ADVERTISEMENT

എല്ലാവരും ജോലി തീർത്ത് പോയിട്ടും അയാൾ കംപ്യൂട്ടർ സ്ക്രീനിൽ നിന്നും തലയുയർത്തിയിട്ടുണ്ടായിരുന്നില്ല. മറ്റേതോ കമ്പനിക്ക് വേണ്ട സോഫ്റ്റ്‌വെയർ നിർമ്മിക്കുന്ന അയാളുടെ ജോലി ഇന്നലെ തന്നെ ചെയ്തുതീർത്തിരുന്നു. എത്രയെത്ര പ്രൊജക്ടുകൾ...! ഇനി കമ്പ്യൂട്ടറിൽ അപ്‌ലോഡ് ചെയ്യുകയേ വേണ്ടൂ. രാത്രി ഒൻപത് മണി കഴിഞ്ഞിരിക്കുന്നു. ജോലി എന്നത് അയാളെ സംബന്ധിച്ചിടത്തോളം ഒരു ഭാരമായിരുന്നിട്ടേയില്ല.. വൈവിധ്യമാർന്ന ഒരുപാട് കാര്യങ്ങൾ അയാൾ ചെയ്തു നടക്കുമ്പോഴും, തന്റെ പ്രധാനപ്പെട്ട ജോലിയുടെ ഒരു പ്രത്യേക ഭാഗം അയാൾ ഭംഗിയായി പൂർത്തിയാക്കുകയാവും...! അതുകൊണ്ടുതന്നെ ഗ്രൂപ്പ് മാനേജർക്കും, മറ്റ് ടീം അംഗങ്ങൾക്കും അയാളോട് ഒരു പ്രത്യേക സ്നേഹ വായ്പുണ്ടായിരുന്നു. 

ഇത് ഇപ്പോൾ തന്നെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഒരു സോഫ്റ്റ്‌വെയർ ആയി കഴിഞ്ഞിരിക്കുന്നു." പെർഫെക്ഷനിൽ അല്ല കാര്യം; കസ്റ്റമർ പറഞ്ഞ സമയത്ത് ചെയ്തുതീർത്ത് കൊടുക്കണം..." ഗ്രൂപ്പ് മാനേജർ സ്നേഹത്തോടെ ഉപദേശിച്ചു. "ഇന്നുതന്നെ അപ്‌ലോഡ് ചെയ്തിട്ട് പോയാൽ മതി..." ഗ്രൂപ്പ് മാനേജരുടെ പുഞ്ചിരി അപൂർവമായി മാത്രം കിട്ടുന്ന സമ്മാനമാണ്! ഒരിക്കലും മുറുകാത്ത അയാളുടെ ടൈ, പെരുത്തുനിൽക്കുന്ന കുടവയറിന് മുകളിൽ തൂങ്ങിയാടുന്നുണ്ടായിരുന്നു. "സോഫ്റ്റ്‌വെയറുകൾ ഉണ്ടാക്കുന്നവരല്ല, ഉപയോഗിക്കുന്നവരാണ് സംതൃപ്തരാകേണ്ടത്.. മനസ്സിലാകുന്നുണ്ടോ..?" ഒരു ദാർശനികന്റെ ഭാവത്തോടെ അയാൾ നിർദ്ദേശം വയ്ക്കുകയാണ്. ഒരിക്കലും ഒരു സോഫ്റ്റ്‌വെയർ പ്രോഗ്രാമും പൂർണ്ണ തൃപ്തിയോടെ തീർക്കാൻ കഴിയുകയില്ല എന്ന് അയാൾ ഓർത്തു. അവസാന മിനുക്ക് പണികൾക്കാണ് കൂടുതൽ സമയം ആവശ്യം വരിക. എല്ലാം സമയത്ത് തീർക്കണമല്ലോ.. സമയം ! അതെന്നും അയാൾക്കു മുമ്പിൽ ഒരു വെല്ലുവിളിയായി വന്നു നിൽക്കാറുണ്ട്. സമയത്തിന്റെ വേഗത്തിനൊപ്പം ഓടാനോ ഒരിക്കലെങ്കിലും അതിന്റെ വേഗത്തെ മറികടക്കാനോ കഴിഞ്ഞെങ്കിൽ എന്നയാൾ വെറുതെ ആശിച്ചു.

