ADVERTISEMENT

"ഒരിക്കൽ ഞാൻ ബഷീറിനെ കാണാൻ ബേപ്പൂർ വൈലാലിലെ വീട്ടിലേക്ക് പോയി. ബഷീർ മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്. എനിക്ക് കുടിക്കാൻ തരാൻ അവിടെ ഒന്നും ഉണ്ടായിരുന്നില്ല. അങ്ങനെ ഒരു ഇളനീർ പറിച്ചിടാൻ ബഷീർ തെങ്ങിൽ കയറാൻ തുനിഞ്ഞു. ഞാൻ അദ്ദേഹത്തെ തടഞ്ഞു, പിന്നെ ഞാൻ തെങ്ങിൽ കയറാൻ ഒരുങ്ങി. ബഷീർ എന്നെ തടഞ്ഞുകൊണ്ട് ഇങ്ങനെ പറഞ്ഞു - "നീ എന്റെ അതിഥിയാണ്. നിനക്ക് കുടിക്കാൻ എന്തെങ്കിലും നൽകേണ്ടത് ഞാനാണ്. നീ ഇവിടെ ഇരിക്ക് എന്നും പറഞ്ഞുകൊണ്ട് ബഷീർ ഞങ്ങൾക്ക് കുടിക്കാൻ ആവശ്യമായ ഇളനീർ പറിച്ചിട്ടു" - കുഞ്ഞിമൂസാക്ക പറഞ്ഞു. ബഷീറിനും എസ്.കെ പൊറ്റക്കാടിനും കെ.പി കേശവ മേനോനും പുറമെ അക്കാലത്ത് കോഴിക്കോട് ജീവിച്ചിരുന്ന ഒട്ടുമിക്ക സാഹിത്യകാരൻമാരുമായും ഹൃദയബന്ധം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു കുഞ്ഞുമൂസാക്ക. കുറേ കാലം ചാലിയാറിൽ ചരക്ക് തോണി തുഴഞ്ഞിട്ടുണ്ട് അദ്ദേഹം. ഇത്യാദി നാടൻ തൊഴിലുകൾ ചെയ്ത് ജീവിക്കുമ്പോഴും അതികുലീന സാഹിത്യ സാമൂഹിക സാംസ്കാരിക ജ്ഞാനം സൂക്ഷിച്ചിരുന്നു ആ വലിയ മനുഷ്യൻ. 

ഏതാണ്ട് മൂന്ന് മാസം മുമ്പ് അരീക്കോടിനടുത്ത് ആലുക്കലിൽ വെച്ച് വാഹനമിടിച്ച് പരിക്കേറ്റ് കിടപ്പിലാകുന്നത് വരെ വായനയിലും ചിന്തയിലും മുഴുകി ജീവിച്ചു ആ മനുഷ്യൻ. വാഹനാപകടം സംഭവിക്കുന്നതിന്റെ തലേദിവസം തന്റെ 92-ാം വയസ്സിൽ പോലും സ്വന്തം വസ്ത്രങ്ങൾ അലക്കുകയും വൃത്തിയാക്കുകയുമെല്ലാം ചെയ്തിരുന്നത് കുഞ്ഞുമൂസാക്ക തന്നെയായിരുന്നു. ഒരിക്കലും സ്വന്തം കാര്യത്തിന് മറ്റാരേയും ആശ്രയിച്ചിട്ടില്ല, ആരേയും ആശ്രയിക്കുന്നത് അയാൾക്ക് ഒട്ടും ഇഷ്ടവുമല്ല. പനങ്ങോട്ട് കുഞ്ഞാമുട്ടിയുടേയും കീരൻതൊടി ബിച്ചിപ്പാത്തുവിന്റെയും മകനായി 1932 ൽ മാവൂരിനടുത്തുള്ള പനങ്ങോട്ടാണ് ജനനം. കീഴുപറമ്പ് പഞ്ചായത്തിലെ മേലാപറമ്പ് സ്കൂളിനടുത്തുള്ള തന്റെ വീട്ടിലാണ് കുഞ്ഞുമൂസാക്ക താമസിച്ചിരുന്നത്.

