ADVERTISEMENT

വലിയൊരു നിലവിളി തൊണ്ടയിൽ കുരുങ്ങിയാണ് അവൾ മരിച്ചത്. അടക്കാനാവാത്ത സങ്കടം ഉള്ളിൽനിറഞ്ഞങ്ങട് ഉരുണ്ടുകൂടി മുകളിലേക്കിരച്ചു കയറുകയായിരുന്നു. തൊണ്ടയിലെത്തിയപ്പോൾ അത് വലിയൊരു ചുഴലിക്കാറ്റായിമാറി. പിന്നെയും മുകളിലേക്കു കയറാനാവാതെ തൊണ്ടയിൽ കിടന്നുതന്നെ വട്ടംചുറ്റി ശ്വാസം മുട്ടിയാണവൾ മരിച്ചത്. പുറത്തേക്കു വരാത്ത നിലവിളി അങ്ങനെ മരണകാരണമായി പോസ്റ്റുമോർട്ടത്തിൽ തെളിഞ്ഞുകണ്ടു. ഇത്രയും ദുഃഖം ഉള്ളിലൊതുക്കി ഇങ്ങനെയൊരു മരണം സ്വയം തിരഞ്ഞെടുത്തതാണോ, അതായത് ആത്മഹത്യയാണോ അതോ ആരെങ്കിലും ഇത്രയും ദുഃഖം അവളുടെ മനസ്സിൽ കൊണ്ടുവന്നിട്ട് കൊല ചെയ്തതാണോ എന്നൊക്കെയുള്ള അന്വേഷണം നടക്കുന്നതേയുള്ളൂ. കൊടുത്തൂവ പോലുള്ള ചൊറിയണച്ചെടികൾ വളരെ സൂക്ഷ്മതയോടെ കൈയ്യിലിരിക്കുന്ന ശീമക്കൊമ്പുകൊണ്ട് തട്ടിയൊതുക്കി, വളരെ പ്രയാസപ്പെട്ടാണ് കേസന്വേഷിക്കുന്നവർ അവിടെക്കു നടന്നത്. ഇവൾക്കൊക്കെ ചാകാൻ കണ്ട സ്ഥലം എന്നൊരു പുളിച്ച ഏമ്പക്കത്തോടെ വായിൽവന്നത് ചവച്ചരച്ചു നടന്ന മുഖ്യ കേസന്വേഷകൻ കൂടെ നടന്ന കീഴ്ജീവനക്കാരെ വെറുപ്പോടെ നോക്കി. അവരാണെങ്കിൽ മുഖ്യനു വേണ്ടി ഒതുങ്ങി ഓടി ചൊറിയണവള്ളികളിൽ തട്ടി വീണും അസഹ്യമായി ചൊറിഞ്ഞും തികട്ടിവന്ന ദേഷ്യം കടിച്ചിറക്കിയും ലക്ഷ്യസ്ഥാനത്തേക്കു നടന്നു. ഇതെല്ലാം മാനംമുട്ടിനിൽക്കുന്ന ആഞ്ഞിലി മരത്തിന്റെ തുഞ്ചത്തിരുന്നു കണ്ട് ചിരിക്കുകയായിരുന്നു അവൾ.

മുള്ളില്ലാമരം നോക്കി നടന്ന് ആകെ കണ്ടത് ആഞ്ഞിലിയാണ്. മുരുക്കു നിറഞ്ഞൊരു പ്രദേശമായിരുന്നു അത്. ഒന്നു കയറിയിരിക്കാൻ ഫലവൃക്ഷം തേടി നടന്നവൾ കഷ്ടപ്പെട്ടു. ദേഹംവിട്ട് പ്രാണൻ പിരിഞ്ഞ നിമിഷംതന്നെ മരമന്വേഷിച്ചുള്ള പരക്കം പാച്ചിലായിരുന്നു. പെട്ടെന്നു ചെന്നിരുന്നില്ലെങ്കിൽ മറ്റേതെങ്കിലും ആത്മാക്കൾ അവിടെ ബുക്കു ചെയ്തിരുന്നാൽ പിന്നെ ഇരിക്കാൻ ദൂരേക്കെവിടെയെങ്കിലും പോകേണ്ടിവരും. ഒരാത്മാവിന് ഒരു മരം എന്നതാണ് കണക്ക്. അതും ഫലവൃക്ഷം തന്നെവേണം. അതാണുത്തമം. പുളിയായിരുന്നു നല്ലത്. മാവും പ്ലാവും കൊള്ളാം. ക്രിയ തീരുന്നതുവരെ ഇവിടെ ചുറ്റിത്തിരിയേണ്ടിവരും എന്നതാണ് മറ്റ് ആത്മാക്കളുടെ കണക്കെങ്കിൽ ക്രിയ ആരും ചെയ്യാനില്ലാത്തതുകൊണ്ട് കാലം മുഴുവനും ഇവിടെ ചുറ്റിത്തിരിയേണ്ടിവരും എന്നതായിരുന്നു അവളുടെ പ്രശ്നം. മുള്ളുകൾ കൂട്ടിമുട്ടി ഉരഞ്ഞാടുന്ന മുരുക്കുമരങ്ങൾക്കിടയിലൂടെ കഷ്ടിച്ച് രക്ഷപ്പെട്ട് നടന്നുപോകേണ്ടിവന്നു കേസന്വേഷകർക്ക്. രണ്ട് മരങ്ങൾ തമ്മിലുള്ള ചെറിയ അകലം കാറ്റത്തില്ലാതായി. മരങ്ങൾ തമ്മിലുള്ള ഈ മൽപ്പിടുത്തത്തിൽ ഉരയലിന്റെ ശക്തി താങ്ങാനാവാതെ മുള്ളുകൾ ഒടിഞ്ഞുവീണു. അവ ചിലരുടെ കാലിൽ കുത്തിക്കയറി. കുത്തിക്കയറിയ മുള്ളുകൾ വലിച്ചെടുത്ത് പൊടിഞ്ഞ ചോരയുമായി അവർ മേലധികാരിക്കൊപ്പമെത്താൻ പണിപ്പെട്ടു. മേലധികാരിയാണെങ്കിൽ വട്ടക്കണ്ണിൽ നിറയെ സംശയങ്ങളും ആർത്തിയും മാത്രമുള്ള മനുഷ്യനായിരുന്നു.

