ADVERTISEMENT

"ആയ് അശ്രീകരം, എന്താ ഈ കാണണേ! തൃസന്ധ്യ നേരത്താ ഓൾടെ ഒരു ചൂലും മൊറൂം... അങ്ങട് മാറി നടക്കാ... അസത്ത്..., ഒരുമ്പട്ടോൾ ദൃഷ്ടി അശുദ്ധാക്കൂല്ലോ... ന്താ നാരായണാ താനിതൊന്നും കാണിനില്ല്യേ? അതോ മൂത്തോർക്കിത്തിരി അശുദ്ധി ഇരിക്കട്ടെ എന്ന് നിരീച്ചാണോ? ഏഭ്യൻ... മുൻപീന്നു മാറ്റടോ കൊശവാ ആ നശൂലത്തെ..." ഇഡ്‌ഡലിപ്പറക്കാട്ട് മനയ്ക്കലെ മൂത്ത കാർന്നോർ പൊറ്റാടൻ തിരുമേനി കണ്ണുമുറുക്കിയടച്ച് മനസ്സിൽ തോന്നിയ അതൃപ്തി പ്രകടിപ്പിച്ച്  തേവാരത്തിനിറങ്ങി.. "അമ്പ്രാൻ തേവാരത്തിന് വരുമ്പളാ ഓൾടൊരു അടിച്ചുതളി, മാറങ്ങട്.." കൈക്കാരൻ നാരായണൻ കാർത്യായനിയോട് യജമാനസ്നേഹത്താൽ താക്കീത് നൽകി. തമ്പ്രാനും, കൈക്കാരൻ കോലുനാരായണനും മുൻപിലൂടെ കടന്ന് പോകുന്നതുവരെയും കാർത്യായനി മുറ്റത്തിന്റെ അരികുപറ്റി തലകുനിച്ച് നിന്നു...  "അജിതാഹരേ ജയാ... മാധവാ..." അങ്ങനെ കഥകളിപ്പദമൊക്കെ മൂളി തിരുമേനി തേച്ചുരച്ചുള്ള കുളി തുടങ്ങി... നാരായണൻ മേലോരത്ത് കാവലും... എന്തിനാ കാവൽ എന്ന് ചോദിച്ചാൽ, ഒന്നിനും വേണ്ടിയല്ല, വെറുതെ ഒരു കീഴ് വഴക്കം... അങ്ങനെ കുളിയും നനയും കഴിഞ്ഞു അമ്പ്രാൻ കുളിക്കടവിന്റെ പടവിലെത്തിയതും, അങ്ങേ തലക്കൽ അന്തർജ്ജനക്കടവിൽ ആരോ കുളിക്കണ ശബ്ദം... "ടോ നാരായണാ, ആരാ അപ്പർത്ത് കുളിക്കണത്?.." അമ്പ്രാക്കൾ പതിഞ്ഞ സ്വരത്തിൽ ലേശം ഘനം കൂട്ടി സ്വകാര്യത്തിൽ ചോദിച്ചു. നാട്ടിലുള്ള അന്തർജ്ജനങ്ങളുടെയെല്ലാം കുളിസമയം മനഃപാഠമാക്കിയ നാരായണൻ ഒന്ന് കണ്ണടച്ച് കണിയാൻ ഗണിച്ചുപറയണപോലെ പറഞ്ഞു, 

