ഒരു യാത്രക്കാരന്റെ ഡയറിക്കുറിപ്പുകൾ
Mail This Article
കോട്ടയം-എറണാകുളം ഇരട്ട റെയിൽ പാതയിലെ യാത്രാദുരിതം വാർത്തകളിൽ നിറഞ്ഞോടുന്ന സമയം ആണല്ലോ ഇപ്പോൾ. കോട്ടയം നിന്നു ഒറ്റ റെയിൽപാത ഉള്ളപ്പോൾ എറണാകുളം ജില്ലയിൽ ജോലി കിട്ടി തുടങ്ങിയ യാത്രയാണ് ഇന്നും അനുസ്യൂതം തുടരുന്നത്. ട്രെയിൻ ക്രോസിങ്ങിനായി മിനുട്ടുകളിൽ തുടങ്ങി മണിക്കൂറുകളിൽ തീരുന്ന കാത്തിരിപ്പു പുതിയ യാത്രക്കാർക്ക് കേട്ടറിവ് മാത്രം ആയിരിക്കും. തിരുവനന്തപുരം മുതൽ ഷൊർണൂർ വരെ ഓടുന്ന വേണാട് കുട്ടനാണ് ഞങ്ങൾ പത്തുമണിക്ക് ജോലിക്കെത്തേണ്ടവരുടെ പ്രധാന ആശ്രയം. വൈകി ഓടി വൈകി ഓടി ഒരിക്കൽ യാത്രക്കാർ കോട്ടയം പാതയിൽ ട്രെയിൻ തടഞ്ഞതും റെയിൽവേ പൊലീസ് കേസ് എടുത്തു യാത്രക്കാർ പോക്കറ്റിൽ നിന്ന് ക്യാഷ് പിരിവിട്ടു ഫൈൻ അടച്ചതും പലരുടെയും ഓർമകളിൽ മാത്രമായി ചുരുങ്ങി. അല്ല എന്താണ് പഴംപുരാണം ഇത്ര നീട്ടി പറയുന്നത് എന്നാകും അക്ഷരങ്ങളിലൂടെ കണ്ണോടിക്കുന്ന നിങ്ങളുടെ ആലോചന. ഒരാളെ കുറിച്ച് എഴുതാതെ പോകുന്നത് അപമര്യദയായി പോകും എന്നുള്ളത് കൊണ്ടാണീ കഥപറച്ചിൽ. സീനിയർ ലോക്കോപൈലറ്റ് മനോജ് സർ ആരാണിയാൾ?
രാവിലെ കണ്ണുതിരുമ്മി ആദ്യം നോക്കുന്നത് വേണാടിന്റെ റണ്ണിങ് സ്റ്റാറ്റസ് ആണ് പിന്നെ അതനുസരിച്ചാണ് കുളിയുടേം പ്രഭാതഭക്ഷണത്തിന്റേം വേഗത. ട്രെയിൻ എങ്ങാനും കൃത്യ സമയം പാലിച്ചു കായംകുളം എത്തിയെങ്കിൽ ഒന്നുറപ്പിക്കാം ഒരാൾ എൻജിൻ സീറ്റിൽ ഉണ്ട് സീനിയർ ലോക്കോപൈലറ്റ് മനോജ് സർ. അല്ലെങ്കിൽ LHB റേക്കിൽ ഓടുന്ന ട്രെയിൻ ഓരോ സ്റ്റോപ്പിലും നിർത്തി എടുക്കുമ്പോൾ ഉള്ള ചാട്ടത്തിൽ നടുവ് വെട്ടിയ അനുഭവസ്ഥർ ഇശ്ശി കൂടുതലാണ് ട്രെയിനിൽ. പക്ഷേ മനോജ് സാറിനെ പോലുള്ള സീനിയർ ലോക്കോപൈലറ്റ് നിയന്ത്രിച്ചാൽ അങ്ങനെ ഒരു ദുരനുഭവം യാത്രക്കാർക്ക് ഉണ്ടാകുന്നില്ല. ഇങ്ങേരെന്താ മജിഷ്യൻ ആണോ അല്ല ചെയ്യുന്ന ജോലിയോട് ആത്മാർഥത ഉള്ള യാത്ര ഓരോരുത്തർക്കും സമയം എത്ര വിലപ്പെട്ടതാണെന്ന് മനസ്സിൽ ഓർക്കുന്ന സാധാരക്കാരനായ ഒരു ജീവനക്കാരൻ മാത്രം.
ഇന്ന് രാവിലെ എറണാകുളത്തേക്കുള്ള വേണാട് കൃത്യസമയം പാലിച്ചപ്പോൾ സിഗ്നൽ ലഭിച്ചാൽ ആർക്കും ലക്ഷ്യം കാണാമെന്ന് പറഞ്ഞ് പ്രതിരോധം തീർക്കുന്നവരോട് ഒരു യാത്രക്കാരൻ പറഞ്ഞപോലെ ‘വേണാടിന്റെ മികച്ച റൺ റെയിൽവേ റെക്കോർഡുകളിൽ മാത്രമല്ല മനോജ് സർ രേഖപ്പെടുത്തൽ വരുത്തിയിരിക്കുന്നത്, യാത്രക്കാരുടെ ഹൃദയത്തിലാണ്.. അത് ഭേദിക്കട്ടെ.. എന്നിട്ട് സംസാരിക്കാം ചേട്ടാന്നു..’ അഭിനന്ദനങ്ങൾ മനോജ് സാർ ഞങ്ങളുടെ വിലപ്പെട്ട സമയത്തിന്റെ കാവലാൾ ആകുന്നതിനു. വൈകി എത്തുമ്പോൾ പുച്ഛിച്ചു നോക്കുന്നവരുടെ മുഖത്ത് ആഹാ നേരത്തെവരാൻ തുടങ്ങിയോ എന്നുള്ള അത്ഭുതം വിരിയിച്ചതിന്.
പിന്നെ സമയത്തിന് എത്തണേൽ നേരത്തെ പോണം എന്ന് പറയുന്ന സഹൃദയരോട് അണ്ണാ രാവിലെ ഏഴുമണിക്ക് ഒരു വണ്ടി പോയാൽ വേണാട് മാത്രേ ഉള്ളു. യാത്ര നേരത്തെ ആക്കുമ്പോൾ നഷ്ടമാകുന്നത് ഒരു മണിക്കൂർ മാത്രമല്ല 5 വയസ്സായ മോളുടെ കളിചിരികൾ മുതൽ പ്രായമായ മുത്തശ്ശിക്ക് സമയത്തു നൽകേണ്ട മരുന്നു, നടക്കാൻ പോകുമ്പോൾ കാണുന്ന സൗഹൃദങ്ങളുടെ പുഞ്ചിരി അങ്ങനെ പലതുമാണ്. ഞങ്ങൾ വൈകുന്നത് കൃത്യസമയത്തു ഇറങ്ങാത്തതു കൊണ്ടല്ല ട്രെയിൻ കൃത്യസമയം പാലിക്കാത്ത കൊണ്ടാണ്. ജീവിതം ജോലിക്കായി മാത്രം ഓടിതീർക്കാൻ മാത്രം ഉള്ളതല്ല നമ്മുടെ സന്തോഷങ്ങൾക്കു കൂടിയുള്ളതാണ്.