ADVERTISEMENT

ഒരു ദിവസം രാത്രി കിടക്കുന്നതിന് മുന്നെ, അവൾ ആദ്യമായി ഡയറി എഴുതിത്തുടങ്ങി. ഇതാ ഇങ്ങനെ- ഹായ്! ഞാൻ പാർവതി. വയസ് 25. എല്ലാരും എന്നെ പാറു, പാറുട്ടി എന്നൊക്ക്യാ വിളിക്ക്യാ. എന്നാൽ, ചെല കുരുത്തംകെട്ട പിള്ളേര് എന്നെ 'പാറക്കുട്ടി' എന്നാ വിളിക്ക്യാ. എനിക്കാണേൽ അത് കേക്കണതേ കലിയാ. പക്ഷേ, ഞാൻ എന്നെ വിളിക്കണത് 'പാതി' എന്നാ. അതിന് രണ്ട് കാരണണ്ട്. ഒന്ന്- 'പാർവതി' എന്ന പേരിന്റെ ആദ്യത്തേം, അവസാനത്തേം അക്ഷരം. രണ്ട്- ഞാനാഗ്രഹിച്ചേന്റെ 'പാതി'യേ എനിക്ക് കിട്ടൂ. അതുകൊണ്ട്, എനിക്കെന്തേലും കിട്ടണേൽ, ഞാൻ ഇരട്ടി ആഗ്രഹിക്കും. അതാണെന്റെ വിധി. എനിക്ക് അമ്മേം, ഒരനിയനും ഉണ്ട്- കണ്ണൻ എന്ന വിഷ്ണു. എപ്പഴും 'ചേച്ചി..ചേച്ചി' എന്നും വിളിച്ച് പിറകേ നടക്കും. ഒരു പാവം! ഞങ്ങള് തമ്മില് പത്ത് വയസ് വ്യത്യാസണ്ട്. അച്ഛൻ പണ്ടേ പോയി. അമ്മയാണ് ഞങ്ങളെ വളർത്തീത്. അമ്മ പണിക്ക് പോമ്പൊ ഞാനാ കണ്ണനെ നോക്കീതും, വളർത്തീതും ഒക്കെ. അവനെപ്പഴും കുഞ്ഞ് നാളില് എന്നെയാ 'അമ്മേ' എന്ന് വിളിച്ചിരുന്നത്. അതുകൊണ്ട് എനിക്കവൻ അനിയൻ മാത്രല്ല, ഒരു മകനും കൂടിയാണ്. പിന്നെ, എനിക്കധികം കൂട്ടുകാരൊന്നൂല്ല്യ. കണ്ണനാണ് എന്റെ ഉറ്റ ചങ്ങാതി. അവൻ മഹാ കുറുമ്പനായിരുന്നു. മുടി പിടിച്ച് വലിക്ക്യാ, കെട്ടി വച്ച മുടി അഴിക്ക്യാ, പിറകിലൂടെ വന്ന് ചെവീല് ഞൊട്ടുക ഇത്യാദികളാണ് അവന്റെ പരിപാടി. ഇതൊക്കെ പോട്ടേന്ന് വെയ്ക്കാം. ഇവന്റെ മെയിൻ കലാവിരുതെന്താന്നറിയോ? അവന്റെ കുളി കഴിയുമ്പൊ, മൂന്ന്-നാല് കപ്പ് വെള്ളം കുളിമുറീടെ മുകളിലേക്ക് ഒഴിക്കും. പിന്നെ കുളിക്കാൻ കേറണോർടെ തലേലും, പൊറത്തും മുകളിലെ വെള്ളം ഇറ്റിറ്റായി വീണോണ്ടിരിക്കും. പക്ഷേ, ഒരു ദിവസം പതിവ് പോലെ അവൻ, മുകളിലേക്ക് വെള്ളം ഒഴിച്ചതാ. അവന്റെ ഉന്നം തെറ്റി. വെള്ളം മുഴോനും, കത്തി നിക്കണ ബൾബിലേക്ക്. അത്യാവശ്യം ശബ്ദത്തില് ബൾബ് പൊട്ടിത്തെറിച്ചു. അതോടെ അവനീ പരീപാടി നിർത്തി. 

ചെലപ്പൊ കുറുമ്പ് കൂടുമ്പൊ, ഞാനവനോട് പറയും- 'ടാ! ചെക്കാ! മര്യാദയ്ക്ക് ഒതുങ്ങിയിരുന്നോ. ഇല്ലേൽ നിന്നെ ഞാൻ വല്ല ആക്രിക്കാർക്കും കൊടുക്കും' എന്ന്. അപ്പൊ അവൻ തിരിച്ച് പറയും- 'പക്ഷേ, ചേച്ചിനെ ആക്രിക്കാർക്കും വേണ്ട' എന്ന്. കാര്യം ഇങ്ങനൊക്ക്യാണേലും, അവനെന്തേലും വയ്യായ്കയോ, അസുഖോ വന്നാ, ഞാൻ അവന്റെടുത്ത് വേണം. പ്രത്യേകിച്ച് കിടക്കണ സമയത്ത്, അവൻ ഉറങ്ങണ വരെ ഞാനവനെ തലോടിക്കൊണ്ടിരിക്കണം. ശരിക്കും, അവന്റെ അമ്മ ഞാനാണ്. പിന്നെ, ഒരു തീരാ ദുഃഖം എന്ന് പറയുന്നത്- അവന്റെ ഒരു കാലിന് തീരെ ശേഷിയില്ല്യ. അതുകൊണ്ട് തന്നെ കസിൻസോ, കൂട്ടുകാരോ ഒന്നും അവനെ അങ്ങനെ കളിക്കാനും കൂട്ടാറില്ല്യ. ഈ അവഗണനയാണ് ഏറ്റവും വല്ല്യ നിരാശ. ഈ ഒറ്റ കാരണം കൊണ്ട് അവൻ, അവന്റെ ലോകത്തിലേക്ക് ഉൾവലിയുകയാണ്. അവന് ആരേം കാണണ്ട, ആരോടും മിണ്ടണ്ട. ആകെ ഒറ്റപ്പെട്ട ജീവിതം. സ്കൂളിൽ പോക്ക് ഒക്കെ കണക്കാ. അതുകൊണ്ട് വീട്ടിലിരുന്നാ അവന്റെ പഠിത്തവും മറ്റും. ഇങ്ങനെ പോയാ എന്താകും ഇവന്റെ ഭാവി ജീവിതം? ഞാൻ ചിന്തിക്കാറുണ്ട്- എന്തിനാ ദൈവം അവനെ ഇങ്ങനെ ശിക്ഷിക്കണേ? എന്ത് തെറ്റാണ് അവൻ ചെയ്തേ? ങാ! എല്ലാം വിധി പോലെ വരട്ടെ. ഇതൊക്കെയാണ് ഞങ്ങടെ വിശേഷം. 

ങാ! അമ്മയെ കുറിച്ച് പറഞ്ഞില്ല്യാല്ലോ. അമ്മയാണ് എന്റെ കൂട്ടുകാരി. എന്തേലും കാര്യം ചെയ്യാൻ മടിച്ചും, പേടിച്ചും, സംശയിച്ചും ഒക്കെ നിക്കുമ്പൊ, അമ്മേടെ ഒരു 'സപ്പോർട്ട്' മതി, അത് ചെയ്യാൻ. അമ്മയ്ക്കെന്തോ ഒരു പ്രത്യേക ശക്തി, കഴിവ് ഒക്കെ ഉണ്ടെന്ന് എനിക്ക് പലപ്പഴും തോന്നീണ്ട്. കാരണം, ചില നിർണ്ണായക ഘട്ടങ്ങളിൽ, ചില തീരുമാനങ്ങളെടുക്കാൻ പറ്റാതെ വരുമ്പൊ, അമ്മയാണ് എനിക്ക് വഴികാട്ടി. പലരും അമ്മയോട്- 'പ്രായായില്ല്യേ? മോളെ കെട്ടിക്കാറായില്ല്യേ? കല്ല്യാണം കഴിപ്പിക്കാറായില്ല്യേ?' എന്നൊക്കെ കുത്തിക്കുത്തി ചോദിച്ച് അമ്മേടെ സ്വൈര്യം കെടുത്താറുണ്ട്; പ്രത്യേകിച്ച് വയസ്സായോര്. അപ്പൊ അമ്മ പറയും- 'അവളിപ്പൊ ഒന്ന് കരയ്ക്ക് കേറിയേള്ളൂ. കൊറച്ച് നാളിങ്ങനെ നടന്ന് സുഖിക്കട്ടെ. അവൾക്ക് കെട്ടണംന്ന് തോന്നുമ്പൊ കെട്ടും' എന്ന്. അല്ലാ പിന്നെ! ഒത്തിരി കഷ്ടപ്പെട്ട് ഞങ്ങളെ വളർത്തി ഇവിടം വരെ എത്തിച്ചത് അമ്മയാ. ഇനീം കൊറേ കാലം എനിക്കമ്മേടെ കൂടെ കഴിയണം. ഇനി ഇങ്ങനെ ചോദിച്ചാ- 'വയസ്സായി. മരിക്കാറായില്ല്യേ?' എന്നൊക്കെ ഞാൻ തിരിച്ചും ചോദിക്കും. അല്ല പിന്നെ! ങാ! അത് പോട്ടെ! ഇതൊക്കെയാണ്, എന്റെ വിശേഷം. അങ്ങനെ ഒരിക്കെ, എനിക്കൊരു ജോലി തരപ്പെട്ടു- കോളജില് ഗസ്റ്റ് ലക്ച്ചർ ആയിട്ട്. ഇത്രയും എഴുതി പാർവതി തന്റെ ഡയറി അടച്ചുവച്ചു.

അങ്ങനെ പാർവതി, കോളജ് അധ്യാപികയായ് ജോലിക്ക് കയറി കാലം കുറച്ച് കടന്നുപോയി. പഠിപ്പിക്കലും, നോട്ടെഴുത്തും ഒക്കെക്കൂടി പാർവതിയുടെ ജീവിതം കുറച്ച് തിരക്കിൽ പെട്ടു. അതോടെ, പാർവതിക്ക് വീട്ടുകാര്യത്തിൽ ഒരൽപ്പം ശ്രദ്ധക്കുറവ് വന്നോ എന്ന് സംശയം. ഒരിക്കൽ കണ്ണൻ, ചേച്ചിയുടെ മുറിയുടെ വാതിൽപടി വരെ ചെന്ന് നോക്കി. അതാ, ചേച്ചി കാര്യായിട്ട് എന്തോ വായിക്കുന്നു. കണ്ണൻ, ചേച്ചിയുടെ കട്ടിലിൽ ഇരുന്നു. എന്നിട്ട്, പതുക്കെ വിളിച്ചു "ചേച്ചീ.." തിരിഞ്ഞുനോക്കാതെ ചേച്ചി വിളി കേട്ടു "ങും?" "തെരക്കിലാ?". തിരിഞ്ഞുനോക്കാതെ ചേച്ചി മറുപടി പറഞ്ഞു "കാര്യം പറയെടാ". കണ്ണൻ ഒന്നും മിണ്ടിയില്ല. പാതി മനസ്സോടെ സംസാരിക്കുന്ന ചേച്ചിയോട് കണ്ണന് ഒന്നും പറയാൻ തോന്നിയില്ല. അപ്പോൾ പുസ്തകം മടക്കിവച്ച് ചേച്ചി ചോദിച്ചു "പറ. എന്താ കാര്യം?" "അത്.. എനിക്ക് ഒരു ആഗ്രഹം.." "എന്താ?" "ചേച്ചി.. എനിക്കൊരു നൂറ് രൂപ തരോ?" "നൂറ് രൂപയോ? എന്തിനാ?" "അത്.. നാളെ ഒരു സിനിമ കാണാനാ" "സിനിമയ്ക്കാ? എങ്ങനെ പോകും?" "കാറില്" "കാറിലാ? അപ്പോ.. ഈ കാശൊന്നും പോരല്ലോ" "ഈ കാശ് മതി". അപ്പോഴാണ് മുറിയിലേക്ക് വന്ന അമ്മ, ഇടയിൽ കയറി ചോദിച്ചത് "കാശോ? എന്തിന്? ആർക്കാ?". അപ്പോൾ കണ്ണൻ പറഞ്ഞു "എനിക്കാ" "നിനക്കെന്തിനാ കാശ്?" "സിനിമയ്ക്ക് പോവാൻ.." "സിനിമയ്ക്കാ? ഇനിയതിന്റെ കൊറവേള്ളൂ. അല്ലെങ്കിലേ, നിന്റെ ചേച്ചി കഷ്ടപ്പെട്ട് പണിക്ക് പോയിട്ടാ നാല് കാശുണ്ടാക്കണേ. അതിന്റെടേലാ, അവന്റൊരു സിനിമാ. പോ.. പോയി കെടന്നൊറങ്ങാൻ നോക്ക്".

