'എന്നോട് മിണ്ടാൻ പോലും ആർക്കും സമയമില്ല'; കുറ്റപ്പെടുത്തലും അവഗണനയും സഹിച്ചൊരു അമ്മ
Mail This Article
ഇന്ന് സാറാമ്മയുടെ റിട്ടയർമെന്റ് ആണ്. ഇരുപത് വർഷത്തെ ബാങ്ക് ജോലിയിൽ നിന്ന് ഇന്ന് അവർ വിരമിക്കുകയാണ്. സഹകരണബാങ്കിൽ നിന്ന് അന്ന് വേറെ രണ്ട് പേര് കൂടി വിരമിക്കുന്നുണ്ട്. കുര്യൻ സാറും ശശിയും. അവർ രണ്ട് പേരും പരിപാടിയിൽ ഉടനീളം തല കുമ്പിട്ട് വിഷമത്തോടെ ഇരുന്നു. എന്നാൽ സാറാമ്മ വളരെ സന്തോഷവതിയാണ്. 'ഇനിയെങ്കിലും കുറച്ച് നാൾ മക്കളുടെ കൂടെ ഇരിക്കാമല്ലോ. കോളജിൽ പോകുമ്പോളും വരുമ്പോളും എന്റെ വീട്ടിൽ മാത്രം അമ്മയില്ല യാത്ര അയയ്ക്കാനും വരവേൽക്കാനും എന്ന അനുവിന്റെ പരാതി മാറി കിട്ടുമല്ലോ. അമ്മക്ക് വെക്കേഷൻ പോലും ഇല്ലെ നമുക്കൊരു ടൂർ പോകാൻ എന്ന് ചോദിക്കുന്ന മോൻ. ചാക്കോച്ചൻ റിട്ടയേർഡ് ആയി ഇപ്പൊ അഞ്ചു വർഷമായി. ഇന്ന് രാവിലെ അദ്ദേഹം പറയുകയാണ് എനിക്കിനി ഒന്ന് മിണ്ടിയും പറഞ്ഞും ഇരിക്കാൻ ഒരു കൂട്ടായല്ലോ എന്ന്. ഞാൻ ജോലിക്ക് വരുമ്പോൾ എന്റെ കുടുംബം എന്നെ എത്ര മാത്രം മിസ്സ് ചെയ്യുന്നുണ്ട് എന്നെനിക്കറിയാം. ഇനി അവർക്ക് വേണ്ടി സമയം ചെലവഴിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്.' സാറാമ്മയുടെ പ്രസംഗം കേട്ട് എല്ലാവരും കയ്യടിച്ചു.
രണ്ട് കൊല്ലം കഴിഞ്ഞ് സാറാമ്മയുടെ മകളുടെ കല്യാണത്തിനാണ് എല്ലാവരും കൂടി ഒത്ത് കൂടിയത്. സന്തോഷത്തോടെ അടിച്ച് പൊളിച്ച് ഓടി നടക്കുന്ന സാറാമ്മയെ കാണാൻ സഹപ്രവർത്തകർ എല്ലാവരും കല്യാണം കൂടാൻ വന്നു. സാറാമ്മയെ എവിടെയും കാണാനില്ല. ചെക്കനും പെണ്ണും പള്ളിയിൽ എത്തി. പെണ്ണിന്റെ പിറകിൽ നോക്കുമ്പോൾ സാറാമ്മ നിൽക്കുന്നു. മിന്ന് കെട്ടും കുർബാനയും കഴിഞ്ഞ് ഊണ് കഴിക്കാൻ ഹാളിലേക്ക് പോയപ്പോളാണ് സാറാമ്മയെ അവർക്ക് കൈയ്യിൽ കിട്ടിയത്. 'എന്ത് പറ്റി സാറാമ്മെ,ആകെ തടിച്ചല്ലോ. എന്തെങ്കിലും അസുഖം ഉണ്ടോ പഴയ ആ പ്രസരിപ്പൊക്കെ പോയല്ലോ.' ബാബുവാണ് ചോദിച്ചത്. 'ഒന്നുമില്ല.' സാറാമ്മ ആർക്കും മുഖം കൊടുക്കാതെ പറഞ്ഞു. 'എന്തോ പ്രശ്നം ഉണ്ടല്ലോ.' സരള വിടുന്ന പ്രശ്നം ഇല്ല. 'നമ്മൾ ഒക്കെ ഒരു കുടുംബം പോലെ കഴിഞ്ഞതല്ലെ ചേച്ചി. എന്താ പ്രശ്നം ഞങ്ങളോട് പറ.' സാറാമ്മയുടെ കണ്ണ് നിറഞ്ഞു.
