ADVERTISEMENT

മഴ താണ്ഡവമാടി തളർന്ന ദിവസമായിരുന്നു ആ വാർത്ത പുറംലോകത്തെത്തിയത്. പ്രമുഖ മാധ്യമറിപ്പോർട്ടർ കെവിൻ കൊല്ലപ്പെട്ടു. കടൽക്കരയിലെ വീട്ടിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മരിക്കുന്നതിന് മുൻപ്, ഗ്ലൂമി സൺഡേ എന്ന കവിത അയാൾ മൊബൈലിൽ പ്ലേ ചെയ്ത് ഇയർഫോൺ കാതുകളിൽ തിരുകി വച്ചിരുന്നു. 'ഇതു ശിശിരം, ഇലകളെല്ലാം പൊഴിയുന്നു. ലോകത്ത് പ്രണയമെല്ലാം മരിച്ചുപോയി. കാറ്റ്, വേദന നിറഞ്ഞ കണ്ണീരോടെ വിങ്ങിക്കരയുന്നു. എന്റെ ഹൃദയം ഇനിയൊരിക്കലും ഒരു വസന്തത്തിനു വേണ്ടി മോഹിക്കില്ല. എന്റെ കണ്ണീരും, ദുഃഖങ്ങളും എല്ലാം വെറുതെയായി. ഹൃദയം നഷ്ടമായ മനുഷ്യർ, അത്യാഗ്രഹികളും ദുഷ്ടൻ‌‌മാരുമായി. പ്രണയം മരിച്ചുപോയി.' ചുവരുകളിലും കവിതയിലെ ഈ വരികളും, മറ്റു ചില വരികളും എഴുതി വച്ചിരുന്നു.

'ആത്മഹത്യയോ? കൊലപാതകമോ? കെവിന്റെ മരണത്തിൽ ദുരൂഹതയേറുന്നു.' പത്രവാർത്തകൾ പല വിധത്തിലായിരുന്നു. മമ ശബ്ദം, ചീഫ് എഡിറ്റർ അതിന്റെ റിപ്പോർട്ടിനായി ഡാനിയെ ചുമതലപ്പെടുത്തി. 'ഡാനീ, കെവിന്റെ മർഡർ സംബന്ധമായ വിവരങ്ങൾ ശേഖരിച്ചൊരു റിപ്പോർട്ട് തയാറാക്കണം. എത്രയും വേഗം' ഡാനി ഡ്യൂട്ടി കഴിഞ്ഞിറങ്ങുന്ന സമയമായിരുന്നു അയാളത് പറഞ്ഞത്. അന്നു രാത്രി ഡാനി, യൂറ്റ്യൂബ് വീഡിയോകളിൽ കെവിനെ കുറിച്ചു തിരഞ്ഞു. ഒരുപാട് അഭിമുഖ വീഡിയോകൾ ഉണ്ടായിരുന്നു. അതിൽ നിന്നും ഒരെണ്ണം അവൻ തുറന്നു. മുപ്പതു വയസ്സ് കഴിഞ്ഞ സുമുഖനായ ഒരു യുവാവായിരുന്നു കെവിൻ. വളരെ ആകർഷകമായി അവൻ ഒരു ഇന്റർവ്യൂവിൽ സംസാരിക്കുന്നു. കേട്ടിരിക്കുന്ന സുന്ദരിയായ ഒരു പെൺകുട്ടി. വാർത്താ പ്രാധാന്യങ്ങളെ കുറിച്ചായിരുന്നു അവരുടെ സംഭാഷണം.

'പുതിയ പുതിയ പീഡനങ്ങൾ നിറങ്ങൾ കലർന്നു വന്നു തുടങ്ങുമ്പോൾ പഴയതൊക്കെ വിസ്മൃതിയിൽ അലിയുന്നു. അപ്പോൾ നിങ്ങൾ വീണ്ടും പുതിയത് നിറങ്ങൾ കലർത്തി അവതരിപ്പിക്കുന്നു അല്ലേ?' പെൺകുട്ടി ചോദിക്കുന്നു. അവൻ തലയനക്കി സമ്മതിച്ചു. പിന്നെ ചോദ്യങ്ങളുമായി അവൾ വാചാലയാകുകയായിരുന്നു. 'മിസ്റ്റർ, കെവിൻ താങ്കളുടെ കഴിഞ്ഞ വാർത്തകളെക്കാൾ മുൻപിലെത്തിയിരിക്കുന്നു ഇപ്പോഴുള്ള പത്തു വയസ്സുകാരികളായ പെൺകുട്ടികളുടെ പീഡന വാർത്ത. പ്രതി എന്തു ചെയ്തു എന്ന സംശയം വായനക്കാർക്കു പരിഹരിക്കാൻ വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ട് തന്നെ കഥയായി നിങ്ങൾ അവതരിപ്പിച്ചു. മൂലാധാരത്തിനു കീഴിൽ അയഞ്ഞ മാംസപേശിയുടെ വ്യാസം, മൂന്നു വിരൽ അളവിൽ അവതരിപ്പിക്കപ്പെട്ടപ്പോൾ പ്രതി എന്തു ചെയ്തെന്ന നിവാരണം നടത്തി കൊടുക്കുന്നു വാർത്തകൾ. അവൾക്കു പുറമെ അഞ്ചുപേർ ഒരുമിച്ചു പീഡിപ്പിച്ച പെണ്ണിന്റെയും സുന്ദരമായ ചിത്രങ്ങൾ കൂടെ നിങ്ങളുടെ വാർത്തകൾക്കു ബദലായി മറ്റുള്ളവരും പ്രചരിപ്പിക്കുന്നുണ്ട്. മനോവൈകൃതം ബാധിച്ചവർക്ക് സ്വയംഭോഗ സ്വപ്നങ്ങൾക്കു മിഴിവു കൂട്ടാനായി അവരുടെ ചിത്രങ്ങളും കൂടെ എറിഞ്ഞു കൊടുക്കുകയാണ്. അവൾ വീണ്ടും വീണ്ടും പല തരത്തിൽ പല രീതിയിൽ ഭോഗിക്കപ്പെടുന്നു. 