ഇത്രയും കേട്ട ഉണ്ണിക്കുട്ടൻ ഒന്നും മിണ്ടാതെ കിടക്കയിൽ നിന്നെഴുന്നേറ്റ് വേച്ച് വേച്ച് നടക്കാൻ തുടങ്ങി. മുറിക്ക് പുറത്തിറങ്ങിയതും, കണ്ണൻ അടക്കി വച്ച കരച്ചിലിന്റെ അണപൊട്ടി. ശബ്ദം പുറത്ത് വരാതെ മുഖം അമർത്തി അവൻ പൊട്ടിക്കരഞ്ഞു. കണ്ണീർ തുടച്ചുകൊണ്ട് സ്വന്തം മുറിയിൽ കയറി വാതിലടച്ചു. ലൈറ്റ് അണച്ചു. ഫാൻ ഓൺ ചെയ്ത്, തലവഴി മൂടിപ്പുതച്ചു. 'ഞാനൊരു ഭാരാണ്. ആർക്കും വേണ്ടാത്ത ഒരു പാഴ്ജന്മം. ഒരു നശിച്ച ജീവിതം'- ഇങ്ങനെയൊക്കെ ചിന്തിച്ചുകൊണ്ട് അവൻ ഉറക്കത്തിലേക്ക് വീണു. കുറച്ചുകഴിഞ്ഞ് പാർവതി, കണ്ണന്റെ മുറിയിൽ കയറി ലൈറ്റ് ഓൺ ചെയ്തു. പക്ഷേ, കണ്ണൻ എഴുന്നേറ്റില്ല. നല്ല ഉറക്കത്തിലാണ്. അവൻ വിഷമത്തോടെയാണ് കിടക്കാൻ പോയത്. പാവം! അതാത് ദിവസത്തെ സങ്കടം, അതാത് ദിവസം തീർത്തിട്ട് വേണം ഉറങ്ങാൻ. അതാണ് പാർവതിയുടെ പതിവ്. പക്ഷേ, ഉറങ്ങിയ സ്ഥിതിക്ക് കണ്ണനെ ഉണർത്തണ്ട. ചേച്ചി അവന്റെ നെറ്റിയിൽ മൃദുവായി തലോടി. ലൈറ്റ് ഓഫാക്കുന്നതിന് മുന്നെ, പാർവതിയുടെ ശ്രദ്ധ എന്തിലോ ഉടക്കി. ഫാനിന്റെ കാറ്റിൽ 'കടാകടാ' ശബ്ദത്തോടെ മറയുവാൻ വെമ്പുന്ന പേജുകളുടെ ശബ്ദം. എന്താണത്? അത്- കണ്ണന്റെ മേശപ്പുറത്തെ ഒരു ഡയറിയുടേതാണ്. അതിനിടയിൽ അടയ്ക്കാതെ വച്ചിരിക്കുന്ന ഒരു പേന. ലക്ഷണം കണ്ടിട്ട് എന്തോ 'പാതി' എഴുതി വച്ച് നിർത്തിയ പോലെ. ങേ? 'പാതി'- അവൾ സ്വയം വിളിക്കുന്ന ചെല്ലപ്പേരല്ലേ? ഇതെന്തോ സൂചനയാണല്ലോ. ആ ഡയറി ഒന്ന് മറച്ചു നോക്കാം. തൽക്കാലം അവൻ ഇത് അറിയണ്ട. പാർവതി, അവന്റെ ഡയറി എടുത്തുകൊണ്ട് സ്വന്തം മുറിയിലേക്ക് പോയി. വെറുതെ മറിച്ചു നോക്കി. ങേ? അവൻ എന്തൊക്കെയോ എഴുതിയിരിക്കുന്നു- കഥ, കവിത, ഓർമ്മക്കുറിപ്പ്. അവൻ അവസാനം എഴുതി വച്ചിരിക്കുന്നത് ഒരു കഥയാണ്- "പൂമ്പാറ്റ". അതിനടിയിൽ ഒരു ചിത്രവും വരച്ചിരിക്കുന്നു- ഇരുവശവും മുടി കെട്ടിവച്ച ഒരു കൊച്ചു പെൺകുട്ടി നടക്കുന്ന ഒരു ചിത്രം. അടക്കാനാവാത്ത ആകാംക്ഷയോടെ പാർവതി, 'പൂമ്പാറ്റ' എന്ന ആ കഥ വായിച്ച് തുടങ്ങി.

"ഒരിടത്തൊരു പെൺകുട്ടിയുണ്ടായിരുന്നു. ഇരുവശവും മുടികെട്ടി, കുറുമ്പും കുസൃതിയുമായി പാറി നടക്കുന്ന ഒരു കൊച്ചുസുന്ദരി. "പൂമ്പാറ്റ" എന്നായിരുന്നു അവൾടെ പേര്. ചിലപ്പോൾ പൂക്കൾ പറിക്കാൻ അവൾ, കുറച്ചകലെ ഒരു പറമ്പിലേക്ക് പോകാറുണ്ട്. അവിടെ അധികം ആളുകൾ വരാറില്ലെങ്കിലും, അവൾക്ക് അവിടം സുപചരിചിതമാണ്. കുറച്ച് മാറിയാൽ അവിടെ ഒരു അമ്പലം ഉണ്ട്. അങ്ങനെ, ഒരു സന്ധ്യാ സമയം. പതിവ് പോലെ, പൂമ്പാറ്റ പൂ പറിക്കാൻ അവിടെ എത്തി. അപ്പോഴാണ് അവൾ ഒരു കുഞ്ഞുവാവയുടെ കരച്ചിൽ കേട്ടത്. അവൾ ചുറ്റിലും നോക്കി. ആരേയും കണ്ടില്ല. അവൾ നടന്ന് എല്ലായിടത്തും നോക്കി. അതോടെ, ആ കുഞ്ഞുവാവയുടെ കരച്ചിൽ അടുത്തടുത്തായി കേൾക്കുന്നു. ശബ്ദം കേട്ട ദിക്കിലേക്ക് അവൾ പോയി. അതാ കാണുന്നു ഒരു പൊതി. അതിൽ ഒരു കുഞ്ഞുവാവ കരഞ്ഞുകൊണ്ടേയിരിക്കുന്നു. അയ്യോ! ഇതാരുടെ വാവ? ഈ വാവയെ നോക്കാൻ ആരുമില്ലേ? അന്നേരം, ആ പറമ്പിന്റെ കുറച്ച് താഴെയായി ഒരു കാർ വന്ന് നിന്നു. അതിൽ നിന്ന് ഒരു അങ്കിളും, ആന്റിയും ഇറങ്ങി വന്നു. എന്നിട്ട് ആ കുഞ്ഞുവാവയുടെ വായ് പൊത്തിപ്പിടിച്ചുകൊണ്ട് എടുത്തു. എന്നിട്ട് ആ വാവയെ ഒരു സഞ്ചിയിലാക്കി. അപ്പോഴാണ് ഇരുവരും നമ്മടെ പൂമ്പാറ്റയെ കണ്ടത്. അവർ പരിഭ്രമിച്ച് മുഖത്തോടുമുഖം നോക്കി. കുറച്ചുകഴിഞ്ഞ് ആ ആന്റി ചിരിച്ചുകൊണ്ട് പൂമ്പാറ്റയോട് അടുത്ത് വരാൻ ആംഗ്യം കാട്ടി. അവൾ പോയില്ല. ആ ആന്റി, പൂമ്പാറ്റയുടെ അടുത്ത് പോയി. അവളെ നോക്കി ചിരിച്ചുകൊണ്ട്, ആന്റി പറഞ്ഞു-

'ഈ കുഞ്ഞുവാവയെ കണ്ട കാര്യോം, ഞങ്ങളിവിടെ വന്ന് ഈ കുഞ്ഞുവാവയെ കൊണ്ടോയ കാര്യൊന്നും, മോളാരോടും പറയരുതേ! മോൾക്ക് ചോക്ലേറ്റിഷ്ടാണോ? വലീയ ചോക്ലേറ്റ്?'. അവൾ 'അതെ' എന്നർഥത്തിൽ തലയാട്ടിയപ്പോൾ, ആന്റി പറഞ്ഞു- 'ങാ! മിടുക്കീ! ഇക്കാര്യൊന്നും മോളാരോടും പറയരുതേ. ഈ ആന്റി നാളെ ഇതേ സമയത്ത് ഒരു വലീയ ചോക്ലേറ്റ് കൊണ്ടുവരാം'. ഇത്രയും പറഞ്ഞ് അവർ ആ വാവയെ കൊണ്ട് കാറിൽ പോയി. പിറ്റേന്ന്, അവർ വന്നു. അതേ സ്ഥലത്ത്, അതേ സമയത്ത്. ഒരു പൊതി ചോക്ലേറ്റുമായി, അവർ പൂമ്പാറ്റയെ കാത്തുനിന്നു. അവൾ വന്നില്ല . 'അവളെവിടെ? എന്താ വരാത്തേ? ആ കുഞ്ഞിനെ പൊതിയിലാക്കി കൊണ്ടുപോയ കാര്യം അവളാരോടെങ്കിലും പറഞ്ഞോ?'- ഇങ്ങനെ ചിന്തിച്ച് അവരുടെ സമാധാനം പോയി. അധിക നേരം ഇവിടെ നിൽക്കുന്നത് അത്ര പന്തിയല്ലെന്ന് തോന്നിയ അവർ സ്ഥലം വിട്ടു. എന്നാലും, ആ പൂമ്പാറ്റ എവിടെ പോയി? അറിയില്ല! കുറച്ച് നാൾ കഴിഞ്ഞു. ഈ പൂമ്പാറ്റയുടെ അമ്മക്ക് രണ്ടാമതും ഒരു വാവ ജനിക്കാൻ പോകുന്നു. ഇക്കാര്യം അറിഞ്ഞ പൂമ്പാറ്റക്ക് സന്തോഷമായി. അങ്ങനെ ഒരു നാൾ പൂമ്പാറ്റയും, അവളുടെ അച്ഛനും, അമ്മയും ചെക്കപ്പിന് ആശുപത്രിയിൽ പോയി. തന്റെ അമ്മയുടെ ദേഹപരിശോധന നടത്തുന്ന ഡോക്ടർ ആന്റിയോട്, പൂമ്പാറ്റ ചിരിച്ചുകൊണ്ട് 'ഹായ്' പറഞ്ഞു. ഡോക്ടർ ആന്റിയും തിരിച്ച് 'ഹായ്' പറഞ്ഞു. അമ്മയുടെ ചെക്കപ്പിന് ശേഷം, ഡോക്ടർ ആന്റി പോയി. 

അവർ ആശുപത്രിയിൽ നിന്നിറങ്ങിയപ്പോൾ പൂമ്പാറ്റയോട് അമ്മ ചോദിച്ചു 'ഡീ! അറിയാത്ത ആൾക്കാരോട് 'ഹായ്' പറയാനൊന്നും യാതൊരു മടിയും ഇല്ല്യല്ലേ?'. അപ്പോൾ അവൾ പറഞ്ഞു 'ആ ഡോക്ടർ ആന്റിയെ എനിച്ചറിയാലോ?'. അപ്പോൾ അച്ഛൻ ചോദിച്ചു 'എങ്ങനെ?'. 'ഞാൻ കണ്ടണ്ട്'. അമ്മ പറഞ്ഞു 'പോടീ കള്ളീ. അതിന് നീ ആദ്യായിട്ടല്ലേ ഇവിടെ വരണേ?'. അപ്പോൾ പൂമ്പാറ്റ 'അയ്യോ! ഇവിടെ വച്ചല്ല'. 'പിന്നെ?'. 'നമ്മടെ വീടിന്റെ അടുത്ത് അമ്പലല്ല്യേ? അവിടെ വച്ച് ഈ ഡോക്ടർ ആന്റീം, വേറൊരു അങ്കിളും കൂടി ഒരു കുഞ്ഞു വാവേനെ കവറിലാക്കി പോണത് ഞാൻ കണ്ടൂലോ'. ഇത് കേട്ട അച്ഛൻ പുരികം ചുളിച്ച് ചോദിച്ചു 'നീയെന്തൊക്കെയാ പറയണേ? ഏത് സീരിയലിന്റെ കഥയാ മോള് പറയണേ?'. അച്ഛന്റെ കവിൾ വലിച്ചുകൊണ്ട് കൊഞ്ചി പൂമ്പാറ്റ പറഞ്ഞു 'എന്റെ അച്ഛൻ കുട്ടീ. മോള് പറയണത് സത്യാ. ദൈവാണേ സത്യം! ഒരു വെള്ള കാറിലാ അവര് ആ വാവേനെ കൊണ്ടുപോയേ. ഇത് പറയാതിരിച്ചാൻ അവര് മോൾക്ക് ചോക്ലേറ്റ് തരാന്നും പറഞ്ഞു. എനിച്ച് പേടിയായോണ്ട് ഞാൻ പോയില്ല്യ'. ഇതെല്ലാം കേട്ട അച്ഛനും, അമ്മയും പരസ്പരം നോക്കി. അവൾ ഇത്ര കാര്യമായിട്ട് പറയണമെന്നുണ്ടെങ്കിൽ അത് സത്യമാണ്. അവൾ നുണ പറയാറില്ല. പൂമ്പാറ്റ പറഞ്ഞതിന്റെ യാഥാർഥ്യം അറിയാൻ അവർ എല്ലാം വിശദമായി അന്വേഷിച്ചു. അതെ! ആ ഡോക്ടറുടെ കാർ വെള്ളയാണ്. ഇവരുടെ ഭർത്താവും ഒരു ഡോക്ടറാണ്. അയാൾക്ക് ഒരു പ്രൈവറ്റ് ക്ലിനിക്ക് ഉണ്ട്. 

