'ഡൽഹിയിൽ വില്ല, ബെൻസ് കാർ, മക്കൾ വിദേശത്ത്...', എല്ലാം വേണ്ടെന്ന് വെച്ചത് എന്തിനായിരുന്നു?
Mail This Article
ദീപാരാധനയും കഴിഞ്ഞ് അമ്പലമുറ്റത്തെ ആൽത്തറയിൽ ആകാശവും നോക്കി കിടക്കുകയായിരുന്നു നാട്ടുകാർ സ്നേഹത്തോടെ കുട്ടേട്ടൻ എന്നു വിളിക്കുന്ന ഹരി. അതൊരു പതിവാണ്, മഴ ഇല്ലെങ്കിൽ കഴിഞ്ഞ 25 വർഷമായി മുടങ്ങാതെ ദീപാരാധനയും തൊഴുതു ഒരു 10 മിനിട്ട് ആൽത്തറയിൽ കിടന്നൊരു ആഘോചന. വൈകിട്ട് വയലിൽ നിന്ന് പണി കഴിഞ്ഞു കയറിയാൽ കുളിച്ചു ഒരു ചായയും കുടിച്ചു നേരെ അമ്പലം. ആൽത്തറയിൽ അപ്പോൾ ഒരു കൂട്ടം തന്നെയുണ്ടാവും, ഇന്നത്തെ ന്യൂജൻ തലമുറയും പിന്നെ ഹരിയുടെ തലമുറയിൽ പെട്ടവരും, പിന്നെ പഴയ പടകുതിരകൾ ആയിരുന്ന അപ്പൂപ്പൻമാരും.. എല്ലാവർക്കും ഹരി, കുട്ടേട്ടനാണ്. ഒരു ബഹുമാനത്തോടെ അല്ലെങ്കിൽ സ്നേഹത്തോടെ സ്വന്തം വീട്ടിലെ ഒരാളായി മാത്രമേ കുട്ടേട്ടനെ ആ നാട്ടുകാർ കണ്ടിരുന്നുള്ളു. കല്യാണമാവട്ടെ, മരണമാവട്ടെ, നൂലുകെട്ടാവട്ടെ കുട്ടേട്ടൻ കാരണവർ സ്ഥാനത്ത് വേണം എന്നുള്ളത് നിർബന്ധം ആണ് നാട്ടുകാർക്ക്. വയസ്സ് അറുപതേ ഉള്ളൂവെങ്കിലും ആ നാടിന്റെ കാരണവർ ഹരി തന്നെയായിരുന്നു..
"കുട്ടേട്ടനെ തിരക്കി ഒരാൾ അമ്പലത്തിന്റെ വെളിയിൽ വന്നിരിക്കുന്നു" വടക്കേടത്തെ ദിലീപാണ് വന്ന് പറഞ്ഞത്, കോട്ടും സ്യൂട്ടും ഒക്കെയാണത്രേ വന്നവരുടെ വേഷം കാലിലെ ഷൂസ് ഊരേണ്ടതു കൊണ്ട് അമ്പലത്തിന്റെ ഉള്ളിലേക്ക് വരാൻ പറ്റില്ലാത്രേ. തന്നെ തിരക്കി ഒരു കോട്ടും സ്യൂട്ടും ഇട്ട ആൾ... ആരാണപ്പാ അങ്ങനെ ഒരാൾ? മനസ്സിൽ ഒരു ചോദ്യ ചിഹ്നമായി വന്നെങ്കിലും ആൽത്തറയിൽ നിന്ന് എഴുന്നേറ്റ് ഗേറ്റിലേക്ക് നടന്നു. ഹരിയുടെ മനസ്സിൽ ജിജ്ഞാസ കൂടി, അമ്പലത്തിന്റെ മുന്നിലെ ഗേറ്റിൽ പൂ കെട്ടുന്ന കമലേടത്തി ഹരിയെ കണ്ട് എഴുന്നേറ്റു. എന്നിട്ടു അടക്കി പറഞ്ഞു കുറേ നേരമായി സാറുന്മാരു നിൽക്കുന്നു. ഒരു ബെൻസ് കാർ ആണ് അതും ഡൽഹി രജിസ്ട്രേഷൻ, മണ്ണിട്ട റോഡിലൂടെ ഉള്ള വരവിൽ കാറിന്റെ അടിയിടിച്ചു എന്നൊക്കെ പറയുന്ന സംസാരം ഹരിക്കു കേൾക്കാം. ദിലീപ് പറഞ്ഞതു ശരി ആണ് കോട്ടും സ്യൂട്ടും തന്നെ ആണ് വേഷം, ആരാണെന്നു അരണ്ട വെളിച്ചത്തിൽ മനസ്സിലാവുന്നില്ല. എടാ ഹരിയെന്നും വിളിച്ചു അടുത്തേക്ക് വന്നപ്പോൾ ആളെ മനസ്സിലായി, പട്ടാമ്പിക്കാരൻ ഗോപൻ.