പത്തു വയസ്സുകാരികളായ പെൺകുട്ടികളുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കഥയായി വായിക്കപ്പെട്ടപ്പോൾ, അതുദ്ധരിച്ച് പ്രതിരോധിച്ചവരും അതു വായിച്ചു ആസ്വദിച്ച മാനസിക വൈകൃതമുള്ളവരുമുണ്ടാകുന്നു. അടിസ്ഥാനപരമായി എല്ലാം ഒന്നു തന്നെയല്ലേ? ഒരാൾ അവളെ പീഡിപ്പിച്ചു ആസ്വദിച്ചു. ചിലർ അതു വാർത്തയാക്കി ആസ്വദിച്ചു. ചിലർ അതു വായിച്ചും ആസ്വദിച്ചു. സൈക്കോ ഇവിടെ ഒരു വിഭാഗം മാത്രമായി തിരഞ്ഞെടുക്കാൻ കഴിയുന്നില്ല. നിങ്ങളും തുടരുന്നത് ഇതൊക്കെ തന്നെയല്ലേ?' അവളുടെ ചോദ്യം കെവിനെ അസ്വസ്ഥനാക്കിയോ? അവൻ മേശപ്പുറത്തിരുന്ന ഗ്ലാസ്സിൽ നിന്നും ഒരു കവിൾ വെള്ളം കുടിച്ചിറക്കിയിട്ടാണ് മറുപടി പറഞ്ഞത്. 'വാർത്തകളിൽ, കഥകളിൽ, ദുരന്തങ്ങൾ, നുണകൾ ഒക്കെ ഉണ്ടാകാം. രണ്ടും നൽകാൻ ശ്രമിക്കുന്നവർ ആവശ്യക്കാരന്റെ ആർത്തിയോടൊപ്പം സഞ്ചരിച്ച് സൈക്കോ ആയി മാറുന്നതായിക്കൂടെ?' 'അപ്പോൾ പ്രേക്ഷകരാണ് കുറ്റക്കാരെന്നാണോ താങ്കൾ പറയുന്നത്?' അവൾ ചോദിച്ചു. 'അല്ല. പ്രേക്ഷകരും കുറ്റകാരാണെന്നാണ് പറയുന്നത്. അവതരിപ്പിക്കുന്നവർ മാത്രമല്ല കുറ്റക്കാരെന്നു പറയുകയായിരുന്നു. കാഴ്ച്ചക്കാരായി ആവശ്യക്കാർ ഉണ്ടാകുമ്പോഴല്ലേ നമ്മളെ പോലെ ഉള്ള റിപ്പോർട്ടർമാരും ഉണ്ടാകുന്നത്.?' പെൺകുട്ടി അൽപ്പനേരം ചിന്തയിലാണ്ടു.

