ADVERTISEMENT

പ്രതിച്ഛായയുടെ തടവറയിൽ സ്വയം തളക്കപ്പെട്ടുപോയവരുണ്ട്, മറ്റുള്ളവരെ തടവുകാരാക്കുന്നവരുമുണ്ട്. സ്വയം തടവുകാരനായി മറ്റുള്ളവരെ തടവുകാരാക്കുന്ന വിഭാഗവുമുണ്ട്. ഒരു വ്യക്തിയെക്കുറിച്ച് നമുക്കുള്ള പ്രതിച്ഛായ രൂപപ്പെടുന്നത് നമ്മുടെ നേരിട്ടുള്ള അനുഭവത്തിലൂടെയാവാം, അല്ലെങ്കിൽ കേട്ടറിവിലൂടെയാവാം. സാമൂഹ്യമാധ്യമങ്ങൾ വഴിയും ഒരാളെ കുറിച്ചുള്ള പ്രതിച്ഛായ നമ്മുടെ മനസ്സിൽ രൂപപ്പെട്ടേക്കാം. ഇങ്ങനെയെല്ലാം രൂപപ്പെടുന്ന പ്രതിച്ഛായ യാഥാർഥ്യമാണോ? 

ഒരിക്കൽ ഞാനൊരു സോഷ്യൽ മീഡിയ ഗ്രൂപ്പിൽ ചേർന്നു. പൊതുവേ, അടുപ്പമുള്ളവരോടും പ്രിയപ്പെട്ടവരോടും മാത്രം കൂട്ടുകൂടാനും സമയം ചെലവഴിക്കാനും ഇഷ്ടപ്പെടുന്ന ഞാൻ നിർബന്ധിത സാഹചര്യങ്ങളിൽ മാത്രമേ വാട്ട്സാപ്പ് ഗ്രൂപ്പുകളിൽ അംഗമാവാറുള്ളൂ. എന്നാൽ, വളരെ സന്തോഷത്തോട് കൂടിയാണ് ഞാൻ ഈ സാമൂഹ്യമാധ്യമ കൂട്ടായ്മയിൽ ചേർന്നത്. കാരണം, ഗ്രൂപ്പിലുള്ള ഒന്നോ രണ്ടോ പേരൊഴികെ എല്ലാവരും എന്നോട് ഏറിയും കുറഞ്ഞും അടുപ്പം പുലർത്തുന്നവരായിരുന്നു. രാഷ്ട്രീയമാണ് ഗ്രൂപ്പിലെ പ്രധാന ചർച്ചാവിഷയമെന്ന് താരതമ്യേന പുതിയ അംഗമായ എനിക്ക് പെട്ടന്ന് തന്നെ മനസ്സിലായി. രാഷ്ട്രീയമല്ലാതെ മറ്റൊരു വിഷയവും ചർച്ച ചെയ്യാൻ ആർക്കും താൽപര്യമില്ല എന്നും മനസ്സിലാക്കിയതോടെ ഒഴുക്കിനൊപ്പം നീന്താൻ ഞാനും തീരുമാനിച്ചു. ഗ്രൂപ്പിലുള്ള പ്രിയപ്പെട്ടവരുടെ കക്ഷിരാഷ്ട്രീയ വികാരങ്ങളെ വൃണപ്പെടുത്തരുത് എന്ന് കരുതി ഞാൻ രാഷ്ട്രീയമായി നിഷ്പക്ഷ നിലപാടുള്ള പോസ്റ്റുകൾ ഗ്രൂപ്പിലേക്ക് ഷെയർ ചെയ്തെങ്കിലും ഫലം നേരെ തിരിച്ചായിരുന്നു. ഗ്രൂപ്പിലെ ഒരംഗം അയാളുടെ കക്ഷിരാഷ്ട്രീയ താൽപര്യങ്ങൾക്ക് വിരുദ്ധമാണ് ഞാൻ ഷെയർ ചെയ്ത പോസ്റ്റുകൾ എന്ന് തെറ്റിദ്ധരിച്ച് എനിക്കെതിരെ തിരിഞ്ഞു. ഗ്രൂപ്പിലെ ഭൂരിഭാഗം പേരും എന്നോട് അടുത്തബന്ധം പുലർത്തുന്നവരായിരുന്നുവെങ്കിലും ഒട്ടും തന്നെ സൗഹൃദമോ അടുപ്പമോ ഇല്ലാത്ത ഒരു വ്യക്തിയിൽ നിന്നുള്ള പ്രതികരണം എന്നെ ശരിക്കും സ്തബ്ധനാക്കി കളഞ്ഞു. ഞാൻ കേൾക്കാൻ ആഗ്രഹിക്കാത്ത രീതിയിലുള്ള വാക്കുകൾ ഉപയോഗിച്ച് അയാൾ എന്നെ അഭിസംബോധന ചെയ്തു. അയാൾ ഉപയോഗിച്ച വാക്കുകൾ വ്യക്തിപരമായി എന്നെ അവഹേളിക്കുന്നതായി എനിക്ക് അനുഭവപ്പെട്ടു. യഥാർഥത്തിൽ ഇവിടെ വില്ലനായത് എന്റെ കക്ഷിരാഷ്ട്രീയത്തെ കുറിച്ച് അയാളുടെ മനസ്സിൽ രൂപപ്പെട്ട പ്രതിച്ഛായയായിരുന്നു. ഞാനൊരു പ്രത്യേക രാഷ്ട്രീയകക്ഷിയുടെ അനുഭാവിയാണ് എന്ന പ്രതിച്ഛായയാണ് അയാളിൽ ഉണ്ടായിരുന്നത്. സാമൂഹ്യ മാധ്യമങ്ങളിലെ എന്റെ ഇടപെടലുകളും മറ്റുള്ളവരിൽ നിന്നുള്ള കേട്ടറിവുകളും ആവും അയാളിൽ എന്നെ കുറിച്ചുള്ള പ്രതിഛായ രൂപപ്പെടുത്തിയത്. 