രഹസ്യമായി അന്വേഷിച്ചപ്പോഴാണ് മറ്റൊരു കാര്യം ബോധ്യപ്പെട്ടത്. ആ ക്ലിനിക്കിൽ നിയമവിരുദ്ധമായി ഗർഭിണികളെ സ്കാൻ ചെയ്ത് ലിംഗ നിർണ്ണയം നടത്തുന്നുണ്ട്. ഇത് ചെയ്യുന്നത് പെൺകുഞ്ഞുങ്ങളെ വേണ്ടാത്തവർ മാത്രം. വയറ്റിലിട്ടോ, അതിന് ശേഷമോ ദമ്പതികളുടെ പൂർണ്ണ സമ്മതത്തോടെ പെൺകുഞ്ഞിനെ കൊല്ലും. ഇതെല്ലാം ഡോക്ടറും, രോഗിയും തമ്മിലുള്ള രഹസ്യ ധാരണയാണ്. ഇവിടെ തീർന്നില്ല. ഇങ്ങനെ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ ശരീരത്തിലെ ഏതൊക്കെയോ ചില ഭാഗങ്ങൾ, സൗന്ദര്യ വർധക വസ്തുക്കളുടെ നിർമ്മാണത്തിനായി ചില കമ്പനികൾ ഉപയോഗിക്കാറുണ്ടത്രേ. മുഖകാന്തിക്കും, തിളങ്ങുന്ന യൗവ്വന ചർമ്മത്തിനും പേസ്റ്റും, ക്രീമും ഒക്കെ ഉണ്ടാക്കുന്ന കമ്പനികൾക്ക് കിട്ടുന്ന കൊള്ള ലാഭത്തിന്റെ ഒരു വിഹിതം ഇത്തരം ഡോക്ടർമാരുടെ കീശയിലും. ഇതിന് പിന്നിലും, മുന്നിലും ഒരു മാഫിയ തന്നെയുണ്ട്. കൊല്ലപ്പെട്ട നവജാത ശിശുവിന്റെ ശരീരം പഴകുംതോറും അതിന്റെ വിലയും, ഡിമാൻഡും കുറയും. എത്രയും ഫ്രഷ് ആയ ശരീരം കിട്ടുന്നുവോ, അത്രയും ഗുണമേന്മയുള്ള ക്രീം ഉണ്ടാക്കുവാൻ കമ്പനികൾക്ക് സാധിക്കുമത്രേ. ഞെട്ടിക്കുന്ന മറ്റൊരു സത്യം ഉണ്ട്. നവജാത ശിശുവിന്റെ ശരീര ഭാഗങ്ങൾക്ക് വേണ്ടി കമ്പനികൾ കഴുകന്മാരെ പോലെ കടിപിടി കൂടുകയാണ്. ഇത്തരം ചില ഡോക്ടർമാർ ഈ ശരീരഭാഗങ്ങൾ പോലും ലേലത്തിന് വെയ്ക്കും. കൂടുതൽ കാശ് തരുന്ന കമ്പനിക്ക് അവർ കൊടുക്കും. അതുകൊണ്ടുതന്നെ ചില ഡോക്ടർമാർ, ചില കമ്പനികൾക്ക് മാത്രമേ ഈ ശരീരഭാഗങ്ങൾ വിൽക്കുകയുള്ളൂ. ഒരു തരം പേറ്റന്റ് പോലെ. 

എന്തുചെയ്യാം? ഇങ്ങനെയൊക്കെ ആയിപ്പോയി. ഹും! പ്രസവാനന്തരം, ശരീര സൗന്ദര്യം വീണ്ടെടുക്കാൻ ഒരു പക്ഷേ, തങ്ങളാൽ കൊല ചെയ്യപ്പെട്ട സ്വന്തം കുഞ്ഞിന്റെ ശരീര ഭാഗങ്ങൾ അടങ്ങിയ ഫേസ് ക്രീമുകൾ വരെ നമ്മുടെ സമൂഹത്തിലെ യുവതികൾ ഉപയോഗിക്കുന്നുണ്ടാവാം. ഇക്കാര്യങ്ങളെല്ലാം ഒരാൾക്ക് അറിയാം- ആ ഡോക്ടർ ആന്റിയുടെ ഭർത്താവിന്റെ ക്ലീനിക്കിലെ ജോലിക്കാരന്. ഈ രഹസ്യങ്ങൾ പുറത്താകുമോ എന്ന് ഭയന്ന്, ആ ഡോക്ടർ അങ്കിൾ, ആ ജോലിക്കാരനെ വാഹനം കയറ്റി കൊന്നു. ആ ഡോക്ടറും, ആന്റിയും മാന്യതയുടെ മുഖമൂടി അണിഞ്ഞ് ജീവിക്കുന്നു. ഒരു കണക്കിന് പറഞ്ഞാൽ, ഇവരെക്കൊണ്ട് ഇങ്ങനെയൊക്കെ ചെയ്യിക്കുന്നതിൽ, വലിയൊരു പങ്ക് ഈ സമൂഹത്തിന് തന്നെ. ഇതുപോലെ ആയിരം പൊയ്മുഖങ്ങൾ മരണത്തിന്റെ നിഴലായി നമ്മെ പിന്തുടരുന്നു. എന്നെങ്കിലും ഇതൊക്കെ പുറത്തുവരുമോ, ഇതിനെല്ലാം അറുതി വരുമോ? അറിയില്ല. കാത്തിരുന്ന് കാണാം. ചിന്തിക്കൂ സമൂഹമേ! ചിന്തിക്കൂ! പെൺകുഞ്ഞുങ്ങളെ ബാധ്യതയും, ഭാരവുമായി കാണുന്ന നമ്മുടെ സമൂഹത്തിന് തിമിരം ആണ്, തിമിരം. മിഴി തുറക്കൂ സമൂഹമേ! മിഴി തുറക്കൂ! തന്റെ പ്രിയപ്പെട്ട ചോക്ലേറ്റ് വാഗ്ദാനം ചെയ്തിട്ടും, ആ പ്രലോഭനത്തിൽ വീഴാതെ, താൻ നേരിൽ കണ്ട സത്യം വിശ്വസ്തരായവരോട് തുറന്ന് പറഞ്ഞ ആ 'പൂമ്പാറ്റ' എന്ന കൊച്ചു പെൺകുട്ടിയാവട്ടെ, നമുക്ക് മാതൃക എന്ന് പറഞ്ഞുകൊണ്ട്, എന്റെ ഈ കഥ ഇവിടെ നിർത്തുന്നൂ. എന്ന്- വിഷ്ണു/കണ്ണൻ (ഒപ്പ്)".

കണ്ണൻ എഴുതിയ "പൂമ്പാറ്റ" എന്ന ഈ കഥ വായിച്ച പാർവതി അന്തം വിട്ടു. ഈശ്വരാ! എന്തായിത്? കണ്ണന് ഇങ്ങനെ ചില കഴിവുകളുണ്ടായിരുന്നോ? എന്നിട്ട്, ഞാൻ പോലും അറിഞ്ഞില്ലല്ലോ? എന്തൊരു കാലിക പ്രസക്തിയുള്ള കഥ? അവന്റെ കാഴ്ചപ്പാടല്ലേ ഈ കഥ? അതിശയം! കണ്ണന്റെ ഒരു കാലിന് ചലന ശേഷിയില്ലെങ്കിലും, അവന്റെ ആശയങ്ങൾ നാനാദിക്കിലും എത്തും. ഉറപ്പ്! ഇപ്പോൾ പാർവതിക്ക്, കണ്ണനോട് അതുവരെ തോന്നാതിരുന്ന ഒരു ആരാധനയും, മതിപ്പും ഒക്കെ തോന്നി.

പിറ്റേന്ന് പാർവതി കോളജിൽ എത്തി. സ്റ്റാഫ്റൂമിലാകെ ബഹളം. നോക്കിയപ്പോൾ മീന ടീച്ചർ കരയുന്നു. ചുറ്റുമുള്ളവർ ആശ്വസിപ്പിക്കുവാൻ ശ്രമിക്കുന്നു. വർധിച്ച ആകാംക്ഷയോടെ പാർവതി, തന്റെ സഹപ്രവർത്തകയായ ഒരു ടീച്ചറോട് പതിയെ ചോദിച്ചു "എന്താണ്ടായേ? മീന ടീച്ചറെന്തിനാ കരയണേ?" ആ ടീച്ചർ സ്വകാര്യത്തിൽ പറഞ്ഞു "അത്.. ടീച്ചർടെ അനിയൻ ആക്സിഡന്റില് മരിച്ചു". പാർവതി ഞെട്ടി. കരച്ചിലടക്കാൻ വയ്യാതെ, മീന ടീച്ചർ ബോധം കെട്ടു. ഇത് കണ്ട ചിലർ മുഖത്ത് വെള്ളം ഒഴിക്കുന്നു, കൈ തിരുമ്മുന്നു.. ആകെ ബഹളം. ഇതെല്ലാം കണ്ട പാർവതിക്ക്, കണ്ണനെ കാണാൻ തോന്നി. അന്ന് വീട്ടിലെത്തിയ പാർവതി, ആദ്യം കണ്ണനെ തിരക്കി മുറിയിൽ പോയി. അതാ- കണ്ണൻ, കട്ടിലിൽ കാൽ നീട്ടിയിരുന്ന്, തലയിണയിൽ ചാരി കണ്ണടച്ചിരിക്കുന്നു. കണ്ണന്റെ അടുത്തിരുന്ന ചേച്ചി, വാത്സല്ല്യപൂർവം കാലിൽ തലോടി വിളിച്ചു "നീ ഉറങ്ങാ?". പെട്ടെന്ന് കണ്ണ് തുറന്ന കണ്ണൻ ചോദിച്ചു "ങാ.. ചേച്ചി എത്തിയാ?" "നീ ചായ കുടിച്ചോ?" "ഇല്ല്യ. ഇതെന്താ ചേച്ചി വന്ന ഡ്രസ്സൊന്നും മാറാതെ നേരെ ഇങ്ങോട്ട്?" "ഏയ്! നീ രാവിലെ എണീക്കാൻ വൈകീലേ? ചേച്ചി കോളജില് പോയപ്പൊ നിന്നെ കണ്ടില്ല്യ. നിന്നെ ഇന്നലെ കണ്ടതാ".

ഇത്രയും പറഞ്ഞ് ചേച്ചി തന്റെ ബാഗ് തുറന്ന് പഴ്സ് എടുത്തു. അതിൽ നിന്നും കുറച്ച് കാശെടുത്ത്, കണ്ണന്റെ കൈയ്യിൽ വച്ചു കൊടുത്തു. അപ്പോൾ കണ്ണൻ അതിശയത്തോടെ ചോദിച്ചു "എന്താത്?" "ഇത്.. കൊറച്ച് കാശാ. നീ ഇത് വച്ചൊ" "എന്തിന്?" "നീ ഇന്നലെ നൂറ് രൂപ ചോദിച്ചില്ലേ, സിനിമ കാണാൻ? അപ്പൊ തരാൻ പറ്റീല്ല്യ. ഈ കാശ് മുഴുവൻ നീയെടുത്തോ" "അയ്യോ! അതൊന്നും വേണ്ട. ഞാൻ വെറുതേ പറഞ്ഞതാ, സിനിമ കാണണന്ന്. എന്റെ ഒരു ഫ്രണ്ട്, അവന്റെ അച്ഛന്റെ കൂടെ കാറില് ഇന്ന് സിനിമയ്ക്ക് പോവാന്ന് ഫോൺ ചെയ്ത് പറഞ്ഞു. എന്നോടുണ്ടോന്ന് ചോദിച്ചപ്പൊ 'ശരീന്ന്' പറഞ്ഞു. ഒരു യാത്രയല്ലേ? അത്രേള്ളൂ. അല്ലാതെ, സിനിമ കാണാൻ മോഹണ്ടായിട്ടല്ല. എത്ര നേരാച്ചിട്ടാ ഈ നാല് ചുമര് കണ്ടോണ്ട് വീട്ടിലിരിക്ക്യാ? യാത്ര ചെയ്യാനും, കാഴ്ചകള് കാണാനും എനിക്കും ആഗ്രഹണ്ട്" "എന്തായാലും, നീ ഈ കാശ് കൈയ്യില് വച്ചോ" "ഏയ്! വേണ്ട, ചേച്ചി. എന്നെക്കൊണ്ടാർക്കും ഒരുപകാരല്ല്യ. ആർക്കും എന്നെ വേണ്ട. ഞാനൊരു പാഴ്ച്ചെലവാ. പിന്നെ.. അമ്മ പറഞ്ഞ പോലെ- ചേച്ചി കഷ്ടപ്പെട്ടുണ്ടാക്കണ കാശല്ലേ? വെറുതെ കളയണ്ട" "എന്താടാ ഇങ്ങനൊക്കെ പറയണേ? നിന്റെ വെഷമമൊന്നും ചേച്ചിയ്ക്ക് മനസ്സിലാവണില്ല്യെന്നാണോ? പിന്നെ, ഒരു കാര്യം- 'നിന്റെ അമ്മ ഈ ഞാനാ'. അതോണ്ട് നീ, ഞാൻ പറയണ കേട്ടാ മതി. നിന്നെ ആർക്കും വേണ്ടെന്നാരാ പറഞ്ഞേ? ഞാൻ ജീവിക്കണത് തന്നെ നിനക്ക് വേണ്ടീട്ടാ. മനസ്സിലായോ?".

