറ്റായിട്ടൊന്നും ചെയ്തിട്ടൊന്നുമില്ല. ഒന്നിച്ചു കുറെ ഫോട്ടോസെടുത്തിരുന്നു.. പക്ഷേ അവനിപ്പോ പറയുന്നത് ഞാനവന്റെ കൂടെ ഇനിയും അവൻ പറയുന്നിടത്തൊക്കെ ചെല്ലണമെന്നാണ്. അതു മാത്രമല്ല കുറച്ചു പൈസ കടം കൊടുക്കണമെന്നൊക്കെയാണ് പറയുന്നത്.. അവൻ ശരിയല്ലെന്ന് തോന്നിത്തുടങ്ങിയപ്പോൾ മുതൽ ഞാൻ മെല്ലെ ഒഴിഞ്ഞു മാറി കൊണ്ടിരിക്കുകയാണ്, അതവനും മനസ്സിലായിട്ടുണ്ട്. അതാ അവനിപ്പോ എന്നെ ഭീഷണിപ്പെടുത്തി കൊണ്ടിരിക്കുന്നത്. അവൻ മയക്കുമരുന്നൊക്കെ ഉപയോഗിക്കുന്നുണ്ട്. ഇപ്പോഴവന്റെ സംസാരമൊന്നും ശരിയല്ല. അടുത്താഴ്ച എന്നെ ഒരു കൂട്ടര് പെണ്ണുകാണാൻ വരുന്നുണ്ട്. എനിക്കിവനെ വേണ്ട. ഇവൻ ആളു ശരിയല്ല. ഇവൻ നല്ലവനായിരുന്നുവെങ്കിൽ ഇവന്റെ സ്നേഹം ആത്മാർഥമായിരുന്നുവെങ്കിൽ, ജീവനു തുല്യം സ്നേഹിച്ച എന്നെയിങ്ങനെ ഭീഷണിപ്പെടുത്തുമായിരുന്നോ?

അനു കരഞ്ഞും, നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടച്ചു കൊണ്ടും സാൻവിയോട് പറഞ്ഞു കൊണ്ടിരുന്നു.. അനുവിന്റെ പുറത്ത് തലോടിക്കൊണ്ട് സാൻവി പറഞ്ഞു. "നിനക്കവനെ ഇഷ്ടമായിരുന്നത് കൊണ്ടു നീയവനെ സ്നേഹിച്ചു. ഒരേ ജാതിയിലും മതത്തിലും ഒരേ ഓഫിസിൽ വർക്കു ചെയ്യുന്നവരുമായിരുന്ന നിങ്ങൾ പരസ്പരം സ്നേഹിച്ചോട്ടേന്നു ഞാനും കരുതി. ഇപ്പോഴത്തെ കാലത്ത് ഒരാളെ സ്നേഹിക്കുന്നത് അത്ര വല്യ തെറ്റൊന്നുമല്ലാലോ. പക്ഷേ അവനിങ്ങനെയൊക്കെ പറഞ്ഞ സ്ഥിതിക്ക് അവനെ നിനക്കിനി വേണ്ട.. പക്ഷേ ഈയൊരു പ്രശ്നത്തിന്റെ പേരിൽ നീയാത്മഹത്യ ചെയ്യാനോ കരയാനോ പാടില്ല.. നിനക്കവനെ വേണ്ടാന്നുള്ളത് തീരുമാനിച്ചുറപ്പിച്ചതാണോ. അതോ... പിന്നീട്, "അവനില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല സാനീന്നും പറഞ്ഞ് മോങ്ങിക്കോണ്ട് വരുമോ?" "ഇല്ല സാനീ, എനിക്കെങ്ങനെയെങ്കിലും ഈ കുരുക്കിൽ നിന്നു രക്ഷപ്പെട്ടാ മതിയെന്നേയുള്ളൂ. ഇനിയെനിക്ക് പ്രണയവും വേണ്ട ഒരു മണ്ണാങ്കട്ടയും വേണ്ട. ഇത്തിരി സമാധാനം കിട്ടിയാ മതി."

