ADVERTISEMENT

ഞാൻ ബിനുമോൻ. നിലമ്പൂർ സ്വദേശിയാണ്. താമസം മുംബൈയിലും, വളരെയധികം യാത്ര ചെയ്യുന്ന ആളാണ് ഞാൻ, എന്റെ യാത്രകളിൽ രസകരമായ ഒത്തിരിയേറെ അനുഭവങ്ങൾ ഉണ്ടാകാറുണ്ട്. അതൊന്നും എഴുതാൻ സമയം ലഭിക്കാറില്ല. എന്നാൽ കഴിഞ്ഞദിവസം ഉണ്ടായ ഒരനുഭവം ഞാൻ ഇവിടെ കുറിക്കുകയാണ്. ഞാൻ മുംബെയിൽ നിന്ന് മധ്യപ്രദേശിൽ പോകയാണ്. സമയം രാത്രി 12  ആയി. ഞാൻ ബുക്ക് ചെയ്ത യൂബർ വന്നു. റെയിൽവേ സ്റ്റേഷൻ എത്താൻ കുറച്ച് റിമോട്ട് ഏരിയയിലൂടെ യാത്ര ചെയ്യേണ്ടതുണ്ട്. 

യാത്രയ്ക്കിടയിൽ ഡ്രൈവർ ഉറങ്ങുന്നതായി തോന്നി. ശ്രദ്ധിച്ചപ്പോൾ അയാൾ ശരിക്കും ഉറങ്ങുകയാണ്. അപകടം മനസ്സിലാക്കിയ ഞാൻ അയാളോട് സംസാരിക്കാൻ ആരംഭിച്ചു, വർത്തമാനത്തിന് ഇടയിൽ അയാളുടെ കണ്ണ് അടയുന്നത് ഞാൻ ഗ്ലാസിലൂടെ കണ്ടു. അർധരാത്രി റോഡിൽ കുറെ പട്ടികൾ മാത്രമാണുള്ളത്, റോഡ് വിജനമാണ്, ബ്രേക്ക് ചവിട്ടാൻ മറന്നതിനാൽ ഒന്ന് രണ്ട് കുഴികളിൽ വണ്ടി ചാടി, മുൻപിൽ വരുന്ന വാഹനത്തിന്റെ ലൈറ്റ് അടിക്കുമ്പോൾ ഡ്രൈവർ ചാടി ഉണരുന്നത് ഞാൻ കണ്ടു. ഞാൻ അപകടം ഉറപ്പിച്ചു, യൂബർ ആണ് അർധരാത്രി ആയതിനാൽ കർക്കശമായി സംസാരിക്കാൻ ബുദ്ധിമുട്ട് ഉണ്ട്, എനിക്ക് സമയത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിയെ പറ്റൂ..

രണ്ടും കൽപ്പിച്ച് ഞാൻ അയാളോട് ചോദിച്ചു നിങ്ങൾക്ക് ഉറക്കം വരുന്നുണ്ടോ? അയാൾ പറഞ്ഞു "ഒരു ദീർഘദൂര ഓട്ടം കഴിഞ്ഞ് ഞാൻ വന്നതാണ് അപ്പോഴാണ് നിങ്ങളുടെ ട്രിപ്പ് വന്നത് നിങ്ങളെ കൊണ്ടാക്കിയിട്ട് വേണം എനിക്ക് ഉറങ്ങാൻ," അൽപ്പദൂരം കൂടെ വണ്ടി മുന്നോട്ട് പോയപ്പോൾ ഞാൻ അപകടം മണത്തു, രണ്ടും കൽപ്പിച്ച് ഞാൻ അദ്ദേഹത്തോട് ഒരു ചോദ്യം "നിങ്ങൾക്ക് ഉറക്കം വരുന്നെങ്കിൽ ഞാൻ  ഡ്രൈവ് ചെയ്യാം.." കേൾക്കാൻ ബാക്കി അയാൾ വണ്ടിയും ലോക്കേഷൻ മൊബൈലും എന്നെ ഏൽപ്പിച്ച് അടുത്ത സീറ്റിൽ ബോധം കെട്ട് ഉറങ്ങാൻ ആരംഭിച്ചു.. ശരിക്കും ബോധം പോകേണ്ടത് എന്റേതാണ്, വിശ്വാസം അതല്ലേ എല്ലാം!!!! ഇങ്ങനെയും ഉണ്ടോ വിശ്വാസം!!!