ചോദ്യം കേട്ട കണ്ണൻ 'ഉവ്വ്' എന്ന് തലയാട്ടി. പിന്നെ, ചേച്ചിയുടെ തോളിൽ തലചായ്ച്ച് ചോദിച്ചു "എന്നാലും ഞാൻ ഒറ്റക്കാലനായി പോയില്ല്യേ? അതോണ്ടന്നെ ഞാൻ ജീവിതത്തിലും ഒറ്റക്കായി. ഒന്നിനും പറ്റില്ല്യ. ഒരു കഴിവൂല്ല്യ. എന്തിനാ ജീവിക്കണേന്നാ തോന്നണേ. ചെലപ്പൊ തോന്നും- സൃഷ്ടി കർത്താവായ ബ്രഹ്മാവിന് പറ്റിയ അബദ്ധാ എന്റെ ഈ ജന്മമെന്ന്. ആയുസ്സൊടുങ്ങാൻ പ്രാർഥിക്ക്യാ, ഞാൻ. ആർക്കും ഒരു ഭാരാവാതെ ജീവിക്കാനും, മരിക്കാനും പറ്റണം. അതാണെന്റെ ആഗ്രഹം". അനിയന്റെ മുതുകിൽ തലോടിക്കൊണ്ട് എല്ലാം ക്ഷമയോടെ കേട്ട ചേച്ചി പറഞ്ഞു "ഹയ്! ദേ.. പിന്നേം! നീ ഭാരാണെന്നാരാ പറഞ്ഞേ? ഛേ! ഇങ്ങനൊന്നും ചിന്തിക്കാൻ പോലും പാടില്ല്യാ. പിന്നെ, പാഴ്ജന്മം എന്നൊന്നില്ല്യ. ഈ ലോകത്ത് ഓരോരുത്തർക്കും ഓരോന്ന് ചെയ്യാണ്ടാവും. അതവരെക്കൊണ്ട് മാത്രേ പറ്റുള്ളൂ. അതാണ് ദൈവ നിശ്ചയം. പിന്നെ.. നീ എഴുതിയ കഥ 'പൂമ്പാറ്റ' ഞാൻ വായിച്ചു" "ആണോ? എങ്ങനേണ്ട്?" "എങ്ങനേണ്ടെന്നോ? വളരെ നന്നായീണ്ട്. കാലിക പ്രസക്തിയുള്ള കഥ. നിനക്കെവിടുന്നാ ഈ കഥ കിട്ട്യേ? ഇത് എവിടേങ്കിലും സംഭവിച്ചതോ, അനുഭവത്തിലോ ഉള്ള വല്ലതുമാണോ?" "ഈ ചുമര് മാത്രം കാണണ എനിക്കെന്ത് അനുഭവം? എല്ലാം ഓരോ തോന്നല്. ങാ! പിന്നേ.. ആ 'പൂമ്പാറ്റ' എന്ന കുട്ടിയെ ഇടയ്ക്കിടെ ഞാൻ സ്വപ്നം കാണാറുണ്ട്. ആ രൂപാണ് ഞാൻ, ഡയറീല് വരച്ചേ" "ഹൗ! സകലകലാവല്ലഭൻ" "ഹഹ.. പക്ഷേ, എനിക്കതിന്റെ അഹങ്കാരൊന്നൂല്ല്യാട്ടോ" "ഏയ്! അത് പിന്നെ പണ്ടേ ഇല്ലല്ലോ. എന്തായാലും, നമുക്ക് നാളെ ഒന്ന് കറങ്ങാം" "എവിടേക്ക്?" "അതൊക്കേണ്ട്രാ".

അങ്ങനെ അമ്മയോട് സമ്മതം വാങ്ങി, അവർ ടാക്സിയിൽ എവിടെയോ എത്തി. പാർലറിൽ കയറി ഐസ്ക്രീം കഴിച്ചു. ശേഷം, തൊട്ടടുത്ത് ഒരു ആശുപത്രിയിൽ കയറി. അപ്പോൾ കണ്ണൻ "ചേച്ചീ.. ഇവിടെന്താ?". അപ്പോൾ പാർവതി പറഞ്ഞു "ഞാനിന്നലെ, ഇവിടുത്തെ ഒരു ഡോക്ടർടെ അപ്പോയ്ന്റ്മെന്റെടുത്തു. നിന്റെ കാലൊന്ന് കാണിക്കാൻ. എന്തേലും ചെയ്യാൻ പറ്റോന്നറിയാലോ". അങ്ങനെ അവർ ഡോക്ടറെ കണ്ട് ഇറങ്ങി. ഉച്ചയൂണ് കഴിഞ്ഞ് എവിടെയോ പോയി. തിരിച്ച് വരും വഴിയിൽ പാർവതിയും, കണ്ണനും ഒരു അമ്പലത്തിൽ കയറി തൊഴുതു. അപ്പോൾ കണ്ണൻ പറഞ്ഞു "ചേച്ചീ! ഞാനേയ്, ഒന്ന് പ്രദക്ഷിണം നടത്തട്ടെ? ഈ കാലും വച്ച് കൊറച്ച് നേരം പിടിക്കും. എന്നാലും.." "ങാ! ഞാൻ സഹായിക്കണോ?" "ഏയ്! അമ്പലത്തിലൊരു തെരക്കൂല്ല്യാ. ചേച്ചി പൊറത്തെവിടേലും ഇരുന്നോ. ഇപ്പൊ വരാം". അങ്ങനെ കണ്ണൻ പ്രദക്ഷിണം നടത്തും നേരം, പാർവതി അമ്പലക്കാഴ്ചകൾ ഓരോന്നും ഒപ്പിയെടുത്തുകൊണ്ടിരുന്നു. അപ്പോഴാണ്, ഇരുവശവും മുടികെട്ടി, പൂക്കൾ പറിക്കുന്ന ഒരു കൊച്ചുസുന്ദരിയെ പാർവതി കണ്ടത്. അവളെ അടുത്ത് വിളിച്ച് പാർവതി ചോദിച്ചു "എന്താ മോൾടെ പേര്?" "ത്രിപുരസുന്ദരി" "എന്റമ്മോ! ഈ പീക്കിരിക്കാരാ ഇത്രേം വല്ല്യ പേരിട്ടേ?" "അച്ഛൻ" "അച്ഛനാ? ഈ അച്ഛനെന്തിന്റെ കേടാലേ, ഇത്രേം വല്ല്യ പേരിടാൻ? അച്ഛന് ഒരിടി കൊടുത്താലോ?" "അയ്യോ! അച്ഛൻ പാവല്ലേ?" "ആണോ? അപ്പൊ.. അമ്മയോ?" "അമ്മ കുറുമ്പിയാ" "ഹഹഹ.. അമ്പടീ കാന്താരീ! മോൾടെ അമ്മേനെ കാണട്ടെ. ഇതൊക്കെ ചേച്ചി പറയും" "ങാ! പറഞ്ഞോ. കൊഴപ്പല്ല്യ. അമ്മേക്കാളും കുറുമ്പിയാ, ഈ ഞാൻ" "ങാഹാ! ആള് മോശല്ല്യ".

അന്നേരം ആ കൊച്ചുകുട്ടി 'റ്റാറ്റാ' പറഞ്ഞ് പോകാൻ തിടുക്കംകൂട്ടി. "അതേയ്.. ഞാൻ പോട്ടെ". അപ്പോൾ, പാർവതി ഉച്ചത്തിൽ ചോദിച്ചു "എന്താ മോളേ വീട്ടില് വിളിക്ക്യാ?". കുറച്ചുദൂരെ എത്തിയ ആ പെൺകുട്ടി, തിരിഞ്ഞുകൊണ്ട് ഉറക്കെപ്പറഞ്ഞു "പൂമ്പാറ്റ". ഇത് കേട്ട പാർവതി ചെറുതായി ഞെട്ടി. ഒരു നൂറ് ചോദ്യങ്ങൾ, പാർവതിയുടെ മനസ്സിൽ പൊന്തി. പ്രദക്ഷിണം കഴിഞ്ഞെത്തിയ കണ്ണനോട്, പാർവതി പറഞ്ഞു "ടാ.. ഞാനിപ്പൊ 'പൂമ്പാറ്റ' എന്നൊരു കുട്ടിയെ പരിചയപ്പെട്ടു". ചേച്ചിയുടെ നെറ്റിയിൽ ചന്ദനം തൊടുവിച്ചുകൊണ്ട് കണ്ണൻ പറഞ്ഞു "പിന്നേ! ഒന്നു പോയെ. ഇങ്ങനൊരു പേര് ആർക്കെങ്കിലും ഇടോ? ചേച്ചിക്ക് തോന്നീതാവും" "അല്ലെടാ! അവൾടെ ശരിക്കുള്ള പേര് 'ത്രിപുരസുന്ദരി' എന്നാണെന്നാ പറഞ്ഞേ" "ങാ! ഇങ്ങനെയൊരു പേര് ഈ കേരളത്തിലന്നെ സംശയാണ്. അതേയ്! ഓരോന്നാലോചിച്ച് കൂട്ടാണ്ട്, ഒരു ഓട്ടോ കിട്ടോ നോക്ക്. ചേച്ചി വന്നേ". തിരിച്ച് വീട്ടിലെത്തിയ പാർവതി, അമ്മയോടും നടന്നതെല്ലാം വിശദീകരിച്ചു. പക്ഷേ, അമ്മയും അതൊന്നും അത്ര ഗൗനിച്ചില്ല. 

അങ്ങനെ കുറച്ച് നാൾ കഴിഞ്ഞു. രാവിലെ നല്ല ചൂട് ദോശയും, ചമ്മന്തിയും കഴിക്കുകയാണ്, കണ്ണൻ. അപ്പോഴാണ് കൈയ്യിൽ എന്തോ വച്ചുകൊണ്ട് പാർവതി, കണ്ണന്റെ അടുത്തിരുന്നത്. എന്നിട്ട് ആഹ്ലാദത്തോടെ പാർവതി, കണ്ണനോട് ചോദിച്ചു "ടാ.. ഇതെന്താന്നറിയോ?". ദോശ ചവച്ചുകൊണ്ട് കണ്ണൻ പറഞ്ഞു "ഇല്ല്യ" "ഇതേയ്, ആകാശവാണീന്ന് വന്ന കത്താടാ" "ങേ? കത്തോ? എന്തിന്?" "നിന്റെ ആ 'പൂമ്പാറ്റ' എന്ന കഥയില്ല്യേ? അത് ഞാൻ, ആകാശവാണിക്ക് അയച്ചണ്ടായിരുന്നു. അപ്പൊ, ആകാശവാണീലെ 'യുവവാണി' എന്ന പരിപാടീല് ഈ കഥ പറയാൻ നിന്നെ ക്ഷണിച്ചോണ്ടുള്ള ഇൻവിറ്റേഷനാ". ഇത് കേട്ട കണ്ണന്റെ കണ്ണ് തള്ളി. അവൻ ചോദിച്ചു "ങേ? സത്യോ? റേഡിയോല് കഥ പറയാനോ? ഞാനോ? ശ്ശോ..". കണ്ണന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. തന്റെ അനിയൻ ആകാശവാണിയിലൂടെ കഥ പറയാൻ പോകുന്ന കാര്യം, തന്റെ കോളജിലെ സഹപ്രവർത്തകരായ അധ്യാപകരേയും പാർവതി അറിയിച്ചു. പ്രസ്തുത ദിവസം അവർ ആകാശവാണി നിലയത്തിൽ എത്തി. കണ്ണൻ സ്റ്റുഡിയോയിൽ കയറി ഒരു വലിയ വട്ടമേശയ്ക്ക് മുന്നിലെ കസേരയിൽ ഇരുന്നു. കണ്ണന്റെ ഹൃദയമിടിപ്പ് വ്യക്തമായി കേൾക്കാം. അവൻ മുകളിലേക്ക് നോക്കി. അതാ കാണിക്കുന്നു- ഓൺ എയർ. ചെറിയ പരിഭ്രമത്തോടെ തുടങ്ങിയെങ്കിലും, അവൻ കഥ പറഞ്ഞ് തുടങ്ങി. സ്വന്തം മകന്റെ ശബ്ദം വീട്ടിലിരുന്ന് ആകാശവാണിയിലൂടെ കേട്ട അമ്മയുടെ കണ്ണുകൾ നിറഞ്ഞു. കഥ പറഞ്ഞ് കഴിഞ്ഞ് ആകാശവാണി നിലയത്തിൽ നിന്ന് പുറത്തിറങ്ങിയ കണ്ണന്റെ മനസ്സിൽ ആഹ്ലാദവും, എന്തെന്നറിയാത്ത ഒരു വിഷമവും തിങ്ങി നിറഞ്ഞു. ഏതാനും ചില ദിവസം കൂടി കടന്നു പോയപ്പോൾ, 'പൂമ്പാറ്റ' എന്ന കഥ ഒരു വാരികയിലും പ്രസിദ്ധീകരിക്കപ്പെട്ടു. 