ഓരോ പ്രോജക്റ്റും അവസാനിക്കാറാകുമ്പോഴാണ് പുതിയ ലോജിക്കുകൾ തലയിൽ ഉരുത്തിരിഞ്ഞ് വരുന്നത്. ജോലി കുറേക്കൂടി എളുപ്പത്തിലാക്കുവാനുള്ള സൂത്ര വഴികൾ പക്ഷേ, സമയം എന്ന പ്രതിസന്ധിക്ക് മുമ്പിൽ മുട്ടുമടക്കുന്നു. ഒടുവിൽ അയാൾ കംപ്യൂട്ടറിന് 'അപ്‌ലോഡ്' ചെയ്യാനുള്ള നിർദ്ദേശം കൊടുത്തു. ഇനിയത് മറ്റാർക്കോ സ്വന്തം. അപൂർണ്ണതകൾ അയാൾക്ക് മാത്രം നൊമ്പരം നൽകുന്നു... 'കസ്റ്റമർ സന്തുഷ്ടനാണ്' എന്നത് എന്നാൽ അയാൾക്ക് മാത്രം ഒരിക്കലും സന്തോഷം നൽകിയിട്ടില്ല. പ്രോഗ്രാം റൺ ചെയ്ത് തീരാൻ രണ്ട് മണിക്കൂറെങ്കിലും എടുക്കും! അയാൾ കസേരയിലേക്ക് ചാഞ്ഞു.

രശ്മി മേനോൻ തിടുക്കത്തിലായിരുന്നു ബാഗുമെടുത്ത് കാബിന് പുറത്തേക്ക് ഓടിയത്. "ഇതുകൂടി നോക്കണേടാ..., തീരുമ്പോൾ കംപ്യൂട്ടർ ഷട്ട് ഡൗൺ ചെയ്താൽ മാത്രം മതി... ഇന്ന് രാത്രി ട്രീറ്റ് എന്റെ വക..!" ഒന്നും ചെയ്യാനില്ലാതെ പ്രോഗ്രാം റൺ ചെയ്യുന്നതും നോക്കി കംപ്യൂട്ടറിന്റെ മുൻപിലിരുന്ന് ബോറടിക്കാൻ രശ്മി മേനോന് ഒരിക്കലും കഴിയില്ല. അവളിപ്പോൾ ബാർബിക്യൂവിൽ ചക്കൂസും കോക്കുമായി ചിതറിത്തെറിക്കുന്ന ആളുകളുടെ കൂടെയായിരിക്കും. ടെക്കികൾ എന്ന് വിളിപ്പേരുള്ള ആ ഒരു കൂട്ടത്തിലൊരാളാകാൻ അയാൾക്ക് ഇന്നേവരെ കഴിഞ്ഞിട്ടില്ല! കംപ്യൂട്ടർ ഒരു പരിഭവവുമില്ലാതെ തന്റെ കഠിനപ്രയത്നം തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. ടെക്കികളുടെ നിരർഥാഘോഷങ്ങൾ, നഗരത്തിന്റെ പൊടിയും ചൂടും എല്ലാം കൂടി നോക്കുമ്പോൾ, ഏകാന്തതയിലും ഈ ക്യാബിൻ തന്നെയാണ് സുഖമെന്ന് അയാൾ ഓർത്തു. അവളുടെ നേർത്ത മുടിയിഴകളുടെ ഗന്ധം ക്യാബിനിൽ പടരുന്നതുപോലെ അയാൾക്ക് തോന്നി.

ടേബിളിന് മുകളിലിരുന്ന മൊബൈൽ ഫോൺ തെളിഞ്ഞു, ഗാനം തുടങ്ങും മുമ്പേ നിശബ്ദമായി. 'മിസ്ഡ് കോൾ', രശ്മി മേനോന്റേതാണ്. ഇടതു കണ്ണ് പാതി മറച്ചുകൊണ്ട് പാറി വീണു കിടക്കുന്ന മുടിയിഴകൾ അയാളെ പരിഭവത്തോടെ നോക്കി, വാൾപേപ്പർ ചിത്രം മങ്ങി... പിന്നെ അണഞ്ഞു. "ഞാൻ നിന്നെ മിസ്സ് ചെയ്യുന്നു..." എന്നാണ് ആ മിസ്ഡ് കോളിന്റെ അർഥം! അവളുടെ കണ്ണുകൾക്ക് എന്തൊരഴകാണ്... അയാൾ കസേരയിലേക്ക് കുറെ കൂടി ചാരി കിടന്നു.. അപ്പോഴാണ് അവളുടെ നേർത്ത മുടിയിഴകൾ പോലുള്ള മനോഹരമായ നൂലിലൂടെ നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു ചെറിയ എട്ടുകാലിയെ അയാൾ കണ്ടത്. അയാളുടെ കംപ്യൂട്ടറിൽ നിന്നും രശ്മി മേനോന്റെ കസേരയുടെ അരികിലേക്ക് വല നെയ്യുകയാണ്. ശ്രദ്ധിച്ച് നോക്കിയാൽ മാത്രം കാണാവുന്ന അതിന്റെ നേർത്ത നൂൽ പല വർണ്ണങ്ങളിൽ തിളങ്ങുന്നു. അയാൾക്ക് കൗതുകം അടക്കാനായില്ല.