"എന്നാ ശരി. നീ സമാധാനത്തോടെയിരിക്ക്. ഞാനൊന്ന് കുളിച്ച് വരാം. വരുമ്പോഴേക്കും നിന്റെ പ്രശ്നത്തിനൊരു പ്രതിവിധി ഞാൻ കണ്ടിരിക്കും. കാരണം നിന്റെ പ്രണയം നിന്നിൽ വന്നു ചേർന്നിട്ട് കുറച്ചു മാസങ്ങളേ ആയിട്ടുള്ളൂ. പക്ഷേ നമ്മുടെ സൗഹൃദം എൽപി സ്കൂളിലെ ക്ലാസ് മുറിയിൽ വെച്ചു തുടങ്ങിയതാണ്. വർഷങ്ങളായി നമ്മൾ ഒരേ സ്കൂളിലും, ഒരേ കോളജിലും പഠിച്ച് ഒരേ സ്ഥലത്ത് ജോലി ചെയ്യുന്നവരുമാണ്. നമ്മുടെ മരണം വരെ നമ്മൾ കൂട്ടുകാരികളായിരിക്കുകയും ചെയ്യും. നമ്മുടെ സൗഹൃദത്തോളം വരില്ല ഇന്നലെ വന്നു ചേർന്നൊരു പ്രണയം. നീ വിഷമിക്കാതിരിക്ക്. നിനക്ക് ഞാനുണ്ട്.." അനുവിന്റെ പുറത്തൊന്നു തഴുകിയ ശേഷം സാൻവി കുളിക്കാനായി പോയി. സാൻവി കുളിച്ച് വേഷം മാറി വരുമ്പോഴും അനു കട്ടിലിലിരുന്ന് മുട്ടിനുമേലെ തലവെച്ച് കരയുകയായിരുന്നു. സാൻവി വന്ന് അനുവിന്റെ അടുത്തിരുന്നു കൊണ്ട് പറഞ്ഞു. "നീ കരയാതെ നിന്റെ ഫോണിങ്ങെടുത്തേ.. പെണ്ണേ.." "എന്തിനാ അവനെ വിളിച്ച് എന്നെ ശല്യം ചെയ്യരുതെന്ന് പറയാനാണോ." "എന്റെ പട്ടി വിളിക്കും അവനെ, നീയാ ഫോൺ ലോക്ക് മാറ്റിത്തായോ?" സാൻവി ദേഷ്യത്തോടെ പറഞ്ഞു.. അനു വേഗം ഫോണെടുത്ത് ലോക്ക് മാറ്റി സാൻവിക്ക് നേരെ നീട്ടി.. ഫോൺ വാങ്ങിക്കൊണ്ട് സാൻവി ചോദിച്ചു. "നിനക്ക് ഫെയ്സ്ബുക്ക്, ഇൻസ്റ്റയൊക്കെ ഉണ്ടല്ലോ.. ല്ലേ.." "എല്ലാം ഉണ്ട് നീ നോക്കിക്കോ." അനന്തരം സാൻവി ആ ഫോണിലെ ഫെയ്സ്ബുക്ക് ഓപ്പണാക്കി അതിൽ എഴുതി തുടങ്ങി..

