ADVERTISEMENT

ജീവിതം വലിയൊരു നുണയാണ്, അഭിനയിച്ചു തീർക്കാനറിയുന്നവർക്ക് വലിയൊരു ഉത്സവവും. റിസോട്ടിന്റെ അറ്റത്തുള്ള ഇരട്ടവീടിന് വലിയൊരു വരാന്തയുണ്ട്, അവിടെയിരുന്നാൽ പുഴയും അതിനപ്പുറത്തുള്ള മലയും നന്നായി ആസ്വദിക്കാം. ഏറ്റവും അറ്റത്തായതിനാൽ അധികമാരും ആ വീട് വാടകക്ക് എടുക്കാറില്ല, അയാൾക്കാണെങ്കിൽ ആ വലിയ വരാന്തയാണിഷ്ടം, ചില സമയത്ത് പുഴയുടെ അപ്പുറത്ത് മൃഗങ്ങൾ വെള്ളം കുടിക്കാൻ വരുന്നതും കാണാം. എഴുതിക്കൊണ്ടിരിക്കുന്ന നോവൽ തീർക്കാൻ ബാക്കിയാണ്. ഒരു രൂപരേഖയുമില്ലാതെ എഴുതാനിരിക്കുന്നതിന്റെ കുഴപ്പം. വരുന്നതുപോലെ എഴുതുക, കാലം തരുന്നപോലെ ജീവിക്കുക. തലക്കെട്ടുകൾ എഴുതിവെച്ച് അയാൾ കുറച്ച് നടക്കും, അത് കഴിയുമ്പോഴേക്ക് മുന്നിലെ പുഴയിൽ നിന്ന് കഥാപാത്രങ്ങൾ അയാളോട് കഥ പറയാൻ വരും. 

അയാളുടെ പ്രതീക്ഷകളെ തെറ്റിച്ചുകൊണ്ടാണ് ഒരു ബെൻസ് കാർ ഇരട്ടവീടിന്റെ മുന്നിലേക്ക് വന്നത്. അതിൽ നിന്നും മധ്യവയസ്കരായ രണ്ടുപേർ ഇറങ്ങി, തീർച്ചയായും ഭാര്യയും ഭർത്താവും തന്നെ. പണത്തിന്റെ  പ്രൗഢി വസ്ത്രങ്ങളിലും നിറഞ്ഞു നിന്നു. അവരോടൊപ്പം വന്ന റിസോർട് ജീവനക്കാരൻ അവരുടെ പെട്ടികൾ മറ്റേവീടിന്റെ വാതിലുകൾ തുറന്ന് അകത്ത് വെച്ചു. വരാന്തയിലേക്ക് കയറി ഭർത്താവ് പറഞ്ഞു, മനോഹരം, എന്നിട്ടും ആരും ഇവിടെ താമസിക്കാൻ ഇഷ്ടപ്പെടുന്നില്ല. ഈ പുഴയിലേക്ക് ഇവിടെ നിന്ന് ഒന്ന് രണ്ടുപേർ ചാടി ആത്മഹത്യ ചെയ്തിട്ടുണ്ടത്രെ. മരണം വിളിക്കുന്ന പുഴ!

