'അവൾ വരുമ്പോൾ കാട്ടുപാലപ്പൂവിന്റെ ഗന്ധമാണ്'; യക്ഷിയോടുള്ള അടുപ്പം പ്രണയമായി മാറി
Mail This Article
കാട്ടുപാലപ്പൂവിന് ഗന്ധമില്ല എന്നാണു എല്ലാവരും പറയാറ്. പക്ഷെ ഞാൻ അനുഭവിച്ചിട്ടുണ്ട് ഈ കാട്ടുപാലമരത്തിലെ പൂവിന്റെ ഗന്ധം. അഷ്ടമിക്കാവിന്റെ വിശാലമായ കുളിർമ്മയിൽ പറമ്പിന്റെ തെക്കേ അരികിൽ നിൽക്കുന്ന കാട്ടുപാലച്ചോട്ടിൽ ഒറ്റയ്ക്ക് ഇരിക്കുമ്പോ ആ ഗന്ധം എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്. ആദ്യം തോന്നിയതാണ് എന്ന് വിചാരിച്ചു. പിന്നീടത് കൂട്ടുകാരോട് പറഞ്ഞപ്പോ വല്ല യക്ഷിയും ആയിരിക്കും എന്നവർ പറഞ്ഞു കളിയാക്കി. കാരണം അവർക്കൊരിക്കലും അങ്ങനൊരു ഗന്ധം അനുഭവപ്പെട്ടിട്ടില്ല അവിടെ. മനസ്സ് നോവുമ്പോ അവിടെ പോയി ഒറ്റയ്ക്കിരിക്കാൻ തുടങ്ങിയപ്പോ ആണ് എനിക്കാ ഗന്ധം അനുഭവപ്പെട്ടു തുടങ്ങിയത്. കൂട്ടുകാർ തമാശയായി പറഞ്ഞതാണെങ്കിലും ഞാനാ ഗന്ധത്തോടു എപ്പോഴോ എന്റെ സങ്കടങ്ങൾ പറയുവാൻ തുടങ്ങി. അപ്പോഴൊക്കെ ഒരു തണുത്ത കാറ്റും പിന്നെ കാട്ടുപാലപ്പൂവിന്റെ ഗന്ധവും എന്നെ പൊതിയാൻ തുടങ്ങി. കൂടെ ഒരാളുള്ളതു പോലെ. പതിയെ നെറുകയിൽ തലോടി സാന്ത്വനപ്പെടുത്തുന്ന പോലെ. കാട്ടുപാലപ്പൂവിന്റെ ഗന്ധത്തിലൂടെ യക്ഷിയെ ഞാൻ പതുക്കെ അറിയുകയായിരുന്നു. പിന്നീട് അവളെനിക്ക് കൂട്ടായി സാന്ത്വനം ആയി. പിരിയാനാവാത്ത വിധം അടുപ്പമായി.
യക്ഷിയോട് സംസാരിച്ചിരിക്കുമ്പോൾ പലപ്പോഴും ദീപാരാധനയ്ക്ക് കാവിലേക്കു തൊഴാൻ മിഡിയും ടോപ്പും ഇട്ടു വരുന്ന ഒരു നാടൻ സുന്ദരിയെ ശ്രദ്ധിച്ചിരുന്നു. യക്ഷിയോട് സംസാരിച്ചു തുടങ്ങിയശേഷം കുറച്ചു നാളായിട്ടു ദീപാരാധന തൊഴാറില്ലായിരുന്നു. കോളജ് കഴിഞ്ഞു വീട്ടിൽ എത്തി ഒന്ന് കുളിച്ചു ആറു മണിയോടെ അഷ്ടമിക്കാവിൽ എത്തും. തൊഴുതിട്ടു നേരെ യക്ഷിയുടെ അടുത്തേക്ക്. അന്നത്തെ വിശേഷങ്ങളും പരിഭവങ്ങളും പങ്കുവയ്ക്കുമ്പോഴേക്കും കാട്ടുപാലപ്പൂവിന്റെ മണവും കുളിർ കാറ്റും വന്നു എന്നെ മൂടും. അതിനിടയിൽ പലതും കാണാതെ പോയിരുന്നു. അതിലൊന്നാണ് ഈ നാടൻ സുന്ദരിയും. യക്ഷിയോട് യാത്രപറഞ്ഞു ദീപാരാധന തൊഴാൻ പോയി. അവളെ ഒന്ന് അടുത്ത് കാണാൻ വേണ്ടി. അകലെ നിന്നും കണ്ടതുപോലെയല്ല. നടയിൽ തെളിഞ്ഞു കത്തുന്ന എണ്ണ വിളക്കിന്റെ ശോഭയിൽ അതുപോലെ ശോഭയാർന്ന ഒരു മുഖം. ഒന്ന് പ്രണയിക്കാൻ തോന്നും ആ തെളിഞ്ഞ മുഖം കണ്ടാൽ ആർക്കും. കണ്ണുകൾ നേർക്ക് വന്നപ്പോ അറിയാതെ ഒരു പുഞ്ചിരി മാത്രം പങ്കുവച്ചു തമ്മിൽ. പിന്നീട് അതൊരു പതിവായി. കാവിനു സൗന്ദര്യവും പ്രഭയും കൂടിയതുപോലെ തോന്നി പിന്നീടങ്ങോട്ട്. കാട്ടുപാലച്ചോട്ടിൽ ഒറ്റക്കിരിക്കുന്ന എന്നെ അവൾ നോക്കുന്നത് ഞാൻ കാണാറുണ്ടായിരുന്നു. പക്ഷെ ഒന്ന് സംസാരിക്കാനുള്ള ധൈര്യം മാത്രം കിട്ടിയില്ല. പക്ഷെ യക്ഷിയോട് അവളെപ്പറ്റി പറഞ്ഞു തുടങ്ങി ഞാൻ. മറുപടിയായി കുളിർതെന്നലും പാലപ്പൂവിന്റെ ഗന്ധവും മാത്രം.