അപ്പോഴാണ് ഒരു ദിവസം, കണ്ണന്റെ വീട്ടിൽ ഒരു ഫോൺ കോൾ വന്നത്. ആ കോൾ എടുത്ത പാർവതി "ഹലോ" "ഹലോ! വിഷ്ണൂന്റെ വീടല്ലേ? പൂമ്പാറ്റ കഥയെഴുതിയ.." "അതെ! ആരാ?" "ഞാൻ പ്രസാദ്. 'പ്രസാദ് പബ്ലിക്കേഷൻസി'ന്റെ ഉടമയാ. കഥാകാരനെ നേരിട്ട് അഭിനന്ദിക്കാൻ വിളിച്ചതാ. വിഷ്ണൂനെ വിളിക്ക്യോ?" "ങാ! വിളിക്കാം". ഫോൺ എടുത്ത വിഷ്ണുവിനോട് അയാൾ പറഞ്ഞു "ഹായ് വിഷ്ണു! എന്റെ പേര് പ്രസാദ്. 'പ്രസാദ് പബ്ലിക്കേഷൻസി'ൽ നിന്നാ. കൺഗ്രാറ്റ്സ് വിഷ്ണു. കുട്ടിയെഴുതിയ കഥ വളരെ നന്നായിണ്ട്" "താ.. താങ്ക്യു" "മോന് ഈ കഥ എവിടുന്ന് കിട്ടീ?" "ഏയ്! എവിടുന്നുമല്ല. തോന്നി. എഴുതീ" "അപ്പോ ആ കഥേല് പറഞ്ഞ കാര്യങ്ങള്, എവിടേം സംഭവിച്ചതല്ലേ?" "അറിയില്ല്യ" "അല്ല.. കുട്ടി പൊറത്ത് പോമ്പഴോ മറ്റോ, ആരെങ്കിലുമായിട്ട് ചർച്ച നടക്കണ്ടാവുകയോ മറ്റോ.." "ഏയ്! ഇല്ല്യ സാറെ. ഞാനൊക്കെ സംസാരിക്കണത് വല്ല ക്രിക്കറ്റിനെ പറ്റ്യോ, കറങ്ങാൻ പറ്റിയ സ്ഥലങ്ങളെ പറ്റിയോ ഒക്കെയായിരിക്കും. പിന്നെ.. എനിക്ക് കാലിന് സുഖല്ല്യാ. ഈ ചുവരല്ലാതെ എനിക്ക് മറ്റൊരു ലോകല്ല്യ. വല്ലപ്പഴും സ്കൂളില് പോകും. ഇപ്പൊ, ബോർഡ് എക്സാമായോണ്ട്, അതിന്റെ തെരക്കിലാ. അത്രേള്ളൂ" "അപ്പൊ, ഈ 'പൂമ്പാറ്റ' എന്ന കുട്ടി ശരിക്കൂള്ളതാണോ, നേരിട്ടറിയോ?" "ഏയ്! ഇല്ലില്ല. ഒന്ന്-രണ്ട് തവണ സ്വപ്നത്തില് കണ്ടണ്ട്. അത്രേള്ളൂ" "ങും! ഓക്കെ! അതൊരു കഥയായിട്ടല്ല, ഒരു ഫീച്ചറായിട്ടാ തോന്ന്യേ. അത്രേം നല്ല എഴുത്ത്. അതാ ഇങ്ങനൊക്കെ ചോദിച്ചേ. അപ്പൊ ശരി. ഞാൻ വെയ്ക്കട്ടെ. ഇനീം എഴുതണം. ഓൾ ദി ബെസ്റ്റ്" "താങ്ക്യൂ. ഒരു കാര്യം ചോദിക്കട്ടെ? എന്റെ ഈ കഥ പുസ്തകാക്കാൻ പറ്റോ, സാറേ?" "പുസ്തകോ? ഓ.. പുസ്തകം. പി.. പിന്നെന്താ? ആക്കാലോ? അപ്പൊ ശരി. ബൈ. ഞാൻ വെയ്ക്ക്യാണേ".

ഇത്രയും പറഞ്ഞ് ഫോൺ വച്ചയുടനെ വിഷ്ണു, ചേച്ചിയോട് ഈ കഥ പുസ്തകം ആക്കുന്നതിനെ പറ്റി പറഞ്ഞു. കോളജിൽ നിന്നും വരുന്ന വഴിയിൽ പാർവതി, പ്രസാദ് പബ്ലിക്കേഷൻസിന്റെ ഓഫിസിൽ കയറി ഒരാളോട് ചോദിച്ചു "എക്സ്ക്യൂസ് മീ" "യെസ്" "ഞാൻ പാർവതി. എന്റെ അനിയനാണ് 'പൂമ്പാറ്റ' എന്ന കഥയെഴുതിയത്. അത് പുസ്തകാക്കാൻ എന്താ ചെയ്യണ്ടേന്നറിയാൻ വന്നതാ" ഇത് കേട്ട അയാൾ പുരികം ചുളിച്ച് ചോദിച്ചു "പൂമ്പാറ്റയോ? അതേത് കഥ?" "ഹയ്.. വിഷ്ണു എഴുതിയ കഥ" "ഏത് വിഷ്ണു?" "ങേ? സാറല്ലേ പ്രസാദ്? ഈ പബ്ലിക്കേഷൻസിന്റെ ഓണറ്?" "അതേ" "ങാ! സാറിന്ന് രാവിലെ ഫോൺ ചെയ്ത് സംസാരിച്ചില്ല്യേ? ആ വിഷ്ണൂന്റെ കാര്യാ പറയണേ" "കുട്ടീ! കുട്ടിക്ക് ആള് തെറ്റീതാവും. കുട്ടി പറഞ്ഞ പ്രസാദ് എന്ന പ്രസാധകൻ ഈ ഞാൻ തന്നെയാ. പക്ഷേ, എനിക്കിങ്ങനെ ഒരു കഥയോ, കഥാകാരനേയോ അറിയേല്ല്യ. പിന്നേ.. ഞാനാരേം ഫോൺ ചെയ്തിട്ടില്ല്യ, ചെയ്യാറൂല്ല്യ". ഇത് കേട്ട പാർവതിയുടെ മനസ്സിൽ പല ചോദ്യങ്ങൾ ഉയർന്നു- 'അപ്പൊ രാവിലെ ഫോൺ ചെയ്തതാര്? ഞങ്ങൾ സംസാരിച്ചതാരോട്? കഥയെ പറ്റി അന്വേഷിച്ചതാര്? എന്തിനായിരിക്കും അയാൾ ഫോൺ ചെയ്തത്?'.

വീട്ടിലെത്തിയ പാർവതി, കണ്ണനോട് നടന്നതെല്ലാം പറഞ്ഞു. ഇതുകേട്ട കണ്ണൻ ചോദിച്ചു "അപ്പൊ, അതാരാ ഫോൺ ചെയ്തേ? എന്തിനാവോ?" "അറിയില്ല! വല്ല കൊഴപ്പണ്ടാവോടാ? ചേച്ചിക്കിപ്പൊ തോന്നുണു- ഒന്നും വേണ്ടിയിരുന്നില്ലെന്ന്" "ഏയ്! കൊഴപ്പൊന്നൂണ്ടാവില്ല്യ. ചേച്ചി അതൊന്നും ഓർത്ത് തല പുകക്കണ്ടാ" "ങും! ഏതായാലും നീ നാളെ റെഡിയായിരുന്നോ. രാവിലെ തന്നെ ഡോക്ടറെ കാണാള്ളതാ". പിറ്റേന്ന് പാർവതിയും, കണ്ണനും ഡോക്ടറെ കാണാൻ പുറപ്പെടാനിരുന്നു. അപ്പോൾ അതാ- വീണ്ടും ലാൻഡ് ഫോൺ അടിക്കുന്നു. പാർവതി കോൾ എടുത്തു "ഹലോ" "ഹലോ! വിഷ്ണൂന്റെ വീടല്ലേ? പൂമ്പാറ്റ കഥയെഴുതിയ.." "അതെ. ആരാ?" "ഞാൻ 'പ്രസാദ് പബ്ലിക്കേഷൻസി'ൽ നിന്ന് പ്രസാദ് ആണ്. ഞാനൊരു കാര്യം...". പറഞ്ഞ് തീർക്കും മുന്നേ, പാർവതി അൽപം രോഷത്തോടെ ചോദിച്ചു "ആരാ നിങ്ങള്? എന്താ വേണ്ടേ? ഇതിപ്പൊ രണ്ട് ദിവസം അടുപ്പിച്ചായല്ലോ, നിങ്ങള് ഫോൺ ചെയ്ത് ആളെ പറ്റിക്കുണു". "..കുട്ടീ, ഞാൻ പറയട്ടെ.. ഞാൻ പറയട്ടെ.. ഞാ.. ഞാൻ ശരിക്കും പ്രസാദാണ്. നമ്മളിന്നലെ വൈകീട്ട് സംസാരിച്ചല്ലോ..". പാർവതി അടങ്ങിയതിനെ തുടർന്ന് ശാന്തമായി സംസാരിച്ചു "ഓ.. സോറി. ഞാൻ അറിയാതെ.." "ഇറ്റ്സ് ഓൾറൈറ്റ്. ഞാൻ വിളിച്ചത് ഒരു കാര്യം പറയാനാ. അതായത്- കുട്ടി ഇന്നലെ വന്ന് പോയ ശേഷം, ഞാൻ 'പൂമ്പാറ്റ' എന്ന കഥ തപ്പി വായിച്ചു. നല്ല സബ്ജക്ക്റ്റാ. അത് പുസ്തകാക്കാൻ, ഞങ്ങൾക്ക് താത്പര്യണ്ട്. അതേകുറിച്ച് സംസാരിക്കാനാ വിളിച്ചേ. സമയം, തീയ്യതീം ഒക്കെ വഴിയേ അറിയിക്കാം" "ഓക്കെ".

അങ്ങനെ പാർവതിയും, കണ്ണനും കൂടി ഡോക്ടറെ കണ്ടു. പുറത്തെത്തിയ പാർവതി, എതിരെ നിന്നും വരുന്ന ഒരാളെ ശ്രദ്ധിച്ചു. നല്ല പരിചയം. എവിടെയോ കണ്ടിട്ടുണ്ട്. അയാൾ അടുത്തെത്തിയപ്പോൾ പാർവതി ചോദിച്ചു "എസ്ക്യൂസ്, മീ". നടത്തം നിർത്തി അയാൾ ചോദിച്ചു "യെസ്" "കിരൺ അല്ലെ?" "അതെ" "എന്നെ മനസ്സിലായോ?" "ആഹ്.. പാർവതി.. അല്ലേ?" "ഹോ! അപ്പൊ എന്നെ മറന്നിട്ടില്ല്യ?" "തന്നെ മറക്കാനോ? നന്നായീണ്ട്. താനിപ്പഴും അത് പോലെ തന്നെ. അല്ലാ! ഇപ്പൊ എന്തീയുണു?" "ഞാൻ കോളജില് ഗസ്റ്റ് ലക്ചറാ" "ഏത് കോളജ്?" "വള്ളുവനാട്" "ഓ! അല്ലാ. എന്താ ഇവിടെ?" "എന്റെ അനിയന്റെ കാലിന് വയ്യ. ജന്മനാ ഒരു കാലിന് ശേഷിയില്ല്യ. അപ്പോ അവനെ ഒന്ന് കാണിക്കാൻ.." "ഓ! അനിയന്റെ പേരെന്താ?" "വിഷ്ണു. അല്ല! കിരൺ എന്താ ഇവിടെ?" "ഞാനിവിടെ ഡോക്ടറാ" "അതെയോ? എന്റമ്മോ! കൊള്ളാലോ" "ങാ! പത്തിന് ശേഷം ഇപ്പഴാ കാണണേ. ങാ! എന്നിട്ട്? ഇനിയെന്താ പരിപാടി?" "ഇനി..." "നമുക്കൊരുമിച്ച് എന്തേലും കഴിച്ചിട്ട് പോവാം" "ങാ! ഓക്കെ". അങ്ങനെ അവർ ജ്യൂസ് കുടിച്ചുകൊണ്ടിരിക്കെ, കിരൺ ചോദിച്ചു "പിന്നെ! എന്തൊക്കേണ്ട് വിശേഷംസ്?" "ഓ! എന്ത് വിശേഷം? ഇങ്ങനൊക്കെ പോണൂ" "തന്റെ കല്ല്യാണൊന്നും ആയില്ല്യാ?" "ഇതുവരെ നോക്കിത്തൊടങ്ങീല്ല്യ". ഇത് കേട്ട കിരൺ കണ്ണ് മിഴിച്ച് ചോദിച്ചു "വാട്ട്? നോക്കിത്തൊടങ്ങീല്ല്യെന്നോ? ഐ ജസ്റ്റ് കാൺട് ബിലീവ് ദിസ്. തന്റെ പ്രായത്തിലെ പെൺകുട്ട്യോൾക്കൊക്കെ ഒന്നും - രണ്ടും കുട്ടികളായല്ലോ. അല്ല! ഞാൻ ജസ്റ്റ് ചോദിച്ചൂന്ന് മാത്രം" "അങ്ങനെ വെറുതെ ഒരു കല്ല്യാണം കഴിച്ചോണ്ടായില്ല്യല്ലോ. മനസ്സിനൊത്ത ഒരാളെ കിട്ടണം. അച്ഛൻ പോയതോടെ അമ്മ കൊറേ കഷ്ടപ്പെട്ട് ഇപ്പഴാ ഒന്ന് വിശ്രമിക്കണേ. പിന്നെ.. ഞാനിപ്പഴാ ജീവിച്ചുതൊടങ്ങിയേ"