"തിരുമേനീടെ കുളി ഇന്ന് 1 വിനാഴിക വൈകിയിരിക്കുണു, അത് വച്ച് നോക്കുമ്പോൾ കൗസല്യാന്തർജ്ജനം ആകാനാണ് തരം, മാത്രല്ല സുമിത്രാന്തർജ്ജനം ഇപ്പൊ കുറച്ചൂസായി കുളി ഇല്ലത്തന്ന്യാ, ലളിതാന്തർജ്ജനം നേരത്തെ കുളിച്ച് പോയേക്കുണു.. പിന്നെ വത്സലാന്തർജ്ജനം!...",  "ഉം.. ഉം... മതി, മതി താനാള് കൊള്ളാല്ലോ നാരായണാ... എന്ത് കൃത്യായിട്ടാ ഓരോന്നും പഠിച്ച് വച്ചേക്കണേ, വിരുതൻ..." "ഓ, എല്ലാം അടിയന്റെ അവിടത്തോടുള്ള കൂറാണേയ്..." നാരായണൻ ഒരു പ്രത്യേക നാണത്തോടെ പിൻതല ചൊറിഞ്ഞു വിനീതകുലീനനായി... "ടോ, നാരായണാ... കൗസൂന്നു പറയുമ്പോ നന്ദിനിചിറ്റേടെ മോൻ അനിരുദ്ധന്റെ വേളി അല്ലേ, പുതുമോടി... ഐശ്വര്യ ലക്ഷണം എന്നല്ലേടോ?.. ഒന്ന് നോക്ക്യോക്കാം... ഇപ്പഴത്തെ കുട്ട്യോളൊക്കെ എങ്ങനാ കുളിക്കണേന്ന് അറിയാല്ലോ... മാത്രല്ല ഈ പറയണ അനിരുദ്ധൻ വിപ്ലവം തലയ്ക്ക് പിടിച്ച് ഇല്ലത്തേക്കൊന്നും എത്താറില്ലെന്നാ സുഭദ്ര പറഞ്ഞേ... വന്നു കേറിയ കുട്ട്യല്ലേ വിഷമം കാണും... നമ്മളൊക്കെ വേണ്ടേ ശ്രദ്ധിക്കാൻ..." എന്നും പറഞ്ഞു തിരുമേനി പെണ്ണുങ്ങൾ കുളിക്കണ കുളിക്കടവിലേക്ക് ഏന്തിവലിഞ്ഞു നോക്കി... "ടോ, കൊശവൻ നാരായണാ ഒന്ന് താങ്ങിത്താടോ..." ചൊല്ലുവിളിയുള്ള നാരായണന് എല്ലുബലം കുറവാണെങ്കിലും തമ്പ്രാന്റെ മൂട് താങ്ങാനാ യോഗം... 

"ആരാത്! ചോദിച്ചത് കേട്ടില്ലേ ആരാന്ന്..." അപ്പുറത്ത് നിന്നും ഗൗരവത്തിലുള്ള ആ ചോദ്യത്തിൽ അമ്പ്രാനൊന്നു ഉള്ളുപിടഞ്ഞു... സമചിത്തത കൈവിടാതെ അമ്പ്രാൻ ഒരു സൂത്രമൊപ്പിച്ചു. ലേശം ശബ്ദം മാറ്റി "നാരായണാന്നേയ്... തമ്പ്രാട്ടി പൊറുക്കണം ആരാന്ന് നിശ്ചല്ല്യാത്തോണ്ട് ഒന്ന് ശ്രദ്ധിച്ചു അത്രേള്ളൂ..." എന്നിട്ട് നാരായണനോട് "വേം താഴെ ഇറക്കടോ ശപ്പാ... ആ കുട്ടി ഇപ്പങ്ങട് എഴുന്നള്ളും, ആ അനിരുദ്ധന്റെ മൂശേട്ട സ്വഭാവം അതുപോലെ കിട്ടീരിക്കുണു, കേട്ടില്ലേ ശബ്ദത്തിലെ ആ അഹങ്കാരം..." ന്നും പറഞ്ഞു തിരുമേനി ശടപടെന്ന് ആ പടവിൽ നിന്നിറങ്ങി... വേഗത്തിലായോണ്ട് കൈ സ്വൽപം ആ പടവിൽ കൊണ്ട് മുറിയൂം ചെയ്‌തു.. എന്നിട്ട് വേഗം മാറ്ററയുടെ ഓരം പറ്റി വഴിയിലേക്കിറങ്ങി... കൈയ്യിലെ മുറിവ് മേൽമുണ്ടുകൊണ്ട് മറച്ച് "രാമാ... കൃഷ്ണാ... നാരായണാ നീ  കൈവിടാതെ കാത്തോളണേ... കേട്ടോടൊ!..." എന്ന് ജപിച്ച്, ഇതുപോലൊരു ഭക്തൻ ഈ ഭൂമിയിലുണ്ടോ എന്ന് തോന്നിപ്പിക്കും വിധത്തിൽ തിരുമേനി ഇടവഴിയിലേക്കിറങ്ങി...  അപ്പോളതാ തൊട്ടുമുൻപിൽ കൗസു... 