അന്നൊരു വ്യാഴാഴ്ച്ച, അവൾ പട്ടു പാവാട അണിഞ്ഞു സുന്ദരി ആയി തൊഴാൻ വന്ന ദിവസം. മനസ്സ് പറഞ്ഞു അവളോടൊന്നു സംസാരിക്കാൻ. ധൈര്യം സംഭരിച്ചു നേരെ നടന്നു കാവിലേക്കു പോകുന്ന അവൾക്കു നേരെ. അകത്ത് കയറി വലം വയ്ക്കുന്നതിനിടയിൽ അവളോട് ചോദിച്ചു. ഇന്ന് സുന്ദരിയായിട്ടു ഒരുങ്ങി ആണല്ലോ വരവ്. എന്തെങ്കിലും വിശേഷം ഉണ്ടോ? ചോദ്യം കാത്തിരുന്നപോലെ അവൾ മറുപടി പറഞ്ഞു. അതെ, ഇന്ന് രോഹിണിയാണ് നക്ഷത്രം, എന്റെ പിറന്നാളാണ്. അപരിചിതത്വം ഒട്ടും ഇല്ലാതെയുള്ള അവളുടെ മറുപടി എന്നെ അത്ഭുതപ്പെടുത്തി. ജന്മദിനാശംസകൾ നേർന്ന ശേഷം ആണ് പേര് ചോദിക്കുന്നത്. തമ്മിലുള്ള സൗഹൃദം അവിടെ തുടങ്ങുകയായിരുന്നു. പിന്നീടത് പ്രണയത്തിലേക്ക് വഴിമാറി ഒഴുകാൻ തുടങ്ങി.
പതിവ് കണ്ടുമുട്ടലുകൾക്കും ഒരുമിച്ചുള്ള ദീപാരാധന തൊഴലുകൾക്കും ഇടയിൽ ഒരു ദിവസം അവൾ ആ ചോദ്യം ചോദിച്ചു. എന്തിനാ ആ കാട്ടുപാലമരത്തിന്റെ ചോട്ടിൽ ഒറ്റയ്ക്ക് ഇരിക്കുന്നെ എന്ന്. മറുപടി പറയാൻ ഒന്ന് അമാന്തിച്ചപ്പോ അവളുടെ അടുത്ത ചോദ്യം വന്നു. എന്താ പറയാൻ മടിയുള്ള എന്തെങ്കിലും കാര്യം ഉണ്ടോ. അവളുടെ സംശയം കൂടുതൽ കുഴപ്പത്തിലാക്കി എന്നെ. എന്നാലും പറയാൻ തന്നെ തീരുമാനിച്ചു. എനിക്കൊരു യക്ഷീ സൗഹൃദം ഉണ്ട്. എനിക്ക് നിന്നെ പോലെയോ ഒരുപക്ഷെ അതിനേക്കാൾ ഏറിയതോ ആയ പ്രിയപ്പെട്ട ഒരു യക്ഷി. അവൾ ആ കാട്ടുപാല മരത്തിൽ ആണ് ഉള്ളത്. ഞങ്ങൾ എന്നും സംസാരിക്കാറുണ്ട്. അവൾ വരുമ്പോ തണുത്ത കാറ്റും പിന്നെ പാലപ്പൂ ഗന്ധവും എന്നെ പൊതിയും. കണ്ണിമ വെട്ടാതെ ഇതൊക്കെ കേട്ട് നിന്ന അവൾ എങ്ങനെ പ്രതികരിക്കും എന്ന പേടിയായിരുന്നു എനിക്ക്. പക്ഷെ അവളുടെ മറു ചോദ്യം ആണ് എന്നെ ഞെട്ടിച്ചത്. നാളെ എനിക്കും വരണം അവിടെ. നമുക്ക് ഒരുമിച്ചു സംസാരിക്കാം യക്ഷിയോട്. അത് നടക്കില്ല എന്നും എന്റെ കൂട്ടുകാർ പോലും വിശ്വസിക്കാത്ത കാര്യം ആണെന്നും ഒക്കെ പറഞ്ഞു അവളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു എങ്കിലും അവൾ വഴങ്ങിയില്ല. ഒടുവിൽ സമ്മതിക്കേണ്ടി വന്നു.