തൊഴിലും പഠനവും 

ജീവിതകാലമത്രയും നാടൻ തൊഴിലുകൾ ചെയ്താണ് അദ്ദേഹം ജീവിച്ചതും കുടുംബം പോറ്റിയിരുന്നതും. പഴയ കാലത്തെ പ്രധാന ഗതാഗത മാർഗം തോണിയായിരുന്നുവല്ലൊ? തോണിപ്പണിക്കാരനായി ദീർഘകാലം കുഞ്ഞിമൂസാക്ക ജോലി ചെയ്തിട്ടുണ്ട്. ചാലിയാറിലൂടെ ചരക്ക് തോണികൾ കല്ലായിയിലേക്കും മറ്റു വാണിജ്യ കേന്ദ്രങ്ങളിലേക്കും തുഴഞ്ഞ് എത്തിക്കുന്ന തോണിപ്പണിക്കാരനായിരുന്നു അദ്ദേഹം. പലപ്പോഴും വാണിജ്യ വസ്തുക്കളായ തേങ്ങ, കൊപ്ര, വാഴക്കുല, ഓടമുള ഉൾപ്പെടെയുള്ള വാണിജ്യ വസ്തുക്കൾ വളരെ വിശ്വസ്തതയോടെ അദ്ദേഹം വാണിജ്യകേന്ദ്രങ്ങളിലേക്ക് എത്തിച്ചു കൊടുത്തു. അവസാന കാലത്ത് ഔഷധച്ചെടികളും അവയുടെ ഇലകളുമൊക്കെ പറിച്ച് കോഴിക്കോട്ടേക്ക് ബസ്സിൽ കൊണ്ടുപോയി അവ വിൽക്കുന്ന ജോലിയും അദ്ദേഹം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ പഠനം കൊടിയത്തൂരിലെ കോട്ടമ്മൽ എൽ പി സ്കൂളിലായിരുന്നു. അന്നത്തെ കാലത്ത് നാലാംതരം വരെ പഠിച്ചിട്ടുണ്ട്. പൊതുവെ മലബാറിലെ സമൂഹവും വിശിഷ്യാ മുസ്ലിംകളും അക്ഷരത്തോട് പുറംതിരിഞ്ഞു നടന്നിരുന്ന കാലത്തായിരുന്നു ആ നാലാം ക്ലാസ് പഠനം എന്ന് ഓർക്കണം. 

