ADVERTISEMENT

നാളുകൾക്കു ശേഷം, അവൻ അവന്റെ ഫോണിലെ ആ നമ്പറിലേക്ക് വിളിച്ചു. കുറച്ചു നാളുകൾക്കു മുൻപ് ദിവസവും മണിക്കൂറുകൾ സംസാരിച്ചിരുന്ന, ഇപ്പോൾ തീരെ സംസാരിക്കാത്ത ആ നമ്പറിലേക്ക്. ഫോൺ എടുത്തത് വേറെ ആരോ ആയിരുന്നു. 'അനഘ?' 'അജിത്ത് അല്ലെ.' 'അതേ ഇത് ആരാണ്.' 'അനഘയുടെ അമ്മയാണ്.' 'അനഘ എവിടെ.' മറുപടിയായി അവിടുന്ന് കേട്ടത് ഒരു പൊട്ടിക്കരച്ചിൽ ആയിരുന്നു. 'അവൾ എല്ലാവരെയും വിട്ട് പോയി. 4 മാസം ആയി.' കരച്ചിലിനിടയിലും അവർ പറഞ്ഞു. 'എന്ത് പറ്റിയതാണ്. അറിഞ്ഞില്ലാലോ.' 'അവൾക്ക് ബ്ലഡ്‌ ക്യാൻസർ ആയിരുന്നു. അവൾ ആരോടും പറഞ്ഞില്ല. അവസാന സ്റ്റേജിൽ ആണ് എല്ലാവരും അറിഞ്ഞത്. എല്ലാരും അറിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ അവൾ പോയി. എന്റെ മോൾ അത്രയധികം വെറുത്തിരുന്നു, ഈ ഭൂമിയിലെ ജീവിതം. അവസാന നിമിഷം വരെയും അവൾക്ക് മോൻ വിളിക്കുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നു.'

അത് കേട്ടതോടെ അവൻ ആകെ തളർന്നു പോയി. അവൻ ഓർത്തു, നാളുകൾക്കു മുൻപ് വന്ന അവളുടെ കോൾ കട്ടാക്കി വിട്ടത്. 'എന്തിനായിരുന്നു മോനെ, അത്രയധികം മോനെ സ്നേഹിച്ചിട്ടും, അവളെ മോൻ വേണ്ട എന്ന് വെച്ചത്. എനിക്കറിയില്ലായിരുന്നു, നിങ്ങൾ തമ്മിലുള്ള ബന്ധം ഒന്നും. അവസാനം ആണ് അവൾ എല്ലാം എന്നോട് പറഞ്ഞത്. എന്നെങ്കിലും മോൻ, ഈ നമ്പറിൽ വിളിക്കും അപ്പോൾ മോനോട് പറയണം, അവൾ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്നേഹിച്ചിട്ടുള്ളത് മോനെയാണ്. അവളുടെ ആഗ്രഹം പോലെ മോനോടുള്ള സ്നേഹം അവളുടെ അവസാന നിമിഷം വരെ ഉണ്ടായിരുന്നു എന്ന്.' 'അമ്മേ, ഞാൻ...' 'സാരമില്ല മോനെ, എല്ലാം എല്ലാവരും ആഗ്രഹിക്കുന്ന പോലെ നടക്കില്ലല്ലോ. എന്റെ മോൾടെ വിധി അങ്ങനെ ആയിരുന്നു. സ്നേഹിച്ചിരുന്ന ആളുടെ സ്നേഹം തിരികെ കിട്ടാനുള്ള വിധി അവളുടെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. അവൾ ഏറ്റവും കൂടുതൽ സന്തോഷിച്ചിരുന്ന സമയങ്ങൾ, ഒന്ന് മോൻ അവളുടെ കൂടെയുള്ള സമയവും, പിന്നെ അവളുടെ അസുഖം അറിഞ്ഞ ശേഷമുള്ള സമയവും ആയിരുന്നു. ഏറ്റവും വിഷമഘട്ടം മോൻ അവളെ വിട്ട് പോയതിന് ശേഷം ആയിരുന്നു. മോൻ പോയതിന് ശേഷം, ഒരിക്കൽ പോലും അവളെ സന്തോഷത്തോടെ കണ്ടിട്ടില്ല. ഒന്ന് മനസ്സ് തുറന്ന് ചിരിച്ചു കണ്ടിട്ടില്ല. എന്നും വിഷമത്തോടെ ആയിരുന്നു കണ്ടിട്ടുള്ളത്. ചോദിക്കുമ്പോൾ എല്ലാം ഒന്നുമില്ല ഒന്നുമില്ല എന്നാണ് പറഞ്ഞിരുന്നത്. കുറച്ചു നാൾ മുൻപ് അവൾ സന്തോഷത്തോടെ ഇരിക്കുന്നത് കണ്ട് ഞാൻ ചോദിച്ചപ്പോ പറഞ്ഞത്, അവളുടെ സങ്കടങ്ങൾ എല്ലാം തീരാൻ പോകുന്നു എന്നാണ്. ആ സമയത്ത് ആയിരുന്നു അവളുടെ അസുഖം അവൾ തിരിച്ചറിഞ്ഞത്.'