കാതിൽ കോർത്തിരുന്ന മൈക്ക് അമർത്തി പിടിക്കുന്നുണ്ട്. മറ്റാരോ നൽകുന്ന ചോദ്യം അവൾ കേട്ടെടുക്കുകയാണ്. 'ശരിയായിരിക്കാം, എന്നാലും താങ്കൾ എന്താണ് മികച്ച റിപ്പോർട്ടർക്കുള്ള അവാർഡ് ലഭിച്ചതിനു ശേഷം ജോലി രാജിവച്ചത്?' അവൾക്കവിടെന്നു ലഭിച്ച ചോദ്യമാകും അവളുന്നയിച്ചത്. 'സാന്ദ്ര, ഗ്ലൂമി സൺഡേ എന്ന കവിത കേട്ടിട്ടുണ്ടോ?' ഇല്ല, എന്നവൾ തലയനക്കി. ഗ്ലൂമി സൺഡേ എന്ന കവിത കേട്ടവരെല്ലാം അക്കാലങ്ങളിൽ ആത്മഹത്യ ചെയ്തിരുന്നു. എന്ത് കേൾക്കണ്ടെന്നോ വായിക്കണ്ടെന്നോ തോന്നുന്നുവോ നമ്മളതിനു പുറകെ ചിലപ്പോൾ സഞ്ചരിക്കാറുണ്ടല്ലേ?' ഡാനി മൊബൈൽ മാറ്റി വച്ചു. അവന്റെ മനസ്സും ആ വാർത്തകൾ ചികയാനായി പ്രേരിപ്പിച്ചു തുടങ്ങിയിരുന്നു. ഇനിയും നോക്കിയിരുന്നാൽ ഉറപ്പായും ഞാനും അതു തിരയുമെന്ന് അവന്റെ മനസ്സ് മന്ത്രിച്ചു. അവൻ ഒരാഴ്ച്ചയോളമുള്ള പഴയ പത്രവാർത്തകളിലേക്കു തിരിഞ്ഞു. 'ഗ്ലൂമി സൺഡേ എന്ന ഹംഗേറിയൻ കവിത കേട്ട റിപ്പോർട്ടർ ആത്മഹത്യ ചെയ്തു. 1993കളിൽ ബ്രിട്ടൻ അടക്കമുള്ള ചില രാജ്യങ്ങളിൽ ഈ കവിത നിരോധിച്ചിരുന്നു. കാരണം, അക്കാലങ്ങളിൽ ആത്മഹത്യ ചെയ്യപ്പെട്ട ഇരുന്നൂറിലധികം പേർ അവസാനമായി ഗ്ലൂമി സൺഡേ കേട്ടിരുന്നു എന്നു കണ്ടെത്തിയിരുന്നു. ഇന്ത്യയിൽ, കേരളത്തിൽ ആദ്യമായി അങ്ങനെ ഒരു മരണ വാർത്ത ഗ്ലൂമി സൺഡേ ഇറങ്ങി ഇരുപത്തഞ്ചു വർഷങ്ങൾക്കു ശേഷം റിപ്പോർട്ട് ചെയ്തിരിക്കുന്നു.'

തൊട്ടടുത്ത ദിവസങ്ങളിൽ വാർത്തകൾ മാറി മറിഞ്ഞിരിക്കുന്നു. കെവിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടു വന്നു. സയനൈഡും, കണ്ടുപിടിക്കാനാകാത്ത മറ്റെന്തോ ചില പദാർഥങ്ങളും കൂട്ടിക്കലർത്തിയ വിഷം കുത്തിവച്ചതായിരുന്നു കെവിന്റെ മരണകാരണം. എന്നാൽ ശരീരം കണ്ടെത്തിയത് തൂങ്ങി നിൽക്കുന്ന അവസ്ഥയിലായിരുന്നു. ശരീരത്തിൽ മർദ്ദനമേറ്റ ചതവുകളും ഉണ്ടായിരുന്നു. ഒരു കസേരയോ, മേശയോ മറ്റൊന്നും ഇല്ലാത്തൊരു മുറിയുടെ മദ്ധ്യത്തിലായിരുന്നു കെവിൻ തൂങ്ങി നിന്നത്. കൊലപാതകം തന്നെ! കൊലപാതകി ആര്? അന്തിച്ചർച്ചകളിൽ വരെ വാർത്ത തർക്കങ്ങളായി തുടർന്നു കൊണ്ടിരുന്നു. 'എങ്ങിനെയാകും കെവിനെ അവർ കൊന്നിട്ടുണ്ടാകുക? പല ഉത്തരങ്ങളും മനസ്സിലിട്ടെഴുതിയാണ് ഡാനി അന്നു കിടന്നുറങ്ങിയത്. പിറ്റേദിവസം രാത്രിയിൽ യൂറ്റ്യൂബിൽ കെവിന്റെ മറ്റു പല പഴയ വീഡിയോകളും കണ്ടു കൊണ്ടിരുന്നപ്പോഴാണ് ഡാനിയതു ശ്രദ്ധിച്ചത്. കെവിൻ മികച്ച റിപ്പോർട്ടർക്കുള്ള അവാർഡ് വാങ്ങുന്ന വീഡിയോ ആയിരുന്നു. വേദിയിൽ നിന്നും അവാർഡ് വാങ്ങി ചെറിയൊരു സംഭാഷണവും, കവിതയും ചൊല്ലി സന്തോഷവാനായി സദസ്സിലേക്ക് നടന്നിറങ്ങുന്ന കെവിൻ.

