ജീവിതം തൊടുമ്പോൾ
Mail This Article
മനസ്സുണ്ടായാൽ മറ്റൊരാളെ കാണുവാനും, കേൾക്കുവാനും കഴിയും. കണ്ടതും കേട്ടതും നമ്മൾ ഗ്രഹിക്കുന്നുണ്ടോ എന്നതാണ് ഉൾക്കാഴ്ച. സമൂഹമെന്ന ഗൃഹത്തിലെ അവസ്ഥ തിരിച്ചറിയുന്നത് വ്യക്തികളിലൂടെയാണല്ലോ. കലഹമാണോ കരുണയാണോ സമൂഹത്തിലെന്ന് വ്യക്തികളിലൂടെ തിരിച്ചറിയാം. അതിലൂടെ നമ്മൾ എവിടെ, ഏതവസ്ഥയിൽ നിൽക്കുന്നുവെന്നുള്ള ഒരു ശ്രമമാണ് ഈ കറുത്ത വരകൾ, കുറിപ്പുകൾ..
കോട്ടയം, തിരുനക്കരമൈതാനം
ശോശാമ്മ
വയസ്സ് 65
കടുവാക്കുളം സ്വദേശി
"കെട്ട്യോൻ മരിച്ചപ്പോൾ തളർന്നില്ല. ഞാൻ ജീവിച്ചു. മക്കളെ വളർത്തി. വലുതായപ്പോൾ അവർ എന്നെ തളർത്തി. ഞാൻ തോറ്റു. ഒരുത്തൻ കണ്ണ് തല്ലിപ്പൊട്ടിച്ചു. ഉള്ള കാഴ്ചയുമായി ശോശാമ്മ വീട് വിട്ടിറങ്ങി. ഇപ്പോൾ, ഉള്ളലിയുന്ന ജീവിതയാഥാർഥ്യങ്ങളുമായി പൊരുത്തപ്പെട്ട് അടുക്കളപ്പണി ചെയ്ത് ജീവിക്കുന്നു. സ്വന്തം അടുക്കള ഓർക്കുമ്പോൾ നെഞ്ച്പൊട്ടുമാറ് പൊട്ടിക്കരയണമെന്ന് തോന്നും. കരകയാറാനാവാത്തവിധം ആഴത്തിലാണ് താനെന്ന് അറിയുന്നതുകൊണ്ടും, എന്റെ നിലവിളി ആരും കേൾക്കുന്നില്ലെന്നറിയുന്നതുകൊണ്ടും.. മൗനം ശരണം!"
ഞാൻ ശോശാമ്മയെ കാണുമ്പോൾ മൈതാന ബെഞ്ചിലിരുന്ന് പൊതിച്ചോറ് കഴിക്കുകയായിരുന്നു. വൃത്തിയായി മുടി ചീകികെട്ടിയിട്ടുണ്ട്. അടുക്കോടുകൂടി വെള്ള സാരിയുടുത്തിട്ടുണ്ട്. ജീവിക്കണമെന്ന ആഗ്രഹം ബാക്കിവെയ്ക്കുന്ന ശരീരഭാവം. കേൾക്കാനൊരു കാത് കൊടുത്തപ്പോൾ പൊട്ടിവീണു തീപ്പൊരിപാറുന്ന അനുഭവങ്ങൾ.. ‘സാധാരണ ഒരു വീട്ടമ്മ പൊതുഇടത്തിലിരുന്ന് ആരെയും കൂസാതെ വിശപ്പ് മാറ്റുന്ന തരത്തിലേക്ക് അവരുടെ മാനസികതലം മാറ്റിയതാരാണ്?’ ഞാനാണ്, ഞാനാകുന്ന സമൂഹം! കണ്ണ് തുടച്ച്, പൊരിവെയിലിലൂടെ അമ്മ നടന്നുപോകുന്നത് ഞാൻ നോക്കിനിന്നു.