സുഹൃത്തുക്കളെ എന്തും ഏതും വിളിച്ച് അഭിസംബോധന ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു, പിന്നീട് ഞങ്ങൾക്കിടയിൽ നടന്ന തർക്കത്തിനിടയിൽ, അയാളുടെ ന്യായവാദം. എന്തും വിളിച്ച് അഭിസംബോധന ചെയ്യാനുള്ള സ്വാതന്ത്ര്യം സുഹൃത്തുക്കൾക്ക് മാത്രമേയുള്ളൂ എന്നായിരുന്നു എന്റെ പ്രതിവാദം. മുമ്പ്, ഒരുമിച്ചുണ്ടായിരുന്ന കാലത്ത്, തമ്മിൽ പലതും വിളിച്ച് അഭിസംബോധന ചെയ്തിട്ടുണ്ടെന്ന് അയാൾ തിരിച്ചടിച്ചു. മുമ്പുണ്ടായിരുന്ന പല ശീലങ്ങളും ദുശ്ശീലങ്ങളും പിന്നീട് പലരും ഉപേക്ഷിക്കാറുണ്ടെന്ന് പറഞ്ഞ് ഞാൻ ആ വാദത്തെ ഖണ്ഡിച്ചു. ദീർഘകാലമായി യാതൊരുവിധ ആശയവിനിമയവുമില്ലാത്ത ഒരു പഴയ സുഹൃത്തിനെ നേരിട്ടോ സാമൂഹ്യമാധ്യമത്തിലോ കാണുമ്പോൾ മുമ്പുണ്ടായിരുന്ന സ്വാതന്ത്ര്യമോ അടുപ്പമോ പ്രതീക്ഷിക്കരുത് എന്ന നിലപാടിൽ ഞാൻ ഉറച്ചു നിന്നതോടെ ഗ്രൂപ്പിലെ അന്തരീക്ഷം ചൂടുപിടിച്ചു. അയാളോട് വ്യക്തിപരമായി താൽപര്യമുള്ളവരും അയാളുടെ കക്ഷിരാഷ്ട്രീയത്തോട് യോജിപ്പുള്ളവരും അയാളുടെ പക്ഷം ചേർന്നു. എന്നോട് അനുഭാവമുള്ളവർ എനിക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചു. എന്റെ മനസ്സിൽ അയാളെ കുറിച്ചുള്ള പ്രതിച്ഛായയും അയാളുടെ മനസ്സിൽ എന്നെക്കുറിച്ചുള്ള പ്രതിച്ഛായയും എല്ലാവർക്കും മുന്നിൽ വെളിപ്പെട്ടതോടെ പ്രശ്നത്തിന്റെ അടിസ്ഥാനം എല്ലാവർക്കും മനസ്സിലാവുന്ന അവസ്ഥയിലെത്തി. ഗ്രൂപ്പിലെ എന്റെ സുഹൃത്തുക്കൾക്ക് മുന്നിൽ ആ വെളിപ്പെടുത്തൽ നൽകിയ ആശ്വാസത്തിൽ ഞാൻ ഗ്രൂപ്പിനോട് സലാം പറഞ്ഞു.