പുറത്തേക്കിറങ്ങുന്ന കവാടത്തിനരികിൽ ഒരു സ്ത്രീയും, ഒരാൺകുട്ടിയും നിൽക്കുന്നു. അവനൊരു പത്തു വയസ്സോളം പ്രായം വരും. അവരുടെ തോളിൽ മറ്റൊരു കുഞ്ഞ് ഉറങ്ങുന്നുണ്ടായിരുന്നു. ആ സ്ത്രീ കെവിനോട് എന്തോ സംസാരിക്കുന്നു. കെവിൻ അതു കാതോർക്കാനായി കുനിയുന്നു. അവന്റെ മുഖത്തൊരു ചിരിയുണ്ടായിരുന്നു. പെട്ടെന്ന് അവന്റെ ചിരി മറഞ്ഞു. അവൻ നിവർന്നു അവരെ നോക്കി. അവർ കെവിനെ കുറച്ചു നേരം നോക്കി നിന്നിട്ട് പുറത്തേക്കിറങ്ങി. വാതിൽക്കൽ വച്ചു ആ ആൺകുട്ടി കെവിനെ തിരിഞ്ഞു നോക്കി. കെവിൻ അൽപ്പനേരം സ്തംഭിച്ച പോലെ നിന്നിട്ട് പിന്നെ  ധൃതിയിൽ ആ വാതിൽ വഴി പുറത്തേക്കിറങ്ങുന്നു. ദൃശ്യങ്ങളിൽ അത്രയേ ഉണ്ടായിരുന്നുള്ളു. വേദിയിൽ മറ്റാരോ പ്രസംഗം തുടങ്ങിയിരുന്നു. കെവിന്റെ ആ യൂറ്റ്യൂബ് വീഡിയോക്കു താഴെയായി മറ്റൊരു സ്‌റ്റോറി ഡാനി കണ്ടു. അതു കണ്ടു കഴിഞ്ഞ ഉടൻ പത്രവാർത്തയിൽ ഉണ്ടായിരുന്ന കെവിന്റെ മുറിയിലെ ചിത്രമായിരുന്നു ഡാനി  തിരഞ്ഞത്. മേശപ്പുറത്തു നിന്നതെടുത്തു. അവനു ചില ഉത്തരങ്ങൾ വ്യക്തമായി തുടങ്ങിയിരുന്നു.

അന്നു പകൽ ആ സത്യങ്ങളുമായാണ് ചീഫ് എഡിറ്ററുടെ റൂമിൽ ഡാനി എത്തിയത്. ചീഫ് എഡിറ്റർ ഡാനിയെ മറ്റൊരു ജോലി ഏൽപ്പിക്കാനായി കാത്തിരിക്കുകയായിരുന്നു. 'സർ, കെവിന്റെ മരണവുമായി എനിക്കു ചിലതു പറയാനുണ്ട്.' ഡാനി പറഞ്ഞു. അയാൾ അനുവദിച്ചു. ഡാനി എഴുതി പൂർത്തിയാക്കിയ സ്റ്റോറി അയാൾക്കു നൽകി. അയാളതു തുറന്നു നോക്കാതെ സംശയത്തോടെ അവനെ നോക്കി. വായിച്ചു മെനക്കെടാൻ സമയമില്ല നീ പെട്ടെന്ന് കഥ പറയൂ എന്നാണതിന്റെ സാരമെന്നു ഡാനിക്കറിയാമായിരുന്നു. എഴുത്തിലുള്ളത് അവൻ പറയാൻ തുടങ്ങി. 'സർ, കെവിന്റെ മരണം ഒരു കൊലപാതകമല്ല. ആത്മഹത്യ തന്നെയാണ്. പക്ഷേ അയാൾ തന്നെ അയാളുടെ മരണത്തിൽ ദുരൂഹതയുണ്ടാക്കി ലോകരെ കബളിപ്പിക്കുകയാണ്.' 'എന്തിന്?' 'പറയാം. സർ, കെവിൻ കാർട്ടർ എന്നൊരു പ്രശസ്ത ഫോട്ടോഗ്രാഫർ ഉണ്ടായിരുന്നു. പുലിസ്റ്റർപ്രൈസിന് അർഹമായ ചിത്രം പകർത്തിയ കെവിൻ കാർട്ടർ. 1993 ലെ സുഡാനിലെ തെരുവോരത്ത് പട്ടിണിക്കോലമായൊരു കുട്ടി. അതിനരികിൽ കുട്ടിയുടെ മരണശേഷം ആ ശവം തിന്നു വിശപ്പടക്കാൻ കാത്തിരിക്കുന്ന ഒരു കഴുകൻ. ആ ചിത്രമായിരുന്നു അയാളെ പുരസ്ക്കാരത്തിന് അർഹമാക്കിയത്. പുരസ്ക്കാരം ഏറ്റുവാങ്ങി വേദിയിൽ നിന്നിറങ്ങിയ അയാളോട് ഒരാൾ ഒരു ചോദ്യം ചോദിച്ചു.