കൃഷ്ണകിരീടപൂക്കൾ നിറഞ്ഞ കാടായിരുന്നു പണ്ടിവിടെ. കുലകുത്തി കിരീടഭംഗിയിൽ ഉയർന്നു നിൽക്കുന്ന പൂക്കളിൽ പലവർണ്ണശലഭങ്ങൾ തേൻ നുകരാനെത്തിയിരുന്നു; അന്ന്. വെയിൽവെളിച്ചത്തിൽ അവയുടെ ചിറകുകൾ തീ പോലെ ചിതറി. രാത്രിയിൽ, ആരോ തട്ടിമറിച്ച പാലുപോലെ നിലാവ് ഇലപ്പടർപ്പുകളിൽ തളംകെട്ടിക്കിടന്നു. നക്ഷത്രങ്ങൾ കണ്ണുചിമ്മുന്നതുപോലെ മിന്നാമിനുങ്ങുകൾ പാറിനടന്നു. അന്നിവിടെ മുരുക്കുമരങ്ങളുണ്ടായിരുന്നില്ല. ഫലവൃക്ഷങ്ങളാൽ സമ്പന്നമായിരുന്നു ഇവിടം. ഒറ്റയടിപ്പാതകൾ മുറിച്ചോടുമ്പോൾ മുയലുകളിൽ അന്ന് ഭയമുണ്ടായിരുന്നില്ല. കാൽപ്പെരുമാറ്റ ശബ്ദം കേട്ട് കിളികൾ പറന്നുപോയില്ല. ഇലവള്ളികൾ ആനപ്പൊക്കത്തിൽ പടർന്നുകയറി കാറ്റിലാടിരസിച്ചിരുന്നു. അതിൽ ഊഞ്ഞാലാടിയ കിളികൾ ചിലച്ചുകൊണ്ടേയിരുന്നു. എവിടെയോനിന്നു വന്ന് എങ്ങോട്ടോ പോയിരുന്ന അരുവി അവരോട് കിന്നാരം പറഞ്ഞു. ആ അരുവിയിൽ മുങ്ങിക്കുളിച്ചവൾ ഉന്മാദംകൊണ്ടു; അന്ന്. “എവിട്യാ....” നടന്നു തളർന്ന മുഖ്യകേസന്വേഷകൻ ആക്രോശിച്ചു. അയാളുടെ കണ്ണുകളിലേക്കുനോക്കിയ കീഴ്ജീവനക്കാർ മൂത്രമൊഴിച്ചു. “ഇനി എനിക്കുവയ്യ... മതി... തിരിച്ചുപോകാം” ദേഷ്യത്തോടെ അയാൾ തിരിച്ചു നടന്നു. എല്ലാവരുടേയും നാവുകൾ ഉള്ളിലേക്കിറങ്ങിയിരുന്നു. വാ പൊളിച്ച് അവരുംതിരിഞ്ഞു നടന്നു. അവൾക്കതുകണ്ട് ചിരിവന്നു. വായപൊത്തിപ്പിടിച്ചവൾ ഇലമറയ്ക്കുള്ളിലിരുന്നു. പെട്ടെന്നവൾക്കോർമ്മവന്നു. അതിന്റെ ആവശ്യമില്ലല്ലോയെന്ന്. അവൾ ആത്മാവാണല്ലോ. ആത്മാവിനെ മറ്റാർക്കും കാണാനാവില്ലല്ലോ. അവൾ കേസന്വേഷകന്റെ ചെകിട്ടത്ത് കാറ്റായിവന്ന് ഒരടികൊടുത്തു. വേദനകൊണ്ടു പുളഞ്ഞ അയാൾ ആരാണ്തന്നെ തല്ലാൻ ധൈര്യം കാണിച്ചതെന്നതിശയത്താൽ പല്ലിറുമ്മി ചുറ്റും നോക്കി. എല്ലാവരും അയാളിൽനിന്നു കൈയെത്താദൂരത്തകലെയായിരുന്നതിനാൽ ആരിലും കുറ്റം ചാർത്താനായില്ല. മറ്റുള്ളവർക്കെല്ലാം ആ കാറ്റ് ഒരു തഴുകലായേ തോന്നിയുള്ളൂയെന്നതാണദ്ഭുതം.

