'ഒരലർച്ചയോടെ അയാൾ താഴേക്ക് പതിച്ചു', മകളെ സുരക്ഷിതയാക്കാൻ ശ്രമിക്കുന്നതിനിടെ സംഭവിച്ച അപകടം
Mail This Article
ഹൈദരാബാദിലേക്കുള്ള രോഹിത്തിന്റെ ആദ്യയാത്രയായിരുന്നു അത്, അതും റിയാദിൽ നിന്ന്. കൊച്ചിയിലേക്കുള്ള യാത്രയായിരുന്നെങ്കിൽ ആരെയെങ്കിലുമൊക്കെയായി യാത്ര തുടങ്ങുന്നതിനുമുമ്പേ സൗഹൃദം ഉണ്ടാക്കും, വിമാനം പുറപ്പെടുന്നതിന് മുമ്പുള്ള സമയം തീർക്കണമല്ലോ. ഇതിപ്പോൾ ആരും പരിചയക്കാർ ഇല്ല. രോഹിത് ചുറ്റും നോക്കി, അധികവും ചെറുപ്പക്കാർ, അവർ നാലോ ആറോ പേരായുള്ള ഓരോ സംഘമായി ഓരോ കോഫി ഷോപ്പിനും ചുറ്റുമുണ്ട്. കോഫി, ഭക്ഷണം, ഏറ്റവും പുതിയ ഫോണുകൾ, വാച്ചുകൾ, ഉപകരണങ്ങൾ, ഓരോ നിമിഷവും അവർ ജീവിതം ആഘോഷിക്കുകയാണ്. തീർച്ചയായും അവർ സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർ ആണ്. ഏറ്റവും നല്ല ജോലി, നല്ല ശമ്പളം, ലോകം മുഴുവൻ ചുറ്റി ജോലി ചെയ്യാനും, ഒപ്പം തന്റെ കഴിവുകൾ തെളിയിക്കാനുള്ള ധാരാളം അവസരങ്ങൾ. ബുദ്ധിയുടെയും പരിശ്രമങ്ങളുടെയും വലിയ ജീവിത വിജയങ്ങൾ. തീർച്ചയായും പുതിയ തലമുറയെ അസൂയപ്പെടുക തന്നെ വേണം, എന്നും ജീവിതം ആഘോഷിക്കാൻ കഴിയുന്നവർ ഭാഗ്യവാന്മാർ.
അഞ്ച് മണിക്കൂർ നീളുന്ന ബോറൻ യാത്ര. ഉറങ്ങിയാൽ മതിയായിരുന്നു. നീണ്ട യാത്രയായതിനാൽ അവസാനമാണ് കയറിയത്. ജനാലക്കടുത്തുള്ള തന്റെ സീറ്റിൽ ഒരു സ്ത്രീ ഇരിക്കുന്നു. തന്റെ അതേ പ്രായം കാണും. "അതെന്റെ സീറ്റാണ്" രോഹിത് പറഞ്ഞു. "അറിയാം, എങ്കിലും ഞാനിവിടെ ഇരുന്നോട്ടെ" അവർ ചോദിച്ചു. "ഇല്ല, എനിക്ക് എന്റെ സീറ്റ് വേണം" രോഹിത് പറഞ്ഞു. അവർ എഴുന്നേറ്റ് അടുത്ത സീറ്റിലേക്ക് മാറി. "ക്ഷമിക്കണം, ഞാൻ ആദ്യമായാണ് ഹൈദരാബാദിലേക്ക് പോകുന്നത്, അവിടെയിറങ്ങുമ്പോൾ നഗരം നന്നായി കാണാനാണ് ജനലിനരികിലുള്ള സീറ്റ് തിരഞ്ഞെടുത്തത്" രോഹിത് അവരോട് പറഞ്ഞു. അവർ ചിരിച്ചുകൊണ്ട് പറഞ്ഞു, "ഞാൻ നിമ്മി റെഡ്‌ഡി". "ഞാൻ രോഹിത്" അവർ പരിചയപെട്ടു. "മല്ലുവാണല്ലേ" "അതെ" ചിരിച്ചുകൊണ്ട് രോഹിത് പറഞ്ഞു. "നിർബന്ധം പിടിച്ചപ്പോഴേ തോന്നി". "എനിക്ക് നക്ഷത്രങ്ങളെ കണ്ടുകൊണ്ടിരിക്കാൻ ഇഷ്ടമാണ്, അതാണ് ജനാലക്കരികിൽ ഇരുന്നത്. യാത്രയിൽ ഉറങ്ങാൻ കഴിയാറില്ല. മുപ്പതിനായിരം അടി മുകളിൽ പറക്കുമ്പോഴും അതിന് മുകളിലേക്ക് പോകാനുള്ള വെമ്പൽ, ജീവിതത്തിൽ മുകളിലേക്ക് കയറിപ്പോകാൻ അമ്മ ചെറുപ്പത്തിലേ പഠിപ്പിച്ച പാഠം, നക്ഷത്രങ്ങളെ ലക്ഷ്യം വെക്കുക, നിനക്ക് സൂര്യനിലേക്ക് എത്താനാകും" നിമ്മി തുടർന്നു.