വായനയും ഡയറിയെഴുത്തും

മൂസാക്ക അഞ്ചും എട്ടും പത്രങ്ങൾ സ്ഥിരമായി വായിച്ചിരുന്നു. വായിക്കുന്ന ഭാഗത്ത് വിരലോടിച്ചുള്ള വായന രീതിയായിരുന്നു പിന്തുടർന്നിരുന്നത്. നാട്ടിലെ പൊതു വായന ശാലയിൽ മണിക്കൂറുകളോളം അദ്ദേഹം ചിലവഴിച്ചിരുന്നു. മൂസാക്ക വായിച്ച പുസ്തകങ്ങൾ ഇന്നതാണ് എന്ന് കൃത്യതയോടെ എണ്ണിപ്പറയാൻ സാധ്യമല്ലെന്ന് അദ്ദേഹത്തിന്റെ വീട്ടുകാർ പറയുന്നു. അനേകം പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്. ഒരർഥത്തിൽ അദ്ദേഹം വായിക്കുകയായിരുന്നില്ല പഠിക്കുകയായിരുന്നു. പുസ്തകത്തിലെ പ്രധാനപ്പെട്ട ഭാഗങ്ങൾ എഴുതി വെക്കുകയും അവ പഠിച്ചെടുക്കുകയും ചെയ്യുന്ന സ്വഭാവക്കാരനായിരുന്നു അദ്ദേഹം. പ്രധാനപ്പെട്ട പോയിന്റുകൾക്ക് അടിവരയിട്ടു വെക്കുകയും ആ പേജ് അടയാളം വെച്ച് അവ പഠിച്ചെടുക്കുകയും ചെയ്യുന്ന വായനക്കാരനായിരുന്നു മൂസാക്ക എന്ന് അദ്ദേഹത്തിന്റെ മൂത്ത പുത്രൻ മുഹമ്മദലി പറയുന്നു. സാഹിത്യം മാത്രമല്ല ഫിലോസഫിയും വായിക്കുന്ന കൂട്ടത്തിലായിരുന്നു മൂസാക്ക. വെറുതെ ഒരു പാരായണമല്ല മറിച്ച് ഒരു പഠനം തന്നെയായിരുന്നു അദ്ദേഹത്തിന്റെ ഓരോ വായനയും. പഠിച്ചവ സന്ദർഭത്തിനനുസരിച്ച് അദ്ദേഹം എടുത്തുദ്ധരിക്കുകയും ചെയ്തു. കെ.പി. കേശവമേനോൻ എഴുതിയ ജീവിത ചിന്തകൾ, വിജയത്തിലേക്ക് എന്നിവയും വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖിയും എസ്.കെ പൊറ്റക്കാടിന്റെ പല യാത്രാ വിവരണ ഗ്രന്ഥങ്ങളും മൂസാക്കയുടെ മുറിയിലെ സ്ഥിര താമസക്കാരായിരുന്നു. പിന്നേയും അനേകം പുസ്തകങ്ങളുണ്ടായിരുന്നു അവിടെ. അദ്ദേഹത്തിന്റെ മുറിയിൽ ഒരു ഇരുമ്പ് പെട്ടിയുണ്ട്. അതിൽ നിറയെ വ്യത്യസ്ത പുസ്തകങ്ങളുണ്ടായിരുന്നു. പിന്നെ വളരെ മുമ്പെ സ്ഥിരമായി ഡയറി എഴുതുന്ന സ്വഭാവവും അദ്ദേഹം വളർത്തിയെടുത്തിരുന്നു. അതിനാൽ തന്നെ പ്രധാന വസ്തുതകളുടെയൊക്കെ സമയവും സന്ദർഭവും അദ്ദേഹത്തിന് നിഷ്പ്രയാസം ഓർമിച്ചെടുക്കാനും സാധിച്ചിരുന്നു. പുസ്തകങ്ങളും കുറിപ്പുകളുമെല്ലാമായിരുന്നു മൂസാക്കയുടെ സമ്പത്ത്. 

ചങ്ങമ്പുഴ കവിത

സമൂഹത്തിൽ നിലനിന്നിരുന്ന എല്ലാതരം കാപട്യങ്ങളേയും കുഞ്ഞുമൂസാക്ക എതിർത്തു. അകവും പുറവും ഒരുപോലെയല്ലാത്ത എല്ലാ സമീപനങ്ങളോടും അദ്ദേഹം ശക്തിയായി വിയോജിച്ചു. ഒരർഥത്തിൽ അദ്ദേഹം വ്യവസ്ഥകളോട് കടുത്ത 'റിബലായ' സമീപനമാണ് സ്വീകരിച്ചത്. പലപ്പോഴും കുഞ്ഞുമൂസാക്കയുടെ ഉന്നത നിലവാരം പുലർത്തുന്ന ചിന്തകളെ പങ്കുവെക്ക(Shre)പ്പെടാൻ അദ്ദേഹത്തിന് ഒരിടം ലഭിക്കാതെ പോയി. കൈയ്യിൽ മടക്കിപ്പിടിച്ച ഒരു ചാക്കും തോളിൽ ഒരു മുണ്ടും ധരിച്ച മാപ്പിളക്കാക്ക ചായ മക്കാനിയിലും അദ്ദേഹം ഇടപെടുന്ന ആൾക്കൂട്ടങ്ങളിലും അദ്ദേഹത്തിന്റെ ധിഷണാ ചിന്തകളും ആശയങ്ങളും സാഹിത്യവും പങ്കുവെക്കുമ്പോൾ ആളുകളാരും അതിന് വേണ്ടതുപോലെ ചെവി കൊടുക്കാതെ 'മൂസാക്കാന്റെ ബഡായികൾ' എന്ന തലത്തിലേക്ക് ചുരുക്കിയപ്പോൾ ആ മനുഷ്യൻ എത്ര വീർപ്പുമുട്ടലുകൾ സഹിച്ചിട്ടുണ്ടാകണം. മൂസാക്ക ആരാണെന്ന് അദ്ദേഹത്തിന്റെ നാട്ടുകാർക്കറിയില്ല. മാത്രമല്ല അദ്ദേഹത്തിന്റെ പേരക്കുട്ടികൾക്ക് പോലുമറിയില്ല! മൂസാക്ക ഹൃദിസ്ഥമാക്കിയ അനേകം കവിതകളുണ്ട്. ജ്ഞാനികളല്ലാത്ത വല്ല ആൾക്കൂട്ട സദസ്സിലും അയാൾ ചെന്നാൽ "ഈ കപടതയുടെ ലോകത്ത് കാപട്യമില്ലാത്ത ഒരു ഹൃദയമുള്ളതാണെന്റെ വിന" എന്ന സാരാംശമുള്ള ചങ്ങമ്പുഴ കവിത  ഉറക്കെ ചൊല്ലും. ആളുകൾക്കൊന്നും പലപ്പോഴും ആ ധൈഷണിക പ്രതിഷേധം ഇഷ്ടമാവാറുണ്ടായിരുന്നില്ല. എങ്കിലും മറ്റാരുടേയെങ്കിലും ചൊൽപ്പടിയിൽ നിൽക്കാൻ മൂസാക്കാക്ക് കഴിയുമായിരുന്നില്ല. 