കേസന്വേഷകർ പോയിക്കഴിഞ്ഞപ്പോൾ അവൾ മരത്തിൽനിന്നിറങ്ങി. പൊലീസുകാർ അന്വേഷിച്ചിടത്തേക്കു നടന്നു. അത് ഒളിഞ്ഞിരുന്നാരെങ്കിലും കാണുന്നുണ്ടോയെന്നവൾ ചുറ്റും നോക്കി. ആരുമില്ല. പിന്നെയും അവൾ, താൻ ആത്മാവാണ് എന്ന സത്യം മറന്നുപോയല്ലോയെന്നോർത്തു. ജീവിതം കൊതിതീരെ ജീവിച്ചു തീരാഞ്ഞതിനാൽ മരിച്ചിട്ടും ജീവിതത്തെക്കുറിച്ചാണവൾ ഓർത്തത്. അല്ലെങ്കിലും അങ്ങനെതന്നെയേ വരൂ. മരിച്ചു എന്നതിനോടു പൊരുത്തപ്പെടാൻ സമയം കുറേ എടുക്കും. കാറ്റ് അവൾക്കരികിൽ ചൂളം വിളിച്ചു. കൈയ്യിൽകിട്ടിയ എതോ വള്ളിയിൽ തൂങ്ങി അവൾ ഒറ്റആയലിന് മുരിക്കുമരങ്ങൾക്കിടയിലൂടെ പറന്ന്, ദൂരങ്ങൾ താണ്ടി ലക്ഷ്യസ്ഥാനത്തെത്തി. അവിടെ പറയത്തക്കതായി ഒന്നുമുണ്ടായിരുന്നില്ല. മരിക്കാൻ പറ്റിയ ഒരു സ്ഥലമായിരുന്നില്ല അത്. നിറഞ്ഞ ശാന്തത അവിടെ ധ്യാനത്തിനായി തിരഞ്ഞെടുക്കാൻ പറ്റിയ സ്ഥലമാണെന്നറിയിച്ചു. ധ്യാനം മനസ്സിന്റെ ഉത്സവമാണല്ലോ. ശരീരം അപ്പോൾ അപ്പൂപ്പൻതാടി പോലെ പറന്നുനടക്കും. അത്തരം ധ്യാനത്തിലാണ് താനെന്നപ്പോൾ അവൾക്കു തോന്നി. അതിനെ ഖണ്ഡിക്കാൻ വന്നവർക്ക് അവിടെ എത്താനേ കഴിഞ്ഞില്ല. അവൾ ഒരു ദുർനടപ്പുകാരിയായിരുന്നെന്ന് ചിലർ പറഞ്ഞു. ദുർനടപ്പെന്നാൽ എന്താണെന്ന് അവർക്ക് വിവരിക്കാൻ കഴിഞ്ഞില്ല. കാരണം, അങ്ങനെയൊരു തെളിവ് ആരുടെയും കൈയ്യിലുണ്ടായിരുന്നില്ല. എങ്കിലും ഊഹിച്ചുപറയുന്നതിൽ ഒരു രസം അവർ കണ്ടെത്തിയിരുന്നു. കേൾക്കുന്നവർ അതിൽ കാമം തീർത്തു; കഴുത കരഞ്ഞുതീർക്കുമ്പോലെ.

