ADVERTISEMENT

അമ്മക്ക് മുമ്പിൽ കിള്ളികുന്ന് അമർന്നിരിക്കുന്നു. ഇടത് വശത്ത് പൂരപറമ്പ് പരന്നിരിക്കുന്നു. വലതുവശത്ത് ക്ഷേത്രത്തോളം തന്നെ പഴക്കമുള്ള നിലംപതിക്കാറായ അഗ്രശാല ഒഴിഞ്ഞു കിടക്കുന്നു. പുറകിൽ വഴിനടന്നാൽ പുഴ ഞാന്നു കിടക്കുന്നു. ഇവറ്റകൾക്കൊക്കെ നടുക്ക് കുന്നുമ്മിലമ്മ കിഴക്ക് ദർശനമായി നിലകൊള്ളുന്നു. അമ്മക്ക് ചുറ്റും അഷ്ടദിക്പാലകർ അതിര് കാക്കുന്നു. ആ അതിരുകൾ ഭേദിക്കാൻ ഒരു കള്ളൻ പ്രത്യക്ഷപ്പെടുന്നു. രണ്ട് പകലുകൾ ആ കള്ളൻ അകത്ത് ശ്രീകോവിലിനു ചുറ്റും, അതിന് പുറത്ത് ചുറ്റമ്പലത്തിന് ചുറ്റും, അതിനും പുറത്ത് ക്ഷേത്രാതിരുകൾക്ക് ചുറ്റും പ്രദക്ഷിണം വച്ചിരുന്നു. മൂന്ന് ദിവസം മുമ്പ് ആ ഗ്രാമത്തിലെ ഒരു ചായകടയിൽ കാലിചായ മുത്തി കുടിച്ചിരിക്കുമ്പോൾ മുമ്പിലെ മേശപ്പുറത്ത് കണ്ട നോട്ടീസിൽ നിന്നുമാണ് അയാൾക്ക് അമ്മയുടെ പിറന്നാൾക്ഷണം കിട്ടിയത്. 

ഭക്തജനങ്ങളെ,

വള്ളുവനാട്ടിലെ പ്രസിദ്ധ ദേവീക്ഷേത്രമായ ശ്രീ കുന്നുമ്മിൽ ഭഗവതിക്ഷേത്രത്തിൽ വർഷംതോറും കുംഭത്തിലെ പുണർതം നാളിൽ നടത്തിവരാറുള്ള അമ്മയുടെ പിറന്നാൾ ..... തിയതി ഞായറാഴ്ച അതിവിപുലമായി നടത്തപ്പെടുന്നു. ഈ മംഗള കർമ്മത്തിൽ എല്ലാ ഭക്തജനങ്ങളുടേയും സാന്നിധ്യവും സഹകരണവും ഉണ്ടാകണമെന്ന് അഭ്യർഥിക്കുന്നു. 