നടത്തവും കുഞ്ഞുമൂസാക്കയും

ദുനിയാവിന്റെ ഏത് കോണിലേക്കും മലപ്പുറം ജില്ലയിലെ തന്റെ കീഴുപറമ്പ് ഗ്രാമത്തിൽ നിന്നും നടന്നുപോകാൻ ആർജ്ജവമുള്ള വ്യക്തിയായിരുന്നു അദ്ദേഹം. മൂസാക്ക നടന്നു പോകുന്നത് കണ്ട് ആരെങ്കിലും വണ്ടി നിർത്തി നിങ്ങൾ കയറിക്കോളൂ എന്ന് പറഞ്ഞാലും മൂസാക്ക അതിൽ കയറാൻ നിൽക്കാതെ "നിങ്ങൾ പൊയ്ക്കോളൂ" എന്നു പറഞ്ഞ് അവരെ തിരിച്ചയച്ച് മൂപ്പർ നടത്തം തുടരും. മൂസാക്കയുടെ പരിചയക്കാർ വണ്ടി നിർത്തിയാലും വളരെ അപൂർവ്വമായെ അദ്ദേഹം അതിൽ കയറാറൊള്ളൂ. സ്വന്തം കാര്യങ്ങൾക്ക് മറ്റുള്ളവരെ ആശ്രയിക്കാത്ത പ്രകൃതക്കാരനായിരുന്നു അയാൾ. വയസ്സ് 92 ലും ഊന്നുവടിയോ കണ്ണടയോ കേൾവി സഹായ യന്ത്രമൊ ഒന്നുമില്ലാതെ വളരെ സജീവമായി ജീവിച്ച മനുഷ്യൻ. നല്ല ഓർമ്മശക്തിയും ഗ്രാഹ്യ ശക്തിയും അവസാന കാലം വരെ അദ്ദേഹത്തിന്റെ കൂട്ടിന് ഉണ്ടായിരുന്നു. വാഹനാപകടത്തിന് ശേഷം ദിവസങ്ങളും ആഴ്ച്ചകളും ഇടവിട്ട് അദ്ദേഹത്തിന്റെ ബ്ലഡ് - പ്രഷറും കൊളസ്ട്രോളും ഡയബറ്റിസും ഇന്റേണൽ ഓർഗൻസിന്റെ പ്രവർത്തന ക്ഷമതയുമൊക്കെ ടെസ്റ്റ് ചെയ്തു വിശകലനം ചെയ്യുമ്പോൾ ഡോക്ടർമാർ പലപ്പോഴും അതിന്റെ കാര്യക്ഷമത കണ്ട് അത്ഭുതം കൂറി. 92-ാം വയസ്സിലും ഇത്ര ആരോഗ്യത്തോടെ Function ചെയ്യുന്ന ഒരു ശരീരം ഞങ്ങളുടെ കൈയ്യിൽ കിട്ടുന്നത് ആദ്യമാണെന്ന് മൂസാക്കയെ ചികിത്സിച്ച ഡോക്ടർമാർ പറയുന്നു. 

