'ഉമ്മറത്തിരുന്ന് മഴ നോക്കി നിൽക്കുമ്പോൾ, ഓർമകളെന്നെ കൊച്ചു കുട്ടിയാക്കി മാറ്റുന്നു...'
Mail This Article
മഴ തകർത്തു പെയ്യുകയാണ്. മഴയ്ക്ക് കൂട്ടായി നല്ല ശബ്ദത്തോടെയും വെളിച്ചത്തോടെയും ഇടിയും മിന്നലും ഉണ്ട്. പ്രകൃതി കലി തുള്ളുകയാണോ അതോ സന്തോഷാശ്രു പൊഴിക്കുകയാണോ എന്തോ ഒന്നും മനസ്സിലാകുന്നില്ല. ഞാൻ ഉമ്മറത്തിരുന്നു കൊണ്ട് മഴയെ നോക്കി നിന്നു. ഓർമകൾ എന്നെ കൊച്ചു കുട്ടിയാക്കി മാറ്റിയിരുന്നു. പുസ്തകങ്ങൾ പ്ലാസ്റ്റിക് കവറിലാക്കി മഴ നനഞ്ഞു മഴയിൽ കളിച്ച് വരുന്ന കുട്ടിക്കാലം. അന്ന് എത്ര മഴ നനഞ്ഞാലും അസുഖമൊന്നും വരില്ലായിരുന്നു. ഇന്നാണെങ്കിൽ മഴ ഒന്നു നനഞ്ഞാൽ പനി പിടിക്കും. കുട്ടികൾക്കു പോലും. എവിടെയാ പിടിക്കാതിരിക്കുക. വിഷമയമായ പച്ചക്കറികളും മൽസ്യവും മാംസാഹാരങ്ങളും ഫാസ്റ്റ് ഫുഡും അല്ലെ കൊച്ചു കുട്ടികൾ വരെ കഴിക്കുന്നത്. എന്റെ മനസ്സിലൂടെ ചിന്തകൾ കടന്ന് പോയി കൊണ്ടിരുന്നു..
നമ്മുടെ കാശ് കൊടുത്ത് നാം തന്നെ രോഗങ്ങൾ വിലക്ക് വാങ്ങുകയല്ലെ. വീണ്ടും എന്റെ മനസ്സ് പഴയ കാലത്തേക്ക് യാത്രയായി. കളം വരച്ച് കക്ക് കളി, ഒളിച്ചും പൊത്തൽ കളി, ചെറിയ കല്ലു പെറുക്കിയുള്ള നെരകളി, ഹവായ് ചെരുപ്പ് വട്ടത്തിൽ മുറിച്ചുണ്ടാക്കുന്ന വണ്ടി, മടൽ ചെത്തിയുണ്ടാക്കുന്ന ക്രിക്കറ്റ് ബാറ്റ് എന്തൊക്കെ കളികളായിരുന്നു, ഓണത്തിന് പൂക്കൊട്ട ഉണ്ടാക്കി പൂവ് പറിക്കാൻ പോകുന്ന കുട്ടിക്കാലം. അതൊക്കെ ഓർക്കുമ്പോൾ തന്നെ മനസ്സിൽ സന്തോഷത്തിന്റെ പൂത്തിരി കത്തുന്നതും ഞാൻ അറിഞ്ഞു. ഇന്നത്തെ കുട്ടികൾ പാവം ബാല്യകാലം എന്നത് ഓർമിക്കാൻ മാത്രം ഒന്നും കാണില്ലവർക്ക്. ഫോണും ടാബും ഉപയോഗിച്ചുള്ള ഗെയിം കളിയും ടെലിവിഷനിൽ കാർട്ടൂൺ കണ്ടിരിക്കുകയും ചെയ്യുന്ന ബാല്യം ഓർക്കാൻ എന്തിരിക്കുന്നു.
അങ്ങനെ ഓരോന്നും മനസ്സിൽ ഓർത്ത് ഞാൻ ഒന്നു മയങ്ങി പോയി. മയക്കത്തിൽ നിന്നും ഉണർന്ന ഞാൻ മുറ്റത്തേക്ക് നോക്കി. മഴ ശക്തി കുറഞ്ഞിരിക്കുന്നു. ഉമ്മറത്താകെ മഴ പാറ്റ നിറഞ്ഞിരിക്കുന്നു. ബൾബിന്റെ ചുറ്റും പാറി നടക്കുന്ന മഴ പാറ്റകൾ എനിക്ക് ഒരു അത്ഭുതമായി തോന്നി. വെറും മിനിറ്റുകൾക്കകം മരിച്ചു വീഴാൻ പോകുന്ന അൽപായുസ് മാത്രം ഉള്ള മഴ പാറ്റക്കൂട്ടത്തിന്റെ സന്തോഷം. അത് അറിയുന്നില്ലല്ലോ നിമിഷങ്ങൾക്കകം ഞാൻ മരിച്ചു വീഴുമെന്ന്. ഇത് തന്നെയാണ് നമ്മൾ മനുഷ്യരും ഒരിക്കലും അറിയുന്നില്ല നമ്മുടെ മരണം എപ്പോൾ എന്ന്. തമ്മിൽ തല്ലിയും വെട്ടിപിടിച്ചും ഉണ്ടാക്കുന്നതൊക്കെ ഒരു വേള നമുക്ക് അനുഭവിക്കാൻ പറ്റണമെന്നില്ല എന്ന സത്യം. മഴപാറ്റയുടെ ജീവിതം നമുക്ക് പാഠമാണ്. സ്നേഹത്തോടെ ജീവിക്കുക എന്ന പാഠം. തുലാമാസ മഴ പെയ്തു കൊണ്ടിരുന്നു. ഞാൻ എല്ലാവരും സ്നേഹത്തോടെ കഴിയുന്ന ഒരു ലോകം സ്വപ്നം കണ്ട് വീണ്ടും മയക്കത്തിലേക്ക് വഴുതി വീണു.