'മകളെ കൊന്നവരോട് പ്രതികാരം ചെയ്തശേഷം ആത്മഹത്യ', മകൾക്കരികിലേക്ക് അയാൾ യാത്രയായി
Mail This Article
ചുണ്ടുകൾക്കിടയിലൂടെ ഒഴുകിവന്ന കട്ട ചോര അവൻ പുറം കൈയ്യാൽ തുടച്ചു. അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. ആ പ്രശസ്തമായ ഹിൽ സ്റ്റേഷനിലെ സൂയിസൈഡ് പോയിന്റിന്റെ ഇരുമ്പ് ചങ്ങല ഇട്ട കൈവരികൾക്കിടയിലൂടെ അവൻ ഊർന്നിറങ്ങി ഓടി, അതിന്റെ അവസാന മുനമ്പിൽ നിന്നും അഗാധതയിലേക്ക് കുതിക്കുവാനായി. കൈകൾ രണ്ടും ആകാശത്തേക്കുയർത്തി. കണ്ണുകൾ ഇറക്കി അടച്ചു. കണ്ണുകൾക്കു മുമ്പിൽ ഒരു മുഖം മാത്രം തന്റെ കുഞ്ഞു മകൾ കാദംബരിയുടെ മുഖം, നിഷ്കളങ്കമായി ചിരിക്കുന്ന അവന്റെ പൊന്നുമകളുടെ മുഖം. അവൻ ആ അഗാധമായ മഞ്ഞുമൂടിയ കൊക്കയിലേക്ക് എടുത്തുചാടി. ഒരു പക്ഷിയെപ്പോലെ മരണത്തിന്റെ തണുത്ത താഴ്‌വരയിലേക്ക് അവൻ മറഞ്ഞു. അവന്റെ മകളുടെ ലോകത്തിലേക്ക് അവനും പോയി. അവിടെ കാദംബരി അവളുടെ അച്ഛനെ ചേർത്തുപിടിച്ചു. ഇനി ഒരാൾക്കും അവരെ പിരിക്കുവാൻ ആവില്ല.
അവന്റെ എല്ലാ ദുഃഖങ്ങളുടെയും ചിന്തകളുടെയും അവസാനം. ആ ആത്മഹത്യക്ക് മുൻപ് തന്നെ അവൻ അവന്റെ മരണം ഉറപ്പിച്ചിരുന്നു. ആ സൂയിസൈഡ് പോയിന്റ് എത്തുന്നതിന് മിനിറ്റുകൾക്ക് മുമ്പ് അവൻ കഴിച്ച കൊടും വിഷത്തിലൂടെ. ജീവിതത്തിൽ തോറ്റുപോയ നിസ്സഹായനായ ഒരു മനുഷ്യന്റെ അവസാന വിജയം പോലെ ഒരു ചിരി അവന്റെ മുഖത്ത് നിറഞ്ഞിരുന്നു. അനിവാര്യമായ ഒരു കടമ സ്വയം ചെയ്ത് തീർത്തതിന്റെ സംതൃപ്തിയുടെ, നിശ്ചയദാർഢ്യത്തിന്റെ ഒരു തരം ഉന്മാദ സന്തോഷം അവന്റെ മുഖത്ത് ഉണ്ടായിരുന്നു.
കാദംബരി അവന്റെ മകൾ, അവൾ ജനിച്ചപ്പോൾ തന്നെ അവളുടെ അമ്മ മരിച്ചു. പിന്നെ അവന് കൂട്ട് അവന്റെ കുഞ്ഞുമകൾ ആയിരുന്നു. തന്റെ മകളെ പൊന്നുപോലെ വളർത്തി ഒരു നല്ല നിലയിൽ എത്തിക്കണം എന്നതായിരുന്നു അവന്റെ ലക്ഷ്യം. ഒരു ചെറിയ ഫാക്ടറി തൊഴിലാളി ആയിരുന്നു അവൻ. രാവിലെ ജോലിക്ക് പോകുന്നതിനു മുമ്പ് അന്നത്തേക്കുള്ള ആഹാരം എല്ലാം ഉണ്ടാക്കി, മകളെ കുളിപ്പിച്ച് റെഡിയാക്കി ആഹാരമൊക്കെ കൊടുത്ത് വീട്ടിൽ നിന്നും അഞ്ചു കിലോമീറ്റർ ദൂരമുള്ള ആ നഗരത്തിലെ അറിയപ്പെടുന്ന എൽകെജി സ്കൂളിലേക്ക് സ്കൂൾ ബസ്സിൽ കയറ്റി വിട്ടിട്ടാണ് എന്നും അവൻ ജോലിക്ക് പോകുന്നത്. ഉച്ചയാകുമ്പോൾ കാദംബരി സ്കൂൾ ബസ്സിൽ തിരിച്ച് വീട്ടിൽ വരും. വീടിനടുത്തുള്ള അവന്റെ അകന്ന ബന്ധത്തിൽപ്പെട്ട ഒരു സ്ത്രീയെയാണ് അവൻ വൈകിട്ട് ജോലി കഴിഞ്ഞു വരുന്നതു വരെ മകളെ നോക്കാൻ ഏൽപ്പിച്ചിരുന്നത്.