''നിങ്ങൾ ചിത്രം പകർത്തുമ്പോൾ എത്ര കഴുകൻമാർ അവിടെ ഉണ്ടായിരുന്നു എന്ന്'' 'ഒന്ന്' എന്ന് കെവിൻ കാർട്ടർ മറുപടി പറഞ്ഞു. ''അല്ല രണ്ടു കഴുകൻമാരുണ്ടായിരുന്നു. അതിൽ ഒരാളുടെ കൈയ്യിൽ ഒരു ക്യാമറയും ഉണ്ടായിരുന്നു.'' ചോദ്യം ചോദിച്ചയാൾ അതു തിരുത്തി പറഞ്ഞു. ''എന്താണ് ആ പിഞ്ചു പൈതലിന്റെ ഇപ്പോഴത്തെ അവസ്ഥ?'' അവരുടെ ആ ചോദ്യത്തിനുത്തരം പറയാൻ കെവിൻ കാർട്ടറിനു കഴിഞ്ഞില്ല. വേണമെങ്കിൽ അയാൾക്ക് ആ കുട്ടിയെ രക്ഷപ്പെടുത്താമായിരുന്നു. തിരക്കിലായതിനാൽ ചിത്രമെടുത്തതിനു ശേഷം അതിനെക്കുറിച്ച് ചിന്തിക്കാതെ അയാൾ യാത്രയാകുകയായിരുന്നു. ആ കുഞ്ഞ് മരിച്ചിട്ടുണ്ടാകാം, ഒരു പക്ഷേ മരിക്കുന്നതിനു മുൻപേ കഴുകൻ അതിനെ കൊത്തി തിന്നു തുടങ്ങിയിരിക്കാം. ചിത്രം പ്രശസ്തമായെങ്കിലും ചോദ്യശരങ്ങൾ കെവിൻ കാർട്ടറിനെ നിരന്തരം വേട്ടയാടിക്കൊണ്ടിരുന്നു. അയാൾക്കു പിന്നെ ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. വിഷാദരോഗത്തിൽ അകപ്പെട്ട കെവിൻ കാർട്ടർ, പുലിസ്റ്റർ പുരസ്ക്കാരം ലഭിച്ചു മൂന്നു മാസം കഴിഞ്ഞു തന്റെ മുപ്പത്തിനാലാം വയസ്സിൽ ഒരു ജൂലൈ ഇരുപത്തിയേഴിനു ആത്മഹത്യ ചെയ്തു. 

സർ, ഇതു കണ്ടോ? ഡാനി കൊണ്ടു വന്ന പത്രത്തിലെ ചിത്രം അയാളെ കാണിച്ചു. 'കെവിൻ തൂങ്ങി മരിച്ച വീട്ടിലെ മുറിയിലെ ചുവരിൽ ഉണ്ടായിരുന്ന ചിത്രമാണിത്. പട്ടിണിക്കോലത്തിൽ തല കുമ്പിട്ടിരിക്കുന്ന കുഞ്ഞ്. അരികിലായി അവന്റെ മരണവും കാത്തിരിക്കുന്ന കഴുകൻ. ഈ ചിത്രം കാഴ്ച്ചക്ക് അരോചകമെങ്കിലും നമ്മുടെ കെവിൻ മുറിയിൽ സൂക്ഷിച്ചിരുന്നു. സ്വന്തം മരണത്തിന്റെ തെളിവിനായി മാത്രം.' എല്ലാം കേട്ടു കഴിഞ്ഞിട്ട് ചീഫ് എഡിറ്റർ, ഡാനി എഴുതിയ സ്റ്റോറി ഫയൽ എടുത്ത് മേശക്കുള്ളിലേക്ക് അലക്ഷ്യമായിട്ടു. 'കെവിൻ തൽക്കാലം കൊല്ലപ്പെട്ടവനായി തന്നെയിരിക്കട്ടെ. ഈ ആഴ്ച്ചയിലെ ക്രൈം സ്‌റ്റോറി തന്നെ അതാണ്. തൽക്കാലം അതങ്ങനെ മതി. കയറി നിൽക്കാൻ ഒന്നും ഉപയോഗിക്കാതെ ഒരു മുറിയുടെ നടുക്ക് ഒരാൾ തൂങ്ങി നിൽക്കുക. മാത്രമല്ല പോയിസൺ കുത്തിവച്ചിരിക്കുന്നു. ശരീരത്തിൽ മർദ്ദനമേറ്റു ചതഞ്ഞ പാടുകളുണ്ടായിരുന്നു. ഇതൊക്കെ മതി കൊലപാതകത്തിന്. എല്ലാ മാധ്യമങ്ങളും ഇതെല്ലാം വാർത്തയാക്കിയിട്ടും ഉണ്ട്. ഡാനീ.., ഞാൻ താങ്കളെ മറ്റൊരു ജോലി ഏൽപ്പിക്കുകയാണ്. രണ്ടു പെൺകുട്ടികൾ വീണ്ടും ആത്മഹത്യ ചെയ്തിരിക്കുന്നു. പ്രഥമദൃഷ്ടാ പീഡന ലക്ഷണങ്ങളൊന്നുമില്ലെങ്കിലും ഡാനിയത് എഴുത്തിലൂടെ ഒന്നു തുടങ്ങി വയ്ക്കണം.