എന്ന്, 

ക്ഷേത്രക്കമ്മിറ്റി 

കാലിചായക്ക് കൈവശം മിച്ചമുള്ള കാശും കൊടുത്തിറങ്ങുമ്പോൾ മേശപ്പുറത്ത് രണ്ട്മൂന്നെണ്ണം കിടക്കുന്ന പിറന്നാൾക്ഷണ നോട്ടിസുകളിൽ ഒന്ന് എടുത്ത് നെഞ്ചിടിപ്പിൽ നിന്നും പൊടിഞ്ഞ വിയർപ്പ് പിടിച്ച പോക്കറ്റിൽ മടക്കി വച്ചു. നിമിത്തങ്ങളിൽ വിശ്വസിക്കാൻ നിർബന്ധിതനായ കള്ളൻ മുന്നും പിന്നും നോക്കാതെ ക്ഷണം സ്വീകരിച്ചിരിക്കുന്നു. ആദ്യദിവസം അമ്മയുടെ പിറന്നാൾ ആഘോഷിക്കാൻ അയാൾ എത്തി. ചുവന്ന പട്ടുചേല ചുറ്റി ആഭരണവിഭൂഷിതയായി അമ്മ. കൊട്ടികയറുന്ന പാഞ്ചാരിമേളത്തിന്റെ താളത്തിലും, ഉറഞ്ഞു തുള്ളുന്ന വെളിച്ചപാടിന്റെ വാൾമുന തുമ്പിലും ആചാര അനുഷ്ഠാനങ്ങളോടെ ആഘോഷം കൊണ്ടുപിടിച്ചു. ഇടവും വലവും നിൽക്കുന്ന ആനകൾക്ക് നടുവിൽ തലപൊക്കി നിൽക്കുന്ന കൊമ്പന്റെ പുറത്ത് തിടമ്പേറി അമ്മ എഴുന്നെള്ളി. വിശിഷ്ടാൽ പൂജകളും മറ്റും ആ പുണ്ണ്യഭൂമിയിൽ നടന്നു. പുതിയതായി പണികഴിപ്പിച്ച അഗ്രശാലയിൽ നാക്കില വെട്ടി അന്നദാനം. വൈകിട്ട് ദീപാരാധന. ശേഷം തിരുമുറ്റതറയിൽ കൽപ്പാത്തിയുടെ ഗംഭീര തായമ്പക. കൊട്ടികലാശത്തിനായി ആകാശത്ത് വിസ്മയം തീർത്തുകൊണ്ട് വെടിക്കെട്ട്. ശുഭം. കഴിഞ്ഞ വർഷങ്ങളേക്കാൾ എത്രയോ കേമം ആക്കണമെന്ന് അമ്പലകമ്മിറ്റി മുമ്പേ തീരുമാനിച്ചിരുന്നു. ദേശത്തെ അമ്പലം പിന്നെ പിന്നെ ശോഷിച്ചു വരികയാണ് എന്ന ചിലരുടെ പരാതികൾക്ക് ഒരു മറുമൊഴി. അതിനായി ചിലർ പണമെറിഞ്ഞു. പ്രതിഫലമെന്നോണം അവർ വിശിഷ്ടാംഗത്വ പദവി കൈകൊണ്ടു. 

എന്തായാലും കള്ളന് നിമിത്തങ്ങൾ വഴിവിളക്ക് തെളിയിക്കുകയായിരുന്നു. പിറന്നാളും കൂടി വെടിക്കെട്ടും കഴിഞ്ഞ് അടുത്ത വരവിനായി തിരിച്ചു മടങ്ങുമ്പോൾ അയാൾക്ക്, ക്ഷേത്രത്തിൽ അന്ന് വന്നുപോയ ഭക്തർകണക്കുകളും ആ ദിവസത്തെ വരുമാന വരവ്കണക്കുകളും ഏകദേശം മനസ്സിൽ കിട്ടിയിരുന്നു. അകത്തും പുറത്തുമായുള്ള മുക്കുമൂലകളിൽ നാട്ടിയിട്ടുള്ള പൂട്ട് വീണ ഇരുമ്പ് പെട്ടികളുടെ നെഞ്ചിലും നെറുകിലുമായുള്ള ചെറിയ വരയോട്ടകളിലൂടെ അകത്തേക്ക് വീഴുന്ന നാണയതുട്ടുകളുടെ കിലുക്കം അയാളുടെ തലക്കകത്ത് കൽപ്പാത്തിയുടെ കൈതാളത്തിനപ്പുറത്ത് ആവേശം സൃഷ്ടിച്ചിരുന്നു. ചുറ്റമ്പലത്തിന് പുറത്തുള്ള രണ്ട് ഭണ്ഡാരം മാത്രം പൊക്കിയാലും ഒട്ടും മോശം വരില്ല. പക്ഷെ, ഭക്തർ അമ്മക്ക് പിറന്നാൾ സമ്മാനമായും കാര്യസാധ്യകൈകൂലിയായും നൽകിയ കാണിക്കയിൽ കൈയ്യിട്ട് വാരാൻ കള്ളൻ തയ്യാറല്ല. മറിച്ച്, വലിയ മൂല്ല്യമുള്ള ചെറിയ വസ്തു. ദേഹത്ത് വല്ലിടത്തും ഒളിപ്പിച്ചാൽ ഒളിപ്പിച്ചിടം കണ്ണിൽപെടാതെ ഒതുങ്ങിയിരിക്കാൻ കഴിവുള്ള ചെറിയ മൂല്ല്യമുള്ള വസ്തു. പ്രീതി പിടിച്ചുപറ്റിയ പ്രിയപ്പെട്ട പ്രജക്ക് രാജാവ്, വിരലുകളിൽ നിന്നോ കൈതണ്ടയിൽ നിന്നോ കഴുത്തിൽ നിന്നോ എടുത്ത് കൊടുക്കുന്ന സ്നേഹോപഹാരം പോലെ അമ്മ പ്രിയപ്പെട്ട കള്ളനായ മകന് സമ്മാനമായി നൽകണം അത്.