കാമുകനോടൊപ്പം പോയതായിരിക്കും ആ കാട്ടിനുള്ളിൽ എന്ന് ചെറുപ്പക്കാരെക്കാൾ കൂടുതൽ വയസ്സൻമാർ സംശയം കൊണ്ടു. എന്നാൽ ആരാണ് കാമുകൻ എന്ന് അവർക്കറിയില്ലായിരുന്നു. അങ്ങനെയൊരാൾ ഉണ്ടോയെന്നുപോലും അവർക്ക് ഉള്ളിന്റെയുള്ളിൽ ഉറപ്പില്ലായിരുന്നു. വെറുതെയിരിക്കുന്നതിലും നല്ലത് എന്തെങ്കിലും പറഞ്ഞുപരത്തുന്നതാണെന്നു ചിന്തിക്കുന്നവരാണധികവും. അങ്ങനെയുള്ളവരുടെ അർഥമില്ലാത്ത വാക്കുകൾക്ക് അവൾ വില കൊടുത്തിരുന്നില്ല. തന്നെപ്പറ്റി ആരെന്തുപറഞ്ഞാലും തനിക്കൊന്നുമില്ല. തന്റെ ജീവിതം എന്നും ശുദ്ധവും പുണ്യവുമായിരിക്കണം എന്നവൾ ചിന്തിച്ചു. അതിനു ഭംഗം വരുന്നതൊന്നും ചെയ്തില്ലെന്നു മാത്രമല്ല, അവൾ ആലോചിച്ചിട്ടു കൂടിയില്ല. എന്നിട്ടും ധാരാളം പഴികേൾക്കേണ്ടി വന്നത് അവൾ അതർഹിക്കുന്ന പുച്ഛത്തോടെ തള്ളി. അവൾ അവളുടെ സുന്ദരമായ ജീവിതം മാനസികോല്ലാസത്തോടെ തുടർന്നു. എപ്പോഴോ അവളീ സ്ഥലത്തെത്തിച്ചേർന്നതായിരുന്നു; പണ്ട്. എങ്ങനെയാണെന്നവൾക്കോർമയില്ല. എങ്ങനെയോ. അവിടുത്തെ ശാന്തത, അവിടുത്തെ ഭംഗി അവളെ അങ്ങോട്ടാകർഷിക്കുകയായിരുന്നു. എന്തെന്നില്ലാത്ത, എന്തിനെന്നില്ലാത്ത ഒരു സുഖം അവൾക്കവിടെ കിട്ടിയിരുന്നു. മനുഷ്യർ തിരിഞ്ഞുനോക്കാത്ത ഒരു സ്ഥലമായിരുന്നു അന്നിവിടം. അതുകൊണ്ട് മരങ്ങൾ ആർത്തുല്ലസിച്ചുനിന്നു. കിളികൾ ആഹ്ലാദത്തോടെ പറന്നു. ഓരോ ജീവജാലവും അവരുടേതായ ഇടത്തിൽ സന്തോഷത്തോടെ കഴിഞ്ഞു. സൂര്യൻ ഇലകൾക്കിടയിലൂടെ നാണയത്തുട്ടുകൾപോലെ വെളിച്ചം ഭംഗിയോടെ വിതറി. അരുവികൾ ചിരിച്ചുകൊണ്ടൊഴുകി. ഏറെ പ്രയാസപ്പെട്ടാണെങ്കിലും ഇടയ്ക്കൊക്കെ അവിടെ എത്തുമ്പോൾ എന്തെന്നില്ലാത്ത ആഹ്ലാദം അവൾക്കനുഭവപ്പെട്ടു. ഭൂമിയിലെ സ്വർഗ്ഗമാണിവിടം എന്നവൾക്കു തോന്നി. 

പല കാരണങ്ങളാൽ കുറേനാളത്തേക്ക് അവൾക്കവിടെ വരാൻ പറ്റിയിരുന്നില്ല. ഏറെ നാളുകൾക്കുശേഷം അങ്ങോട്ടുവരുമ്പോൾ അവിടെ വന്ന ഓരോ മാറ്റവും അവളെ വേദനിപ്പിക്കുകയും അതിശയപ്പെടുത്തുകയും ചെയ്തു. കൃഷ്ണകിരീടപ്പൂക്കൾക്കു പകരം തിങ്ങി നിറഞ്ഞ മുരിക്കുമരങ്ങളാണ് അവളെ സ്വീകരിച്ചത്. അരുവി കാണാനേയുണ്ടായിരുന്നില്ല. മുള്ളുകൾ നിറഞ്ഞ മരങ്ങൾ കരകരശബ്ദത്തോടെ, ഭയംപ്പെടുത്തുംവിധം കാറ്റിലാടിനിന്നു. അവിടം വല്ലാത്തൊരു വന്യത അനുഭവപ്പെട്ടു. ഉള്ളിൽ എന്തോ ഒരു ഭയം തളംകെട്ടിവരുന്നത് അവളറിഞ്ഞു. എങ്കിലും പിന്മാറാൻ അവൾ തയാറായിരുന്നില്ല. മുന്നോട്ട് മുന്നോട്ട് അവൾ ഭീകരതയുടെ ഉള്ളിലേക്കു നടന്നു... കാറ്റിന്റെ ചൂളംവിളി ചെകിടടപ്പിക്കുംവിധം ഭീകരമായിരുന്നു. കിളികൾ കൂട്ടത്തോടെ ഭയന്നുവിറച്ച് കരഞ്ഞു, പറന്നുപോകുന്നതവൾ കണ്ടു. എങ്ങനെയെങ്കിലും രക്ഷപ്പെടാനുള്ള വെമ്പൽ ആ പറക്കലിലുണ്ടായിരുന്നു. കാട് ആർത്തുവിളിച്ചു കരയുമ്പോലെ ഭയപ്പെടുത്തുന്നൊരു ശബ്ദം ഇടയ്ക്കിടെ അവൾ കേട്ടു. ഒരു നിമിഷം ഉള്ളിലൊരാന്തലോടെ തിരിച്ചുപോയെങ്കിലോയെന്നവൾ ചിന്തിച്ചു. എന്നിട്ടും അവളെ കാലുകൾ മുന്നോട്ടുതന്നെ നയിച്ചു. ഇത് ഒരാഴ്ച മുമ്പിലത്തെ കാര്യം. ഇപ്പോൾ, അവൾ മരിച്ചുകിടന്ന സ്ഥലത്തെത്തി. അവിടെ പുല്ലുകളെല്ലാം കരിഞ്ഞു കിടക്കുന്നതവൾ കണ്ടു. ഒരാഴ്ചമുമ്പ് ഇവിടെക്കിടന്നാണല്ലോ താൻ മരിച്ചതെന്ന കാര്യം ഭയത്തോടെ അവൾ ഓർത്തു. കുറച്ചുദൂരെ ചോരപോലെ നിന്ന പുല്ലുകളിൽ മനുഷ്യാകൃതിയിൽ രണ്ടു കുഴികൾ രൂപപ്പെട്ടതവൾ കണ്ടു. അതിന് ഒരു കുഞ്ഞിന്റെ ആകൃതിയായിരുന്നു.. ആ കുഴികളിൽ ചോര പോലെ വെള്ളം തളംകെട്ടികിടപ്പുണ്ടായിരുന്നു. ആ വെള്ളത്തിലേക്ക് ചങ്കിടിപ്പോടെ നോക്കി കുറച്ചുനേരം നിന്നപ്പോൾ അവളുടെ ആത്മാവിന് കഴിഞ്ഞ കാര്യങ്ങൾ ഓർമ്മ വന്നു. 