ബറാമികളും മൂസാക്കയും

ബറാമി കുടുംബം അറേബ്യൻ നാടുകളിൽ നിന്നും കുടിയേറിപ്പാർത്തവരാണ്. ആദ്യകാലങ്ങളിൽ കീരൻ തൊടി അമ്മാവൻമാരുടെ കൂടെ കച്ചവടത്തിൽ സഹായിക്കുമായിരുന്നു മൂസാക്ക. അക്കാലത്ത് തോണികളിൽ ഇരുവഴിഞ്ഞിപ്പുഴയിലൂടെ കല്ലായി ഭാഗങ്ങളിലേക്ക് സാധനങ്ങൾ കൊണ്ട് പോയിരുന്നത് പുഴയിലൂടെ ആയിരുന്നു. നാടൻ ഉൽപന്നങ്ങൾ വാഴക്കുലകൾ ഓടമുളകൾ മുതലായ സാധനങ്ങൾ അറബികൾക്ക് വേണ്ടി കയറ്റി അയച്ചിരുന്നത് ബറാമി കുടുംബം ആയിരുന്നു. ബറാമികളുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്ന മൂസാക്ക മുഹമ്മദ് ബറാമിയുടെ കല്യാണത്തിന് അദ്ദേഹത്തിന്റെ പുത്രൻ മുഹമ്മദലിയെയും കൊണ്ടു പോയിരുന്നതിനെ അയാൾ ഓർത്തെടുക്കുന്നു. അങ്ങനെ മൂസാക്കയ്ക്ക് ബറാമി കുടുംബങ്ങളുമായുള്ള ഹൃദയ ബന്ധം മരണം വരെ സൂക്ഷിക്കാൻ സാധിച്ചിരുന്നു. പലപ്പോഴും ചരക്ക് തോണി കുത്തി കല്ലായിലെത്തുമ്പോൾ ഒന്നോ രണ്ടോ ദിവസം അവിടെ താമസമുണ്ടാകും. ആ സമയങ്ങളിൽ കോഴിക്കോട്ടെ സാഹിത്യകാരൻമാരേയും മറ്റും ചെന്ന് കാണുകയും ധൈഷണിക സാഹിത്യ കാര്യങ്ങളിൽ ചർച്ച നടത്തുകയും ചെയ്യുമായിരുന്നു. പല സന്ദർഭങ്ങളിലും മുന്തിയ ഇനം പഴവർഗ്ഗങ്ങൾ, വാഴക്കുലകൾ, ഭക്ഷ്യ വസ്തുക്കൾ എന്നിവ അവർക്ക് കൊണ്ടുപോയി കൊടുക്കുമായിരുന്നു. 

നമ്പൂതിരിമാരും മൂസാക്കയും

മൂസാക്ക ഇല്ലങ്ങളിലും നമ്പൂതിരിമാരുടെ അടുത്തും എത്തിപ്പെട്ടത് എങ്ങനെയാണെന്ന് കൃത്യമായി അറിയില്ല; എങ്കിലും രണ്ട് കാര്യങ്ങൾ അതിന് നിദാനമായിട്ടുണ്ടാകുമെന്ന് മനസ്സിലാക്കാം. അതിൽ ഒന്ന് ചാലിയാറിലെ തോണിതുഴക്കാരനായത്. രണ്ട് അദ്ദേഹത്തിന്റെ വായനയും ചിന്തയും സാഹിത്യ പ്രണയവുമാണ്. ആ സർഗ്ഗാത്മക ചിന്തകളെ പങ്കുവെക്കപ്പെടാനുള്ള ഒരു മാർഗ്ഗമായിരുന്നു ഇല്ലങ്ങളിലെ കൂട്ടുകെട്ടുകളും കോഴിക്കോട്ടെ സാഹിത്യകാരന്മാരുമായുള്ള ചെങ്ങാത്തവും. ചാലിയാർ തീരങ്ങളിലെ ഇല്ലങ്ങളിൽ നിന്നും ധാരാളം നാളികേരവും മറ്റും തോണികുത്തി വാണിജ്യ കേന്ദ്രങ്ങളിലെത്തിച്ച് നൽകിയതിലൂടെ അദ്ദേഹം അവരുടെ വിശ്വസ്തനായി മാറി. പ്രിയപ്പെട്ട നാരാണൻ നമ്പൂതിരിയുടെ വാക്കുകൾ കടമെടുത്ത് പറഞ്ഞാൽ അന്നത്തെ കഷ്ടപ്പാടിന്റെ കാലത്തും വിശ്വാസ്യതയ്ക്ക് യാതൊരു കോട്ടവും വരുത്താതെ ജീവിച്ച വലിയൊരു മനുഷ്യനായിരുന്നു കുഞ്ഞുമൂസാക്ക. 

