'മക്കളുടെയും മരുമക്കളുടെയും വരവും കാത്ത് ഒന്നര ദിവസത്തോളം ആ ഐസ് പെട്ടിയിൽ അവർ കിടന്നു...'
Mail This Article
പിഴിഞ്ഞ തോർത്ത് പുറത്തെ വേലിക്കരികിൽ നിന്ന് ജനൽ കമ്പിയിൽ വിരിച്ച ശേഷം ഇഷൽ പാത്രത്തിലേക്ക് നോക്കി. ചെമ്പരത്തി നിറം തറയിലൊഴിക്കാനൊരു മടി. അറപ്പോടെ ചെടിയുടെ വേരിലേക്ക് പാത്രം കമഴ്ത്തി. വീടിനുള്ളിൽ കയറി തോർത്തും കൈയ്യും മണത്തു. ഒന്നുമറിയാൻ വയ്യ.. നാറ്റമുണ്ടോ--? നനഞ്ഞ കൈതണ്ട അവൾ പലവട്ടം കുടഞ്ഞു. ചുമരിലെ കണ്ണാടിയോട് അവൾക്ക് മോഹം. വട്ടകണ്ണാടിക്ക് അവൾ മീശവരച്ചു. ചുവന്ന പേന കൊണ്ട് നീണ്ട താടിയും പിടിപ്പിച്ചു. ഇടത്തേ കവിളിൽ മുന്തിരി വലുപ്പത്തിൽ ഉണ്ണിയും വരച്ചു. "സുന്ദരനായിട്ടുണ്ട്..." ചുവന്ന മീശയും താടിയും വട്ടകണ്ണാടിക്ക് ചേരുന്നില്ലാന്ന് അവൾക്ക് അറിയാം. എങ്കിലും അവൾക്കതിഷ്ടമായി. മീശക്കാരന് അരികെ നിവർന്ന് തൂങ്ങുന്ന കലണ്ടറിന് നേരെയായി ഇഷലിന്റെ അടുത്ത നോട്ടം. "നീയും ന്നെ വിട്ട് പോവാറായല്ലോടാ?" അവളുടെ ചോദ്യം കലണ്ടറിന് സങ്കടം തോന്നിപ്പിച്ചില്ല, ഇരച്ചു കയറിയ കാറ്റിലും അത് ലവലേശം അനങ്ങിയില്ല. ഇഷൽ കലണ്ടറിലെ താളുകൾ പിന്നിലേക്ക് മറിച്ചു. ചുവന്ന മഷിയാൽ ഒറ്റയ്ക്ക് നിർത്തിയ തിയതിയിലേക്ക് അവളുടെ മിഴികളുടെ പാച്ചിൽ കിതച്ച്നിന്നു. പേനകൊണ്ട് ആ അക്കം കഴിയുന്നത്ര അവൾ വെട്ടി പരിക്കേൽപ്പിച്ചു. "ഈ കലണ്ടറും ക്ലോക്കുമൊക്കെ എട്ത്ത് തീയിടണം. സമാധാനക്കേടുണ്ടാക്ക്ന്ന ജന്തുക്കൾ!"
ഹാാാാ...ച്ഛീ....! രണ്ടാമതും തുമ്മാനായി മൂക്കിരച്ച് കയറിയ ഉടൻ അവൾ വയറും വായും ഒരുപോലെ പൊത്തിപ്പിടിച്ചു. തട്ടിൻപുറം മാറാലയിൽ മങ്ങിയിരിക്കുന്നു. ഷാൾ കൊണ്ട് മുഖം മറച്ച് കട്ടിലിനടിയിൽ നിന്നും അവൾ ചൂലെടുത്തു, എന്നാൽ വിശാലമായ ചിലന്തിവല കണ്ട് ചൂല് നിലത്തിട്ട് അവൾ ഇടുപ്പെല്ലിൽ കൈകെട്ടി. തന്റെ ശരീരത്തേക്കാൾ ഭാരം കുറഞ്ഞ വലയിൽ ആത്മധൈര്യത്തോടെ ഉല്ലസിക്കുന്ന ചിലന്തിയോട് ഇഷലിന് ബഹുമാനം തോന്നിക്കാണണം. ചിലന്തി തന്റെ ഇണയോടും കുട്ടികളോടും സംസാരിക്കുന്നത് അവൾക്ക് കൗതുകമായി. ഇന്നത്തെ വിശേഷങ്ങളായിരിക്കാം. ശത്രുക്കളുടെ പിടിയിൽ നിന്നും അപകടങ്ങളിൽ നിന്നും രക്ഷ നേടിയതിന്റെ സാഹസങ്ങളെ കുറിച്ചായിരിക്കാം. രക്ഷ നൽകിയ രക്ഷിതാവിനോടുള്ള സ്മരണയും പങ്കുവയ്ക്കുന്നുണ്ടായിരിക്കാം. നാളെയെ കുറിച്ചുള്ള ആകുലതകളുണ്ടാകുവോ ഈ എട്ടുകാലികൾക്ക്? അവൾ നിൽപ്പ് തുടർന്നു."നിങ്ങളിലാരെങ്കിലും ന്നെ ശ്രദ്ധിച്ചിട്ടുണ്ടാകുമോ? ന്നെക്കുറിച്ചെന്തെങ്കിലും..? മുറി വിട്ട് അധികം പുറത്ത് പോകാത്തതിനാൽ എന്നെ തീർച്ചയായും കാണേണ്ടതാണ്." ചിലന്തികൾ അവളുടെ ചോദ്യം ഗൗനിച്ചില്ല.