നകുലൻ, എഴുത്തുകാരനാണ് അല്ലെ, മാനേജർ പറഞ്ഞിരുന്നു. ഞങ്ങൾ ഒരു ശല്യമാകില്ല. ഞാൻ ജോർജ്, ഇത് റീന. നകുലൻ എഴുന്നേറ്റ് രണ്ടുപേരെയും കൈകൾകൂപ്പി സ്വാഗതം ചെയ്തു. ജോർജ് അരോഗദൃഢഗാത്രനാണ്, റീനയും മോശമല്ല. ദീർഘയാത്രയായിരുന്നു, ഞങ്ങൾ ഒന്ന് വിശ്രമിക്കട്ടെ. അവർ വാതിലടച്ചു. മരണം വിളിക്കുന്ന പുഴ - ആ വാക്കുകൾ നകുലനും വളരെ ഇഷ്ടമായി. അസാധാരണ ശക്തിയോടെ ആരോ തന്നെ പുഴയിൽ നിന്ന് നോക്കുന്നപോലെ തോന്നി. നകുലൻ പുറത്തിരുന്നു എഴുതുകയായിരുന്നു, നോവലിന്റെ അടുത്ത ഭാഗങ്ങൾ ആരോ പറഞ്ഞു തരുന്നപോലെ അയാൾ എഴുതിക്കൊണ്ടിരുന്നു. ഉച്ചയ്ക്കാണ് ജോർജ് വാതിൽ തുറന്നത്, വീട്ടിൽ ഞങ്ങൾക്ക് സ്വാതന്ത്ര്യമൊന്നും കിട്ടാറില്ല, വളരെനാളുകൾക്ക് ശേഷം തനിയെ ഇന്നാണ് ഒരുമിച്ച് കിട്ടിയത്, ആ ക്ഷീണം ഒന്ന് മാറ്റി. പുഴയിലേക്ക് നോക്കി ചിരിച്ചുകൊണ്ട് ജോർജ് പറഞ്ഞു, ഉത്സവം കഴിഞ്ഞ നല്ല ക്ഷീണമുണ്ട്, ഭക്ഷണം വാങ്ങി വരാം, നകുലനും ഞാൻ വാങ്ങിയേക്കാം, വണ്ടിയുണ്ട്, ദൂരമുണ്ടല്ലോ. റീനയെ പുറത്തേക്ക് കണ്ടില്ല, ഉത്സവത്തിന്റെ ക്ഷീണം അവർക്കും കാണും. 

നകുലൻ അടുത്ത അധ്യായത്തിന്റെ തലക്കെട്ട് എഴുതി - ഉത്സവങ്ങളുടെ ആരവം. അത്താഴം വാങ്ങി വന്നപ്പോഴാണ് റീനയെ പുറത്തേക്ക് കണ്ടത്, പല പല ഉത്സവങ്ങളുടെ ക്ഷീണം അവരുടെ കണ്ണുകളിലും മുഖത്തും ദൃശ്യമായിരുന്നു. മുറ്റത്ത് കത്തിച്ച തീകുണ്ഡത്തിന് കുറച്ചകലെയിരുന്നു ജോർജ് കുപ്പിയിൽ നിന്ന് ഗ്ലാസിലേക്ക് വൈൻ പകർന്നു. ജീവിതം വല്ലപ്പോഴുമൊക്കെ ആസ്വദിക്കണം നകുലൻ. റീനക്ക് വൈൻ ഇഷ്ടമായിരുന്നില്ല, വല്ലപ്പോഴും തലച്ചോറിനെ ഒന്ന് ശാന്തമാക്കണ്ടേ, ചിന്തിച്ചു ചിന്തിച്ചു തകർക്കാനുള്ളതല്ല തലച്ചോറ്. വല്ലപ്പോഴും ഒന്ന് ശാന്തമാകണം, തലച്ചോറും, മനസ്സും, ശരീരവും. നകുലൻ ചിരിച്ചു, റീന ഒന്നും പറയാതെ മലയുടെ ഇരുട്ടിലേക്ക് നോക്കി. ജീവിതം എവിടെയും കെട്ടാനുള്ളതല്ല, അത് പട്ടംപോലെ പറത്തി വിടാനുള്ളതാണ്. ആരെങ്കിലും കെട്ടിയിടാൻ നോക്കിയാൽ ആ കെട്ട് അഴിച്ചു മാറ്റിയിരിക്കണം. മൂന്ന് ദിവസം അവർ ആ വീട്ടിൽ ഉണ്ടായിരുന്നു. റീന ഒരിക്കലും ഒന്നും നകുലനോട് സംസാരിച്ചില്ല. 