"അല്ല! ഞാനീ കല്ല്യാണക്കാര്യം ചോദിച്ചോണ്ട് തനിക്ക് വെഷമമായോ?" "ഏയ്! നമ്മള് അടുപ്പള്ള ഫ്രണ്ട്സ് തമ്മില് ഇങ്ങനെ പേഴ്സണൽ കാര്യം സംസാരിക്കണേല് കൊഴപ്പല്ല്യ. പക്ഷേ, ഈ കെളവന്മാരായ അമ്മാവമ്മാരെക്കൊണ്ടാ കൂടുതൽ ശല്യം. അത് പോട്ടെ. മാത്രല്ലാ, കണ്ണന്റെ കാര്യോർക്കുമ്പൊ ഒരു വെഷമം.." "ങേ? എന്റെ കാര്യത്തില് എന്തിനാ തനിക്കിത്ര വെഷമം?" "തന്റെ കാര്യോ? മനസ്സിലായില്ല്യ" "അല്ല.. ഈ 'കണ്ണൻ' എന്ന് പറഞ്ഞത്.." "ങാഹാ? അനിയനെ വീട്ടില് 'കണ്ണൻ' എന്നാ വിളിക്ക്യാ" "ഓ! എന്നേം വീട്ടില് 'കണ്ണൻ' എന്നാ വിളിക്ക്യാ. അത് പോട്ടെ. ബാക്കി പറ" "കാല് ഇങ്ങനെയായോണ്ട് പരസഹായല്ല്യാതെ നടക്കാനായിട്ടില്ല്യ, അവൻ. അവനെ നോക്കാനെന്ത് ചെയ്യും? ഞങ്ങള് തമ്മില് പത്ത് വയസ്സിന്റെ വ്യത്യാസണ്ടേയ്. എല്ലാം കൂടി ഓർക്കുമ്പോ ഭ്രാന്താവും. അതിന്റെടേല് കല്ല്യാണൊന്നും മനസ്സിലേയില്ല്യ" "എന്റെ പാർവതീ! താനെന്തായീ പറയണേ? ഇതൊന്നും ഒരു പ്രശ്നമേയല്ല. ഇതിലും വല്ല്യ പ്രശ്നങ്ങൾക്കെടേലും, കഷ്ടപ്പെട്ട് ജീവിക്കണോരില്ല്യേ?" "ങാ.. ഉണ്ടാവാം" "ഉണ്ടാവാം എന്നല്ല. ഉണ്ട്. അറ്റ്ലീസ്റ്റ്, ഞാനൊരു ഡോക്ടറല്ലേ? എത്രയെത്ര രോഗികളെ ഞാൻ കാണണു? ങാ! അത് പറഞ്ഞപ്പഴാ ഓർത്തേ. തനിക്കിന്ന് എന്താ പരിപാടി?" "പ്രത്യേകിച്ചൊന്നൂല്ല്യ" "ങാ! ഇപ്പൊ എന്റെ കൂടെ വരോ? ഞാൻ തന്നെ നിങ്ങളെ തിരിച്ച് വീട്ടില് കൊണ്ടാക്കാം" "അത്.. വേണോ? എവിടേക്കാ?" "ദാ.. ഇവിടെ അടുത്താ. ഒരാളെ കാണാനാ. ജസ്റ്റ് കൊറച്ച് നേരത്തേക്ക്" "അല്ല.. അത്.. നിങ്ങടെ ഇടേല് ഞങ്ങള് വന്നിട്ടെന്തിനാ?" "വരണം. അതോണ്ടല്ലേ, ഞാൻ വിളിക്കണേ? പ്ലീസ്" "ശരി! ഇനി പഴയൊരു ബെസ്റ്റ് ഫ്രണ്ട് പറഞ്ഞിട്ട് കേട്ടില്ലെന്ന് വേണ്ട" "ങാ! അതാണ്".

അങ്ങനെ കിരണിന്റെ കാറിൽ പാർവതിയും, വിഷ്ണുവും ഒരു വീട്ടിൽ കയറി. കിരൺ നീട്ടി വിളിച്ചു. അപ്പോൾ അതാ വരുന്നു- ഒരു ഗൃഹനാഥൻ. കിരണിനെ കണ്ട അയാൾ, കിരണിന്റെ കൈ പിടിച്ച് ചിരിച്ചുകൊണ്ട് കാര്യമായി കുശലാന്വേഷണം നടത്തുന്നു. എന്നിട്ട് കിരൺ, പാർവതിയോട് പറഞ്ഞു "കേറി വാടോ. ഇത് അന്യ വീടൊന്നുമല്ല. സ്വന്തം വീട് പോലാ. എന്റെ ഒരു ടീച്ചർടെ വീടാ. ടീച്ചർക്ക് ക്യാൻസറായിരുന്നൂ. ആൻഡ് നൗ, ഷീ ഈസ് ഫാർ ബെറ്റർ". അങ്ങനെ അവർ ആ വീട്ടിൽ കയറി. അതാ, ഒരു സ്ത്രീ കസേരയിൽ ഇരിക്കുന്നു. അവരെ കണ്ട കിരൺ, നീട്ടി വിളിച്ചു "ഹായ് ടീച്ചറുട്ടീ". കിരണിനെ കണ്ട ആ ടീച്ചർക്ക് സന്തോഷം അടക്കാനായില്ല. കിരൺ, മുട്ടുകുത്തി ടീച്ചറുടെ കാൽചുവട്ടിലിരുന്നു. ടീച്ചറുടെ കൈയ്യിൽ പിടിച്ച് വാത്സല്യപൂർവം, കുസൃതിച്ചിരിയോടെ ചോദിച്ചു "എന്താ ഊർമ്മിള ചേച്ചീ വിശേഷം? സുഖല്ലേ?". ടീച്ചർ പറഞ്ഞു "ഹഹഹ.. അയ്യോ! എന്റെ അനിയൻ കുട്ടീ. ഇപ്പൊ കൊഴപ്പല്ല്യടാ. ഇതൊക്കെ ആരാ?" "ഇത് സ്കൂളില് എന്റെ ജൂനിയറായി പഠിച്ച കുട്ടിയാ- പാർവതി. ഇത്, പാർവതീടെ അനിയൻ- വിഷ്ണു. കൊറേക്കാലത്തിന് ശേഷം, ഇന്നാ പാർവതിയെ കണ്ടേ. അതുപോട്ടെ. ഇപ്പൊ വേനകളൊന്നൂല്ല്യല്ലോ?" "ഏയ്! എന്നാലും, എന്റെ ആ പഴയ ഭംഗീം, ലുക്കും, മുടീം എല്ലാം പോയി. ഈ രൂപത്തില് എനിക്കിനി പൊറത്തിറങ്ങാൻ വയ്യ. ഈ രൂപം കാണണത് എനിക്ക് തന്നെ ഇഷ്ടല്ല. ഒന്നും പഴയ പോലാവില്ല്യല്ലൊല്ലേ?".

ടീച്ചറുടെ മുഖം ഇരുകൈയ്യിലും കോരിയെടുത്ത്, കിരൺ ചോദിച്ചു "ആര് പറഞ്ഞു ആയില്ലെന്ന്? എന്റെ പൊന്ന് ടീച്ചറെ. ഞാനൊരു കാര്യം ചോദിക്കട്ടെ? ഞങ്ങളൊക്കെ ടീച്ചറെ സ്നേഹിക്കണതും, ഇഷ്ടപ്പെട്ടതും എല്ലാം ടീച്ചർടെ രൂപം കണ്ടിട്ടാണോ? ആണോ? അല്ല. ടീച്ചർടെ ആ സ്നേഹോം, കരുതലും പിന്നെ.. പിന്നെ.. എന്താ പറയാ.. ങാ.. ടീച്ചർടെ ആ നല്ല മനസ്സും ഒക്കെ കണ്ടിട്ടല്ലേ? അപ്പൊ ടീച്ചർടെ രൂപം മാറിയാ, ടീച്ചറോടുള്ള ഞങ്ങടെ സ്നേഹം കൊറയോ? ഒരിക്കലൂല്ല്യ! പിന്നെന്താ പ്രശ്നം? ങേ? എന്തിനാ ആവശ്യല്ല്യാത്തത് ചിന്തിക്കണേ? ദേ നോക്ക്! ഞാനൊരു കാര്യം പറയാം- എനിക്ക്, ആ ചുറുചുറുക്കും, തമാശേം, ഡാൻസും, പാട്ടും, പ്രസരിപ്പും ഒക്കെള്ള എന്റെ ആ പഴയ ഊർമ്മിള ടീച്ചറെ കിട്ടണം" "ഇനി അതൊക്കെ കിട്ടോടാ, മോനേ?" "എന്താ സംശയം? ടീച്ചർടെ ശരീരത്തേക്കാളും ടീച്ചറെ തളർത്തീത്, ടീച്ചർടെ മനസ്സാ. അതോണ്ടാ ഞാൻ, ടീച്ചറോട് വാതിലൊക്കെയടച്ച്, ഡാൻസ് പ്രാക്റ്റീസ് ചെയ്യാൻ പറഞ്ഞേ" "എന്നിട്ട് ഗുണണ്ടായോ, കണ്ണാ?" "ഗുണണ്ടായോന്നാ? ഞാൻ അന്ന് പറഞ്ഞേന് ശേഷം ടീച്ചറ് കണ്ണാടി നോക്കീട്ടില്ലല്ലോ?" "ഇല്ല്യ" "ങാ! എന്നാ ടീച്ചറ് വാ. എണീക്കൂ" "എന്തിനാ?" "ഹാ.. എണീക്കെന്റെ ടീച്ചറെ". ഊർമ്മിള ടീച്ചറെ നിർബന്ധിച്ച് എണീപ്പിച്ച കിരൺ, ടീച്ചറെ ഒരു കണ്ണാടിയുടെ മുന്നിലിരുത്തി പറഞ്ഞു "ടീച്ചറ് ഇവിടിരി". ടീച്ചർ ഇരുന്നു. "ഇനി ഈ കണ്ണാടീല് നോക്ക്യേ". ടീച്ചർ തലകുനിച്ച് "ഇല്ല" എന്ന് തലയാട്ടി. പിന്നേയും നിർബന്ധിച്ചു. അപ്പോഴും ഇല്ലെന്ന് തന്നെ. 

കിരൺ, ടീച്ചറുടെ പുറകിൽ ചെന്ന് നിന്ന്, നെറുകയിൽ തന്റെ താടി വച്ച്, ഇടത്തെ തോളിൽ കൈവച്ചു. എന്നിട്ട് ടീച്ചറുടെ താടിയിൽ വലംകൈ വച്ച്, മെല്ലെ ടീച്ചറുടെ മുഖം കണ്ണാടിക്ക് അഭിമുഖമായി ഉയർത്തി. അപ്പോഴും ടീച്ചർ കണ്ണടച്ച് തന്നെ ഇരുന്നു. കിരൺ തുടർന്നു "ഇനിയൊന്ന് കണ്ണ് തുറന്നേ". അനുസരണയുള്ള കുട്ടിയെ പോലെ ഊർമ്മിള ടീച്ചർ കണ്ണ് തുറന്ന് നോക്കി. കണ്ണാടിയിൽ തന്റെ പ്രതിബിംബം കണ്ട ഊർമ്മിള ടീച്ചർക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. താൻ പഴയ പോലെ ആയിരിക്കുന്നു. ആഹ്ലാദവും, അതിശയവും നിറഞ്ഞ ഭാവത്തോടെ ടീച്ചർ, തന്റെ ഭർത്താവിനെ നോക്കി. എന്ത് പറയണമെന്നറിയാതെ നിറ കണ്ണുകളോടെ ടീച്ചർ, കിരണിനെ തലോടി. ഈ കാഴ്ച കണ്ട പാർവതിയുടെ കണ്ണുകളും നനഞ്ഞു. അന്നേരം ടീച്ചറുടെ കൈ പിടിച്ചുകൊണ്ട് കിരൺ, പാർവതിയോട് പറഞ്ഞു "പാർവതി! തനിക്കറിയോ? ഏതാണ്ട് ഒരു വർഷായി ഞാൻ ടീച്ചറെ ചികിത്സിക്കാൻ തൊടങ്ങീട്ട്. അന്ന് ടീച്ചർടെ രൂപം ഇങ്ങനെ ഒന്നുമല്ലായിരുന്നു. മുടീം പോയി, കണ്ണൊക്കെ കുഴിഞ്ഞ്, എല്ലും തോലുമായി വല്ലാത്തൊരു രൂപായിരുന്നു. ആർക്കും സഹിക്കില്ല്യ. അത്രയ്ക്കും ദയനീയായിരുന്നു. പക്ഷേ, ടീച്ചറെ പഴയ പോലെയാക്കണം എന്നൊരു വാശി എനിക്കുണ്ടായിരുന്നു. കണ്ണാടീല് നോക്കിയാ ടീച്ചർടെ മാനസികാവസ്ഥ പിന്നേം വഷളാവുമെന്നുള്ളോണ്ട്, ടീച്ചറോട് ഒരു വർഷത്തേക്ക് കണ്ണാടീല് നോക്കരുതെന്ന് കർശനായി പറഞ്ഞു. മാത്രല്ല, ഒരു പരീക്ഷണം എന്ന നിലേല് ഞാൻ മറ്റൊരു കാര്യം കൂടി ടീച്ചറോട് പറഞ്ഞു. 

അതായത്- ടീച്ചറിനെ ബാധിച്ച ഈ ക്യാൻസറിനെ മഹിഷാസുരനായി സങ്കൽപ്പിക്ക്യാ. എന്നിട്ട്, സ്വയം 'മഹിഷാസുരമർദ്ധിനി'യായി സങ്കൽപ്പിച്ച് ഡാൻസ് ചെയ്ത് ഈ ക്യാൻസർ എന്ന അസുരനെ കൊന്നതായി സങ്കൽപ്പിക്ക്യാ. അതാണ് 'സങ്കൽപ്പശക്തി'. നൗ, ഷീ റിക്കവേർഡ് ഫുള്ളി. ഇനി.. ആരും കാണാതെയല്ല, എല്ലാർടേം മുന്നില് ഡാൻസീയും, ടീച്ചറ്. ഇപ്പൊ, ടീച്ചറ് പഴയ പോലെ സുന്ദരിക്കുട്ടിയായി". അങ്ങനെ അവർ അൽപം വർത്തമാനം പറഞ്ഞ് അവിടെ നിന്നും വേഗം പുറപ്പെട്ടു. കാർ ഓടിക്കുന്നതിനിടയിൽ കിരൺ പറഞ്ഞു "പാർവതി! ദേ കണ്ടില്ലേ- എന്റെ ടീച്ചർടെ അവസ്ഥ? ഇവർക്ക് മൂന്നാം ക്ലാസില് പഠിക്കണ ഒരു കുട്ടീണ്ട്. സ്വന്തം അമ്മേടെ ഈയൊരവസ്ഥ കാണേണ്ട ആ കുട്ടീടെ ഗതികേടൊന്ന് ആലോചിച്ച് നോക്ക്യേ. അതൊക്കെ വച്ച് നോക്കുമ്പൊ, തന്റെ പ്രശ്നൊന്നും ഒന്നുമല്ലെടോ. ഒന്നൂല്ലേലും താനൊരു ടീച്ചറല്ലേ? നിങ്ങള് ടീച്ചർമാര്, മാർക്ക് കൊറഞ്ഞവരോട്, മാർക്ക് കൂടിയവരെ കണ്ടുപഠിക്കാൻ പറയാറില്ലേ? എന്നാ, ജീവിതത്തില്, നമ്മളേക്കാൾ കഷ്ടം അനുഭവക്കണോരെ കാണണം. അപ്പൊ, മനസ്സിലാവും- നമ്മളെത്രയോ ഭാഗ്യള്ളോരാന്ന്". പാർവതി 'ശരി' എന്നർഥത്തിൽ ഇരുത്തി മൂളി. അങ്ങനെ കിരൺ, അവരെ വീട്ടിൽ കൊണ്ടാക്കി. അമ്മയെ പരിചയപ്പെട്ട് കിരൺ തിരികെ പോയി.

