ADVERTISEMENT

ജീവൻ നല്ല ഉറക്കത്തിലായിരുന്നു. നിദ്രയുടെ ആഴങ്ങളിൽ അവൻ മറഞ്ഞപ്പോൾ അവനെ തേടി ഒരാൾ വന്നു. ഇളം നീല കളർ ഉടുപ്പും തലയിൽ നെറ്റും കൈയ്യിൽ വെള്ള പൂക്കളുമായി ഒരു പെൺകുട്ടി. ഇതു മാലാഖയാണോ? ആണെങ്കിൽ ചിറകെവിടെ? മാലാഖ അല്ല. നല്ല പരിചിതമായ മുഖം. എവിടെയോ കണ്ടിട്ടുണ്ട്. പെട്ടന്ന് അവൻ എണീറ്റു. സ്വപ്നമായിരുന്നു. പാതി അടഞ്ഞ കണ്ണുകളുമായി വീണ്ടും ഉറക്കത്തിലേക്ക്. പിറ്റേന്ന് എന്തോ സ്വപ്നം കണ്ടതായി അവൻ ഓർത്തു. എന്താണെന്നു മനസിലായില്ല. അതോർക്കാൻ സമയവും  ഇല്ല. അവൻ വേഗം ജോലിക്കായി പോയി. വളരെ അവശനായി തിരികെയെത്തി. അവൻ സ്വപ്നത്തെയൊക്കെ പൂർണമായി മറന്നിരുന്നു. എന്നാൽ അന്നും അതേ സ്വപ്നം അവനെ തേടിയെത്തി. അവൻ വീണ്ടും ഉറക്കത്തിൽ നിന്നെണീറ്റു. സ്വപ്നത്തിൽ കണ്ട പെൺകുട്ടിയെ ഓർക്കാൻ ശ്രമിച്ചു. എവിടെയോ  കണ്ടിട്ടുണ്ട്. ആരാണെന്നു മനസിലാകുന്നില്ല. സിനിമനടിയോ മറ്റോ ആണോ? അറിയില്ല. ഈ സ്വപ്നം അവനെ ദിവസങ്ങളോളം പിന്തുടർന്നു. ഒരിക്കലും കണ്ടിട്ടില്ലാത്തവരെ സ്വപ്നത്തിൽ കാണുമോ? അവൻ ആകെ അസ്വസ്ഥതയിലായി. ആ കുട്ടിയെ കണ്ടെത്തണം. ജീവൻ ഫോണിലുള്ള ഫോട്ടോകൾ തപ്പി. അതിലാരുമല്ല. ഓഫീസിലും അതിരിക്കുന്ന കെട്ടിടത്തിലുമൊക്ക നോക്കി. പോകുന്ന വഴികളിലും ഫേസ്ബുക്കിലും ഫോണിലെ ഫോട്ടോകളിലും ഒക്കെ നോക്കി, ഒരു രക്ഷയുമില്ല. ഇനി ഇതു തന്റെ തോന്നലായിരിക്കുമെന്ന് അവൻ വിശ്വസിച്ചു. 

ഒരാഴ്ച കഴിഞ്ഞു, ജീവന്റെ സുഹൃത്തായ ജിതിന്റെ വിവാഹമാണ്, നാട്ടിലേക്കു പോകണമെന്നുണ്ടായിരുന്നു.. ജിതിൻ സ്കൂൾ കാലം മുതലുള്ള സുഹൃത്താണ്. പക്ഷെ ലീവ് ഇല്ലാതിരുന്നതുകൊണ്ട് അതും നടന്നില്ല. വിവാഹ കാര്യങ്ങളൊക്കെ ആലോചിച്ചു കിടന്നതുകൊണ്ടാവണം അന്നത്തെ സ്വപ്നത്തിൽ ജീവന്റെയും ആ അജ്ഞാത പെൺകുട്ടിയുടെയും വിവാഹമായിരുന്നു. അവൻ ഞെട്ടി എണീറ്റു. അതും കൂടി കഴിഞ്ഞപ്പോൾ ജീവൻ ഭയങ്കര ബുദ്ധിമുട്ടിലായി. ആരോടാണ് ഇതൊന്നു സംസാരിക്കുക? എവിടെയാണ് ഇനി തിരയുക? ജീവന് ഒന്നിനും ഇത്തരം ഇല്ലായിരുന്നു. അങ്ങനെ ഇരിക്കുമ്പോൾ പിറ്റേന്ന് ജിതിന്റെ കല്യാണ ഫോട്ടോസ് കിട്ടി. ഓരോ ഫോട്ടോയും ഓടിച്ചുനോക്കി. പഴയ കുറേ സുഹൃത്തുക്കളെ ഒക്കെ കണ്ടു. നോക്കുമ്പോൾ അവരുടെ കൂടെ അവൻ അന്വേഷിക്കുന്ന ആ മുഖവും കണ്ടു. അവൻ തുള്ളിച്ചാടികൊണ്ട് എണീറ്റു. ഉടൻ തന്നെ ജിതിന് മെസ്സേജ് അയച്ച് ആ പെൺകുട്ടി ഏതാണെന്നു തിരക്കി. അതു അവന്റെ കസിൻ ആയിരുന്നു. അതേ പ്രിയ. ഞാൻ അവളെ കണ്ടിട്ടുണ്ട്, സംസാരിച്ചിട്ടുമുണ്ട്. ഇപ്പോഴല്ല വർഷങ്ങൾക്കു മുൻപ്. എനിക്ക് പതിനഞ്ചും അവൾക്ക്‌ പത്തും വയസുള്ളപ്പോൾ. പക്ഷെ ഇപ്പോഴത്തെ പ്രിയയെ എനിക്ക് പരിചയം ഇല്ല. പിന്നീട് ഒരിക്കൽ പോലും കണ്ടിട്ടില്ല. പിന്നെ എങ്ങനെയാണ് സ്വപ്നത്തിൽ വന്നത്. അതും കല്യാണ വേഷത്തിൽ. ആളെ മനസിലായതും വീണ്ടും വലിയ ബുദ്ധിമുട്ടായി. ഈ കാര്യം ജിതിനോട് പറയണമെന്ന് അവനു തോന്നി. കല്യാണം കഴിഞ്ഞതല്ലെയൊള്ളു, തിരക്കൊക്ക കഴിഞ്ഞാവാം എന്ന് കരുതി.