രണ്ടാം ദിവസം, നിമിത്തങ്ങൾകൊണ്ട് അലങ്കരിക്കപ്പെട്ട തന്റെ കന്നിപദ്ധതി ആസൂത്രിതമായി തിട്ടപ്പെടുത്താൻ ഒരു തികഞ്ഞ ഭക്തനായി അയാൾ തിരുമുറ്റത്തെത്തി. കുളത്തിൽ നിന്നും കാൽ കഴുകി ശുദ്ധി വരുത്തി കുപ്പായമഴിച്ച് കൈ കൊമ്പിൽ തൂക്കി അയാൾ അമ്മയുടെ മുമ്പിലേക്കുള്ള രണ്ട് കവാടങ്ങൾ കടന്നു. മുന്നിലുള്ള മൂന്നാമത്തെ കവാടവും കടന്നാൽ അമ്മക്ക് തൊട്ടരികിലെത്താം, ഒരു കൈയ്യകലം പോലുമില്ലാതെ തൊട്ടരികിൽ. അതിന് സമയമായിട്ടില്ല, കറുത്ത നിശബ്ദതയുടെ പാതിരാത്രിവരെ കാക്കണം. അമ്മ… അമ്മ കാത്തിരിക്കുമല്ലോ……! അമ്മ കാത്തിരിക്കുമെന്ന വിശ്വാസത്തോടെ കന്നികള്ളനായ മകൻ. ഭക്തൻ കാണിക്കയിടാൻ കൈകൊമ്പിൽ തൂക്കിയിട്ട കുപ്പായത്തിന്റെ കീശ തപ്പിയില്ല. അതിൽ ഒന്നുമില്ലെന്ന് അയാൾക്കറിയാം. ആവശ്യമായ തുക അതിലുണ്ടായിരുന്നു എങ്കിൽ പിറന്നാളുകൂടി അമ്മയെ തൊഴുതു നമസ്കരിച്ച് ഇന്നലെ തന്നെ വീടുപറ്റുമായിരുന്നു, അയാൾ. കൈവെള്ളകൾ മുഖാമുഖം ചേർത്ത് മുട്ടിച്ച് പൊടുന്നനെ താളം മുറുകി തുടങ്ങിയ തന്റെ നെഞ്ചോട് പിടിച്ച് കണ്ണുകൾ അടച്ച് പൂട്ടി അയാൾ നിന്നു. ശ്രീ കോവിലിനു മുമ്പിൽ അങ്ങനെ തൊഴുതു നിന്നപ്പോൾ അതുവരെ അയാളെ ചുറ്റിനിന്നിരുന്ന നല്ല നിമിത്തങ്ങൾ പാടെ അപ്രത്യക്ഷമാകുന്നതുപോലെ അയാൾക്ക് തോന്നി. അന്തരീക്ഷത്തിന് വല്ലാതെ ചൂട് കൂടുന്നു. പതിവിലധികം വിയർക്കാൻ തുടങ്ങുന്നു. അയാൾ അമ്മയെ ധ്യാനിച്ചു. മനസിൽ മന്ത്രിച്ചു. ' അമ്മേ....' പേറ്റുനോവറിഞ്ഞ അമ്മ വിളികേട്ടു. ' മോനേ....' മനസ് ശാന്തമായി. കർമ്മം ചെയ്യാൻ പൂർവാധികം ഊർജം ആന്തരികമായി ഉദയം കൊണ്ടു. അടുത്ത അർദ്ധരാത്രിയിലെ തിരിച്ചുവരവിനായി അയാൾ തിരുമുറ്റത്ത് നിന്നും ഏകദേശ രൂപം കിട്ടിയ പദ്ധതിയുമായി ഇറങ്ങി നടന്നു.