അങ്ങനെ വിഷ്ണു എന്ന കണ്ണന്റെ 'പൂമ്പാറ്റ' എന്ന ചെറുകഥയുടെ പുസ്തക പ്രകാശനമായി. പാർവതിയും, കണ്ണനും വേണ്ടപ്പെട്ട ചിലരെ മാത്രം പ്രകാശനച്ചടങ്ങിന് ക്ഷണിച്ചു. ചിലരുടെ പ്രസംഗത്തിന് ശേഷം, വിഷ്ണുവിനെ വേദിയിലേക്ക് ക്ഷണിച്ചു. പിന്നീട്, വൻ കരഘോഷങ്ങളുടേയും, ആർപ്പുവിളികളുടേയും അകമ്പടിയോടെ വിഷ്ണു സ്റ്റേജിൽ കയറി. അങ്ങനെ വിഷ്ണു, മറുപടി പ്രസംഗത്തിനായി മൈക്കിന്റെ മുന്നിലെത്തി. ആകെ പരിഭ്രമിച്ച അവൻ, തന്റെ ചേച്ചിയെ നോക്കി. അന്നേരം, സ്റ്റേജിന് താഴെ നിന്നുകൊണ്ട് ചേച്ചി അവനെ നോക്കി പുഞ്ചിരിയോടെ ഒരു തംപ്സപ്പ് മുദ്ര കാണിച്ചു. ഇപ്പൊ ഒരു ധൈര്യം കിട്ടി. അവൻ സംസാരിച്ച് തുടങ്ങി "എ.. എല്ലാവർക്കും നമസ്ക്കാരം. എനിക്ക്.. അല്ല.. എനിക്കങ്ങനെ സംസാരിക്കാനൊന്നും അറിയില്ല്യ. എനിക്ക് കാലിന് വയ്യാത്തോണ്ട് എന്റെ കൂട്ട് കൂടാൻ ആരും വരാറില്ല്യ. എല്ലാരും എന്നെ 'ഒറ്റക്കാലനെന്നും, ഒറ്റയ്ക്കായവനെന്നും' ഒക്കെ വിളിച്ച് കളിയാക്കും. എന്നും എന്റെ ചേച്ചിയാണ് എനിക്ക് കൂട്ട്. അപ്പൊ, എനിക്ക് എഴുതാനുള്ള കഴിവുണ്ടെന്ന് പറഞ്ഞു. എന്നോട് ആവുന്നത്ര എഴുതാനും പറഞ്ഞു. അങ്ങനെ, എനിക്ക് പറ്റണ പോലെ എഴുതി. അതൊക്കെ.. ചേച്ചി എന്താ ചെയ്തേന്നറിയില്ല്യ. പിന്നെ.. പിന്നെ ഒരു ദിവസം 'എനിക്കെന്തോ സമ്മാനം ഉണ്ടെ'ന്ന് ചേച്ചി എന്നോട് പറഞ്ഞു. ഞാനീ സ്റ്റേജില് വരാനും, ഇങ്ങനെ ഇവിടെ സംസാരിക്കാനും ഒക്കെ കാരണം എന്റെ ചേച്ചിയാ. ചേച്ചി എനിക്ക് ചേച്ചി മാത്രല്ല, എന്റെ അമ്മ കൂടിയാണ്. എനിക്ക് പനിയോ, ചൊമയോ എന്ത് വന്നാലും എന്റെ ഈ അമ്മ.."

അവന്റെ കണ്ണുകൾ നിറഞ്ഞു. ശബ്ദം ഇടറി. വാക്കുകൾ കിട്ടുന്നില്ല. തന്റെ തൂവാല കൊണ്ട് മുഖം തുടച്ച് അവൻ സംസാരം തുടർന്നു "എ.. എന്ത് വന്നാലും എന്റെ ഈ അമ്മയാണ് എന്നെ നോക്കാറ്". വിഷ്ണു ഇവിടെ പ്രസംഗം നിർത്തി. പിന്നെ ഇവിടെ നിന്നങ്ങോട്ട്, തന്റെ ഉള്ളിലെ സാഹിത്യകാരനെ അവൻ പുറത്തേക്കെടുത്ത് തന്റെ സംസാരം തുടർന്നു "വെറും കൗതുകത്തിന് വേണ്ടി, ആജീവനാന്തം മനുഷ്യനാൽ കൂട്ടിലടക്കപ്പെട്ട ഒരു പക്ഷിയെ പോലെ ഒറ്റപ്പെട്ടവനായിരുന്നു, ഞാൻ. ആ എനിക്ക് സ്വപ്നത്തിന്റേയും, പ്രതീക്ഷയുടേയും ചിറകുകൾ തുന്നിപ്പിടിപ്പിച്ച്, ഒരു 'പൂമ്പാറ്റ'യെ പോലെ എന്നെ പറക്കാൻ പഠിപ്പിച്ചത് ഒരു ജഗജ്ജനനിയാണ്- എന്റെ സ്വന്തം പാർവതി ചേച്ചി. അതുകൊണ്ട് ഈ ഞാൻ എന്നെത്തന്നെ ചേച്ചിയുടെ കാൽച്ചുവട്ടിൽ സമർപ്പിക്കുന്നു..". അവന്റെ ശബ്ദം ഇടറിയെങ്കിലും, പ്രസംഗം തുടർന്നു "..എനിക്കിത്രേ പറയാള്ളൂ. എ.. എന്റെ ആഗ്രഹം.. ഈ സമ്മാനം ചേച്ചീടെ കൈയ്യീന്ന് തന്നെ മേടിക്കണന്നാണ്. ചേച്ചീനെ വിളിക്ക്യോ?". ഉടനെ ഉണ്ണിക്കുട്ടൻ, സ്റ്റേജിൽ നിന്നും താഴെ നോക്കി ചേച്ചിയെ നിറകണ്ണുകളോടെ അപേക്ഷിച്ചു "ചേച്ചീ.. ചേച്ചി ഒന്നിവിടെ വരോ? എനിക്ക് ചേച്ചി സമ്മാനം തന്നാ മതി". ഇത് കേട്ട ചേച്ചി വേഗം സ്റ്റേജിൽ കയറി. ഒരു സംഘാടകൻ ആ പുരസ്ക്കാരം എടുത്തുകൊടുത്തു. അങ്ങനെ ഉണ്ണിക്കുട്ടൻ, തന്റേ ചേച്ചിയുടെ കൈയ്യിൽ നിന്നും ഏങ്ങലടിച്ചുകൊണ്ട് പുരസ്ക്കാരം ഏറ്റുവാങ്ങി. ഈ കാഴ്ച കണ്ട ഏവരും എഴുന്നേറ്റു നിന്നു ആവേശത്തോടെ കൈയ്യടിച്ചു. 

ചേച്ചിയുടെ കൈയ്യിൽ നിന്നും പുരസ്ക്കാരം ഏറ്റുവാങ്ങിയ ഉടനെ അവൻ, തന്റെ ചേച്ചിയെ മുറുക്കെ കെട്ടിപ്പിടിച്ച് തോളിൽ മുഖം അമർത്തി കരഞ്ഞു. ഇത് കണ്ട ചേച്ചിക്കും കരച്ചിലടക്കുവാൻ സാധിച്ചില്ല. അനിയനെ തന്നിൽ നിന്നും വിടുവിച്ച ചേച്ചി, അവന്റെ മുഖം കോരിയെടുത്തു. അനിയന്റെ കണ്ണീർ തുടച്ച് ചേച്ചി അവന്റെ നെറ്റിയിൽ ഉമ്മ വച്ചു. അവരിൽ ചിലരുടെയെങ്കിലും കണ്ണുകൾ നിറഞ്ഞൊഴുകി. അതിന് ശേഷം ചേച്ചി ഒരു കൈയ്യിൽ പുരസ്ക്കാരവും, മറുകൈയ്യിൽ അനിയന്റെ കൈയ്യും പിടിച്ച് സ്റ്റേജിൽ നിന്നിറങ്ങി. വീട്ടിലേക്ക് പോകും നേരം, അവർ ഇങ്ങനെ കേട്ടു- 'കൺഗ്രാറ്റ്സ്, വിഷ്ണു'. അവർ തിരിഞ്ഞുനോക്കി. അതാ ഒരു കാറിൽ നിന്നും ഡോ. കിരൺ ഇറങ്ങി വരുന്നു. കിരണിനെ കണ്ട പാർവതിയുടെ കണ്ണുകളിൽ തിളക്കം. ഹാർദ്ദവമായി ചിരിച്ചുകൊണ്ട് പാർവതി 'ഹായ്' പറഞ്ഞു. കിരൺ ചോദിച്ചു "അനിയന്റെ പുസ്തക പ്രകാശനത്തിന്, എന്തേ എന്നെ വിളിച്ചില്ല?". എന്ത് പറയണമെന്നറിയാതെ പാർവതി കുഴങ്ങിയെങ്കിലും, പാർവതി പറഞ്ഞു "അല്ല.. അത്.. വേണ്ടപ്പെട്ട ചിലരെ മാത്രേ വിളിച്ചുള്ളൂ" "അപ്പോ.. ഞാൻ വേണ്ടപ്പെട്ടവനല്ലല്ലേ?" "അയ്യോ! അങ്ങനെയല്ല. എന്താ പറയാ.." "ഹാ! ഞാൻ തമാശ പറഞ്ഞതാടോ. പക്ഷേ, എനിക്ക് നിങ്ങളൊക്കെ വേണ്ടപ്പെട്ടവരായോണ്ട്, ക്ഷണിച്ചില്ലേലും ഞാൻ വരും". അന്നേരം കിരൺ, തന്റെ കൂടെ വന്ന മറ്റൊരാളെ പരിചയപ്പെടുത്തി "ങാ! ഇത് എന്റെ കൊളീഗ്- ഡോ. സുമേഷ്. നമ്മടെ കഥാകാരൻ വിഷ്ണുവിനെ പരിചയപ്പെടാൻ വന്നതാ".

അന്നേരമാണ്, പാർവതിയുടെ ഒപ്പം ജോലി ചെയ്യുന്ന മീന ടീച്ചർ, വിഷ്ണുവിനെ അഭിനന്ദിക്കുവാൻ അടുത്തെത്തിയത്. അങ്ങനെ അവരെല്ലാം തമ്മിൽ തമ്മിൽ പരിചയപ്പെട്ടതിന് ശേഷം പാർവതിയും, കിരണും പരസ്പരം കണ്ണുകളിൽ നോക്കി ഹൃദ്യമായി പുഞ്ചിരിച്ച് വിട ചൊല്ലി പിരിഞ്ഞു. അതിന് ശേഷം പാർവതിയും, വിഷ്ണുവും, മീന ടീച്ചറും ഒരു ബേക്കറിയിൽ കയറി, ഓരോ ഐസ്ക്രീം ഓർഡർ ചെയ്തു. ഉടനെ ഐസ്ക്രീം എത്തുകയും, കഴിച്ച് തുടങ്ങുകയും ചെയ്തു. ഏതോ സ്വപ്നലോകത്ത് വിഹരിക്കുകയായിരുന്ന പാർവതിയോട്, മീന ടീച്ചർ ചോദിച്ചു "ഇഷ്ടായോ?". കണ്ണുമിഴിച്ച് പാർവതി ചോദിച്ചു "ആരേ?" "ഐസ്ക്രീമേയ്" "ഒ.. ഓ.. ഐസ്ക്രീമോ? ങാ! ഇഷ്ടായല്ലോ" "തനിക്ക് നന്നായി ചേരും" "ആര്?" "തന്റെ ഡ്രസ്സ്" "ഓഹ്". എന്തൊക്കെയോ അർഥം വച്ച് സംസാരിക്കുന്ന മീന ടീച്ചറെ, വിഷ്ണു ഇടംകണ്ണിട്ട് നോക്കി ഒരു കള്ളച്ചിരി ചിരിച്ചു. അങ്ങനെ അവർ കഴിച്ച് കഴിഞ്ഞു. പാർവതി ബില്ലടക്കാനുള്ള കാശെടുക്കുകയാണ്. ആ സമയം വിഷ്ണുവിന്റെ തോളിൽ കൈ വച്ച മീന ടീച്ചർ സ്വകാര്യത്തിൽ ചോദിച്ചു "ന്താടാ എഴുത്തുകാരാ, ഒരു കള്ളച്ചിരി?". വിഷ്ണു പറഞ്ഞു "ങും.. എനിക്ക് മനസ്സിലായി ടീച്ചറെന്താ ഉദ്ദേശിച്ചേന്ന്" "എന്നിട്ടും, നിന്റെ ചേച്ചിയ്ക്കൊന്നും മനസ്സിലായില്ലല്ലോടാ" "ഓ.. അതൊരു മണ്ടൂസാന്നേയ്" "ശ്ശോ". ബില്ലടച്ച് വന്ന പാർവതി ചോദിച്ചു "എന്താ?" "അ.. അതേയ്..". അപ്പോഴേക്കും മീന ടീച്ചർ, കണ്ണന്റെ വായ പൊത്തിപ്പിടിച്ച് ബാക്കി പറഞ്ഞു "ഏയ്! ഈ ട്രീറ്റ് ഇന്ന് മാത്രം പോരാന്ന് പറഞ്ഞതാ" "എന്ന് വച്ചാ?" "അല്ല.. ഇനീം കഥകളെഴുതി പ്രസിദ്ധീകരിക്കണം എന്ന് പറഞ്ഞതാ" "ങാ". അന്നേരം കണ്ണനെ നോക്കി, മീന ടീച്ചർ 'മിണ്ടരുത്' എന്ന് ആംഗ്യം കാണിച്ചു.