യുകെയിൽ പോകാനുള്ള തയാറെടുപ്പുകളെല്ലാം പൂർത്തിയായി. തിയതിയും അടുത്തടുത്തുവന്നു. കൂടാതെ വിവാഹനിശ്ചയവും കഴിഞ്ഞിരുന്നു. പയ്യൻ തരക്കേടില്ല. ഇടയ്ക്കിടെ വിളിക്കും. കുറേനേരം സംസാരിക്കുമ്പോൾ ഒരു സുഖമൊക്കെ തോന്നി. ദൈവനിശ്ചയമെന്നു പറയട്ടെ പയ്യനും അന്നുതന്നെയാണ് യുകെയിലേക്ക് പുറപ്പെടുന്നത് എന്നത് യാദൃച്ഛികമായി. ഇതൊന്നും മുൻകൂട്ടി തീരുമാനിച്ചതല്ല, അങ്ങനെ വന്നുപെട്ടതാണ്. കല്ല്യാണം കഴിഞ്ഞതിനു ശേഷമാണ് ഈ പുറപ്പെടലെങ്കിൽ ഒരു മധുവിധുവിന്റെ പകിട്ടുണ്ടായേനേ. എന്നാൽ കല്യാണം ഇനിയും മാസങ്ങൾ കഴിഞ്ഞാണ് നടക്കുക. അവൾ ആദ്യമായിട്ടാണ് ഇന്ത്യവിട്ട് പോകുന്നത്. അതിന്റെയൊരു പകപ്പാട് ഉള്ളിലുണ്ടായിരുന്നു. എന്നാൽ ഒട്ടും നിനച്ചിരിക്കാതെയാണ് ഇങ്ങനെയൊരു കല്ല്യാണാലോചനവന്നത്. പയ്യൻ ഇവൾ പോകാൻ പോകുന്ന നാട്ടിലാണ് ജോലിചെയ്യുന്നത് എന്നത് കുറച്ചൊന്നുമല്ല ആശ്വാസവും സന്തോഷവും നൽകിയത്. ഒരുമിച്ചുള്ള യാത്രയാണെന്നുകൂടി അറിഞ്ഞപ്പോൾ സന്തോഷം ഇരട്ടിയായി. പയ്യനാണ് അവൾക്കുവേണ്ടിയും എല്ലാ തയാറെടുപ്പുകളും നടത്തിയത്. എന്തുകൊണ്ടും സന്തോഷത്തിലാറാടിയപ്പോൾ, പണ്ട്, ഇടയ്ക്കു ചെന്നിരിക്കാറുള്ള ആ സ്ഥലത്ത് ഒരിക്കൽകൂടി പോകണമെന്നൊരു മോഹമുണ്ടായി. വിവാഹം കഴിക്കാൻ കുറച്ച് വൈകിയെന്നുള്ളത് സത്യമാണ്. നാട്ടുനടപ്പനുസരിച്ചുള്ള വിവാഹപ്രായം കഴിഞ്ഞു. നല്ല വിദ്യാഭ്യാസവും തരക്കേടില്ലാത്തൊരു ജോലിയും നാട്ടിലുള്ളപ്പോൾ സുന്ദരിയും സുശീലയുമായ തനിക്ക് എന്തുകൊണ്ടും വളരെ നല്ലൊരാലോചന വരുമെന്നവളും വീട്ടുകാരും ചിന്തിച്ചു. അതിന്റെ അഹങ്കാരത്തിൽ, വന്ന നല്ല ആലോചനകൾ പലതും പോരാ പോരായെന്നുപറഞ്ഞ് തള്ളിവിട്ടു. പൂർണ്ണമായും തൃപ്തിയായൊരാലോചനയ്ക്കു വേണ്ടി കാത്തിരുന്നു. അങ്ങനെയൊന്നിന്റെ സ്വപ്നത്തിൽ കാലംപോയതറിഞ്ഞില്ല. 