കാലുകളാൽ പരസ്പരം കെട്ടിപ്പുണരുന്ന അവറ്റകളെ കണ്ടപ്പോൾ അവൾക്ക് നാണം തോന്നി. അടുക്കളയിലേക്ക് നീങ്ങി. ചോറൂറാൻ വെച്ചിരുന്ന അരിക്കലം പലവട്ടം ഇളക്കി അടുപ്പിന്റെ വശത്തേക്ക് മാറ്റിവെച്ചു. പയറുതോരന് പുകച്ചുറ്റിയ വാസന. "കിളവിയിതെന്ന് വരാനിരിക്കുവാണാവോ?! ജഡവും കത്തിച്ച് പതിനാറും കൂടീട്ടെറങ്ങാനുള്ള ഒരുക്കമായിരിക്കും...!" മുടികെട്ടിയൊതുക്കി അവൾ പിറുപിറുത്തു. ഇടത്തേ കൈമടക്കിയ നേരം വല്ലാത്ത നീറ്റൽ. ബ്ലൈഡിനാൽ നീളത്തിൽ വരഞ്ഞ മുറിവുകൾ ഇനിയും ഉണങ്ങിയിട്ടില്ല. ഒറ്റയ്ക്കിരുന്ന് ഞെരിയുമ്പോൾ അവൾ മുറിയടച്ച് കുറേ ചോദ്യങ്ങൾ സ്വയം ചോദിക്കും, ഉത്തരമില്ലെങ്കിൽ ബ്ലൈഡ് കൊണ്ട് കൈയ്യിലൊരു വര വരയ്ക്കും. പിന്നെയും ചോദ്യം, മീൻപുറം മാതിരി വീണ്ടും വരയൽ. ആഴത്തിലുള്ളതൊന്നുമല്ല, എങ്കിലും രക്തം ചെറിയകുമിള വലിപ്പത്തിൽ പൊങ്ങുന്നത് കാണുമ്പോൾ അവൾ പലതും മറക്കും. നീറ്റലിനൊരു സുഖവും തണുപ്പും. ആരേലും ചോദിച്ചാൽ റോസാമുള്ള് കൊണ്ട് കീറിയതാണെന്ന് പറയാറാണ് പതിവ്.