സങ്കീർണമായ കംപ്യൂട്ടർ പ്രോഗ്രാമുകളിൽ കിടക്കാനാവാത്ത ചില വലക്കണ്ണികൾ ഉണ്ട്, കുരുക്കഴിക്കുവാനാകാത്ത തന്റെ വിഷമ സന്ധികളെ ലജ്ജിപ്പിച്ചുകൊണ്ട്, അനായാസം വർണ്ണ വൈവിധ്യമുള്ള വലനൂലുകൾ നെയ്യുന്ന, മരതകപച്ചനിറമുള്ള എട്ടുകാലിയുടെ, പ്രകൃതിയുടെ വരദാനങ്ങളുടെ വലിപ്പം, അയാളെ സ്തബ്ധനാക്കി. ശ്വാസമെടുക്കാതെ അയാൾ ആ ജീവിയെ നോക്കി നിന്നു. ടെക്കികൾ ഭൂഗോളത്തിന്റെ പരപ്പിൽ മുഴുവനും ഇന്റർനെറ്റ് വല വിരിച്ചു കഴിഞ്ഞു എന്ന് അഹങ്കരിച്ചിരിക്കെ, അയാളുടെ കംപ്യൂട്ടറിൽ നിന്നും രശ്മി മേനോന്റെ കസേര വരെയുള്ള വലിയ ദൂരം കീഴടക്കിയ ആ ചെറിയ എട്ടുകാലിയുടെ സാങ്കേതിക വൈദഗ്ധ്യം അയാൾക്ക് ഉൾക്കൊള്ളാനായില്ല. ഇന്റർനെറ്റിന്റെ വേഗതയുടെ പരിണാമങ്ങളെ കാൾ, ആദർശിന്റെ ടേബിളിനു മുകളിലേക്ക് നൂലുകൾ പിടിപ്പിച്ച് തീർത്ത എട്ടുകാലിയുടെ വേഗത അയാൾക്ക് അത്ഭുതമായി. കംപ്യൂട്ടറിൽ അപ്‌ലോഡിങ്ങ് നടന്നുകൊണ്ടേയിരിക്കുന്നു.

"അയാം വെയിറ്റിംഗ് ഫോർ യു.. വേഗം വരൂ.." എന്ന് പരിഭവിച്ച് അവളുടെ ചിത്രം മൊബൈൽ ഫോണിൽ വീണ്ടും തെളിഞ്ഞു. മൊബൈൽ ഫോൺ നിർത്താതെ ശബ്ദിച്ചിട്ടും അയാൾക്ക് എടുക്കാൻ തോന്നിയില്ല. അയാൾ എട്ടുകാലിയെ തന്നെ ശ്രദ്ധിച്ചു കൊണ്ടിരുന്നു. ഇപ്പോൾ അതിന്റെ വലയിൽ ചെറിയ പ്രാണികൾ കുടുങ്ങി തുടങ്ങിയിരിക്കുന്നു. വലയിൽ ഇര വീണുകഴിഞ്ഞാൽ തന്റെ പണി ഇടയ്ക്ക് വച്ച് നിർത്തി പാഞ്ഞു വന്ന് അതിന്റെ രക്തം എട്ടുകാലി വലിച്ച് കുടിക്കുന്നു. ഒരു നിമിഷം പോലും നഷ്ടപ്പെടുത്താതെ, വിശ്രമിക്കാതെ വല നിർമ്മാണത്തിലേക്ക് അത് തിരിച്ചുപോകുന്നു... നോക്കി നോക്കിയിരിക്കെ എട്ടുകാലിയും വലയും വലയിൽ അകപ്പെട്ട ഇരകളും അയാൾക്ക് മുമ്പിൽ വലുതായി  വന്നു. മുറിയിലാകെ നിറഞ്ഞു കഴിഞ്ഞ വലിയ വല അയാളുടെ ശരീരത്തിൽ സ്പർശിച്ചിട്ടില്ല എന്നു മാത്രം. സമയം പതിനൊന്നു മണി കഴിഞ്ഞിരിക്കുന്നു; ലോകത്ത് സാധ്യമായിട്ടുള്ള ഏറ്റവും വേഗമേറിയ ഒരു കംപ്യൂട്ടറിന് മുമ്പിൽ ആണ് അയാൾ ഇരിക്കുന്നത്. രശ്മി മേനോൻ തനിക്കായി കാത്തിരിക്കുന്നത് ഓർത്തപ്പോൾ അയാൾക്ക് വല്ലാത്ത ഒരു മടുപ്പ് തോന്നി. "ഇനിയെങ്കിലും അവൾക്ക് പോയിക്കിടന്ന് ഉറങ്ങിക്കൂടേ..?! 