'അമ്മേ, ഞാൻ ഒന്നും അറിഞ്ഞിരുന്നില്ല. ആരും ഒന്നും പറഞ്ഞിരുന്നില്ല.' 'അത് മോനെ, അവൾക്ക് ആരോടും അത്ര കൂട്ട് ഒന്നും ഉണ്ടായിരുന്നില്ല. ഇങ്ങനെ ചടഞ്ഞ് കൂടി ഇരിക്കുവാരുന്നു. ജോലിക്ക് പോകും. തിരികെ വരും. പിന്നെ ഇവിടെയുള്ള ജോലികൾ എന്തേലുമൊക്കെ ചെയ്യും. റൂമിൽ കയറി അവിടെ കിടക്കും. പിറ്റേദിവസവും അങ്ങനെ തന്നെ. ഒരുപാട് ചിരിച്ച് കളിച്ച് സന്തോഷിച്ച് നടന്ന ആൾ ആരുന്നു, മോൻ പോയതിന് ശേഷം അധികം ആരോടും മിണ്ടാതെ, കൂട്ട് ഒന്നുമില്ലാതെ ഇങ്ങനെ ജീവിച്ചു തീർന്നത്. എന്തിനാണ് മോനെ, മോൻ അവളെ വേണ്ടെന്ന് വെച്ചത്.' 'അതമ്മേ, ചില ചെറിയ പ്രശ്നങ്ങളുടെ പേരിൽ. പലതും, ഞാൻ അവളോട് തുറന്ന് പറഞ്ഞിരുന്നില്ല. അത് പറയാതെ, അവൾ മനസിലാക്കും എന്ന് കരുതി. പക്ഷെ അതവൾക്ക് മനസിലായില്ല. അതിന്റെ പേരിൽ വഴക്കുകൾ കൂടി ഞങ്ങൾക്കിടയിൽ. പലപ്പോഴും രണ്ട് പേർക്കും സമാധാനം ഇല്ലാത്ത അവസ്ഥയിൽ എത്തി. അപ്പോൾ ഞാൻ പറഞ്ഞത് നമുക്ക് പിരിയാം എന്ന്. പക്ഷെ അവൾക്ക് അത് അംഗീകരിക്കാൻ കഴിഞ്ഞില്ല. അതിന് ശേഷം ഒരുപാട് തവണ അവൾ എന്നോട് സംസാരിച്ചിരുന്നു. പക്ഷെ, എന്റെ വാശി ആണോ, അതോ അവളോടുള്ള സ്നേഹക്കുറവ് ആണോ എന്നറിയില്ല. എനിക്ക് അങ്ങനെ അത് അംഗീകരിക്കാൻ കഴിഞ്ഞില്ല.'