മൂന്നാം ദിവസം, പാതിരാത്രിയോടടുത്ത മുഹൂർത്തത്തിൽ കന്നികവർച്ചക്ക് ഒരു കള്ളനായി അയാൾ കുന്നുമ്മിലമ്മയുടെ പുറകിലെ മതിൽകെട്ടിന് മുകളിലെത്തി. അവിടെ നിന്നും ഒരു കുട്ടികുരങ്ങിന്റെ മെയ്‌വഴക്കത്തോടെ പന്തലിച്ചു നിൽക്കുന്ന പേരറിയാത്ത മരത്തിൽ കയറി പറ്റി. ചാഞ്ഞുകിടക്കുന്ന കൊമ്പിലൂടെ സർപ്പതറയിൽ കാല് കുത്തി. നാഗങ്ങൾക്ക് മനസ്സിൽ പാലും പഴവും നേദിച്ചു. കൊമ്പൊന്നുലഞ്ഞപ്പോൾ കാറ്റിന്റെ ദേവന് മനസ്സിൽ പുഷ്പാർച്ചനയും കഴിച്ചു. അരുത്.. ശബ്‌ദിക്കരുത്.. പതിയെ.. കാറ്റ് പോലെ... അതെ.. നിശബ്ദമായി വീശുന്ന കള്ളകാറ്റ് പോലെ... കള്ളകാറ്റ് നിശബ്ദമായി അടിവെച്ചടിവെച്ച് അകത്തു കടന്നു. ആദ്യകവാടം, പിന്നെ രണ്ടാം കവാടം, ഒടുക്കം മൂന്നാമത്തെ കവാടവും നിശബ്ദം നുഴഞ്ഞു കടന്ന് കള്ളൻ കാറ്റു പോലെ അമ്മയുടെ അരികിലെത്തി- അമ്മയാഭരണമൊന്ന് കവർന്നെടുത്തു. എല്ലാം അറിയുന്ന അമ്മ ഒരു കള്ള ചിരിയോടെ കണ്ണടച്ചിരുന്നു. അഗ്രശാലയോട് അടുത്തുള്ള മുറിയിൽ പിറന്നാളാഘോഷത്തിന്റെ കെട്ടിമാറാപ്പുമായി രണ്ടു ദിവസത്തെ ഓടിപാച്ചിലിന്റെ ക്ഷീണത്തിൽ ബോധംകെട്ടുറങ്ങുന്ന തിരുമേനിയുടെ കാതുകൾക്ക് അലോസരമുണ്ടാക്കാതെ മന്ദമാരുതൻ മന്ദം മന്ദം പുറത്ത് കടന്നു. കന്നികവർച്ചയിൽ ഒരു കുമ്പിൾ സുരക്ഷിതത്വത്തിന്റെ തീർഥം നുണഞ്ഞ് നെറുകിൽ പകർന്ന വേളയായിരുന്നു അത്. അന്ന് അർദ്ധരാത്രിക്ക് ശേഷംതന്നെ കുപ്പയിലും നെല്ല് മുളക്കാൻ കുംഭത്തിൽ ഒരു മഴ കൃത്യമായി പെയ്തു. മഴയിലും കാറ്റിലുമായി നനഞ്ഞുപാറിപറന്ന കള്ളൻ അമ്മക്ക് പുറകിൽ ഞാന്ന് കിടക്കുന്ന പുഴവക്കിൽ ചെന്ന് അപ്രത്യക്ഷനായി. സ്വന്തം ഇഷ്ടത്തോടെയല്ലാതെ ഇനിയൊരു തിരിച്ചു വരവ്, അമ്മയാഭരണവും മുറുകെ പിടിച്ച് പുഴ നീന്തികടക്കുന്ന അയാൾ ആഗ്രഹിച്ചില്ല.

