ADVERTISEMENT

ഡീ, നീയറിഞ്ഞില്ലേ, കല്ലുപാലം തകര്‍ന്നിട്ട് ഒൻപത്കൊല്ലമാകുന്നു! ഓര്‍മയുണ്ടോ നിനക്കാ പാലം!!!!!!. അതൊരു കാലമായിരുന്നു; നീ എട്ടിലും ഞാന്‍ പത്തിലും പഠിക്കണ, ചെമ്പകപ്പൂവിന്‍റെ ഗന്ധമുള്ള സുന്ദര കാലം. മനസിനുള്ളില്‍ നീയൊരു കൊച്ചുകുട്ടിയായിരുന്നു. ഏറെ നേരത്തെതന്നെ സ്കൂളിലെത്തി ക്ലാസ്റൂമിനുള്ളിലെ ഡെസ്കിനുമുകളില്‍, കൃത്യമായി പറഞ്ഞാല്‍ ' VS+KBA ' -എന്നു കോമ്പസുകൊണ്ട് ഞാന്‍ കോറിവച്ചതിനു മുകളിലായി ബാഗൊക്കെ വച്ചിട്ട് നിന്നെയും തിരക്കി നിന്‍റെ വീട് ലക്ഷ്യമാക്കി ഞാന്‍ നടന്നു വരുമായിരുന്നല്ലോ. എന്ന്?, പതിനഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പ്!!!. 

ആ വാഴതോപ്പും തോടും കയറ്റത്തിനരികിലെ കൊച്ചു കാവും അംഗനവാടിയും ആല്‍മരചോടും ഒക്കെ താണ്ടി. കൊച്ചമ്പല കുളക്കരയിലെ തണലുവരേയേ എനിക്ക് വരുവാന്‍ അന്ന് ധൈര്യം ഉണ്ടായിരുന്നുള്ളൂ (ഇന്നും). ആ തണലില്‍ നിന്നുകൊണ്ട് കയറ്റമുള്ള റോഡിന്‍റെ അങ്ങ് ദൂരേക്ക് ഏറ്റവും തലപ്പത്തേക്ക് കണ്ണുംനട്ട് നില്‍ക്കും. വെള്ള ടോപ്പും കടുംനീല നിറമുള്ള പാന്റും ഷോളും ധരിച്ച്, നെറ്റിതടത്തില്‍ വെള്ളക്കുറിതൊട്ട്, കറുത്ത ബാഗും തോളില്‍ തൂക്കി ധൃതിയിലുള്ള നിന്‍റെ ആ വരവും പ്രതീക്ഷിച്ചു.... ക്ഷേത്രത്തില്‍ നിന്നുമുള്ള പാട്ടുകള്‍ ആ അന്തരീക്ഷത്തില്‍ മുഴങ്ങിക്കൊണ്ടിരിക്കവേ തന്നെ നടവഴിയുടെ അങ്ങേയറ്റത്തെ ആ മഞ്ഞുകണങ്ങളെ കീറിമുറിച്ചുകൊണ്ട് നീ നടന്നടുക്കും, എന്റടുത്തേക്ക്.... എന്നിലേക്ക്....!! 

നമ്മുടെ ജീവശാസ്ത്ര അധ്യാപികയുടെയും രസതന്ത്രാധ്യാപികയുടെയും വീടുകള്‍ക്ക് മുന്നിലൂടെയുള്ള യാത്രയായതിനാലാവാം പരസ്പരം ഉരിയാടാതെ കണ്ണുകള്‍ക്കൊണ്ടുമാത്രം സൊറപറഞ്ഞ് സ്കൂളിലേക്ക് നമ്മള്‍ ഒന്നിച്ചു നടന്നു നീങ്ങും. കണ്ണുകള്‍ക്കൊണ്ട് കവിതയെഴുതി പഠിച്ചതും, പുഞ്ചിരികൊണ്ട് ആ കവിതകള്‍ ചൊല്ലിപ്പഠിച്ചതും നാം അങ്ങനെയാണ്. അക്കരെ സ്കൂളില്‍നിന്നും കേള്‍ക്കുന്ന ഫസ്റ്റ്ബെല്ലും സെക്കന്‍ബെല്ലും എന്തിനേറെ, തേഡ്ബെല്ലുപോലും നമ്മുടെ വഴിയിലെ വര്‍ണങ്ങള്‍ക്കു മങ്ങലേറ്റിയിട്ടില്ല. തുളസിയിലതുമ്പ് തിരുകിയ നിന്‍റെ നനഞ്ഞുണങ്ങാത്ത മുടി ആ യൂണിഫോമിന്റെ പിന്‍ഭാഗം അപ്പാടെ നനച്ചിട്ടുണ്ടാകും. നാം നടന്നു പിന്നിലാക്കിയ മണ്‍തരികളെയും.....

അങ്ങനെ നടന്നു നടന്നു സ്കൂളിനടുത്തെ കുഴുവേലിതോടിനുമുകളിലെ കല്ലുപാലത്തിലൂടെ തമ്മില്‍ച്ചേര്‍ന്നു നമ്മള്‍ നടക്കും. താഴെ ശാന്തമായി ഒഴുകിനീന്തുന്ന വെള്ളവും ഉള്ളില്‍ പതഞ്ഞൊഴുകുന്ന പ്രേമവും ഒന്നായി സംഗമിക്കുന്നത് അവിടെവച്ചായിരുന്നല്ലോ. ആ കരിങ്കല്‍ കഷ്ണങ്ങള്‍ പകര്‍ന്നുതന്ന പ്രണയോന്മേഷം ചെറുതൊന്നുമല്ല. ഇരു ഹൃദയങ്ങളെ ഒന്നാക്കിയ പ്രണയത്തില്‍ നീയാകുന്ന പാതി കാലത്തിന്‍റെ ഒഴുക്കിനൊത്ത് ഒലിച്ചുപോയപ്പോഴും ഞാനാകുന്ന പാതി ചിറകറ്റ പക്ഷിയെപ്പോലെ പിടിച്ചുനിന്നില്ലേ. കണ്ടില്ലേ കെ.ബി.എ, ഈ പാലവും എന്നിലെ പാതി തകര്‍ന്നൊരു ഹൃദയത്തിന്റെ ബാക്കിപത്രമായി അവശേഷിക്കുന്നു, നിനക്കറിയോ...

English Summary:

Malayalam Article Written by Vincent