"എന്ത് ചെയ്യുന്നു", രോഹിത് ചോദിച്ചു. "ചീഫ് സോഫ്റ്റ്‌വെയർ ആർക്കിടെക്ട്" ഒപ്പം അവർ കമ്പനിയുടെ പേര് പറഞ്ഞു. ഇത്രയും വലിയ ഒരു ഉദ്യോഗസ്ഥയാണ് തന്റെ അടുത്തിരിക്കുന്നതെന്ന് രോഹിത്തിന് വിശ്വസിക്കാൻ ആയില്ല. "നിങ്ങളെക്കുറിച്ച് അഭിമാനം തോന്നുന്നു" രോഹിത് പറഞ്ഞു. "നന്ദി, മറ്റൊരാളുടെ കഴിവിനെ അംഗീകരിക്കുക, അതിൽ അഭിമാനിക്കുക, ഒരു നല്ല മനുഷ്യന്റെ മാതൃകയാണ്" നിമ്മി പറഞ്ഞു. അതിനിടയിൽ ശൗച്യാലയത്തിലേക്ക് പോയി വന്ന രോഹിത്, നിമ്മിയോട് ജനാലക്കരികിലെ സീറ്റിലേക്ക് മാറിയിരിക്കാൻ പറഞ്ഞു, "ഞാൻ കുറച്ചു കഴിഞ്ഞു ഉറങ്ങും, നിങ്ങൾ നക്ഷത്രങ്ങളെ കണ്ടോളൂ, വേണമെങ്കിൽ വിമാനം ഇറങ്ങുന്ന നേരത്ത് നഗരം കാണാൻ ഞാൻ മാറിയിരിക്കാം". നിമ്മി സന്തോഷത്തോടെ മാറിയിരുന്നു. "എങ്ങോട്ടാണ് പോകുന്നത്" നിമ്മി ചോദിച്ചു. "ഗാച്ചിബൗളി" രോഹിത് പറഞ്ഞു. "ഞാനും അവിടെയാണ്, അവിടെ എങ്ങോട്ട് പോകുന്നു?"
"സുഹൃത്തിന്റെ മകളുടെ കല്യാണമുണ്ട്, ഇരുപത് വർഷം എന്റെയൊപ്പം ജോലിയെടുത്തതാണ്, മാത്രമല്ല അവൾ എന്റെ മകളെപ്പോലെതന്നെയാണ്, പഠനത്തിനൊക്കെ സഹായിച്ചിരുന്നു, ഒന്നാം റാങ്കിൽ പാസാകുമെന്ന് അവൾ ഉറപ്പിച്ചു പറഞ്ഞിരുന്നു, നിങ്ങളെപ്പോലെ സോഫ്റ്റ്‌വെയർ കമ്പനിയിൽ തന്നെയാണ് ജോലി, ജോലി കിട്ടിയ ശേഷം മാത്രം കല്യാണം, എന്നതും അവളുടെ വാശിയായിരുന്നു". "ആ ഓഡിറ്റോറിയം എന്റെ താമസ സ്ഥലത്തിന് അടുത്താണ്". നിമ്മി പറഞ്ഞു. "എത്ര കൊല്ലമായി രോഹിത് സൗദിയിൽ?" നിമ്മി ചോദിച്ചു. "ഇരുപതു വർഷം" രോഹിത് പറഞ്ഞു. "രണ്ട് പതിറ്റാണ്ടുകൾ, കുറെ കൊല്ലങ്ങൾ ആയല്ലേ, ഈ രണ്ട് പതിറ്റാണ്ടിനുള്ളിൽ എന്റെ ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ നടന്നു, രോഹിത്തിന് എന്റെ സംസാരം ഇഷ്ടമാണെന്ന് ഞാൻ വിശ്വസിക്കുന്നു, അതിനാൽ പറയുകയാണ്" നിമ്മി പറഞ്ഞു. "തീർച്ചയായും, സമാന മനസ്‌ക്കർക്ക് അതിവേഗം പരസ്പരം തിരിച്ചറിയാൻ കഴിയും നിമ്മി" രോഹിത് പറഞ്ഞു.