തിരുമേനി പെട്ടന്നൊന്ന് സ്‌തംഭിച്ചെങ്കിലും ഗൗരവം വീണ്ടെടുത്ത് കൗസൂനോട് ചോദിച്ചു "അല്ലാ, ആരാത്, കൗസു എന്നും ഈ നേരത്താണോ കുളിക്ക്യാ? എന്താ കുട്ടീ ഒരു പരിഭ്രമം പോലെ!... നോം ഇന്ന് ലേശം വൈകിയിരിക്കുണു, ടോ നാരായണാ, ഇയ്യാളിത് എവിടെപ്പോയി കിടക്കാ?..." അപ്പോൾ നാടകത്തിലെന്നപ്പോലെ പടവുകളേറി കുളപ്പുരയുടെ വാതിൽക്കൽ നാരായണൻ ഹാജർ.. "എവിടെപ്പോയി കിടക്കാർന്നടോ താൻ... നാളെ തന്നെ ഇവിടെ ഒരു ദീപം വയ്ക്കാൻ ഏർപ്പാടിണ്ടാക്കണം... കൗസുട്ടി ഈ നേരത്താത്രേ എന്നും കുളിക്കാറ്‌, ഇഴ ജന്തുക്കളൊക്കെ ഇള്ള സ്ഥലല്ലേ... വെളിച്ചതിന് ഏർപ്പാടുകൾ വേണം... അല്ലെങ്കിൽ കുട്ടി ഇനീം പരിഭ്രമിക്കും... ആ ചൂട്ട് കൗസൂന് കൊടുത്തോളാ..." "ഏയ് വേണ്ടമ്മാവാ, ഇത്രേടം വരെയല്ലേള്ളൂ... ഞാൻ നടന്നോളാം, അവിടെ മറപ്പുരടെ അപ്പർത്ത് എന്തോ അനക്കം പോലെ തോന്നി... ലേശം പേടിച്ചുപോയി, വല്യമ്മാവനെ കണ്ടപ്പഴാ ഒരു സമാധാനായേ..." കൗസു മറുപടി പറഞ്ഞു. "അതാരാ ഇവിടെ വരാൻ!. കുംഭത്തിലെ മേൽക്കാറ്റിള്ള സമയല്ലേ, വല്ല മച്ചിങ്ങയോ മടലോ വീണതാവും, നാരായണാ... കുട്ടി പേടിച്ചേക്കുണു ഇനി ഈ നേരം ഇവിടെ തന്റെ ഒരു കണ്ണിണ്ടാവണം... അല്ലെങ്കിൽ വേണ്ട! നോം തന്നെ ശ്രദ്ധിച്ചോളാം... കൗസുട്ടി നടന്നോളു, അത് മെച്ചിങ്ങ്യന്നാവും... ഇനീപ്പോ ഇതൊന്നും ചെന്ന് ആ അനിരുദ്ധനോടൊന്നും പറയാൻ നിക്കണ്ട... മുൻശുണ്ഠി ലേശം കൂടുതലാണെങ്കിലും പേടി നല്ലോണം ഇള്ള ചെക്കനാ... ടോ നാരായണാ... ന്നാ പോവല്ലേ... കൗസു നടന്നോളാ..." 