ആളെ കണ്ടെത്തിയതിൽ പിന്നെ സ്വപ്നം ഉണ്ടായിട്ടില്ല. പക്ഷെ ജീവന്റെ മനസ്സിൽ അവൾ നിറഞ്ഞുനിന്നു. അങ്ങനെ ഒരു ദിവസം ജിതിനെ വിളിച്ചു, കാര്യങ്ങളൊക്കെ പറഞ്ഞു. അവൻ കുറേ ചിരിച്ചു. കുറച്ച് ദിവസം കഴിഞ്ഞ് അവൻ തിരിച്ചു വിളിച്ചു. സ്വപ്നം യാഥാർഥ്യമാക്കാൻ താൽപര്യം ഉണ്ടോ എന്ന ചോദ്യവുമായി. ജീവന് മറുപടി പറയാൻ കഴിഞ്ഞില്ല. എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല. ആലോചിച്ചിട്ട് തീരുമാനം അറിയിക്കാൻ ജിതിൻ പറഞ്ഞു. തന്റെ ജീവിതത്തിൽ ഇങ്ങനെ ഒരു സംഭവം ജീവൻ പ്രതീക്ഷിച്ചിട്ടില്ല. അവന് പ്രിയയോട് ഒന്ന് സംസാരിക്കണം എന്ന് തോന്നി. ജിതിനോട് നമ്പർ വാങ്ങി വിളിച്ചു. അവൾ സ്വപ്നത്തെ കുറിച്ച് ചോദിച്ചു.  കുറേ ചിരിച്ചു, സംസാരിച്ചു. തന്റെ പ്രിയപ്പെട്ട ഒരാളോട് സംസാരിക്കുന്ന പോലെ അവന് തോന്നി. പിന്നീട് ആ സംസാരം നിർത്തിയില്ല. ഇന്ന് വീണ്ടും ആ സ്വപ്നം അവനെ തേടിയെത്തി. അയാൾ ഉറക്കത്തിൽ നിന്നും ഞെട്ടി എണീറ്റു. അടുത്തുള്ള കിടക്കയിൽ ഉറങ്ങുന്ന പ്രിയയെ നോക്കി. എണീറ്റ് അവളുടെ അടുത്തിരുന്നു. മുടികൾ കൊഴിഞ്ഞുതുടങ്ങിയ അവളുടെ തലയിൽ തലോടി. നെറ്റിയിൽ ചുംബിച്ചു. പ്രിയ ഇന്ന് അവന്റെ പ്രിയപ്പെട്ടവളാണ്. ജീവിത യാത്രയിൽ കൂടെ കൂടിയവൾ. ജീവിതത്തിലെ ക്യാൻസർ എന്ന പ്രതിസന്ധിയെ കരുത്തോടെ നേരിടുന്നവൾ. ജീവൻ അടുത്ത് വന്നത് അവൾ അറിഞ്ഞു, അവന്റെ കൈയ്യിൽ ഇറുക്കി പിടിച്ച് വീണ്ടും മയക്കത്തിലേക്ക്‌  വഴുതിവീണു.

English Summary:

Malayalam Short Story ' Oru Asadharana Swapnam ' Written by Shiyon Sunny

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com