വരികൾ വായനക്കാരുടെ ഉള്ളിലേക്കു മുള്ളുകളായി കോർത്തിറങ്ങണം. കഴിയുമെങ്കിൽ ആ പോസ്റ്റ്മോർട്ടം റിപ്പോർട്ടു കൂടെ സംഘടിപ്പിച്ചോളൂ. അതിൽ മറ്റു ചില വരികളും ചേർത്തു പറഞ്ഞും പറയാതെയും ദൃശ്യങ്ങൾ വായനയിലേക്ക് നൽകണം. ഡാനി വേണമെങ്കിൽ കെവിന്റെ പഴയ ലേഖനങ്ങൾ ഒന്നു റഫർ ചെയ്തോളൂ. അത് സഹായകമാകും.' അയാൾ പറഞ്ഞു നിർത്തിയപ്പോൾ അയാൾക്കൊരു കഴുകന്റെ രൂപം പ്രാപിക്കുന്നതു പോലെ അവനു തോന്നി. സ്വന്തം കൈവിരലുകളിലും കഴുകന്റെ കൂർത്ത നഖങ്ങൾ പോലെ വളർന്നു വന്നു. ''വിഷം കുത്തിവച്ചതും, തൂങ്ങി മരണവും ആത്മഹത്യ ചെയ്യാൻ പോകുന്നവന്റെ വിഭ്രാന്തിയായിരുന്നില്ല. മൂഢാ അവൻ എല്ലാവരേയും കബളിപ്പിച്ചതാണ്. സയനൈഡ് കലർന്ന വിഷം കുത്തിവച്ച ഒരാൾ സെക്കന്റുകൾക്കപ്പുറം തളർന്നു മരണത്തിലേക്കടുക്കും. അങ്ങനെ ഉള്ളപ്പോൾ ഒരാൾ എങ്ങനെ അതു കുത്തിവച്ചതിനു ശേഷം തൂങ്ങി മരിക്കും. മർദ്ദനമേറ്റ ചതവുകൾ അവൻ സ്വയം ഉണ്ടാക്കിയതാണ്. 'കാൽപ്പാദങ്ങൾ മരവിക്കുന്ന തണുപ്പ് തലച്ചോറിലേക്ക് പടർന്നുകൊണ്ടിരിക്കും. ഭ്രമാത്മകമായ സ്വപ്നങ്ങളിലൂടെ ഒരു തൂവൽ പോലെ ഞാൻ തണുപ്പുള്ള നനഞ്ഞ പ്രകൃതിയിലേക്ക് പറന്നകന്നു മരണത്തെ പുൽകും' എന്നു കെവിൻ, മുറിയിലെ ചുവരിൽ എഴുതിയിരുന്നത് വെറുതെയല്ല.

കടൽക്കരയിലെ കെവിന്റെ വീടിന്റെ കുറച്ചകലെയായൊരു ഓടിട്ട കെട്ടിടം ഉണ്ടായിരുന്നു. അതൊരു ഐസ് ഫാക്ടറിയായിരുന്നു. മീൻപിടുത്തക്കാർക്ക് മീൻ ചീത്തയാകാതിരിക്കാൻ ഐസ് വലിയ ക്യൂബുകളായി നിർമ്മിച്ചെടുക്കുന്ന സ്ഥലം. ക്രൈം സ്‌റ്റോറിയിലെ വീഡിയോയിൽ കണ്ട ആ കെട്ടിടം അന്വേഷിച്ചു ഡാനി അവിടെ ചെന്നിരുന്നു. കറുത്ത നിറമുള്ളൊരു മനുഷ്യൻ വലിയ ഐസ് ക്യൂബുകൾ ഒരു മെഷ്യനിൽ കയറ്റി മഞ്ഞു പോലെ പൊടിച്ചെടുക്കുന്നു. ഒരു മുണ്ട് മാത്രമായിരുന്നു. അയാളുടെ വേഷം. ബ്ലൈഡുകൾക്കിടയിൽ കടന്ന് കരകര ശബ്ദത്തോടെ പൊടിയുന്ന ഐസ് കഷണങ്ങൾ മഞ്ഞുപോലെ അയാളുടെ നെഞ്ചിലെ രോമങ്ങളിൽ പറ്റിപ്പിടിച്ചിരുന്നു. ഡാനി, ഒരു കൈക്കുമ്പിൾ മഞ്ഞു പോലെയുള്ള ഐസുപൊടികൾ വാരിയെടുത്തു. കെവിൻ ഇവിടെ നിന്ന് എങ്ങനെയോ കരസ്ഥമാക്കിയ വലിയൊരു ഐസ് ക്യൂബിനു മുകളിൽ കയറി നിന്നു കഴുത്തിൽ കുടുക്കിട്ട് സ്വയം വിഷം കുത്തിവയ്ക്കുകയായിരുന്നു. എന്നവനു തോന്നി. മഴ കൂടെ ആയപ്പോൾ പൊട്ടിയ ഓടുകൾക്കിടയിലൂടെ മുറിയിലെ നിലത്തു പടർന്ന നനവിൽ അന്വേഷകർ അതു ശ്രദ്ധിക്കാതെ പോയി. കാൽപ്പാദങ്ങൾ തലച്ചോറിൽ ഉണർത്തിയ തണുപ്പിലൂടെ ഭ്രമാത്മകമായ കനവിലൂടെ കെവിൻ നനഞ്ഞ പ്രകൃതിയിലേക്ക് പറന്നിട്ടുണ്ടാകും. ഇതെല്ലാം ഡാനിക്ക് അയാളോട് പറയണമെന്നുണ്ടായിരുന്നു. ഇനി  അതുകൊണ്ട് ഗുണമുണ്ടാകില്ലെന്നു അവനു മനസ്സിലായി. 