ഇപ്പോൾ വന്നത് കുറച്ചൊക്കെ പോരായ്മകളുണ്ടെങ്കിലും ഇനിയും കാത്തിരിക്കുന്നത് ശരിയല്ലെന്ന പൊതു അഭിപ്രായത്തിൽ ഇതങ്ങ് സമ്മതിച്ചു. പോരാത്തതിന് ചെറുക്കൻ സ്വന്തം നാട്ടിൽതന്നെയുള്ള ആളായതുകൊണ്ടും വീട്ടുകാർ തമ്മിൽ പഴയ അടുപ്പം ഉള്ളതുകൊണ്ടും അവർ വളരെ തൃപ്തരായിരുന്നു. യുകെയിലാണ് പയ്യന് ജോലിയെന്നുകൂടി അറിഞ്ഞപ്പോൾ പ്ലസ്പോയിന്റ് കൂടി. പയ്യനെക്കുറിച്ച് എല്ലാവർക്കും നല്ല അഭിപ്രായമായിരുന്നു. ഒരു ദുശ്ശീലങ്ങളുമില്ലാത്ത, അടങ്ങിയൊതുങ്ങികഴിയുന്നൊരു പയ്യൻ. ഏറെനാളായി വിദേശത്തു ജോലി ചെയ്യുകയാണല്ലോ. നാട്ടിലെത്തിയാൽ എല്ലാവർക്കും വല്യ കാര്യമാണ്. എന്തിനോടും പൊരുത്തപ്പെട്ടുപോകുന്നൊരു പ്രകൃതം. ആദ്യകാഴ്ചയിലും പെരുമാറ്റത്തിലും വല്ലാത്തൊരു ആകർഷണം തോന്നുന്ന ടൈപ്പ്. സംസാരം കേട്ടാൽ നമ്മുടെ സ്വന്തമാണെന്നൊരു തോന്നലുണ്ടാകും. വിനീതവും പ്രൗഢവും ഭവ്യത നിറഞ്ഞതുമായ പെരുമാറ്റം. ദൂരയാത്രക്കു പോയാൽ ഇനി എന്നാണ് തിരിച്ചെത്തുകയെന്നൊരു നിശ്ചയവുമില്ലല്ലോ. ചിലപ്പോൾ കല്യാണത്തിനു കുറച്ചുദിവസംമുമ്പ് നാട്ടിലേക്ക് പുറപ്പെടാം. അതും ചിലപ്പോൾ പയ്യനൊരുമിച്ചാകാം. രണ്ടുപേരുടേയും ജോലിയുടെ കാര്യങ്ങളൊക്കെ ആശ്രയിച്ചിരിക്കും അതൊക്കെ. പിന്നെ, കല്യാണമായി തിരക്കായി. അതുകഴിയുമ്പോൾ വീണ്ടും തിരിച്ചുപോകണം. ഇതിനിടയിൽ ഇവിടെ വരുകയെന്നുപറഞ്ഞാൽ ചിലപ്പോൾ നടന്നെന്നുവരില്ല. അതുതന്നെയല്ല, കല്യാണം കഴിഞ്ഞാൽ ഒറ്റക്കൊരു തീരുമാനമെടുക്കാനാവില്ലല്ലോ. കാലമൊക്കെ മാറിയെന്നു പറയുമെങ്കിലും കുടുബജീവിതം ഭംഗിയാകണമെങ്കിൽ പരസ്പരം അറിഞ്ഞ്, വിട്ടുവീഴ്ചകൾ ചെയ്ത്, ഒന്നിച്ചൊരു തീരുമാനമെടുത്ത് മുന്നോട്ടു പോകണ്ടേ. അതിൽ ഞാൻ വലുത്, നീ വലുത് എന്നു വിചാരിച്ചാൽ കാര്യം വഷളാകും. അപ്പോൾ ഇങ്ങനെയൊരു സ്ഥലംവരെപോകാം, എന്നു പറഞ്ഞാൽ കൂടെയുള്ള ആൾക്ക് ചിലപ്പോൾ പെരുത്തിഷ്ടമാകും, ചിലപ്പോൾ അതുവേണോയെന്നൊരു സംശയംതോന്നാം. അല്ലെങ്കിൽ വേണ്ടായെന്ന് തറപ്പിച്ചുപറയാം. എന്തായാലും ആ ആളുടെ അപ്പോഴത്തെ മനോഭാവവും മറ്റും ആശ്രയിച്ചിരിക്കും അത്. എന്നാൽ ഇപ്പോൾ ആരോടും ഒന്നും ചോദിക്കാതെ തന്നിഷ്ടത്തോടെ അവിടെപോകാം. മാത്രമല്ല, ആ ഏകാന്തത അനുഭവിക്കണമെങ്കിൽ കൂടെ ആളുണ്ടാവരുതല്ലോ. പഴയപോലെ അവിടെചെന്ന് നിലമറന്നു നിൽക്കാം. ഒരിക്കലും കിട്ടാത്ത സുഖത്തിൽ ആറാടിയങ്ങനെയങ്ങനെ....

