'ഭാഗം വെക്കലിനായുള്ള വഴക്കിലാണ് എല്ലാം തുടങ്ങുന്നത്'; തളർന്ന ശരീരവും മനസ്സുമായി അമ്മ
Mail This Article
തളർന്ന ശരീരവും മനസ്സുമായി അമ്മ കിടക്കുമ്പോൾ പുറത്തെ ആരവം കാതുകളിൽ വന്നലച്ചു. അസ്വസ്ഥതയുടെ തീ നാമ്പുകൾ മനസ്സിൽ നിറഞ്ഞു. അവർക്ക് തന്റെ ജീവനാണാവശ്യം. ഇല്ല, ഇതൊന്നും തന്നെ തളർത്തില്ല എന്ന് വിളിച്ച് പറയാൻ അമ്മയുടെ മനസ്സു വെമ്പി. വയ്യ, നാവനങ്ങുന്നില്ല.
അമ്മയുടെ ഓർമ്മകൾ വർഷങ്ങൾ പുറകിലേക്ക് പോയി. ഒത്തൊരുമയോടെ സ്നേഹത്തോടെ മക്കൾ കഴിഞ്ഞിരുന്ന കാലം. അനൈക്യത്തിന്റെ കാർമേഘപടലങ്ങൾ എപ്പോഴാണ് അവർക്ക് മേൽ പതിച്ചതെന്നറിയില്ല. ഭാഗം വെക്കലിനായുള്ള വഴക്കിലാണ് എല്ലാം തുടങ്ങുന്നത്. എത്ര ജീവിതങ്ങളാണ് വിദ്വേഷത്തിന്റെ കനലിൽ എരിഞ്ഞടങ്ങിയത്. സ്നേഹ മന്ത്രങ്ങളുരുവിട്ട് കൊണ്ട് നടന്ന അച്ഛനും അതിനിടയിൽ ജീവൻ വെടിഞ്ഞു. അതോർക്കാൻ കൂടി വയ്യ..
പുറത്തെ ആരവങ്ങൾ ഇനിയും തീർന്നിട്ടില്ല. ഉയരുന്ന ശബ്ദങ്ങളിലെ അപരിചതത്വം അമ്മയെ വല്ലാതെ ഭയപ്പെടുത്തി. വീണ്ടും വീണ്ടും ഭാഗം വെപ്പിനായുള്ള മക്കളുടെ ആവശ്യം അമ്മയിൽ അസ്വസ്ഥത പടർത്തി. ആരവങ്ങളിൽ വേർതിരിച്ചുയരുന്ന കരച്ചിൽ അതിനിടയിൽ അമ്മ കേട്ടു.. എങ്ങോട്ടോ അകന്നു പോകുന്ന ആ തേങ്ങലിൽ അമർന്നു പോയ മാനത്തിന്റെ വില അമ്മയിൽ നീറ്റലായി നിറഞ്ഞു.
മനസ്സു തളരുന്നു, ദേഹവും.. മെല്ലെ മെല്ലെ അമ്മ കണ്ണുകളടച്ചു. ആശ്വസിപ്പിക്കാനെത്തിയ കരങ്ങൾ സ്വപ്നത്തിലെന്ന പോലെ അമ്മയ്ക്ക് കുളിർതെന്നലായി.. അർദ്ധ നഗ്നനായി, വടിയൂന്നി ചുണ്ടിൽ ശാന്തിമന്ത്രവുമായി എന്നും സ്നേഹം പകർന്ന ആ കൈകളുടെ വാൽസല്യം അമ്മ തിരിച്ചറിഞ്ഞു. അമ്മ എല്ലാ ദു:ഖങ്ങളും മറന്നു.. സാന്ത്വനത്തിന്റെ തെളിമ അമ്മയെ തഴുകി.