'ഇനി ഇതെല്ലാം എന്റെ മനസ്സിൽ തന്നെ അടക്കം ചെയ്യപ്പെടട്ടെ.' ഡാനി വീട്ടിലെത്തിയപ്പോൾ മനസ്സും, ആകാശവും പെയ്യാൻ തയ്യാറായി കാർമേഘങ്ങൾ മൂടിയിരുന്നു. എൽദോ, പത്രവുമായി തോട്ടത്തിലിരിക്കുന്നു. ചെടികൾ നനച്ചിട്ടില്ല. മഴക്കോള് കണ്ടപ്പോൾ അവനതു മടിച്ചിട്ടുണ്ടാകും. "ദാണ്ടെ സാറെ വീണ്ടും അതെ പോലൊരു വാർത്ത. എന്നാലും എന്റെ സാറെ അയാൾ ആ കുഞ്ഞിനെ എന്താകും ചെയ്തിട്ടുണ്ടാകുക?" ചോദ്യത്തോടെ അവൻ പത്രം ഡാനിക്കു നീട്ടി. എൽദോ ആകാശത്തേക്കു നോക്കി ഭാവനകൾ മെനയുന്നുണ്ട്. അവൻ ആ കുട്ടിയെ കാണുന്നുണ്ടാകും. പീഡനം പല ചിത്രങ്ങളായി അവന്റെ മനസ്സിലൂടെ മിന്നിമറയുന്നുണ്ടാകും. ഡാനി ആ വാർത്ത കണ്ടു. ഒരു വയസ്സു പോലുമെത്താത്ത കുഞ്ഞിന്റെ പീഡന വാർത്തയായിരുന്നു. പ്രതിക്ക് പീഡകനാകാനുള്ള ലൈംഗിക ശേഷിയില്ലെന്നു കോടതി കണ്ടെത്തിയിരിക്കുന്നു. പ്രതിയെ വെറുതെ വിട്ടിരിക്കുന്നു. വീടിനകത്തു കയറി അവൻ ഗ്ലൂമി സൺഡേ ഉച്ചത്തിൽ വച്ചു. മരണത്തിന്റെ സംഗീതം. വാർത്ത വായിച്ചപ്പോൾ അവന് ആ ലേഖകനെ കൊല്ലണമെന്നു തോന്നി. പ്രതി കുഞ്ഞിന്റെ പിതാവ് തന്നെയായിരുന്നു. പരാതിക്കാരിയും, സാക്ഷിയും മാതാവും. കോടതിയിൽ കേസ് തള്ളിപ്പോയി. ശാസ്ത്രീയമായ തെളിവുകളില്ലായിരുന്നു. ശാരീരികമായി കുഞ്ഞിന് ഒന്നും സംഭവിച്ചിട്ടില്ലായിരുന്നു. പീഡനത്തിനു തെളിവായി രേതസ്സിന്റെ അംശങ്ങളും കണ്ടെത്താനായില്ല. എന്നിട്ടും ആ അമ്മ 'ഞാൻ കണ്ടു. ഞാൻ കണ്ടു' എന്നു കോടതി മുറിക്കുള്ളിലിരുന്നു വിലപിച്ചു. 'അവർ എന്തു കണ്ടു? അയാൾ എന്താണു ചെയ്തത്?' അക്ഷരങ്ങൾ പല നിറങ്ങളിൽ അവ്യക്തമായ ചിത്രങ്ങൾ വരച്ചു വച്ചു. കാണുന്നവരതിൽ നിറങ്ങൾ കലർത്തി വ്യക്തമായ ചിത്രങ്ങളാക്കി മാറ്റി. രേതസ്സ് വീഴാതെ അവർ വീണ്ടും ഭാവനകൾ മെനഞ്ഞു. ആ കുഞ്ഞിനെ ഭോഗിച്ചു. 