"പഠിക്കുമ്പോൾ ഞാനും ഒന്നാം റാങ്കുകാരി തന്നെയായിരുന്നു, ഞങ്ങളുടേത് വലിയ റെഡ്‌ഡി കുടുംബവും. അതിവേഗം ജോലി കിട്ടി, അതിനു പുറകെ വിവാഹ ആലോചനകളും വന്നു. സർക്കാരിൽ അണ്ടർ സെക്രട്ടറി, അതിനുമേലെ എന്ത് വേണം. മനോഹര ജീവിതം, ഗാച്ചിബൗളിയിലെ ഏറ്റവും വലിയ കെട്ടിടത്തിലെ ഏറ്റവും മുകളിലെ വീട്. ജീവിതത്തിന്റെ മുകളിലേക്ക് പറക്കാനുള്ള എന്റെ സ്വപ്നങ്ങളിലേക്കുള്ള ഏണിപ്പടിയായിരുന്നു ആ ഫ്ലാറ്റ്. കൈയെത്തിച്ചാൽ നക്ഷത്രങ്ങളെ പുൽകാം എന്നപോലെ ടെറസ്സിൽ നിന്നുള്ള കാഴ്ചകൾ, നഗരം മുഴുവൻ കാൽക്കീഴിൽ എന്ന തോന്നൽ എപ്പോഴോ എന്റെ ഉള്ളിൽ അറിയാതെ നിറഞ്ഞിരുന്നു. അതിനിടയിൽ മകൾ പിറന്നു. ഭർത്താവ് സർക്കാരിൽ വലിയ നിലയിലേക്ക് ഉയരാൻ അധിക സമയം വേണ്ടി വന്നില്ല. എന്നാൽ ഉയരുംതോറും, അയാൾ എന്നിൽ നിന്നും അകന്നു. നഗരവികസനത്തിന്റെ പ്രധാന ഉദ്യോഗസ്ഥനായതോടെ വീട്ടിൽ വരാതെയായി, മദ്യത്തിനും മദിരാക്ഷികൾക്കുമിടയിൽ അയാൾ പുതിയ ജീവിതം കണ്ടെത്തി. ഞാനതിനെ ജീവിതത്തിന്റെ ഒരു പരീക്ഷണകാലം എന്നേ കരുതിയുള്ളൂ, വിധിച്ചത് വരും. മകൾ വലുതായി. അയാൾ വല്ലപ്പോഴും മാത്രം വീട്ടിൽ വരും, എന്നാൽ മകളോടുള്ള അയാളുടെ മനോഭാവം ശരിയായിരുന്നില്ല. അയാൾ വരുമ്പോൾ, അവൾ അവളുടെ മുറിയിൽ ഒളിച്ചു.