"ഫെയ്സ്ബുക്കിലെ എന്റെ പ്രിയ സുഹൃത്തുക്കളെ സഹോദരീ സഹോദരൻമാരെ.. കഴിഞ്ഞ രണ്ടു മാസത്തോളമായി എന്റെ ഫോണിലേക്ക് പരിചയമില്ലാത്ത നമ്പറിൽ നിന്നും ഫോൺ കോളുകൾ വന്നുകൊണ്ടേയിരിക്കുന്നു. കോൾ ചെയ്യുന്നത് ആരാണെന്നറിയാൻ ഞാനൊരു കോൾ അറ്റൻഡ് ചെയ്തിരുന്നു.. അപ്പോൾ അതിൽ നിന്നും കോൾ വിളിച്ച ആൾ എന്നോട് ഹിന്ദിയിൽ സംസാരിക്കാൻ തുടങ്ങി.. അത് മറ്റൊന്നുമായിരുന്നില്ല. എനിക്ക് ലോൺ വേണോ എന്നന്വേഷിച്ചു കൊണ്ടുള്ള ഒരു ഉത്തരേന്ത്യൻ കോളായിരുന്നു.. എനിക്ക് പണം ആവശ്യമില്ലാതിരുന്നത് കൊണ്ട് ഞാനന്നാ കോളിലെ ആവശ്യം നിരസിച്ചു. പക്ഷേ കഴിഞ്ഞ മാസം ഞാൻ ഒരു ലോൺ ആപ്പ് ഡൗൺലോഡ് ചെയ്തെടുക്കുകയും അത് ഡൗൺലോഡ് ചെയ്തപ്പോൾ ഞാനതിലെന്റെ ഫോൺ നമ്പർ കൊടുത്തിരുന്നു. അതിൽ വന്ന ഒടിപി നമ്പർ അടിച്ചാണ് ആ ആപ്പ് ഓപ്പൺ ആക്കിയത്. പക്ഷേ അപ്പോൾ തന്നെ ഞാനാ ആപ്പ്, അൺഇൻസ്റ്റാൾ ചെയ്തിരുന്നു. പക്ഷേ അന്നു മുതലെനിക്ക് പല നമ്പറിൽ നിന്നായി കോളുകൾ വന്നു കൊണ്ടേയിരുന്നു. 

ശല്യം സഹിക്കാതെ വന്നപ്പോൾ ഞാനവർ പറഞ്ഞതിൻ പ്രകാരം വീണ്ടും ആ ലോൺ ആപ്പ് ഇൻസ്റ്റാൾ ചെയ്യുകയും അതിൽ നിന്ന് അയ്യായിരം രൂപ ലോണെടുക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ഞാനതിന്റെ മുതലും പലിശയുമടക്കം എട്ടായിരത്തി അഞ്ഞൂറു രൂപയോളം തിരിച്ചടച്ചിട്ടുണ്ട്. പക്ഷേ അവരാ ലോൺ ക്ലോസ് ചെയ്തിട്ടില്ല. ഇനിയും ആയിരത്തി അഞ്ഞൂറ് രൂപയോളം അടച്ചാലെ അത് ക്ലോസ്സ് ചെയ്യൂ എന്നാണവർ പറയുന്നത്. പക്ഷേ ആ പൈസ അടച്ചാലും അവർ വീണ്ടും പണം ആവശ്യപ്പെടുമെന്നെനിക്കുറപ്പാണ്. അതുകൊണ്ട് ഇനി ഒരു പൈസയും ഞാനടയ്ക്കില്ലാന്നവരോട് തീർത്തു പറഞ്ഞു. പക്ഷേ ഇപ്പോൾ അവരെന്നെ വിളിച്ച് വീണ്ടും ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. എന്റെ ഫോട്ടോ മോർഫ് ചെയ്ത് നഗ്ന ഫോട്ടോ ആക്കി എന്റെ കോൺടാക്ട് ലിസ്റ്റിലുള്ളവർക്കും, എന്റെ എഫ് ബിയിലെയും മറ്റു സാമൂഹ്യ മാധ്യമങ്ങളിലെയും സുഹൃത്തുക്കൾക്കെല്ലാവർക്കും അവരയച്ചു കൊടുക്കുമെന്നാണ് പറയുന്നത്. പക്ഷേ ഞാനവരുടെ ഭീഷണിക്ക് വഴങ്ങി ഒരു രൂപ പോലും തിരിച്ചടയ്ക്കില്ലാന്ന് ഉറപ്പാണ്.. അവരുടെ ഭീഷണി കേട്ട് ആത്മഹത്യ ചെയ്യാനൊന്നും ഞാൻ തീരുമാനിച്ചിട്ടില്ല. ഞാനിതിനെ നിയമപരമായി നേരിടാനാണ് ഉദ്ദേശിച്ചത്. അതുകൊണ്ട് ഇതു പോലുള്ള ചതിക്കുഴി ലോൺ ആപ്പുകളിൽ കുടുങ്ങി നിങ്ങളുടെ ജീവിതം നശിച്ചു പോവരുതെന്ന് അറിയിക്കുന്നു. എന്ന് നിങ്ങളുടെ പ്രിയ കൂട്ടുകാരി അനുപമ അനു.