പ്രമേഹം മൂർദ്ധാവസ്ഥയിൽ എത്തിയേ പിന്നെ കിളവി സദാ സംസാരമാണ്. അവരുടെ കാലിലെ പല വിരലുകളും മുറിച്ചു മാറ്റി. അധികം മിണ്ടാണ്ടിരുന്നാൽ പെട്ടെന്ന് മരിച്ചുപോവുമത്രെ. പിറ്റേന്നെത്തുള്ള അരിയുടെ നാഴിയളവും കൂട്ടുകറിയെ കുറിച്ചുമല്ലാതെ അവൾക്ക് അവരോട് സംസാരിക്കാനൊന്നുമില്ല. പ്രാതലും കഴിച്ച് കിളവി രാവിലെ ഇറങ്ങും, ചുറ്റുവട്ടത്തുള്ള വീടുകൾ കയറി വെറുതെ ഓരോന്നും പുലമ്പികൊണ്ടിരിക്കും. പറഞ്ഞ കാര്യങ്ങൾ തന്നെ വാതോരാതെ വീണ്ടും പറഞ്ഞുകൊണ്ടേയിരിക്കും. നടക്കാൻ പ്രയാസമേറിയതിനാൽ അരിപൊടിച്ചിരുന്ന വടിയാണ് താങ്ങ്. ഇഷലിന്റെ നീണ്ട മൂക്ക് കാണുമ്പോഴെല്ലാം കിളവി സ്വന്തം മകളെ ഓർത്ത് ശപിക്കും, താങ്ങിപ്പിടിക്കുന്ന വടി താഴെയെറിയും. "ആ രാജവെമ്പാലെന്റെ പള്ളയിൽ ഉണ്ടായതൊന്നുമായിരിക്കില്ല. കെട്ടിയോൻ തെണ്ടി നടന്ന കാലത്ത് എങ്ങാണ്ടന്നോ പെറുക്കി കൊണ്ട് വന്ന് ആയാളെന്നെ പറ്റിച്ചതാ..." അമ്മയെ കുറിച്ച് ഇതല്ലാതെ കിളവിക്ക് ഇഷലിനോട് പറയാനില്ല. പത്തിവിടർത്തിയ സുന്ദരിയായ രാജവെമ്പാലയെ സ്വപ്നം കാണുന്നതും ആലോചിച്ച് അവൾ കിടന്നിട്ടുണ്ട്. മാസംതെറ്റിയ അമിത രക്തസ്രാവം സ്ഥിരമായപ്പോൾ ഇടയ്ക്കൊന്ന് കിളവി വീണ്ടും പിറുപിറുത്തു. "നിന്റെ തള്ളയ്ക്കും ഇത് തന്നായിരുന്നു. അത് ന്നെ നീയൊണ്ടാകാനും വൈകിയേ.."
2
അവൾ ജനലരികിൽ നിന്ന് അടുത്ത വീട്ടിലേക്ക് നോക്കി. പുറത്ത് കൂടിനിൽക്കുന്നവരുടെ കൂട്ടത്തിൽ കിളവിയെ കാണാനില്ല. മരണവിളംബരത്തിനായി വീടിനരികിലെ ഇലക്ട്രിക് പോസ്റ്റിൽ നാട്ടിയ കറുത്തകൊടി അഴിഞ്ഞ് വീഴാറായിരിക്കുന്നു. ചുറ്റും വിറകുകൾ കൊണ്ടലങ്കരിച്ച കട്ടിൽ വീടിന് പിന്നിൽ ഒരുക്കിയിട്ടുണ്ട്. കുളിച്ചൊരുങ്ങി സുഗന്ധം പൂശിയ മണവാട്ടിയായി അതിനു നടുവിൽ മൃതദേഹം! കിളവിയുടെ വല്യ സ്നേഹിതയായിരുന്നു ആ സ്ത്രീ. സമപ്രായമായിരിക്കാം. ഇന്നലെ മരണ വാർത്തയറിഞ്ഞയുടൻ ഇഷലും കാണാൻ പോയിരുന്നു. താനുമായി ആത്മബന്ധമില്ലാത്ത ഒരാളുടെ മൃതദേഹത്തിന് മുന്നിൽ കണ്ണീർപൊഴിക്കാൻ അവൾക്ക് കഴിഞ്ഞില്ല. മരണവീട്ടിലെ പരിചയക്കാരെ ഏത് ഭാവത്തോടെ അഭിമുഖീകരിക്കുമെന്ന ആശങ്ക ഉദിച്ചതിനാൽ അവൾ അധികനേരം തങ്ങാതെ തിരിച്ചു പോന്നു. ഒന്നര ദിവസത്തോളം മക്കളുടെയും മരുമക്കളുടെയും വരവും കാത്ത് മണവാട്ടി ഐസ് പെട്ടിയിൽ കിടന്നു. ഇപ്പോൾ ഉഷ്ണച്ചൂടിൽ വിറകിന് നടുവിലും.