എന്റെ യാത്രകളിൽ ബസിൽ ഉറങ്ങി എന്റെ മടിയിലേക്ക് വീണവരും, സീറ്റിനടിയിൽ തല കുടുങ്ങിയവരും, ട്രെയിൻ ബെർത്തിൽ നിന്ന് താഴെ വീണവരും, ഉറങ്ങി ബസ് സ്റ്റോപ്പ് മാറിയിറങ്ങിയവരും ഇങ്ങനെ ഉറക്കത്തിന്റെ രസകരമായ കോമാളിത്തരങ്ങൾ കണ്ടിട്ടുണ്ടെങ്കിലും, ഇങ്ങനെ സർവ സമ്പത്തും എന്റെ കൈയ്യിൽ ഏൽപ്പിച്ച ഒരാളുടെ സുഖനിദ്ര ആദ്യമായി കാണുകയാണ്.. എന്നെ ചിന്തിപ്പിച്ച ഉറക്കം. ഞാൻ ആരാണ് ഏതു നാട്ടുകാരൻ ആണ് അയാൾക്ക് അറിയില്ല, സമയം അർധരാത്രി, വിജനമായ സ്ഥലം. എന്നെ അയാൾ ആദ്യമായി കാണുന്നു.. അപ്പോ നിങ്ങൾ പറയും അയാൾ തണ്ണി  ആണെന്ന്.. നോ ഒരിക്കലും അല്ല.. പാവം ജീവിത ചക്രം ഉരുട്ടുകയാണ്.. ഒരു കുടുംബത്തെ പോറ്റാൻ അഹോരാത്രം അധ്വാനിക്കുകയാണ്, രാത്രിയെ പോലും പകലാക്കി വളയം പിടിക്കുന്ന ലോകത്തിലെ നിസ്സഹായരായ ഡ്രൈവർമാരെയെല്ലാം ആ നിമിഷം ഞാൻ ഓർത്തുപോയി...

ജീവിതത്തിൽ ആദ്യമായി ഞാൻ യൂബർ ഡ്രൈവർ ആയ ദിവസം.. ചിന്തയും ചിരിയും ഒരുപോലെ വരുന്നു, ഇടയ്ക്ക് എന്റെ വണ്ടിയിലെ യാത്രക്കാരന്റെ ഉറക്കം കണ്ട് എനിക്ക് തന്നെ ഞാൻ സ്വപ്നത്തിൽ ആണോ എന്ന സംശയം. അദ്ദേഹത്തിന്റെ കൂർക്കം വലിയുടെ ശബ്ദം കേട്ട് ഞാൻ മറ്റുള്ളവർക്ക് ഇത്ര അധികം വിശ്വസിക്കത്തക്ക ഒരു സാധനമാണോ എന്ന് ചിന്തിച്ചു പോയി, എനിക്ക് എന്നോട് തന്നെ വിശ്വാസം തോന്നിയ ദിവസം. ഉദ്ദിഷ്ട സ്ഥലത്ത് എത്തുന്നത് വരെ എന്റെ യാത്രക്കാരൻ ഉണർന്നില്ല. ദീർഘശ്വാസം വിട്ടു വണ്ടി പാർക്ക് ചെയ്ത് ഞാൻ അദ്ദേഹത്തെ തട്ടി വിളിച്ചു..

അദ്ദേഹം:  स्थान पर पहुँचे?( സ്ഥലത്ത് എത്തിയോ)

ഞാൻ: एस पहुंचे (എത്തി)

ഞാൻ: कार पार्क किया है, अब आप सो सकते हैं(കാർ പാർക്ക് ചെയ്തു, നിങ്ങൾക്ക് ഇനി ഉറങ്ങാം)

ഉറക്കം ഉണർന്ന് ഡിജിറ്റൽ ലോകത്തേക്ക് കണ്ണ് തുറന്ന അദ്ദേഹം മൊബൈൽ ബട്ടൺ അമർത്തി Rs 277 ഞാൻ bhim app അമർത്തി 277 paid . Thanks പറഞ്ഞു ഞാൻ നടക്കുമ്പോൾ എന്നോട് അയാൾ പറഞ്ഞു 5 സ്റ്റാർ തരണേ എന്ന്... സംശയം ബാക്കി 5 സ്റ്റാർ എനിക്കോ അതോ അയാൾക്കോ..

English Summary:

Malayalam Experience Note ' Vishwasam Athalle Ellam ' Written by Binumon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com