ഒരു ദിവസം ഞാൻ വരുമ്പോൾ മകൾ ഫ്ളാറ്റിന് പുറത്ത് നിൽക്കുകയായിരുന്നു. അവളുടെ വസ്ത്രം കീറിയിരുന്നു. അവൾ അകത്തേക്ക് കയറില്ലെന്ന് പറഞ്ഞു, അന്ന് വരെ ഡാഡ് എന്ന് പറഞ്ഞിരുന്ന അവൾ പറഞ്ഞത്, അയാൾ അകത്തുണ്ട്, അയാൾ അകത്തുള്ളപ്പോൾ ഞാൻ വരില്ല എന്നാണ്. അത് വരെ ഞാൻ സഹിച്ചതിന് അപ്പുറമായിരുന്നു അത്. വാതിൽ തുറന്നു ഞാൻ അകത്ത് കയറി, അയാൾ ബാൽക്കണിയിൽ നിന്ന് മദ്യപിക്കുകയായിരുന്നു, "എന്റെ മകളെ തൊടുമോ നീ" എന്നാക്രോശിച്ചു ഞാൻ അയാളുടെ അടുത്തേക്ക് പാഞ്ഞു ചെന്നു ആഞ്ഞു തള്ളി, ബാൽക്കണിയിൽ നിന്ന് അയാൾ പുറത്തേക്ക് തെറിച്ചു പോയി, ഒരലർച്ചയോടെ അയാൾ താഴേക്ക് പതിച്ചു. ഞാൻ അയാളെ തള്ളുന്നത് എനിക്കൊപ്പമുള്ള അയാളുടെ അമ്മ കണ്ടു നിൽക്കുകയായിരുന്നു. പൊലീസ് വന്നു. അയാളുടെ അമ്മയാണ് പൊലീസിനോട് സംസാരിച്ചത്, മദ്യപിച്ചു ബാലൻസ് തെറ്റി അബദ്ധത്തിൽ വീണതാണെന്ന് മൊഴി കൊടുത്തു. അന്വേഷണമുണ്ടായോ, ഇല്ലയോ എന്നറിയില്ല, വലിയ കുടുംബമല്ലേ, അവർ എല്ലാം തീർത്തിരിക്കും. "മകളെ തൊട്ട അവൻ മരണം അർഹിക്കുന്നു" എന്നാണവർ പറഞ്ഞത്. മകൾ വിവാഹം കഴിഞ്ഞു ഇപ്പോൾ അമേരിക്കയിൽ ആണ്. എനിക്ക് കൂട്ടായിരുന്ന അയാളുടെ അമ്മ കഴിഞ്ഞ വർഷം മരിച്ചു. ഇപ്പോൾ തനിയെ, എങ്കിലും ഞാൻ നക്ഷത്രങ്ങളിലേക്കുള്ള ദൂരം ഇപ്പോഴും കീഴടക്കാൻ ശ്രമിക്കുന്നു."
പറഞ്ഞു കഴിയുമ്പോൾ രോഹിതിന്റെ ഇടതു കൈത്തലം നിമ്മിയുടെ വലതു കൈത്തലത്തിനുള്ളിൽ ആയിരുന്നു. അയാൾ ഒരു കൊച്ചുകുട്ടിയെപ്പോലെ നിമ്മിയുടെ ചുമലിൽ ചാരി ഉറങ്ങി. ഹൈദരാബാദിൽ ഇറങ്ങുന്നതിന് മുമ്പ് തന്നെ നിമ്മി രോഹിത്തിനെ വിളിച്ചുണർത്തി സീറ്റ് മാറി കൊടുത്തു. "ഈ നഗരം നിന്റെ കണ്ണുകൾക്ക് ഉൾക്കൊള്ളാവുന്നതിൽ കൂടുതൽ ആണ്. എഴുന്നൂറിലധികം ഐടി കമ്പനികൾ ഈ നഗരത്തിൽ ഉണ്ട്, അതിൽ കൂടുതലും ഗാച്ചിബൗളിയിലെ ഹൈടെക് സിറ്റിയിലാണ് അവരുടെ പ്രധാന കെട്ടിടങ്ങൾ. നഗരം വളർന്നു വലുതാവുകയാണ്, ഒപ്പം മനുഷ്യർ ചെറുതായിക്കൊണ്ടിരിക്കുന്നു". "വരൂ, എന്നോടൊപ്പം പോകാം, ഹോട്ടലിൽ പോകേണ്ട, അവിടെ ചെന്ന് കുളിച്ചു, ഓഡിറ്റോറിയത്തിൽ ഞാൻ കൊണ്ട് ചെന്നാക്കാം.". നിമ്മിയോടൊപ്പം പോയി, കുളിച്ചു, തയാറായി, അവരുടെ വീട്ടിലെ ബാൽക്കണിയിൽ നിന്ന് രോഹിത് നഗരം കാണുകയായിരുന്നു. പെട്ടെന്നാണ് ഒരു കൈ ചുമലിൽ പതിച്ചത്. ആരോ തള്ളുന്നതായി രോഹിത്തിന് തോന്നി. അയാൾ ഞെട്ടിത്തിരിഞ്ഞു നോക്കി. "പേടിക്കണ്ട, രോഹിത്തിനെ ഞാൻ തള്ളിയിടില്ല" പൊട്ടിചിരിച്ചുകൊണ്ട് നിമ്മി പറഞ്ഞു. "നിന്നെ ഞാൻ എന്റെ നെഞ്ചോട് ചേർക്കുകയെ ഉള്ളൂ, നിനക്കിഷ്ടമാണെങ്കിൽ" രോഹിത്തിന് കേൾക്കാതെ നിമ്മി ഉള്ളിൽ പറഞ്ഞു.