ഇത്രയും എഴുതിയശേഷം സാൻവി ഫോൺ അനുവിന്റെ കൈയ്യിൽ കൊടുത്തു. അനു ഫോൺ വാങ്ങി അവളെഴുതിയത് മുഴുവൻ വായിച്ചു. എന്നിട്ട് സാൻവിയെ കെട്ടിപ്പിടിച്ചു കൊണ്ടു പറഞ്ഞു. "നീയാണെടീ യഥാർഥ കൂട്ടുകാരി. ആപത്തിൽപ്പെടുമ്പോൾ കുറ്റപ്പെടുത്താതെയും ദേഷ്യപ്പെടാതെയും കൂടെ നിന്ന് താങ്ങായും തണലായും ചേർത്തു നിർത്തുന്ന കൂട്ടുകാരി." "സോപ്പിങ്ങൊന്നും വേണ്ട മോളെ. നീയാ എഴുത്ത് പോസ്റ്റ് ചെയ്യ്. എഫ് ബിയിലും ഇൻസ്റ്റയിലും എന്നു വേണ്ട എവിടൊക്കെ നിനക്ക് അക്കൗണ്ട് ഉണ്ടോ അതിലൊക്കെ പോസ്റ്റായും സ്റ്റാറ്റസ്സായും ഈ എഴുത്ത് പോസ്റ്റ് ചെയ്യ്. ഇനി നിന്റെ മറ്റവൻ നിന്റെ മോർഫ് ഫോട്ടോ ഇന്റർനെറ്റിലിട്ടാലും ഒരു കോപ്പും വരാനില്ല. ഈ പോസ്റ്റ് വായിച്ചാൽ പിന്നെയവൻ നിന്നെ ഭീഷണിപ്പെടുത്താനും വരില്ല. അവൻ നിന്റെ നഗ്ന ഫോട്ടോ ഇട്ടാലും അത് നിന്റെ മുഖം വെച്ച് മോർഫ് ചെയ്ത ഫോട്ടോ ലോൺ ആപ്പുകാർ പ്രചരിപ്പിച്ചതാണെന്നേ ഇനിയെല്ലാരും വിചാരിക്കു. ഇത് പോസ്റ്റ് ചെയ്ത ശേഷം ഇതിന്റെ ലിങ്ക് എടുത്ത് അവനും അയച്ച് കൊടുക്ക്. എന്നിട്ടവനെ വിളിച്ച് നാല് തെറിയും പറഞ്ഞ് നമ്പർ ബ്ലോക്കിട്ടേക്ക്. നമ്മളൊന്നും ലോണെടുത്തിട്ടില്ലെങ്കിലും ലോണാപ്പുകൾ കൊണ്ട് ഇങ്ങനെയെങ്കിലും നമുക്കൊരുപകാരമുണ്ടാവട്ടെ."

അനു പെട്ടെന്ന് തന്നെ അത് പോസ്റ്റ് ചെയ്യുകയും ചെയ്തു. ആത്മഹത്യ ചെയ്യണമെന്നു പോലും ചിന്തിച്ചിരുന്ന, വലിയൊരു പ്രശ്നത്തെ, തന്റെ കൂട്ടുകാരി നിഷ്പ്രയാസം തകർത്തു കളഞ്ഞത് കണ്ടപ്പോൾ അനുവിന്റെ ചുണ്ടിലൊരു ചിരി മിന്നിമറഞ്ഞു.. "ഏതൊരപായത്തിനും ഉപായമുണ്ട് മോളേ"ന്നും പറഞ്ഞു കൊണ്ട് സാൻവി അനുവിനെ ചേർത്തുപിടിച്ചു.

English Summary:

Malayalam Short Story ' Loan App ' Written by Shijith Perambra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com