'സ്വത്തുക്കൾ മക്കൾക്കായി വീതിച്ചു കൊടുത്തു', മരിക്കുന്നതുവരെ ആ മനുഷ്യനെ ആരും തിരിഞ്ഞു നോക്കിയില്ല
Mail This Article
വേദനിപ്പിക്കുന്ന മറക്കാനാവാത്ത ഓർമ്മകളായി ഓടിയെത്തുന്നു; തന്റെ അച്ഛിച്ഛന്റെ മരണം. ആകെ ഏഴു വയസ്സു മാത്രം പ്രായമുള്ള ലച്ചുവിന്റെ നഷ്ടം. അതൊരിക്കലും തീരാത്ത വേദനയുടെ നഷ്ടം. തന്റെ എല്ലാമായിരുന്ന അച്ഛിച്ഛൻ; തന്നെ വിട്ടു പോയെന്നും ഇനി ഒരിക്കലും കാണാൻ കഴിയില്ലെന്നുമുള്ള അമ്മമ്മയുടെ വാക്കുകൾ തന്നെ ഏറെ വേദനിപ്പിച്ചു. ഇനി തനിക്കാരുമില്ലെന്നുവരെ കൊച്ചു ലച്ചുവിന് തോന്നിപ്പോയി. അഗാധമായ ഏതോ കുഴിയിൽ അച്ഛിച്ഛന്റെ കൂടെ ഒട്ടിച്ചേർന്ന് താനും കിടക്കുന്നത് കൺമുന്നിൽ സ്വപ്നമായി തെളിഞ്ഞു നിന്നു. എല്ലാം നഷ്ടപ്പെട്ടവന്റെ നൊമ്പരമായിരുന്നോ അത്? അറിയില്ല, ഒന്നും ഒന്നും... അന്നവിടെ മക്കളെല്ലാവരും ആർത്തുവിളിച്ചു കരഞ്ഞു. നാലുപേരും ഒരുമിച്ച് ആത്മാവ് വിട്ടകന്ന ആ ദേഹത്തിന് ചുറ്റും കരച്ചിലും പരാതിപറച്ചിലുമായി കുറേ നേരം കടന്നു പോയി. ചടങ്ങുകൾ ഓരോന്നോരോന്നായി തീർത്തു. ശവമടക്ക് കഴിഞ്ഞ് ഓരോരുത്തരായി പടിയിറങ്ങി. അന്നു തന്നെ മറ്റു മൂന്നു മക്കളും ആ തറവാടുവിട്ട് അൽപം മാറി വല്ല്യച്ഛന്റെ വീട്ടിലേക്ക് മാറി. പതിനഞ്ചു ദിവസം പോയിട്ട് ഒരു ദിവസം പോലും അവർക്ക് അവരുടെ അച്ഛനു വേണ്ടി മാറ്റിവെക്കാനുള്ള സമയമില്ലായിരുന്നു.
എല്ലാം നഷ്ടപ്പെട്ട് ദയനീയമായ കണ്ണുകളോടെ നോക്കുന്ന ജീവനുള്ള രണ്ടാത്മാക്കളായ് കുമാരൻ നായരും ശാരദയും അന്തവും കുന്തവുമില്ലാത്ത ലച്ചുവും മാത്രമായ ആ വീട്ടിൽ കുടുംബത്തിൽപെട്ട ആരൊക്കെയോ ഞങ്ങളുടെ കൂടെ പതിനഞ്ചു ദിവസം നിന്നു. 15 ന് ചടങ്ങുകൾക്കായി ഏവരും വന്നു. ബലിയിടാൻ പോകുന്നത് രണ്ടു സെക്ഷനായിട്ടായിരുന്നു. അച്ഛന്റെ കൂടെ അച്ഛിച്ഛന്റെ അനിയനും കൂടെ താനും ഞങ്ങള് വേറെ ബാക്കി മൂന്നു പേര് വേറെ. അങ്ങനെ ചടങ്ങുകളും കർമ്മങ്ങൾക്കും ശേഷം വീട്ടിലേക്കെത്തി. ആ ഒത്തുകൂടൽ ഇന്നോർക്കുമ്പോൾ ചിരി പൊട്ടുന്നു. തട്ടിൻപുറത്തു നിന്നും എടുത്താൽ താങ്ങാത്ത ഓട്ടുരുളിയുമായുള്ള വല്ല്യമ്മയുടെ ആ വരവ് ഇന്നും തന്റെ കണ്ണുകളിൽ അത്ഭുതം നിറക്കുന്നു. അങ്ങനെ ഓരോ സാധനങ്ങളും എന്തിന് ഇരിക്കാനുള്ള പലക വരെ വീടിന് പുറത്തെത്തിക്കുന്നതിന്റെ തിരക്കിലാണവരെല്ലാരും. ഭാഗ്യത്തിന് ആ വീടിന്റെ ഓടും കഴുക്കോലുമൊന്നും ആരും കൊണ്ടു പോയില്ല.
മരണദിവസം കരഞ്ഞ് തകർത്തവർ ഉള്ളിൽ തട്ടി സങ്കടം കൊണ്ട് കരഞ്ഞതാണോ എന്ന് എനിക്കൊരു സംശയമില്ലാതില്ല. മരിച്ച് മണ്ണോടു ചേർന്നു പോലും കഴിഞ്ഞോ എന്തോ? പാവം ആ ആത്മാവ് ഇതെല്ലാം കണ്ട് ആർക്കു വേണ്ടി താൻ ജീവിച്ചുവെന്ന് സ്വയം ചോദിക്കുന്നുണ്ടാകാം. തനിക്കു വേണ്ടി ജീവിച്ചില്ലെന്ന കുറ്റബോധത്തോടെ തല താഴ്ത്തിയിട്ടുണ്ടാവാം. അച്ഛിച്ഛൻ അമ്മയില്ലാതെ വളർത്തിയ നാലു മക്കൾ. ആ മനുഷ്യനെ മരിക്കുന്നതു വരെ തിരിഞ്ഞു നോക്കാത്തവർ. അദ്ദേഹം ഒരു തെറ്റു ചെയ്തു. മരിക്കുന്നതിനു മുൻപേ തന്റെ സ്വത്തുക്കൾ തന്റെ മക്കൾക്കായി വീതിച്ചു കൊടുത്തു. അതോടു കൂടി അദ്ദേഹത്തെ കാണാനുള്ള വരവും നിന്നു. ഞങ്ങൾ മൂന്നു പേർക്കും അഗാധമായ വേദനയായിരുന്നു ആ നഷ്ടം. നാലു മക്കളുള്ള ആ വൃദ്ധന്‍, മക്കൾ എല്ലാവരും അടുത്തുണ്ടാവണമെന്ന് മോഹിച്ചിട്ടുണ്ടാവില്ലേ? ഇന്ന് തനിക്കറിയാം അച്ഛിച്ഛൻ തന്നെക്കാൾ ഏറെ സ്നേഹിച്ചിരുന്നത് വല്ല്യമ്മേടെ മക്കളെയായിരുന്നു. പക്ഷെ അവരെ അദ്ദേഹത്തിന്റെ അവസാന കാലത്ത് ഒരു നോക്കു കാണാൻ സാധിച്ചില്ല. അവരുടെ കൊച്ചു മക്കളെ ഒന്നു കാണണമെന്ന മോഹം ബാക്കിയാക്കി ആകാശത്തൊരു നക്ഷത്രമായി മാറി.