മൂന്നാം ദിവസം അതിരാവിലെ ജോർജ് തന്റെ പെട്ടിയുമെടുത്ത് ബെൻസ് കാർ ഓടിച്ചുപോയി. വണ്ടിയിൽ റീനയെ കണ്ടില്ല. എഴുതാനിരുന്ന നകുലൻ അത് ശ്രദ്ധിച്ചു. കുറെ നേരത്തേക്ക് ആ വാതിൽ അടഞ്ഞു തന്നെ കിടന്നു. വാതിൽ തുറക്കുന്ന ശബ്ദം കേട്ടാണ് നകുലൻ എഴുത്തിൽ നിന്ന് ഉണർന്നത്. റീന ചിരിച്ചുകൊണ്ട് അടുത്തേക്ക് വന്നു. "എന്തെ ഒപ്പം പോയില്ല, അതോ ആൾ തിരിച്ചു വരുമോ" "വരില്ല, ഞങ്ങളുടെ കരാർ മൂന്നു ദിവസത്തേക്ക് മാത്രമായിരുന്നു. എനിക്കിവിടെ ഒരു ദിവസംകൂടി താമസിക്കാം, അതിനുള്ള തുക അയാൾ കൊടുത്തിട്ടുണ്ട്, ക്ഷീണമൊക്കെ മാറ്റിയിട്ട് പോയാൽ മതിയെന്ന് പറഞ്ഞു". നകുലൻ ഒന്ന് ഞെട്ടി. വിരോധമില്ലെങ്കിൽ ഞാൻ നകുലനോട് ഒന്ന് ചേർന്നിരുന്നോട്ടെ, കഴിഞ്ഞ മൂന്നു ദിവസമായി അയാൾ എന്നെ കടിച്ചു കീറുകയായിരുന്നു. ഒറ്റപ്പെട്ടുപോയ ഒരുവളുടെ നിലവിളിയായി മനസ്സിലാക്കിയാൽ മതി. അതുമല്ലെങ്കിൽ മാനസികാഘാതം കാരണം തകർന്ന ഒരു കഥാപാത്രം അവളുടെ എഴുത്തുകാരനോട് കരുണ യാചിക്കുന്നതായി കണ്ടാൽ മതി. അത് പറഞ്ഞു റീന നകുലന്റെ മടിയിലേക്കു വീണു. നകുലൻ അവരെ സോഫയിൽ നേരെ കിടത്തി, തല തന്റെ മടിയിൽ വെച്ചു, തന്റെ കൈത്തലം റീനയുടെ മുഖത്തേക്ക് ചേർത്ത് വെച്ചു. റീനയുടെ മുഖത്ത് നിന്നും രക്തവും ചിന്തയും പേടിയും ജ്വരവും തന്നിലേക്ക് ഇരച്ചു കയറുന്നതായി നകുലന്  തോന്നി. 

ഒരാവേശത്തോടെ നകുലൻ റീനയെ കുറിച്ച് എഴുതാൻ തുടങ്ങി. റീനയുടെ കഥ നകുലനിലേക്ക് പടർന്നു കയറുകയായിരുന്നു. എപ്പോഴോ റീന നകുലനോട് ചോദിച്ചു, "എന്നെ, നിങ്ങളുടെ കൂടെ കൂട്ടുമോ?". നകുലൻ മറുപടിയൊന്നും പറഞ്ഞില്ല. എന്നാൽ അയാളുടെ കൈവിരലുകൾ റീനയുടെ മുഖം തഴുകികൊണ്ടിരുന്നു. റീന പിറുപിറുത്തു - ജീവിതം വലിയൊരു നുണയാണ്. അതിരാവിലെ ചായകൊണ്ടുവരുന്ന റിസോർട്ട് ജീവനക്കാരനാണ് നകുലനെ വിളിച്ചുണർത്തിയത്. പകർന്നു വെച്ച ചായ കുടിക്കുമ്പോൾ നകുലൻ അയാളോട് ചോദിച്ചു, ഇവിടെ നിന്ന് പുഴയിലേക്ക് ചാടി ആരെങ്കിലും ആത്മഹത്യ ചെയ്തിട്ടുണ്ടോ? അങ്ങനെയൊരു കഥയുണ്ട് സർ, ബെൻസ് കാറിലായിരുന്നു അവർ വന്നിരുന്നതെന്ന് കേട്ടിട്ടുണ്ട്.

English Summary:

Malayalam Short Story ' Nuna ' Written by Kavalloor Muraleedharan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com