'മോൻ കൂടെ ഉണ്ടായിരുന്നെങ്കിൽ അവൾക്ക് ജീവിക്കാൻ കുറച്ചൂടെ ആഗ്രഹം തോന്നിയേനെ അല്ലെ മോനെ. ഇതിപ്പോ എത്രയും പെട്ടെന്ന് ഇവിടെ നിന്ന് പോകണം എന്നായിരുന്നു ആഗ്രഹം. ഞങ്ങൾ വിഷമിക്കുമോ എന്ന പേടിയിൽ ആയിരിക്കും അവൾ ആത്മഹത്യ ചെയ്യാതിരുന്നത്. എന്തായാലും അവളുടെ സങ്കടങ്ങൾ തീർന്നല്ലോ. സമാധാനമായി.' 'അമ്മേ, അങ്ങനെ ഒന്നും പറയല്ലേ അമ്മേ.' 'ഇല്ല മോനെ. മോൻ വിളിച്ചല്ലോ. അത് മതി. മോൻ ഇടയ്ക്കിടെ വിളിക്കണേ. അവൾ ഇന്ന് ഈ ഭൂമിയിൽ ഇല്ലെങ്കിലും, അവൾ ഏറ്റവും കൂടുതൽ സ്നേഹിച്ചിരുന്ന മോൻ ഉണ്ടല്ലോ. മോനോട്, സംസാരിക്കുമ്പോൾ അത്രയെങ്കിലും സമാധാനം ഉണ്ട്. അതുകൊണ്ടാണ്. എപ്പോഴും വേണമെന്നില്ല. സമയം കിട്ടുമ്പോൾ ഇടയ്ക്ക് എപ്പോഴെങ്കിലുമൊക്കെ വിളിച്ചാൽ മതി. എങ്കിൽ വെക്കട്ടെ മോനെ.' 'ശരി അമ്മേ. ഞാൻ കഴിയുന്ന പോലെ വിളിക്കാം. എന്നെ വെറുക്കല്ലേ അമ്മേ. ശപിക്കുകയും ചെയ്യരുത്.' 'എന്തിനാ മോനെ. എനിക്ക് മോനോട് ദേഷ്യം ഒന്നുമില്ല. ശപിക്കുകയും ഇല്ല. അവൾക്ക് അത്ര ആയുസ്സ് മാത്രമേ ഭൂമിയിൽ ഉണ്ടായിരുന്നുള്ളു. അത്ര തന്നെ. ശെരി മോനെ. അമ്മ, ഫോൺ വെക്കുകയാണ്. എവിടെയാണെങ്കിലും മോൻ നന്നായിരിക്കട്ടെ.' അതും പറഞ്ഞ് ആ അമ്മ ഫോൺ കട്ട് ചെയ്തു.

കട്ട് ആയ ഫോണും കൈയ്യിൽ പിടിച്ച് അവൻ അങ്ങനെ നിന്നു അൽപനേരം കൂടി. ആ മരണത്തിന് ഒരു പരിധി വരെയെങ്കിലും താൻ കൂടി കാരണം ആണല്ലോ എന്ന് ചിന്തയിൽ, ആ വേദനയിൽ, കണ്ണിൽ നിന്നും അറിയാതെ ഒഴുകിയ കണ്ണുനീർ തുടച്ചു കൊണ്ട്, അജിത്ത് പതിയെ അടുത്ത് കിടന്ന കസേരയിലേക്ക് ഇരുന്നു. ഒരുനാൾ ഏറെ പ്രിയപ്പെട്ടവർ ആയിരുന്നവർ, സാഹചര്യങ്ങൾ കൊണ്ട് പിരിയേണ്ടി വന്നിട്ടും, വീണ്ടും ഒരുമിക്കാൻ ആഗ്രഹിച്ചു കൊണ്ട്, വീണ്ടും അവളെ വിളിച്ചപ്പോൾ, അതേ ആഗ്രഹത്തോടെ ജീവിച്ചു മരിച്ചവൾക്ക്, ശരീരത്തിന് ജീവനില്ലാത്ത ലോകത്തിൽ ഒരുമിക്കാൻ ആയിരിക്കും, ആ ഇരുപ്പിൽ ഇരുന്ന് കൊണ്ട് അവന്റെയും ആത്മാവ് ആ ശരീരത്തിൽ നിന്ന് കണ്ണെത്താത്ത ദൂരത്തേക്ക്, അവളുടെ അരികിലേക്ക് പറന്നു പോയത്.

English Summary:

Malayalam Short Story Written by Muru Kodungallur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com