'വിദേശത്തേക്ക് പോയശേഷം അകൽച്ച കാണിക്കുന്നു; എല്ലാത്തിനും ഉത്തരമായി ആ ഫോട്ടോ'
Mail This Article
രേവതി തന്റെ നടത്തത്തിന്റെ വേഗത കുറച്ചു. ഇന്ന് മറൈൻ ഡ്രൈവിന്റെ നിരത്തിൽ തിരക്ക് കുറവാണ്. ഇടയ്ക്ക് കിട്ടിയ ഒരു സ്ഥലത്ത് അവൾ ഇരുന്നു. മനസ് എന്തോ പോലെ. വികാരം എന്താണെന്ന് മനസിലാക്കുവാൻ പറ്റുന്നില്ല. അവൾ ഒന്ന് കണ്ണോടിച്ചു നോക്കി. ഇന്നും അവിടാകെ കമിതാക്കൾ നിറഞ്ഞിരിക്കുന്നു. മുംബൈ മറൈൻ ഡ്രൈവ് അത് മറ്റൊരു വികാരം തന്നെയാണ്. വർഷങ്ങൾക്ക് മുൻപ് തനിക്കും അങ്ങനെ തന്നെ ആയിരുന്നു. മിഥുന്റെ കൈ പിടിച്ച് നിരത്തിലൂടെ നടന്നതും കഥകൾ പറഞ്ഞതും കിട്ടിയ സ്ഥലത്തു ഇരുന്നു കപ്പലണ്ടി കൊറിച്ചതും അങ്ങനെ എല്ലാം അവൾക്ക് ഓർമ വന്നു. മിഥുൻ! താൻ പോലും അറിയാതെ തന്റെ ജീവിതത്തിലേക്ക് കയറി വന്ന സഹപാഠി. മിതഭാഷി, പാട്ടുകാരൻ, ലളിത ജീവിതം നയിക്കുന്നവൻ.
ആനിവേഴ്സറി ദിനത്തിൽ സമ്മാനം വാങ്ങാൻ സ്റ്റേജിൽ കയറിയപ്പോഴാണ് ആദ്യമായി അവനെ പരിചയപ്പെടുന്നത്. ആദ്യമായി തന്നോട് പറഞ്ഞ വാചകം ഒരിക്കലും മറക്കാൻ പറ്റില്ല - "എനിക്ക് തന്നോട് ബഹുമാനം തോന്നുന്നു". അത് തന്നെ ആണ് അവനിലേക്ക് അടുപ്പിച്ചതും. മിഥുന് തന്നോട് മാത്രമല്ല ജീവിതത്തിൽ സ്വന്തമായി എന്തെങ്കിലും ഒക്കെ ചെയ്തു വച്ച സ്ത്രീകളോട് എല്ലാം തന്നെ ബഹുമാനം ആയിരുന്നു. പലരോടും അത് നേരിട്ട് പറയുകയും ചെയ്തിട്ടുണ്ട്. പ്രണയിക്കാൻ തുടങ്ങിയപ്പോഴും ഒരു വാക്കു കൊണ്ട് പോലും തന്നെ നോവിച്ചിട്ടില്ല. പിന്നെ തന്നേക്കാൾ ഏറെ പുസ്തകങ്ങളെ ആണ് മിഥുൻ ഇഷ്ടപ്പെടുന്നത് എന്നൊരു പരാതി ഉണ്ടായിരുന്നു എന്ന് മാത്രം. എങ്കിലും മറ്റുള്ളവർക്ക് ഒക്കെ അസൂയ തോന്നുന്ന ഒരു ബന്ധം.
അങ്ങനെ ഇരിക്കെ ആണ് മിഥുന് യു.എസിലെ ഒരു മികച്ച യൂണിവേഴ്സിറ്റിയിൽ പഠിക്കുവാൻ അവസരം ലഭിക്കുന്നത്. ഒത്തിരി സന്തോഷവും അഭിമാനവും തോന്നി കേട്ടപ്പോൾ എന്നാൽ അതോടൊപ്പം ഇനി തന്റെ സായാഹ്ന സവാരികളിൽ കൂടെ ഉണ്ടാവില്ലല്ലോ എന്നോർത്തു വിഷമവും. എങ്കിലും സന്തോഷത്തോടെ യാത്ര അയച്ചു. ആദ്യമൊക്കെ ദിവസവും വിളിക്കുമായിരുന്നു. പിന്നെ പിന്നെ വിളി ഒക്കെ കുറഞ്ഞു. രണ്ട് വ്യത്യസ്ത ടൈം സോണിൽ നിൽക്കുന്നവർക്ക് പ്രണയിക്കുവാൻ ബുദ്ധിമുട്ടായിരിക്കും എന്നാണെന്നു ഓർത്തു സമാധാനിച്ചു. എന്നാൽ പതുക്കെ പതുക്കെ സംസാരവും കുറഞ്ഞപ്പോൾ എന്തോ പന്തികേട് തോന്നി. ഒരു ഞായറാഴ്ച ദിവസം രാത്രി ഒരു മെയിൽ വന്നു. ഒരു വരിയിൽ എല്ലാം പറഞ്ഞിരുന്നു - "lets breakup". കാരണം എന്താണെന്ന് അറിയില്ലായിരുന്നു. ചോദിച്ചിട്ടും അവൻ ഒന്നും പറഞ്ഞില്ല. തന്റെ നിരവധി കാളുകൾക്കും മെയിലുകൾക്കും അവൻ മറുപടി തരാഞ്ഞതിന്റെ കാരണം ദാ ഈ നിമിഷം വരെ അവ്യക്തമായിരുന്നു. എന്നാൽ ഇന്ന് അത് മനസിലാക്കി.
അവൾ ഓർമകളുടെ കൂടാരത്തിൽ നിന്ന് പുറത്തു വന്നു. നിരത്തിൽ തിരക്ക് ഏറിക്കൊണ്ട് ഇരിക്കുകയായിരുന്നു. അവൾ വീണ്ടും തന്റെ ഇൻസ്റ്റഗ്രാം പേജ് എടുത്തു. മിഥുനിന്റെയും സുഹൃത്തിന്റെയും മാലയിട്ട ചിരിച്ച മുഖം ഒന്ന് കൂടെ നോക്കി. അടിക്കുറിപ്പ് വായിച്ചു "മിഥുൻ വെഡ്‌സ് നിഖിൽ". കമന്റ് ബോക്സിൽ congratulations കുറിച്ചു. ഒരിക്കൽ കൂടി അവിടമാകെ നോക്കി പിന്നെ പതിയെ നടന്നു തന്റെ തിരക്കുകളിലേക്ക്.