തുലാമാസത്തിലെവിടെയാ കുംഭം, അതും ഈ 'തെങ്ങില്ലാത്തോടത്ത് മച്ചിങ്ങ എങ്ങനെ!' എന്നൊക്കെ ആലോചിച്ച് മേപ്പട്ട് നോക്കി നിക്കണ നാരായണൻ ഒന്ന് ഞെട്ടി... ചില സമയം ഈ അമ്പ്രാക്കൾക്ക് വയറ്റിലാ ബുദ്ധി, നാരായണൻ മനസ്സിലോർത്തു.. "കൗസു ഇല്ലത്തേക്ക് നടന്നോളാ... നോം ഒന്ന് അമ്പലത്തിൽ പോയിട്ടേ വരൂ..." "ഡോ... നാരായണാ, ഹൗ..., നോം ഒന്ന് കാളീട്ടോ..." തമ്പ്രാൻ മനസ്സ് തുറന്നു. "തിരുമേനി കൃത്യസമയത്ത് കുംഭത്തിലെ മച്ചിങ്ങ കൊണ്ടിട്ടത് നന്നായി അല്ലെങ്കിൽ കാവുമ്പാട്ടെ സുലോചന പണ്ട് കൈവച്ചപോലെ..." അസ്ഥാനത്ത് കേറി സത്യം വിളമ്പിയ നാരായണനെ ദഹിപ്പിക്കുമാറ് തമ്പ്രാൻ ഒന്ന് നോക്കി "ഹും, നടക്കാ... സന്ധ്യാ സമയത്ത് എന്താ ഏതാ എഴുന്നള്ളിക്കേണ്ടെന്നറിയാത്ത ശപ്പൻ... ഇനി ചൂട്ടില്ലാതെ നോം നടന്ന് ദീനം വരുത്തി വയ്ക്കണമായിരിക്കും!" ഇത് കേട്ടതും മറപ്പുരയുടെ ഉത്തരത്തെരുത്തിൽ കെട്ടിവച്ച ഒരു ചൂട്ടെടുത്ത് കത്തിച്ച് നാരായണൻ മുൻപിൽ നടന്നു...

അമ്പലത്തിലെ ദീപാരാധനയും പ്രാർഥനയും കഴിഞ്ഞു, അമ്പ്രാൻ വീട്ടിലേക്ക് തിരിച്ചു... "അങ്ങുന്നേ പൊകല മുറുക്കണച്ചാ, ഇവിടുന്ന് ലേശം വാങ്ങാം..." നാരായണൻ കവലയിലെ പലചരക്ക് കട ചൂണ്ടിക്കാട്ടി പറഞ്ഞു. "ആ... വെട്ടുപോകല കിട്ടൂച്ചാ മതി, വാലൻപോകലയാണെങ്കിൽ പിന്നെ അത് നുറുക്കാനും പിടിക്കാനും ഒക്കെ ഇശ്ശി നേരാവും, മെനക്കിടാൻ വയ്യാ!. താൻ ആ ചൂട്ടിങ്ങട് തന്ന് വേഗം വാങ്ങി വന്നോളാ..." നാരായണൻ അനുസരണയോടെ കടയിലേക്ക് പോവാനൊരുങ്ങി "അല്ലെങ്കിൽ നിക്കാ ഞാനും പോരാം, ഇരുട്ടത്ത് പോണ്ടാ, മാത്രല്ല ചിരട്ടത്തവിയിലെ മാധവീടെ മോളല്ലേ ആ നിക്കണത്.. ഈ പെണ്ണ് എത്രപെട്ടന്നാ വളരണേ..." നാരായണൻ ഒരു ഇളിഞ്ഞ ചിരി ചിരിച്ച് "അതെ അതേ..." ന്നും പറഞ്ഞു കടയിലേക്ക് കയറി... അമ്പ്രാക്കൾ കടയിലേക്ക് കയറാൻ നേരം ഇല്ലത്തെ പണിതീർത്ത് റേഷൻ മേടിക്കാൻ വന്ന കാർത്യായനി തലച്ചുമടുമായി തിരുമേനിക്ക് നേരെ നടന്നിറങ്ങാനൊരുങ്ങി... മുണ്ട് ഞൊറിഞ്ഞു ഇടുപ്പിൽ തെറുത്ത് വച്ച് കാർത്യായനീടെ ആ അന്നനട കണ്ടപ്പോ തിരുമേനിക്ക് എന്തെന്നില്ലാത്ത ഒരു ഉൾപുളകം. അൽപം മുൻപ് തന്നെ ശകാരിച്ച അമ്പ്രാക്കളെ വീണ്ടും കണ്ടപ്പോ കാർത്യായനി ഒന്ന് പകച്ചു.. "അടിയൻ!..." എന്ന് പറഞ്ഞു പിന്നിലേക്ക് നീങ്ങാനൊരുങ്ങിയ കാർത്യായനിയോട് എലി പുന്നെല്ല് കണ്ടപോലെ "ആയ്, ന്താ കാർത്തൂ ഇത്... തലച്ചുമടുള്ളപ്പോ പിന്നാക്കം നീങ്ങല്ലെന്നറിയില്ലേ... മറിഞ്ഞുകെട്ടി വീഴില്ല്യേ നീയ്യ്!... ഇങ്ങട് പോരു ഇതിലെ ഇറങ്ങിക്കോളൂ, വടക്കേ തലക്കിലെ ഇടവഴി വഴിയല്ലേ ഇപ്പഴും പോണത്, അവിടെയൊക്കെ നിറയെ ഇഴ ജന്തുക്കളാണെന്നാ പറയണേ... സൂക്ഷിച്ച് പോണം, വെളിച്ചം വല്ലോം ഇണ്ടോ നിന്റെ കയ്യില്?..." 