കാലുകൾ അവളുടെ  നിയന്ത്രണത്തിൽ നിന്നില്ല. മുള്ളുകൾക്കിടയിലൂടെ അവ മുന്നോട്ടു കുതിച്ചുകൊണ്ടേയിരുന്നു. അങ്ങനെയാണ് അവൾ അവിടെ എത്തിപ്പെട്ടത്. അവിടം അപ്പോൾ പകൽവെളിച്ചത്തിലും ഇരുട്ടുമൂടി കിടന്നിരുന്നു. തൊണ്ടയിൽ കുരുങ്ങിനിന്നൊരു കരച്ചിൽ കാറ്റിന്റെ ശീൽക്കാരത്തിനിടയിലൂടെ അവൾ കേട്ടു. വല്ലാത്തൊരു പന്തിയില്ലായ്മയോടെ അവൾ ചുറ്റം നോക്കി. ഒരു കുഞ്ഞിന്റെ ശ്വാസംമുട്ടിയ ശബ്ദം അവളുടെ ചെവിയിലടിച്ചു. ശബ്ദത്തിന്റെ ദിശയിൽ അവൾക്ക് സ്വന്തം കണ്ണുകളെ വിശ്വസിക്കാനായില്ല. മൃഗസമാനമായൊരലർച്ചയോടെ, കാറലോടെ എന്തോവന്ന് ഒരു കുഞ്ഞിന്റെ ദേഹത്ത് വീണുകൊണ്ടിരിക്കുന്നതായാണ് അവൾക്കാദ്യം തോന്നിയത്. ഒരു നിമിഷംകൊണ്ട് അവൾ എല്ലാം തിരിച്ചറിഞ്ഞു. കണ്ണും ചെവിയും പൊത്താനവൾ ആഗ്രഹിച്ചു. മണ്ണിൽ കിടന്ന കിടപ്പിൽ ഒരു കുഴിയിലേക്കാണ്ടുപോവുകയായിരുന്നു ഏതോ ഒരു പെൺകുട്ടി. അവളുടെ ഞരക്കങ്ങൾ കുഴിയുടെ താഴ്ചയിലേക്കമർന്നു. രണ്ടോ മൂന്നോ വയസ്സുള്ള ആ കുട്ടിക്കു മുകളിൽ ഭീകരമായൊരു മനുഷ്യരൂപം ആർത്തിപൂണ്ടു വിലസുകയായിരുന്നു. അത്യാഹ്ലാദത്തിന്റെ മൂർദ്ധ്യന്നതയിൽ അയാൾ സ്വയം മറന്നു വിളയാടുകയായിരുന്നു. പെൺകുഞ്ഞിന്റെ പോലെ അവളുടെ തൊണ്ടയിലും ഒരു നിലവിളികുടുങ്ങി. പുറത്തുവരാത്ത നിലവിളി തൊണ്ടയിൽ ചുഴലിക്കാറ്റായടിച്ചു. അനങ്ങാൻ കഴിയാതെ, തൊണ്ടയിൽ തഴുകാൻ കഴിയാതെ അവൾ നിലത്തിരുന്നു. വാ പൊളിച്ചിരുന്ന ആ ഇരിപ്പിൽ അവളുടെ പ്രാണൻ വായിലൂടെ പുറത്തേക്കുപോയി. മരവിച്ച ശരീരത്തിൽനിന്നും പുറത്തുകടന്ന പ്രാണനാണ് പിന്നീട് എല്ലാം വ്യക്തമായി കണ്ട് തിരിച്ചറിഞ്ഞത്. അതിങ്ങനെയായിരുന്നു. 