ഇഷൽ ജനാലയ്ക്കരികിലെ കർട്ടനു പിന്നിൽ മറഞ്ഞ് ഓരോന്നിലേക്കും മിഴികൾനീട്ടി. കൂടി നിൽക്കുന്നവരുടെ മുഖത്ത് അതിരിൽ കവിഞ്ഞ സങ്കടമൊന്നും കാണാനായില്ല. ചിലർക്ക് എങ്ങനെയെങ്കിലും ഒന്ന് കഴിഞ്ഞു കിട്ടിയിരുന്നെങ്കിലെന്ന ഭാവമാണ്. ഒരാളൊഴികെ! അവൾ ശ്രദ്ധിച്ചു. അവസാനവട്ട ക്രിയകളാണ് നടക്കുന്നത്. സ്ത്രീയുടെ ഭർത്താവ് അവരുടെ ആചാരപ്രകാരമാകാം തിരിഞ്ഞു നിന്ന് മണവാട്ടിയുടെ കഴുത്തിൽ താലി കെട്ടുന്നു. വിവാഹ വസ്ത്രമെന്ന് തോന്നിക്കുന്ന പഴയസാരി അവരുടെ മേൽ വിരിച്ചു. ആരോ ഒരാൾ ചെറിയ മൺപാത്രത്തിൽ സുഗന്ധം കത്തിച്ച് കൈകൊണ്ട് വീശി എരിക്കുന്നു. കുന്തരിക്കമാകണം. തന്നെ മറ്റാരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ..? അവൾ ഇടവിട്ട് നോക്കി. പെട്ടെന്ന്, തീർത്തും അവശനായ ഭർത്താവ് വിറയാർന്ന ഇരുകൈകളാൽ തന്റെ പത്നിയുടെ മുഖം ഒതുക്കി നിർത്തി. കുഞ്ഞു പൈതലിനോടുള്ള ലാളനയോടെ മെല്ലെ തലോടി. ഒടുവിൽ നെറ്റിയിൽ നാട്യമില്ലാത്ത അന്ത്യചുംബനം! അത് ആചാരമായിരിക്കില്ല.
ഇഷലിന് പുഞ്ചിരിക്കാൻ തോന്നി. ഇതിലും മനോഹരമായ ദൃശ്യം ഇനി ജീവിതത്തിൽ നേരിട്ടു കാണുമോയെന്ന് അത്ഭുതം. കരഞ്ഞു തളർന്ന ഭർത്താവിനെ മറ്റുള്ളവർ പിടിച്ച് അകത്തേക്ക് കൊണ്ട് പോയി. ഭാര്യയുടെ വിയോഗത്തിൽ പൊട്ടിക്കരയുന്ന ഭർത്താവിനെ അവൾക്ക് വിചിത്ര ജീവിയോട് ഉപമിക്കാൻ ആശ! വൃദ്ധരാണ്. തമ്മിൽ പുതുമ അവശേഷിക്കാത്ത, കേൾക്കാനും പറയാനും അറിയാനും കഥകളില്ലാതെ വറ്റുറവയാകാൻ സാധ്യതയുള്ള നീണ്ട ദാമ്പത്യത്തിന്റെ അവസാനം എങ്ങനെ അകാരമായ ഹൃദയഭേദകമാകും? അവൾ ജനൽകമ്പിയിൽ മുഖം ചേർത്ത് നോക്കിനിന്നു. സ്ത്രീയുടെ മകൻ കടന്നു വന്ന്, ദ്വാരം വീഴ്ത്തിയ ഒരുകുടം വെള്ളം ചുമലിലേറ്റി മൂന്നുവട്ടം പ്രദക്ഷിണം വെച്ച് പോയത് ഞൊടിയിടയിലാണ്. ചിതകൊളുത്തി. സംരക്ഷണമായി കൂട്ടുകിടന്ന വിറകുകൾ മണവാട്ടിയുടെ മയക്കത്തെ വിഴുങ്ങി. ചാരം പുകയായി പറന്നുയർന്നു. ഇഷൽ ജനലുകൾ വലിച്ചടച്ച് കൊളുത്തിട്ടു. എല്ലാം പെട്ടെന്നൊടുങ്ങിയപ്പോലെ അവൾക്ക് തോന്നി.
ട്രെയിനിന്റെ ചൂളം അകലെയായി കേൾക്കാം. വീടിന് പിൻവശം റെയിൽപാളമാണ്. അവൾ അടുക്കളവാതിൽ പടിയിൽ നിന്നും പതിവില്ലാതെ ട്രെയിനിന്റെ വരവ് കാത്തു. ആയിരത്തോളം ജീവിതമുഖങ്ങൾ വായുവേഗതയിൽ അവളെ കടന്നുപോയി. പുകയൊടുങ്ങിയ അടുക്കളയിലെ അടുപ്പിൽ അവശേഷിച്ച വിറകുകളോട് അവൾക്ക് ഭയം. പിന്നീട് ലേശം സ്നേഹവും. "ന്നോടൊപ്പം കൂടെയെരിയുമല്ലോ..." കാലുകളിൽ നനവ് പടർന്നു. അവൾ മുറിയിലെ ജനൽകമ്പി ലക്ഷ്യമാക്കി ഓടി. വിരിച്ചിട്ട തോർത്ത് ഉണങ്ങിക്കാണണം..!