ബേക്കറിയിൽ നിന്നിറങ്ങിയ അവർ പിരിഞ്ഞു. പാർവതിയും, വിഷ്ണുവും വീട്ടിലെത്തി. അവർ ടീ.വി കാണുമ്പോഴാണ് ഫോൺ അടിച്ചത്. പാർവതി കോൾ അറ്റൻഡ് ചെയ്തു "ഹലോ" "ഹലോ! പാർവതി. ഞാൻ കിരണാടോ". കിരണിന്റെ ശബ്ദം കേട്ട പാർവതി, ഉത്സാഹത്തോടെ ചോദിച്ചു "എന്താ വിശേഷിച്ച്?" "ഞാൻ നേരെ കാര്യത്തിലേക്ക് വരാം. എനിക്ക് തന്നെ ഒരുപാട് ഇഷ്ടാ. തിരിച്ചും അങ്ങനെയാന്നാ ഞാൻ വിശ്വസിക്കണേ. എന്റെ വീട്ടുകാരെ കൂട്ടി അങ്ങോട്ട് വന്ന് ഞാൻ പെണ്ണ് ചോദിക്കാം. പക്ഷേ.. അതിന് മുന്നേ, അൺ ഒഫീഷ്യലായി ഇതിനെ കുറിച്ചൊന്ന് സംസാരിക്കണന്നുണ്ട്. അപ്പൊ, കാര്യങ്ങളൊക്കെ തൊറന്ന് പറയാലോ. പറ്റാണേല് ഈ വീക്കെൻഡില് നമുക്കൊന്ന് മീറ്റീതാലോ?" "എനിക്ക് വിരോധല്ല്യാ. എന്നാലും.." "എന്ത് എന്നാലും? ഇന്ന് ഞാൻ, തന്നെ പരിചയപ്പെടുത്തിയ ഒരു ഡോക്ടറില്ലേ- ഡോ. സുമേഷ്? ഞാനും, മൂപ്പരും മാത്രേണ്ടാവൂ. ഊർമ്മിള ടീച്ചറും വരാമെന്ന് പറഞ്ഞതാ. ഞാൻ വേണ്ടെന്ന് പറഞ്ഞു" "ങേ? ഊർമ്മിള ടീച്ചറോ?" "അതേടോ. നമ്മളന്ന് പോയില്ലേ? അന്ന് തിരിച്ച് വരാൻ നേരം ടീച്ചറെന്താ, എന്റെ ചെവീല് പറഞ്ഞേന്നറിയോ- 'പാർവതി നല്ല കുട്ടിയാ. നിനക്ക് നന്നായി ചേരും. നീ അവളെ കെട്ടിക്കോ. ഞാൻ വേണേൽ, ആ കുട്ടിയോട് സംസാരിക്കാം' എന്ന്" "ഹഹ.. ശ്ശോ! സ്റ്റുഡന്റിന് വേണ്ടി കല്ല്യാണാലോചിക്കണ ടീച്ചറേ്" "ങാ! ഞാൻ പെണ്ണ് കെട്ടണത് കാണാൻ കാത്തിരിക്ക്യാ, എല്ലാരും. അതുപോട്ടെ! താനിത് പറ. നമുക്ക് മീറ്റീയാം? ഇന്ന് തന്റെ കൂടെ വന്ന ആ മീന ടീച്ചറേം കൂട്ടിക്കോ" "ങും! ഞാൻ, പറയാം" "ഓക്കെ. ടേക്ക് യുവർ ടൈം. ഗുഡ് നൈറ്റ്".

പിറ്റേന്ന് പാർവതി, കിരണുമായി തലേന്ന് സംസാരിച്ചതെല്ലാം, മീന ടീച്ചറോട് പറഞ്ഞു. എല്ലാം കേട്ട മീന ടീച്ചർ, പാർവതിയെ പൂർണ്ണമായി പിന്തുണക്കുന്നു എന്നും, ഈ മുഹൂർത്തത്തിനായി താനും കാത്തിരിക്കുകയാണെന്നും കൂട്ടിച്ചേർത്തു. അങ്ങനെ കിരൺ നിശ്ചയിച്ച പ്രകാരം- പാർവതിയും, മീന ടീച്ചറും, കിരണും, സുമേഷും ഒരു പാർക്കിൽ ഒത്തുകൂടി. അവർ പല വിശേഷങ്ങളും പങ്കിടവേ, ഒരു വാഹനം അവിടെ നിർത്തി. അതിൽ നിന്നും ചിലർ ഇറങ്ങി. ഇതുകണ്ട മീന ടീച്ചർ, പാർവതിയോട് പറഞ്ഞു "പാർവതി! എന്നോട് ക്ഷമിക്കണം". ഇതുകേട്ട പാർവതി, നെറ്റി ചുളിച്ച് ചോദിച്ചു "ക്ഷമിക്കാനോ? എന്തിന്?" "ഞാനിന്നലെ പറഞ്ഞില്ല്യേ- ഈ മുഹൂർത്തത്തിനായി ഞാനും കാത്തിരിക്കുകയാണെന്ന്? അതിനൊരു ഉദ്ദേശണ്ടായിരുന്നു. അത് നിറവേറ്റാൻ ഞാൻ- പാർവതിയേയും, കിരണിനേയും 'കരുവാക്കി' എന്നൊന്നും വിചാരിക്കരുത്" "ടീച്ചറെന്തൊക്കെയാ പറയണേ? ഒന്നും മനസ്സിലാവണില്ല്യല്ലോ". അപ്പോഴേക്കും ആ വാഹനത്തിൽ നിന്നിറങ്ങിയവർ, ഇവരുടെ അടുത്ത് വന്നിരുന്നു. മീന ടീച്ചർ തുടർന്നു "എന്റെ അനിയൻ ഒരു ആക്സിഡന്റില് മരിച്ചത് അറിയാലോ?" "ഉവ്വ്" "അത് ആക്സിഡന്റല്ല. കരുതിക്കൂട്ടി ചെയ്തതാ" "കരുതിക്കൂട്ടിയോ? ആര്? എന്തിന്?" "എന്റെ അനിയൻ ജോലി ചെയ്തിരുന്നത്, ഒരു ഡോക്ടറുടെ ക്ലിനിക്കിലാ. തന്റെ അനിയന്റെ 'പൂമ്പാറ്റ' എന്ന കഥേല് പറഞ്ഞ പോലെ- ലിംഗ നിർണ്ണയം നടത്തി, പെൺകുഞ്ഞുങ്ങളെ കൊന്നൊടുക്കണ ഡോക്ടർമാരായ ദമ്പതികളുടെ ക്ലിനിക്കില്. അതിന്റെ എല്ലാ തെളിവുകളും, എന്റെ അനിയന്റെ ഫയലുകളിൽ നിന്നെനിക്ക് കിട്ടി. കൂടാതെ, അവൻ കൊല്ലപ്പെടണേന് തലേന്ന് വരെ എഴുതി വച്ച ഡയറികളിലും വ്യക്തമായ സൂചനകളുണ്ട്. ഇതെല്ലാം കൂടി, ഞാൻ പൊലീസുകാർക്ക് കൈമാറി. ആ പോലീസുകാരാ, ദേ.. ഇപ്പൊ നമ്മുടെ ചുറ്റിലും നിക്കണേ".

ഇത് കേട്ട് സ്തബ്ധയായ പാർവതി ചോദിച്ചു "അ.. അതിന്, പൊലീസുകാരെന്താ ഇവിടെ?" "ആ ഡോക്ടറെ കസ്റ്റഡീലെടുക്കാൻ. എന്റെ അനിയൻ ജോലി ചെയ്തിരുന്നത്, നമ്മടെ കൂടേള്ള ഈ സുമേഷ് ഡോക്ടറിന്റെ ക്ലിനിക്കിലാ". ഇത് കേട്ട പാർവതിയും, കിരണും ഞെട്ടിത്തരിച്ചു. ഇടയിൽ കയറി ഒരു പൊലീസ് ഓഫീസർ പാർവതിയോട് പറഞ്ഞു "മാത്രല്ല. അന്ന് പ്രസാദ് പബ്ലിക്കേഷൻസിന്റെ പേരില് പാർവതീടെ വീട്ടിലേക്ക് വിളിച്ചതും, വിഷ്ണുവിനോട് സംസാരിച്ചതും ഈ സുമേഷ് ഡോക്ടറാ. ആ കഥേലെഴുതിയ സത്യമായ കാര്യങ്ങൾ വിഷ്ണുവിന് എവിടുന്ന്, എങ്ങനെ കിട്ടീന്നറിയാനാ ഇയാള് വിളിച്ചേ". പൊലീസിന്റെ ചോദ്യത്തിൽ കുറ്റസമ്മതം നടത്തിയ ഡോ. സുമേഷിനെ പൊലീസ് കൊണ്ടുപോയി. അവർ പിരിഞ്ഞു. വീട്ടിലെത്തിയ പാർവതി എല്ലാം തുറന്ന് പറഞ്ഞു. അത്താഴത്തിന് ശേഷം, പാർവതി തന്റെ മുറിയിൽ കട്ടിലിൽ ഇരിക്കുകയാണ്. തന്റെ തോളിൽ തല ചായ്ച്ച് മയങ്ങുന്ന കണ്ണന്റെ നെറുകയിൽ തലോടിക്കൊണ്ട് എന്തൊക്കെയോ ചിന്തിച്ച് കൂട്ടുന്നു. അപ്പോഴാണ് ഫോൺ അടിച്ചത്. പക്ഷേ, കണ്ണന്റെ ഉറക്കത്തിന് ഭംഗം വരുത്തേണ്ടെന്ന് കരുതി പാർവതി എഴുന്നേറ്റില്ല. അപ്പോൾ പാതി മയക്കത്തിൽ കണ്ണൻ സംസാരിച്ചു "അമ്മേ! എന്താ ഫോണെടുക്കാത്തേ? അത് നമ്മടെ കിരണേട്ടനാ. പോയി സംസാരിക്ക്".

പാർവതി ആ കോളെടുത്തു "ഹലോ" "ഹലോ! ഞാൻ കിരണാടോ". ഇത് കേട്ട പാർവതി, അദ്ഭുതത്തോടെ കണ്ണനെ നോക്കി. അവൻ ഉറക്കത്തിലാണ്. അവനിതെങ്ങനെ മനസ്സിലായി? ഇത് കിരൺ ആണെന്ന്? കിരൺ തന്റെ സംസാരം തുടർന്നു "എനിക്ക് തന്നോടും, കണ്ണനോടും സ്നേഹം കൂടീട്ടേള്ളൂ. ആ നശിച്ച സുമേഷ് ഡോക്ടർടെ സംഭവം എനിക്ക് ഷോക്കായി എന്നത് ശരിയാ. പക്ഷേ, അയാള് ചെയ്ത തെറ്റിന്, അയാളനുഭവിക്കണം. അത് പോട്ടെ. ഞാനൊരു കാര്യം ചോദിക്കട്ടെ- ആരാ ഈ പൂമ്പാറ്റ? അങ്ങനൊരു കുട്ടീണ്ടോ?" "കണ്ണന് പോലും അറിയില്ല്യ" "ങും! കല്ല്യാണം കഴിഞ്ഞ് നമുക്കൊരു പെൺകുഞ്ഞ് പിറന്നാൽ, അവൾക്ക് 'പൂമ്പാറ്റ' എന്ന് പേരിടാം. അതും പോട്ടെ! എന്നെ കെട്ടാൻ തനിക്ക് സമ്മതാണോ? അത് പറ". അപ്പോഴാണ്, നല്ല ഭംഗിയുള്ള ഒരു പൂമ്പാറ്റ ആ ലാൻഡ് ഫോണിന്റെ കീപാഡിൽ വന്നിരുന്ന് ചിറകിട്ടടിക്കാൻ തുടങ്ങിയത്. ഇതൊരു ശുഭ ലക്ഷണമായി കണ്ട പാർവതി പുഞ്ചിരിയോടെ, നാണിച്ച് മറുപടി പറഞ്ഞു "എനിക്ക് സമ്മതം, കിരണേട്ടാ. ഒരായിരം വട്ടം സമ്മതം".

English Summary:

Malayalam Short Story Written by Aswin M. Menon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com