എട്ടുകാലി ഭീമാകാരം പൂണ്ടിരിക്കുന്നു. വല തന്റെ ശരീരത്തിൽ പറ്റിയെക്കുമെന്ന് അയാൾക്ക് തോന്നി. നേരത്തെ എടുക്കാതിരുന്നത് കൊണ്ടാവണം, മൊബൈൽ ഫോൺ നിർത്താതെ ശബ്ദിച്ചു തുടങ്ങി. ചലിക്കുവാൻ അയാൾക്ക് ഭയം തോന്നി. അയാൾക്ക് എന്തെങ്കിലും അപകടം പിണഞ്ഞോ എന്ന് അവൾ ചിന്തിച്ചതായിരിക്കാം. "എനിക്ക് ഓർമ്മയുണ്ട്.. ഞാൻ വരുന്നു.." എന്നയാൾ മനസ്സിൽ പറഞ്ഞു. ഫോൺ എടുക്കാൻ ശ്രമിച്ചാൽ എട്ടുകാലിയുടെ കഠിന പ്രയത്നത്തിന്റെ ഫലം -മനോഹരമായ ആ വർണ്ണവല- പൊട്ടിപ്പോകുമായിരുന്നു. എന്നാൽ ഇനിയും ഫോൺ എടുക്കാതിരുന്നാൽ എങ്ങനെയാണ്..?! അയാൾ ഫോൺ എടുക്കാനായി കൈ ഉയർത്തിയതും വിരലുകൾ വലയിൽ തട്ടി. പശയുടെ പാളിയിൽ വിരൽ കുടുങ്ങിയിരിക്കുന്നു. വല നെയ്യുന്നതിന്റെ കണിശതയും ഏകാഗ്രതയും മുറിഞ്ഞ ചിലന്തി അയാളെ തുറിച്ചു നോക്കി. പണി ഉടൻ നിർത്തി ആ ജീവി അയാളുടെ നേരെ പാഞ്ഞുവന്നു. വലയിൽ കുടുങ്ങിക്കിടന്ന വിരൽത്തുമ്പിലേക്ക് മെല്ലെ കയറിപ്പറ്റി രക്തം പതിയെ വലിച്ചു കുടിക്കാൻ തുടങ്ങി. അയാൾ വളരെ പെട്ടെന്ന് സുഖകരമായ ഒരു ആലസ്യത്തിലേക്ക് താഴ്ന്ന് താഴ്ന്ന് പോയി.

എത്രനേരം അങ്ങനെ മയങ്ങി കിടന്നെന്ന് അയാൾക്ക് ഓർമ്മയില്ല. ഒടുവിൽ അയാളുടെ സിരകളിൽ ഒഴുകിയിരുന്ന രക്തം മുഴുവനും തീർന്നു കഴിഞ്ഞപ്പോൾ എട്ടുകാലി അയാളെ വലയിൽ നിന്നും അടർത്തി മാറ്റി, കംപ്യൂട്ടർ മോണിറ്ററിന്റെ കടുപ്പമേറിയ ചില്ല് പൊട്ടിച്ച് അകത്തേക്ക് കയറിപ്പോയി. മൊബൈൽ ഫോൺ വീണ്ടും ശബ്ദിക്കുവാൻ തുടങ്ങി: അത് നിർത്താതെ അട്ടഹസിക്കുകയാണ്. ജീവരക്തം നഷ്ടപ്പെട്ട ഒരു മനുഷ്യശരീരം കസേരയിൽ മരവിച്ചുകിടക്കുമ്പോൾ അത് നോക്കി പൊട്ടിച്ചിരിക്കുന്നത് പോലെ...! അയാൾ ഫോൺ എടുക്കാത്തത് കൊണ്ടാവണം ഒടുവിൽ ഫോണിൽ ഒരു മെസ്സേജ് വന്നു. അതിലെ സന്ദേശം എന്താണെന്ന് മനസ്സിലാക്കുവാൻ അയാൾക്ക് വിഷമമുണ്ടായിരുന്നില്ല. ഒരിക്കലും അയാളെ മനസ്സിലാക്കുവാൻ അവൾ ശ്രമിച്ചിട്ടുണ്ടായിരുന്നില്ലല്ലോ... പിന്നീട് വലക്കണ്ണികൾ ഓരോന്നോരോന്നായി അഴിഞ്ഞഴിഞ്ഞ് വീണു തുടങ്ങി. നിമിഷങ്ങൾക്കകം വല മുഴുവനായും അപ്രത്യക്ഷമായി. അപ്പോൾ കംപ്യൂട്ടർ മോണിറ്ററിൽ ഒരു മെസ്സേജ് വിൻഡോ പ്രത്യക്ഷപ്പെട്ടു. 'അപ്‌ലോഡിങ് സക്സസ്ഫുള്ളി കംപ്ലീറ്റഡ്.' 

English Summary:

Malayalam Short Story Written by Satheesh O. P.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com