'എന്റെ സരളെ, ഞാൻ പെൻഷൻ പറ്റിയപ്പോൾ വിചാരിച്ചതു എന്റെ മക്കൾ എന്റെ സ്നേഹവും സാമീപ്യവും ആണ് ആഗ്രഹിക്കുന്നത് എന്നാണ്. അവർക്ക് വേണ്ടത് അവർ പറയുമ്പോൾ അടുക്കളയിൽ ഓരോന്ന് ഉണ്ടാക്കി കൊടുക്കുന്ന ഒരു വീട്ടുവേലക്കാരിയെ ആണ്. സ്വന്തം വീട്ടിലെ ജോലികൾ ചെയ്യാൻ ഒന്നും ഒരു പ്രശ്നവും ഇല്ല. ഞാൻ കഷ്ടപ്പെട്ട് എന്ത് ഉണ്ടാക്കി കൊടുത്താലും അപ്പനും മക്കൾക്കും കുറ്റം മാത്രമേ ഉള്ളൂ. ആരും നമ്മളെ അംഗീകരിക്കുന്നില്ല. ചാക്കോച്ചനും കൂടി അവരുടെ കൂടെ കൂടും എന്ന് ഞാൻ സ്വപ്നത്തില് പോലും വിചാരിച്ചില്ല. എന്റെ പെൻഷൻ കാശ് മുഴുവൻ മോളുടെ കല്യാണത്തിനും മോന്റെ പഠിത്തത്തിനും വേണ്ടി ഓരോ ഡെപ്പോസിറ്റിൽ ഇട്ടു. ഇപ്പൊ എനിക്ക് കിട്ടുന്ന ചെറിയ പെൻഷൻ മാത്രമാണ് ഉള്ളത്. അതും വീട്ടിലെ കാര്യങ്ങൾക്ക് ചെലവഴിക്കണം എന്നാണ് അവർ പറയുന്നത്. എനിക്ക് ഒരു ആവശ്യം വന്നാൽ എന്റെ കൈയ്യിൽ കാശില്ല. ജോലി ഉണ്ടായിരുന്ന സമയത്തും മാസാമാസം ശമ്പളം ചാക്കോച്ചനെ ഏൽപിക്കാറുണ്ട്. അന്ന് കാശ് ചോദിക്കുമ്പോൾ ഒക്കെ ഒരു പ്രശ്നവും പറയാതെ തരും. പക്ഷേ ഇപ്പൊൾ പറയുന്നത് ഞാൻ ധാരാളിയാണ്. എനിക്ക് ചെലവ് കുറച്ച് ജീവിക്കാൻ അറിയില്ല എന്നൊക്കെയാണ്.