എന്നാൽ ഒരു ദിവസം അവൻ ജോലി കഴിഞ്ഞു വൈകിട്ട് തിരിച്ചു വരുമ്പോഴേക്കും അവന്റെ കുഞ്ഞു മകളെ അവന് എന്നെന്നേക്കുമായി നഷ്ടപ്പെട്ടിരുന്നു. കാദംബരി അവന്റെ കുഞ്ഞുമകൾ, അമ്മയില്ലാതെ അവൻ കണ്ണിലെ കൃഷ്ണമണി പോലെ വളർത്തിയ എട്ടുംപൊട്ടും തിരിയാത്ത അവന്റെ കുഞ്ഞിനെ, അവന്റെ കുഞ്ഞു മകളെ കൂട്ട ബലാൽസംഗം ചെയ്തു കൊന്ന അതിഥി തൊഴിലാളികളുടെ വേഷത്തിൽ എത്തിയ മനുഷ്യരൂപമുള്ള കാമവെറി പൂണ്ട ആ പിശാച് ജന്മങ്ങളെ കൊന്നുതള്ളി അവൻ. ചെയ്യാത്ത തെറ്റിന് അവന്റെ നേരെ വിരൽ ചൂണ്ടുവാൻ ഇടയാക്കിയ ആ നാല് പേരെയും കത്തി മുനയാൽ ഇന്നലെ അവൻ കൊന്നുതള്ളി. അവരെ നീതിപീഠത്തിനു മുന്നിൽ വിട്ടുകൊടുക്കുവാൻ അവൻ തയാറല്ലായിരുന്നു. കോടതി വരാന്തകൾ കയറിയിറങ്ങി നീതിപീഠത്തിന്റെ ശിക്ഷക്കു വിട്ടുകൊടുത്ത്, ജയിലിൽ തടിച്ചു കൊഴുത്ത് വീണ്ടും സമൂഹത്തിലേക്ക് ആ കാപാലികരെ ഇറക്കിവിടാൻ അവൻ തയാറല്ലായിരുന്നു. ഇത് അവന്റെ ന്യായം ആണ്. ഇവിടെ വിധി പറഞ്ഞതും ശിക്ഷ വിധിച്ചതും നടപ്പിലാക്കിയതും അവൻ തന്നെ.
അവൻ ചെയ്ത ആ ശരിയുടെ പേരിൽ അവന്റെ മനസ്സാക്ഷിയുടെ ശരിയുടെ പേരിൽ നീതിപീഠത്തിന്റെ ശിക്ഷ ഏറ്റുവാങ്ങുവാൻ അവൻ തയാറല്ലായിരുന്നു. അത് അവന്റെ ശരിയാണ്. അത് അവന്റെ പ്രതികാരമാണ്. അവന്റെ ആയിരം നന്മകൾ, അവന്റെ നെഞ്ചിൻകൂടിനുള്ളിലേ സ്നേഹം, കരുതൽ, അവന്റെ ആ പാവം മനസ്സ് ആരും കണ്ടില്ല. ഒരു ജീവിതകാലം മുഴുവൻ ആർക്കൊക്കെയോ വേണ്ടി എന്തിനെന്നറിയാതെ ജീവിച്ചു. ഒടുവിൽ അവന്റെ കുഞ്ഞുമകൾക്കായി ജീവിച്ചു. എന്നിട്ടും അവളെയും അവനു നഷ്ടപ്പെട്ടു. അല്ലെങ്കിൽ നഷ്ടപ്പെടുത്തി. അതെ ഇത് അവന്റെ പ്രതികാരമാണ്. അവന്റെ കുഞ്ഞുമകളെ ഇല്ലാതാക്കിയവരോടുള്ള പ്രതികാരം. പിന്നെ ഈ സമൂഹത്തിനോടുള്ള സാമൂഹിക നീതി വ്യവസ്ഥയോടുള്ള പ്രതികാരം. ഇവിടെ ഒരു നീതിപീഠത്തിനു മുമ്പിലും കീഴടങ്ങാതെ സ്വയം പുൽകിയ മരണത്തിലൂടെ അവൻ വിജയിക്കുകയായിരുന്നു. സ്വയം തീർത്ത മനസിന്റെ പ്രതികാരം, "ആത്മഹത്യ" മരണം ഉറപ്പിച്ച ആത്മഹത്യ. ഒരു വിജയിയുടെ ആത്മഹത്യ.
മഞ്ഞുവീണു മൂടിയ ആ അഗാധമായ ഗർത്തത്തിൽ നിന്നും അപ്പോൾ രണ്ട് വെൺ മേഘ തുണ്ടുകൾ അനന്തമായ ആകാശത്തിലേക്ക് പറന്നു പൊങ്ങി നക്ഷത്രങ്ങൾക്കിടയിലേക്ക് മറഞ്ഞു. അപ്പോഴും കാദംബരി അവളുടെ കുഞ്ഞിക്കൈകൾ കൊണ്ട് അവളുടെ പാവം അച്ഛന്റെ കൈകൾ ചേർത്ത് പിടിച്ചിരുന്നു. ഇനിയൊരിക്കലും പിടിവിടാത്ത വിധം.