എല്ലാം കെട്ടടങ്ങിയ അയാൾ തളർന്നവിടെ ഇരുന്നു, കുറേനേരം. പിന്നെ, മണ്ണിൽനിന്നും കുഴിയിലേക്കാണ്ടുപോയ നഗ്നയായ പെൺകുട്ടിയെ വലിച്ചെടുത്തു പുറത്തിട്ടു. വീണ്ടും അയാളിൽ ആർത്തിമൂത്തു. കുഞ്ഞിനെ മലർത്തികിടത്തുമ്പോൾ, പ്രാണനായ അവൾ കണ്ടു, കുഞ്ഞിന്റെ കാലിടുക്കിൽനിന്നും നെഞ്ചുവരെ വയർ പിളർന്നിരിക്കുന്നു. അയാളുടെ ദേഹം മുഴുവനും ചോരയാണ്. നഗ്നനായ അയാളിലെ പുരുഷൻ അപ്പോഴും ഉയർന്നുനിന്നു. അടക്കാനാകാത്ത ആർത്തിയോടെ അയാൾ വീണ്ടും കുഞ്ഞിന്റെ ശരീരത്തിലേക്കു വീണു. പിന്നെ അവൾക്കതു നോക്കിനിൽക്കാനായില്ല. ലോകം നടുങ്ങുമാറലർച്ചയോടെ കരഞ്ഞുകൊണ്ട് അവളുടെ പ്രാണൻ കണ്ണുപൊത്തി എങ്ങോട്ടെന്നില്ലാതെ പറന്നു. പറന്നു തളർന്നപ്പോൾ, ഇരുട്ടും നിലാവും കുഴഞ്ഞ ഭയാനകമായ രാത്രിയിൽ അവളുടെ പ്രാണൻ വീണ്ടും മരിച്ച സ്ഥലത്തെത്തി. അവിടെ കുറുക്കന്മാർ ആ കുഞ്ഞിന്റെ ദേഹം ആർത്തിയോടെ തിന്നുകയായിരുന്നു. ഉറയ്ക്കാത്ത എല്ലുകൾപോലും മാംസംപോലെ കടിച്ചുതിന്നു, ഒട്ടും അവശേഷിപ്പിക്കാതെ. മണ്ണിൽകിടന്ന പൊടിപോലും നക്കിതിന്ന കുറുക്കന്മാർ മതിയാകാതെ, ചുറ്റുംനോക്കി ഓടിപ്പോയി. ഓർമ്മകൾ ഛർദ്ദിച്ചിട്ടപ്പോൾ അവളുടെ പ്രാണൻ അതിൽ ഒരുകാര്യം കണ്ടു. ക്രൂരനായ അയാൾക്ക് വിവാഹനിശ്ചയം കഴിഞ്ഞ പയ്യന്റെ മുഖമായിരുന്നു. എന്നാൽ പലപ്പോഴും കണ്ട, കളിച്ചുചിരിച്ച് ദൂരെനിന്നു കണ്ട പയ്യന്റെ ശരീരപ്രകൃതിയായിരുന്നില്ല ആ ക്രൂരന്. ഒരു രാക്ഷസന്റെ ശക്തിയും വീറും വാശിയും ആ ശരീരത്തിൽ കണ്ടു, അവിശ്വസനീയമാംവിധം. പ്രകൃതിയെ മൊത്തത്തിൽ വലിച്ചുകീറാനുള്ള ഒരാവേശവും കരുത്തും അയാളിലുണ്ടായിരുന്നു. പയ്യന്റെ പുറമേകണ്ട മുഖവും മാറിനിന്ന് കണ്ട ഈ ക്രൂരമുഖവും ഓർത്തപ്പോൾ അവളുടെ നിലതെറ്റി. വീണ്ടും അവൾ അലർച്ചയോടെ കരഞ്ഞ് മുള്ളുമരങ്ങൾക്കിടയിലൂടെ ചുഴലിപോലെ പറന്നു.. ഒരു ഭ്രാന്തിയെപ്പോലെ...

അപ്പോൾ അടക്കിപ്പിടിച്ച കരച്ചിലോടെ ഒരു കുഞ്ഞാത്മാവ് അവളുടെ അടുത്തേക്ക് പറന്നുവരുന്നത് അവൾ കണ്ടു. അതിനെകണ്ടതും അവളുടെ സങ്കടം അണപൊട്ടിയൊഴുകി. ആ ആത്മാവിന്റെ ദേഹംനിറയെ ചോരയായിരുന്നു. കുറച്ചുദിവസത്തെ അലച്ചിലിന്റെ തളർച്ച അതിനുണ്ടായിരുന്നു. അവൾ ആ കുഞ്ഞാത്മാവിനെ സ്വന്തം കുഞ്ഞിനെയെന്നവണ്ണം വാരിപ്പുണർന്നു. അവളുടെ ആത്മാവിനോടുചേർന്ന്, അമ്മയുടെ മടിയിലെന്നപോലെ ആ കുഞ്ഞാത്മാവും അവളെ പുണർന്നു. അവർ വലിയൊരു സങ്കടക്കടലായി നിന്നു. ഉള്ളിൽ വൻതിരകൾ ആർത്തലച്ചു. കുറച്ചുനേരത്തിനുശേഷം അവളുടെ ആത്മാവു പറഞ്ഞു. “വാ മോളേ, നമുക്കുപോകാം. എന്റെ വാസസ്ഥലമായ ആഞ്ഞിലിമരത്തിൽ ഇനി നമുക്കൊരുമിച്ച് കഴിയാം.” അവൾ ആ കുഞ്ഞിനെ ദേഹത്തോടുചേർത്തുപിടിച്ച് ആഞ്ഞിലിമരത്തിലേക്കു പറന്നു. അപ്പോൾ മാനം ഇരുണ്ടുകൂടി ആർത്തലച്ച് വൻമഴപെയ്തു. മുള്ളുമരങ്ങൾ വലിയകാറ്റിൽ പരസ്പരം കലഹിക്കുന്നവരെപ്പോലെ, പകയോടെ കൂട്ടിയുരുമ്മി മുള്ളുകൾ അടർന്ന് മണ്ണിൽവീണു. അതിന്റെ കൂർത്തമുന ഇനി ഈ വഴി വരുന്നവരുടെ കാലിൽ തറയ്ക്കാൻ കാത്ത് ആകാശംനോക്കി കിടന്നു, ആരോടെന്നില്ലാത്ത പകയോടെ....

English Summary:

Malayalam Short Story ' Karanam ' Written by Jayamohan Kadungalloor