"ആ ലേഖകനെ കൊല്ലുന്നതിനു മുൻപെ ആദ്യം നീയല്ലേ സ്വയം കൊല്ലേണ്ടവൻ" അതെ ഞാൻ കൊല്ലപ്പെടേണ്ടവനാണ്. കെവിൻ കാർട്ടറെ പോലെ, റിപ്പോർട്ടർ കെവിനെ പോലെ, ചെയ്തു പോയ കുറ്റബോധത്താൽ നീറി നീറി ആത്മഹത്യ ചെയ്യാനായി കാത്തിരിക്കണം. കെവിനെ പോലെ! കെവിൻ കാർട്ടറിനോടുള്ള പേരിന്റെ സാദൃശ്യവും ചിലപ്പോൾ കെവിനെ സ്വാധീനിച്ചിട്ടുണ്ടാകും. വിഷാദരോഗത്തിൽ അകപ്പെട്ടു സ്വന്തം മരണത്തിലും ദുരൂഹതയുണ്ടാക്കി വച്ചു വാർത്തകൾക്കു നൽകി പരിഹസിച്ചു കൊണ്ടു കെവിൻ സ്വയം മരണപ്പെട്ടു. നാളത്തെ പുതിയ റിപ്പോർട്ടിനായുള്ള വരികൾ ഡാനി മനസ്സിലിട്ടുരുക്കഴിച്ചു. ഒരു പോസ്റ്റുമോർട്ടം റിപ്പോർട്ട് തന്നെ അവൻ ഇപ്പൊഴേ തയ്യാറാക്കി വച്ചു. ഒരു പുരസ്ക്കാരം, അകലെ എവിടെയോ എന്നെയും കാത്തിരിക്കുന്നുണ്ട്. എന്നു ഡാനിക്കു തോന്നി. 'മികച്ച റിപ്പോർട്ടർക്കുള്ള പുരസ്ക്കാരം സ്വന്തമാക്കിയ ഡാനി ആത്മഹത്യ ചെയ്തു.' സ്വന്തം മരണത്തിന്റെയും വാർത്തകളിലെ തലക്കെട്ട് ഡാനി സങ്കൽപ്പിച്ചു നോക്കി. 'എന്റെ യഥാർഥ മരണകാരണവും ഒളിച്ചിരിക്കുന്ന ഒരു രഹസ്യമായിരിക്കണം. ഏതെങ്കിലും ഒരു ലേഖകൻ അതു കണ്ടെത്തുമായിരിക്കും. സത്യമായതു കൊണ്ട് ഒരു ചെറിയ കോളം വാർത്ത വരും. ആസ്വദിക്കാവുന്ന അസത്യവും, ദുരന്തങ്ങളും ആഘോഷിക്കുന്നതിനിടയിൽ അതാർക്കു വേണം. എന്റെ മരണത്തിലൂടെയും ഒരു കപടതയും ദുരന്തവാർത്തയും കൊടുക്കാൻ ഞാനും തീരുമാനിച്ചു. പുറത്ത് മഴ പെയ്തു തുടങ്ങിയിരുന്നു. 

കിടക്കയിൽ കിടന്നാൽ കാണുന്ന വിധം കെവിൻ കാർട്ടറിന്റെ ആ ചിത്രം ഞാൻ ചുവരിൽ തൂക്കിയിട്ടു. ഉറങ്ങാൻ കിടന്നു. ഇപ്പോൾ എനിക്കു കെവിനെ കാണാം. അവൻ പറയുന്നതു കേൾക്കാം. ഒരു മുരൾച്ചയോടെ അവൻ എന്റെ കാതുകളിൽ വന്നു പറഞ്ഞു. ''ഡാനീ, നീയും ഒരിക്കൽ നീയാൽ തന്നെ കൊല്ലപ്പെടും. മറ്റൊരാളാൽ കൊല്ലപ്പെട്ടെന്ന കപടവാർത്ത പിന്നെ പരക്കും. പരക്കട്ടെ. പിന്നെയതു ആത്മഹത്യയായും ആഘോഷിക്കും. ദുരന്തങ്ങളും, കപടതകളും ആഘോഷമാക്കുന്ന ലോകത്ത്‌ നീയും ഒരു കള്ളവാർത്തയിലൂടെ ഒടുങ്ങട്ടെ. കെവിൻ മറ്റൊരാളാൽ കൊല്ലപ്പെട്ടതല്ല. അക്ഷരങ്ങളിലൂടെ വരയ്ക്കാനുള്ള ദയനീയ ദുരന്ത ചിത്രങ്ങൾക്കായി തൂലികയുമായി കാത്തിരുന്നൊരു കഴുകനായിരുന്നു ഞാനും. ഞാൻ എന്നെ സ്വയം കൊന്നു. എന്റെ വാർത്തയും നിങ്ങൾക്കൊരു ദുരന്തം ആസ്വദിക്കാനായി ബാക്കി വച്ചു.

English Summary:

Malayalam Short Story ' Gloomy Sunday ' Written by Jayachandran N. T.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com