എന്റെ ചെലവുകൾക്ക് മാത്രമാണ് കണക്ക് ഉള്ളത്. മോന് പുതിയ മോഡൽ ബൈക്ക് വേണം എന്ന് പറഞ്ഞപ്പോൾ ഞാൻ അറിയാതെ എന്റെ പെൻഷൻ കാശിൽ നിന്ന് അവന് പുതിയ വണ്ടി വാങ്ങി കൊടുത്തു. മോൾടെ കല്യാണത്തിനു എനിക്ക് ഇഷ്ടപ്പെട്ട സാരി പോലും വാങ്ങി തന്നില്ല. പുത്തൻ മോഡൽ സാരി ഉടുക്കാൻ കല്യാണപെണ്ണ് ഒന്നും അല്ലല്ലോ എന്ന്. എന്നിട്ട് ഈ മങ്ങിയ വാലായ്മ സാരി പോലൊരെണ്ണം ആണ് വാങ്ങി തന്നത്. അവർക്ക് ഇപ്പൊൾ എന്നെ പുറത്ത് കൊണ്ട് പോകുന്നത് പോലും കുറച്ചിൽ ആണ്. വലിയ ഹോട്ടലിൽ ഒക്കെ പോയാൽ എനിക്ക് ടേബിൾ മാനേഴ്‌സ് അറിയില്ല പോലും. എന്നോട് മിണ്ടാൻ പോലും ആർക്കും സമയമില്ല. മോളുടെ കല്യാണാലോചന വന്നപ്പോൾ എന്നോട് ആരും അഭിപ്രായം പോലും ചോദിച്ചില്ല. ഇത്ര വലിയ ബന്ധം ഒക്കെ നമുക്ക് വേണോ അച്ചായാ എന്ന് ചോദിച്ചതിന് എന്റെ വീടുകാരെയും തറവാട്ടുകാരെയും ഇനി പറയാൻ ഒന്നും ബാക്കിയില്ല. എനിക്ക് വിവരം ഇല്ലെന്നാണ് അപ്പനും മക്കളും പറയുന്നത്. മടുത്തു സരളെ ഈ ജീവിതം. പണ്ട് ബാങ്കിൽ ജോലി ചെയ്തിരുന്ന കാലം ഒക്കെ ഏതോ നല്ല ഒരു സ്വപ്നം ആയിരുന്നു എന്നാ എനിക്ക് ഇപ്പൊ തോന്നുന്നത്.' സാറാമ്മയുടെ കണ്ണുകൾ കരഞ്ഞു ചുവന്നു.
'ചേച്ചി സമാധാനം ആയി ഇരിക്ക്. ചേച്ചി പഴയ പോലെ ഉഷാറാവണം. അതിന് ഞങ്ങൾ എന്ത് സഹായം ആണ് ചെയ്യേണ്ടത്?' സാറാമ്മ കുറച്ച് നേരം ഇരുന്നു ആലോചിച്ചു 'എനിക്ക് ഒരു ജോലി വേണം. അവിടെ ബാങ്കിൽ ഏജന്റ് ആയി ഞാൻ വന്ന് ചേർന്നാലോ?' 'ഇത്ര നല്ല പോസ്റ്റിൽ ഇരുന്ന് റിട്ടയർ ചെയ്തിട്ട് വെറും ഏജന്റ് ആയിട്ട് ചേച്ചിക്ക് പറ്റുമോ?' 'എനിക്ക് ഇപ്പൊ ഒരു ജോലി വേണം. അല്ലെങ്കിൽ എനിക്ക് എല്ലാം കൈ വിട്ട് പോകും. വിഷാദം കൂടി വന്ന് ഞാൻ വല്ലതും ചെയ്ത് പോകുമോ എന്ന് പോലും ഞാൻ ചില ദിവസങ്ങളിൽ ആലോചിക്കാറുണ്ട്.' 'നമുക്ക് മാനേജർ സാറിനോട് ഇപ്പൊ തന്നെ പറയാം. ചേച്ചി വേഗം ബാങ്കിലേക്ക് തിരിച്ച് വായോ. ഞങ്ങൾ എല്ലാം അവിടെ ഉണ്ട്. ചേച്ചിയെയും കാത്ത്.' കുറെ ദിവസങ്ങൾക്കു ശേഷം അന്ന് സാറാമ്മ മനസ്സറിഞ്ഞ് ചിരിച്ചു.