പിറ്റേന്ന് പതിവിലും കുറച്ചു നേരത്തെ ഞാൻ എത്തി കാട്ടുപാലമരച്ചോട്ടിൽ ഇരുന്നു അവൾ ഇന്ന് സംസാരിക്കാൻ വരുന്ന വിവരം യക്ഷിയോട് പറഞ്ഞു. ഇന്നലെ നടന്ന കാര്യങ്ങൾ ഒക്കെ വിവരിച്ചു. പക്ഷെ പാലപ്പൂവിന്റെ ഗന്ധമോ കാറ്റോ എന്നെ തഴുകിയില്ല. വീണ്ടും വീണ്ടും സംസാരിക്കാൻ ശ്രമിച്ചിട്ടും ഒന്നും സംഭവിച്ചില്ല. ഭയവും സങ്കടവും മനസ്സിനെ വല്ലാതെ മുറുക്കി കൊണ്ടിരുന്നു. പക്ഷെ യക്ഷി വന്നില്ല അരികിലേക്ക്. ആ സമയം തന്നെ പിറന്നാൾ ദിവസം ഇട്ട പട്ടു പാവാടയും ഉടുത്തു പതിവിലും സുന്ദരി ആയിട്ടാണ് അവൾ വന്നത്. കാട്ടുപാലമരച്ചോട്ടിൽ ഇരിക്കുന്ന എന്നെ കണ്ടു അവൾ നേരെ അങ്ങോട്ട് വന്നു. എന്നെ വിളിച്ചു വാ നമുക്ക് തൊഴുതിട്ടു വരാം എന്ന് പറഞ്ഞു കൈപിടിച്ച് കാവിലേക്ക് കൊണ്ടുപോയി. തൊഴുതു വലം വച്ച് അവൾ എന്നെയും കൂട്ടി നേരെ കാട്ടുപാലമരച്ചോട്ടിലേക്കു നടന്നു. എന്ത് പറയണം എന്നറിയാതെ കൂടെ ഞാനും. അവിടെ ചെന്നിരുന്നു ഉടനെ അവൾ പതുക്കെ സംസാരിക്കാൻ തുടങ്ങി യക്ഷിയോട്. പക്ഷെ ഒന്നും സംഭവിച്ചില്ല. കൂടെ ഞാനും സംസാരിച്ചു തുടങ്ങി ഒരു പരാജിതനെ പോലെ. പക്ഷെ ഒന്നും സംഭവിച്ചില്ല.
എല്ലാം കൈവിട്ടു പോയി എന്ന് തിരിച്ചറിഞ്ഞപ്പോ കണ്ണുനീർ ധാരയായി ഒഴുകാൻ തുടങ്ങി. അത് കണ്ട അവൾ ചിരിക്കുകയാണ് ചെയ്തത്. എല്ലാം ഒരു തോന്നൽ മാത്രമെന്നുള്ള അവളുടെ വാദത്തെ ഉറപ്പിക്കും വിധമുള്ള ചിരി. പരാജിതനായി എന്നുള്ള വേദനയേക്കാൾ ഏറ്റവും പ്രിയപ്പെട്ട ഒരാൾ ഉപേക്ഷിച്ചു പോയി എന്ന തിരിച്ചറിവാണ് സങ്കടപ്പെടുത്തിയത്. അത് സഹിക്കാനാവാതെ മുഖം പൊത്തി തേങ്ങി കരഞ്ഞു. അത് കണ്ടിട്ടാവണം അവൾ പതുക്കെ എന്നെ വട്ടം പിടിച്ചു തോളോട് ചേർത്തു. ഒരു സാന്ത്വനം പോലെ തോന്നിയ അവളുടെ സ്നേഹം എന്നെ ഒന്ന് ആശ്വസിപ്പിച്ചു. മനസ്സ് പതിയെ ശാന്തമാവാൻ തുടങ്ങി. എന്നെ ചുറ്റിയ അവളുടെ കൈകൾക്കു ഇളം കാറ്റിന്റെ തണുപ്പും അവളുടെ മേനിയിൽ നിന്നുതിരുന്നത് കാട്ടു പാലപ്പൂവിന്റെഗന്ധവും ആണെന്ന് ഞാൻ പതിയെ തിരിച്ചറിയുകയായിരുന്നു.