മൂസാക്കയുടെ മരണ വിവരം അറിയിച്ചുകൊണ്ട് അമ്പലത്തിലെ ശാന്തിക്കാരൻ ദാമോദരൻ നമ്പൂതിരിപ്പാട് അന്ന് എനിക്ക് മെസഞ്ചറിൽ ടെക്സ്റ്റയച്ചത് - "നമ്മുടെ കുഞ്ഞിമൂസാക്ക നമ്പൂരി പോയി" എന്നായിരുന്നു. കുഞ്ഞുമൂസാക്ക ആരായിരുന്നുവെന്ന് ആ വാചകങ്ങൾ പറയും. ഇല്ലത്തെ കുറിച്ചും അതിന്റെ വൈജാത്യങ്ങളായ വ്യവസ്ഥ വ്യവഹാരങ്ങളെ കുറിച്ചും ശോഷണത്തെ കുറിച്ചുമെല്ലാം പഠനം നടത്തിയ വ്യക്തിയാണ് Ester Gallo. ഇല്ലങ്ങളെ / മനകളെ കുറിച്ച് ഉയർന്ന നിലവാരത്തിലുള്ള പല Academic articles ഉം അദ്ദേഹം രചിച്ചിട്ടുണ്ട്. കുഞ്ഞിമൂസാക്കയ്ക്കും ഇല്ലങ്ങളെ കുറിച്ചും മനകളെ കുറിച്ചും അതിന്റെയൊക്കെ പഴങ്കഥകളെ കുറിച്ചും ധാരാളം ഖിസ്സകൾ പറയാനുണ്ടായിരുന്നു. പതിറ്റാണ്ടുകളോളം നമ്പൂതിരിമാരോടും ഇല്ലങ്ങളോടും ഇടപഴകി ജീവിച്ച അനുഭവ ജ്ഞാനമുള്ളത് കൊണ്ട് തന്നെ ഇല്ലങ്ങളെ കുറിച്ചും നമ്പൂതിരിമാരെ കുറിച്ചും സംസാരിക്കാൻ മൂസാക്കയ്ക്ക് നൂറുനാവായിരുന്നു. നമ്പൂതിരിമാരെ ആര് വിമർശിക്കുന്നത് കേട്ടാലും മൂസാക്ക ആശയപരമായി അതിനോട് പ്രതികരിക്കുമായിരുന്നു. പൊതു ഇടങ്ങളിലും തന്റെ നാട്ടുമ്പുറത്തെ  ചെങ്ങാതിക്കൂട്ടങ്ങൾക്കിടയിലും നിത്യവും നമ്പൂതിരിക്കഥകൾ പറയുന്നത് കൊണ്ടും നമ്പൂതിരിമാർക്ക് വേണ്ടി സംസാരിക്കുന്നത് കൊണ്ടും നാട്ടുമ്പുറത്തെ ചിലരെങ്കിലും മൂസാക്കയെ വേറെ രീതിയിലാണ് മനസ്സിലാക്കിയിരുന്നത്. 