വർഷങ്ങൾക്ക് മുമ്പ്, അതായത് ദീർഘകാലം മുമ്പ്, നമ്മൾ അടുത്തിടപഴകിയ ഒരു വ്യക്തിയെ കുറിച്ചുള്ള നമ്മുടെ പ്രതിച്ഛായ എന്ന് പറയുന്നത് നമ്മൾ ഇടപഴകിയ കാലത്തേതായിരിക്കും. പിന്നീട് തമ്മിൽ കാര്യമായ ബന്ധമില്ലെങ്കിൽ പ്രതിച്ഛായയിലും കാര്യമായ മാറ്റമുണ്ടാവില്ല. പക്ഷേ, ആളുകൾ പാടെ മാറിപ്പോയിട്ടുണ്ടാവും. ചിരിച്ചുകൊണ്ട് മാത്രം അഭിസംബോധന ചെയ്തവൻ ഗൗരവപ്രകൃതക്കാരനായി മാറിപ്പോയിട്ടുണ്ടാവും. വാചാലരായി നടന്നവർ മൗനികളായി പരിവർത്തനം ചെയ്യപ്പെട്ടുപോയേക്കാം. ആകർഷകമല്ലാത്ത വസ്ത്രധാരണത്തിൽ നടന്നവർ വർണ്ണശബളമായ ഉടുപ്പിലേക്ക് ചേക്കേറിയിട്ടുണ്ടാവാം. ഒരുകാലത്ത് നമുക്ക് മുന്തിയ പരിഗണന നൽകിയവരുടെ നിലവിലെ പരിഗണന ക്രമത്തിൽ നമ്മുടെ സ്ഥാനം താഴോട്ട് പോയിട്ടുണ്ടാവാം. ഒരാളുടെ സാമൂഹ്യമാധ്യമ പോസ്റ്റുകളിൽ നിന്നും അയാളുടെ വ്യക്തിത്വത്തെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചും നമ്മുടെ മനസ്സിൽ രൂപപ്പെടുന്ന പ്രതിച്ഛായയും അയാളുടെ യഥാർഥ ജീവിതവും തമ്മിൽ വലിയ അന്തരമുണ്ടാവാം, ഉണ്ടാവാതിരിക്കാം. 

പ്രിയപ്പെട്ടവർ അംഗങ്ങളായുള്ള സോഷ്യൽ മീഡിയ ഗ്രൂപ്പിലെ ഈ അപ്രിയ സംഭവങ്ങൾ കേട്ടവർക്കും കണ്ടവർക്കും ഒക്കെ ഒരു ചെറിയ പ്രശ്നമായിരുന്നു. എന്നാൽ,  അപ്രതീക്ഷിതമായി സംഭവിച്ച ഈ പ്രശ്നം ഒരു വലിയ കാര്യം എന്നെ ബോധ്യപ്പെടുത്തി. പ്രിയപ്പെട്ടവരും അല്ലാത്തവരും രൂപപ്പെടുന്നത് നമ്മുടെ മനസ്സിലാണ്. നമ്മുടെ മനസ്സിൽ അവരെക്കുറിച്ചുള്ള പ്രതിച്ഛായക്ക് അനുസരിച്ച് അവർ പ്രിയപ്പെട്ടവരും അല്ലാത്തവരുമായി മാറുന്നു. മാറ്റം ഏറ്റവും വേഗത്തിൽ സംഭവിക്കുന്നത് മനുഷ്യരിലാണ്, മാറാൻ പ്രയാസമുള്ളത് പ്രതിച്ഛായക്കും.

English Summary:

Malayalam Short Story ' Prathichayayude Thadavara ' Written by C. Aslam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com