അടുത്ത പകൽ. കൊടിമരചുവട്ടിൽ തിരുമേനി തലകുനിച്ച് കണ്ണുംതുറിച്ചിരുന്നു. കമ്മറ്റിക്കാരും വിശിഷ്ടാംഗങ്ങളും വിവരമറിഞ്ഞ ഭക്തരിൽ ചിലരും വഴിയേപോയവരും ഓടികൂടി. അമ്പലമുറ്റത്താണെന്ന്പോലും ഓർക്കാതെ നിലവിലെ പരിതസ്ഥിതിയിൽ പരിസരം മറന്നവർ ആദ്യം വയസൻ തിരുമേനിയെ ജീവനോടെ ഒന്ന് വറുത്തുകോരി. പാവം വൃദ്ധൻ കൈകൂപ്പി കൊടിമരചുവട്ടിൽ തളർന്നിരുന്ന് അമ്മയെ വിളിച്ചു വാവിട്ട് കരഞ്ഞു. പട്ടിയുമായി പൊലീസ് എത്തി. കള്ളനെ പിടിക്കാൻ പട്ടി ആദ്യം മൂക്ക് വിടർത്തി. മണംപിടിക്കാൻ തുടങ്ങിയ പട്ടിയുടെ മൂക്കിൽ മഴവെള്ളം കയറി. മുട്ടിതിരിഞ്ഞ് നിന്ന പട്ടിയെയും കൊണ്ട് കാക്കിവേഷക്കാർ മറ്റു വിവരങ്ങൾ കുറിച്ചെടുത്തു മടങ്ങി. മോഷണകുറ്റം അന്വേഷിക്കപ്പെടും. കുറ്റവാളി പിടിക്കപ്പെടും. നിയമഭൂമിയിൽ എവിടെ പോയി ഒളിച്ചാലും കള്ളന് രക്ഷപ്പെടാനാകില്ല. എല്ലാം കാണുന്ന ആകാശം നീതിയുടെ നെറ്റി ചുളിച്ചു. പൊലീസ് സ്റ്റേഷന് ചുവട്ടിൽ നിയമത്തിന്റെ അടിത്തറ അമർന്നിരിക്കുന്നു. മുകളിൽ നീതിയുടെ ആകാശം കത്തി നിൽക്കുന്നു. അവക്ക് നടുവിൽ പൊലീസ് സ്റ്റേഷൻ പടിഞ്ഞാറോട്ട് പാതിമുഖമായി നിലകൊള്ളുന്നു. ആകാശത്തിനും അടിത്തറക്കും ഇടയിൽ, ഗേറ്റിന് വെളിയിൽ കള്ളൻ പ്രത്യക്ഷപ്പെടുന്നു. അയാൾ.. ക്ഷമിക്കുക അവൻ എന്ന് പറയുന്നതാവും കുറച്ചുകൂടെ ഉത്തമം. കഴിഞ്ഞ കുംഭത്തിലെ പുണർതം നാളിൽ അവന് പതിനെട്ട് വയസ് തികഞ്ഞതേയുള്ളു. അവൻ കവാടങ്ങൾ കടന്ന് ഏമാന്റെ മുമ്പിലെത്തി. തൊണ്ടി മേശപ്പുറത്ത് അലസമായി വെച്ച് കള്ളൻ കീഴടങ്ങി. അത് മേശപുറത്തിരുന്ന് കാക്കിയേ നോക്കി മഞ്ഞളിച്ചു ചിരിച്ചു. 

കള്ളനും തൊണ്ടിക്കും ചുറ്റിന് പൊലീസുകാർ വട്ടംകൂടി. വട്ടംകൂടിയ പൊലീസുകാർ കള്ളന് നേരെ തുടരെ തുടരെ ചോദ്യങ്ങൾ ഉന്നയിച്ചു. എല്ലാ ചോദ്യങ്ങൾക്കും അവൻ തുടരെ തുടരെ ഒരു മറുപടി മാത്രം പറഞ്ഞുകൊണ്ടിരുന്നു. "അമ്മ മരിച്ചു." "അമ്മ മരിച്ചു." "അമ്മ മരിച്ചു." അവന്റെ കണ്ണുകൾ കലങ്ങി ചുവന്നിരുന്നു. കുണ്ടിൽ വീണ കണ്ണുകൾ നിർജീവങ്ങളായിരുന്നു. വീട്ടിലെ ഇരുട്ട് മുറിയിൽ നിന്ന് അസുഖബാധിതയായ അമ്മയുടെ ചേതനയറ്റ ശരീരം കണ്ട് തിരിച്ചിറങ്ങിയ അവന്റെ കണ്ണുകളിൽ, തൊട്ട് മുമ്പിൽ മേശപ്പുറത്തിരിക്കുന്ന അമ്മയുടെ തിളങ്ങുന്ന തിരുവാഭരണം ഒട്ടും മൂല്യമില്ലാത്ത വസ്തുവായി തോന്നി. ചരിത്രമോ വിശ്വാസമോ മറ്റെന്തൊക്കയോ പേറുന്ന ആ വസ്തു ഇതാ തിരിച്ചേൽപ്പിക്കുന്നു. മേശപുറത്ത് അമ്മയാഭരണം മൂല്ല്യമറ്റ് കിടന്നു. വെറും തറയിൽ ഒരു മൂലയിൽ കള്ളൻ കൂനികൂടിയിരുന്നു. മുകളിൽ വാർത്തെടുത്ത മേൽകൂര ആകാശത്തെ മറച്ചു. 

English Summary:

Malayalam Short Story ' Ammayabharanam ' Written by Suraj Elamkulam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com