കുഞ്ഞിമൂസ പ്ലാവ്

"എനിക്ക് ഓർമ്മ വെച്ച കാലം മുതലെ കാണുന്നതാണ് കുഞ്ഞിമൂസാക്കയെ. രൂപത്തിൽ അന്നും ഇന്നും വലിയ മാറ്റമൊന്നും ഇല്ല. പല്ല് പോയതൊഴിച്ചാൽ! അന്നത്തെ വേഷം കറ പുരണ്ടതായിരുന്നു. കുടുബം പോറ്റാനുള്ള നെട്ടോട്ടത്തിനിടയിൽ കിട്ടിയ മാങ്ങാക്കറയും വാഴക്കറയും എല്ലാമുണ്ടായിരുന്നു അതിൽ. ഞങ്ങളുടെ തൊടിയിൽ ഒരു പ്ലാവിന്റെ പേരു തന്നെ 'കുഞ്ഞിമൂസപ്ലാവ്' എന്നായിരുന്നു. കാരണം, അതിൽ ചക്ക ഉണ്ടാവാൻ തുടങ്ങുമ്പോൾ തന്നെ കക്ഷി ഞങ്ങൾക്ക് റേഷനരി വാങ്ങാനുള്ള മുൻകൂർ പണം തന്നിട്ട് അത് പാട്ടത്തിനെടുക്കുമായിരുന്നു. ഇതേ പോലെ ഒരു 'അബുഹാജി' പ്ലാവും ഉണ്ടായിരുന്നു! ചക്കയും മാങ്ങയും തേങ്ങയുമൊക്കെ മൂസാക്ക പുഴ മാർഗ്ഗം കോഴിക്കോട്ടങ്ങാടിയിൽ കൊണ്ടുപോകും.. ഇതുപോലെ പലയിടത്തു നിന്നും... കൂടുതലും ഇല്ലങ്ങളാണ് ഇഷ്ടന്റെ മേഖല! മൂസാക്കയെ അറിയാത്ത നമ്പൂതിരിമാർ കുന്നല നാട്ടിൽ കുറവാണ്! ഏതു വിഷയത്തിലും വാതോരാതെ സംസാരിയ്ക്കുന്ന ആളുംകൂടിയാണ് കുഞ്ഞിമൂസാക്ക, ഒട്ടുമിക്ക മേഖലകളിലും അദ്ദേഹത്തിന് അറിവുണ്ടായിരുന്നു!!" - എഴുത്തുകാരൻ ചെമ്പാഴി ഉണ്ണികൃഷ്ണൻ നമ്പൂതിരിപ്പാട് പറയുന്നു.

അന്ന് കണ്ടപ്പോൾ പറഞ്ഞത് കുഞ്ഞിമൂസക്കയെ ഞാൻ അവസാനമായി കണ്ടത് ചെമ്പാഴി ഇല്ലത്തെ മുരളിയേട്ടന്റെ മകൻ ശരത്തിന്റെ കല്ല്യാണത്തിനാണ്. അന്ന് ഞങ്ങൾ കുറേ സമയം സംസാരിച്ചിരുന്നു. ആ മനുഷ്യനോട് സംസാരിച്ചിരിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഫിലോസഫിയിലും സാമൂഹിക ശാസ്ത്രത്തിലും അടിസ്ഥാന ജ്ഞാനം ആവശ്യമാണ്. സാധാരക്കാരുടെ ഭാഷയിൽ പറഞ്ഞാൽ വലിയ ബുദ്ധിജീവിയാണ് കക്ഷി. അദ്ദേഹത്തോട് ഒരു പത്ത് മിനുട്ട് സംസാരിച്ചിരിക്കുന്നത് പത്ത് ഗ്രന്ഥം വായിക്കുന്നതിന് തുല്ല്യമാണ്. ആലങ്കാരികമായി പറയുന്നതല്ല അത്. ആ പതിഞ്ഞ ശബ്ദത്തിൽ ഒരുപാട് വലിയ കാര്യങ്ങളും വലിയ മനുഷ്യരുടെ തത്വശാസ്ത്രവും അവലംബമാക്കിയാണ് ആ മനുഷ്യൻ അന്നും സംസാരിച്ചത്. സ്വാഭാവിക നാട്ടുവർത്തമാനത്തിനിടയിൽ മൂസാക്ക അവലംബമായി എടുക്കുന്നത് ഗ്രീക്ക്, റോമൻ തത്ത്വചിന്തകരേയും മറ്റുമൊക്കെയാണ്. 