"ഏയ്, അത് സാരല്യാമ്പ്രാളേ, ഈ വളവ് കഴിഞ്ഞാ പാടല്ലേ മാത്രല്ല നല്ല നിലാവൂണ്ട്..." എന്തായാലും അമ്പ്രാൾടെ മനസ്സ് ശാന്തായല്ലോ, കാർത്യായനി ആശ്വസിച്ചു... എന്നിട്ട് കടയിൽ നിന്നിറങ്ങി ഇടവഴിയിലേക്കിറങ്ങി നടന്നു... "ടോ, നാരായണാ... താൻ ഇല്ലത്തേക്ക് നടന്നോളാ, എനിക്ക് പടവലപ്പറമ്പത്ത് മേൻന്നേ ഒന്ന് കാണണം..." കടയുടെ ഇറയത്ത് കുത്തിവച്ചിരുന്ന ചൂട്ടെടുത്ത് നീട്ടി വീശി കത്തിച്ച് തിരുമേനി മൂപ്പരെ ഏതോ ഇല്ലാത്ത മേനോൻ കാത്തിരിക്കണപോലെ കാർത്യായനി പോയ വഴിയേ വേഗത്തിൽ  നടന്നു.. "കാർത്തൂ... അവിടെ നിക്കൂന്നേയ്... എവിടേക്കാ നീയീ പായണേ.. ഒരു സഞ്ചി ഇങ്ങട് തരൂ നോം പിടിച്ചോളാം.. എല്ലാ ഭാരൂം നീയന്നെ ഇങ്ങനെ ഏറ്റിയാലോ!" അങ്ങനെ കാർത്യായനിടെ കൈയ്യിൽ ചെറുതായി തലോടിക്കൊണ്ട് സഞ്ചി തിരുമേനി കൈക്കലാക്കി... ഞെട്ടിത്തരിച്ച കാർത്യായനി ചുറ്റുംനോക്കി... "അയ്യോ! അമ്പ്രാളെ ശുദ്ധം തെറ്റിക്കണ്ട, അടിയൻ പിടിച്ചോളാം..."  "ഏയ്, എന്താ കാർത്തൂ ഇത്! ഒന്നൂല്ല്യാച്ചാ നമ്മളൊക്കെ മനുഷ്യരല്ലേ... അങ്ങനെ ഇരുട്ടത്തെ സോഷ്യലിസം വിളമ്പി തമ്പ്രാക്കളും, നാണത്താൽ ചിരിതൂകി കാർത്യായനിയും, വെട്ടുപോകലയുമായി കുറച്ച് പുറകിൽ അമ്പ്രാക്കളുടെ മനസ്സറിയണ കോലുനാരായണനും ആ വരമ്പിലൂടെ വരിവരിയായി നടന്നകന്നു... അവരോടൊപ്പം പകൽവെളിച്ചത്തിൽ മുഴുവൻ അലഞ്ഞുതിരിഞ്ഞ 'അയിത്തം' തൽക്കാലത്തേക്ക് ഇരുട്ട് മൂടി ഉറക്കത്തിലാണ്ടു...

English Summary:

Malayalam Short Story ' Ayithapporutham ' Written by Vinod Kannath

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com