ഭരണത്തിന്റേയും ഭരണകൂടത്തിന്റേയും അവസ്ഥകളെ കുറിച്ച് പറഞ്ഞപ്പോൾ കുഞ്ഞുമൂസാക്ക പറഞ്ഞത് ഇങ്ങനെ - "സംഗതി എന്തൊക്കെ ആയാലും മുമ്പ് തോമസ് ഹോബ്സ് ലിവൈത്താനിൽ പറഞ്ഞത് ബെല്ല്യ ശരിയല്ലെ? ഒരു ഭരണ കൂടം ഉണ്ടായാലല്ലെ സ്വതന്ത്രമായും നിയന്ത്രണങ്ങളേതുമില്ലാതെയും നടക്കുന്ന മനുഷ്യരെ നിയന്ത്രിക്കാനൊക്കൂ". മുമ്പ് UG ഡിഗ്രി ക്ലാസിലെ കുട്ടികൾക്ക് തോമസ് ഹോബ്സിനെ കുറിച്ചും അദ്ദേഹം രചിച്ച ലിവൈത്താനെ കുറിച്ചും ക്ലാസെടുത്തിരുന്നു. അത് കൊണ്ട് കുഞ്ഞി മൂസാക്ക പറഞ്ഞ കാര്യങ്ങൾ എനിക്ക് കൃത്യമായി മനസ്സിലായി. വേറേയും ഏതൊക്കെയോ ക്ലാസിക്കൽ ഫിലോസഫേഴ്സിനെ അവലംബിക്കുന്നുണ്ടായിരുന്നു. അവരെയൊന്നും ഞാൻ വായിച്ചിരുന്നില്ല. അരിസ്റ്റോട്ടിലും പ്ലേറ്റോയും ഹെയ്ഗലും മാർക്സും നീഷെയും ഉൾപ്പെടെ എത്രയോ പേരെ നാട്ടുവർത്തമാനത്തിനിടെ അദ്ദേഹം ഓരോ സന്ദർഭങ്ങളിൽ എടുത്തുദ്ധരിക്കുന്നുണ്ടായിരുന്നു. അയാളുടെ സംസാരം ശ്രദ്ധിച്ചാൽ തോന്നും നീഷേയും ഹെയ്ഗലുമൊക്കെ കുനിയിലേയോ കീഴുപറമ്പിലേയോ അങ്ങാടിയിലെ മീൻ കച്ചവടക്കാരോ അരീക്കോട്ടെ സെവൻസ് ഫുട്ബോൾ കളിക്കാരോ ആണെന്ന്. അത്രമേൽ അയാൾക്ക് സുപരിചിതമാണ് ആ ഫിലോസഫികളെല്ലാം.

അദ്ദേഹം ചോദിച്ചു - "അനക്ക് ഭഗവത് ഗീത അറിയോ?" ഞാൻ പറഞ്ഞു - "മുമ്പ് കുറച്ച് വായിച്ചിട്ടുണ്ട്". അപ്പോൾ അദ്ദേഹം - "ഈ സനാതന എന്ന് പറഞ്ഞാൽ എന്താന്ന് അനക്ക് തിരിഞ്ഞിട്ടുണ്ടോ?" ഞാൻ പറഞ്ഞു - "ഇങ്ങള് പറഞ്ഞ് തരിൻ" അപ്പോൾ മൂസാക്ക പറഞ്ഞു - "മാറ്റം വരാതെ എന്നും നില നിൽക്കുന്നത്". സത്യം നീതി ധർമ്മം എന്നിവയെ അദ്ദേഹം ഉദാഹരിച്ചു. Philosophy, Political science, History, Economics, Theology, Literature തുടങ്ങിയവയിൽ അടിസ്ഥാന ജ്ഞാനം വേണ്ടുവോളമുണ്ട് അയാൾക്ക്. അവസാനം കുമാരേട്ടന്റെ കടയിൽ നിന്നും ചായ കുടിച്ചാണ് ഞങ്ങൾ അന്ന് പിരിഞ്ഞത്. ഇന്ന് ചരിത്ര പ്രസിദ്ധമായ ചൂരോട്ട് പള്ളിയിലെ ഖബർസ്ഥാനിൽ ഖിസ്സ പറയുന്ന സ്മാരക ശിലയ്ക്ക് താഴെ അദ്ദേഹം അന്ത്യ നിദ്രയിലാണ്.

English Summary:

Malayalam Article ' Chaliyar Theerathe Ithihasakaran ' Written by Shukkoor Ugrapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com