25 വർഷം മുന്നേ ഡൽഹിയിൽ തന്റെ കൂടെ ഓഫീസിൽ ഉണ്ടായിരുന്ന ഗോപൻ അഥവാ ഉണ്ട ഗോപൻ. രണ്ടു പേരും അന്ന് അസിസ്റ്റന്റ് മാനേജർസ് ആയിരുന്നു. കോർപ്പറേറ്റ് ലൈഫിൽ നിന്ന് ജീവിതം ഹോമിക്കാതെ ജീവിതം ഒന്നെയുള്ളൂവെന്നും, തന്റെ നാടും, നാട്ടുകാരും, അമ്പലവും, ഉൽസവവും, കൃഷിയുമൊക്കെ ഉള്ള വള്ളുവനാടൻ മണ്ണിൽ കാലുറച്ചു നിന്നാവണം ഇനിയുള്ള നാളുകൾ എന്ന തിരിച്ചറിവിൽ 10 വർഷത്തെ ഡൽഹി ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോരുമ്പോൾ മൂത്ത മോൾക്ക് പ്രായം രണ്ടു വയസ്സ്. വീട്ടുകാരും ഓഫീസിൽ ഉള്ളവരും ഉപദേശിച്ചിട്ടും ഉറച്ചെടുത്ത ആ തീരുമാനത്തിനു മാറ്റം ഉണ്ടായില്ല. കാരണം ഡൽഹിയിലെ പാത്രാസും, ജോലിയും, കാറും, സ്റ്റാറ്റസും ഒന്നും ഒരിക്കലും ഹരിയെ ഭ്രമിപ്പിച്ചിട്ടില്ലായിരുന്നു. ആദ്യത്തെ ഏഴു വർഷം കിട്ടിയ ശമ്പളം കൊണ്ട് കാരണവന്മാർ വരുത്തി വെച്ച കടങ്ങളും, രണ്ടു പെങ്ങമാരെയും കെട്ടിച്ചയച്ചിരുന്നു. അതായിരുന്നു ഇന്നാട്ടിൽ നിന്നും ഹരിയെ ഡൽഹിയിൽ എത്തിച്ചതും. പിന്നെയുള്ള മൂന്നു വർഷം അത്യാവശം പൈസ മിച്ചം പിടിച്ചു അന്നത്തെ കാലത്ത് രണ്ടേക്കർ ഭൂമിയും നാട്ടിൽ മേടിച്ചു. അങ്ങനെ ആണ് ഡൽഹി എന്ന ഇന്ദ്രപ്രസ്ഥത്തിൽ നിന്ന് പാലക്കാടിന്റെ നന്മയുള്ള ആ വള്ളുവനാടൻ ഗ്രാമത്തിലേക്ക് ഹരി പിന്നേയും എത്തിയത്.
ഗോപൻ 25 വർഷം മുന്നേയുള്ള കുറ്റപ്പെടുത്തൽ വീണ്ടും തുടർന്നു, ഇന്ന് നീ അവിടെ ഉണ്ടായിരുന്നേൽ ജനറൽ മാനേജർ ആയേനെ, ഡൽഹിയിൽ വില്ല, ബെൻസ് കാർ, ഗോപന്റെ മക്കൾ വിദേശത്ത്, അതും ഒരാൾ കാനഡയിൽ അവിടെയുള്ള മാദാമ്മയെ കെട്ടി സെറ്റിൽ ചെയ്തിരിക്കുന്നു. രണ്ടാമത്തെ മകളുടെ ഭർത്താവ് അമേരിക്കയിൽ ഒരു ഐ റ്റി കമ്പനിയുടെ CTO, രണ്ടു പേർക്കും നിന്നു തിരിയാൻ സമയം ഇല്ലത്രേ. ഡൽഹിയിൽ 5 ഫ്ലാറ്റുകൾ, പോരാത്തതിനു ഷെയർ മാർക്കറ്റിൽ നിക്ഷേപങ്ങളും അങ്ങനെ പൊങ്ങച്ചത്തിന്റെ ഒരു കെട്ടുതന്നെ അഴിച്ചിടുകയാണ് ഗോപൻ, കൂട്ടത്തിൽ ഹരിക്കുള്ള കുറ്റപ്പെടുത്തലുകളും. പുഞ്ചിരിച്ചു കൊണ്ട് അതൊക്കെ കേട്ടതല്ലാതെ ഒരക്ഷരം തിരിച്ചു പറിഞ്ഞില്ല. വീട്ടിലേക്ക് പോകാം എന്ന് പറഞ്ഞപ്പോൾ ഒരു കല്യാണത്തിനു വന്നതാണെന്നും പാലക്കാട്ടെ 5 സ്റ്റാർ ഹോട്ടലിൽ റൂം ബുക്ക് ചെയ്തിട്ടുണ്ടെന്നും പറഞ്ഞ് ഗോപൻ യാത്രയായി.
സംഭാഷണമൊക്കെ കേട്ടു നിന്ന കമലേടത്തി കുട്ടട്ടേന്റെ അടുത്തെത്തി ചോദിച്ചു, അയാൾ പറഞ്ഞതു കേട്ടിട്ടു വിഷമം ആയോ കുട്ടാ നിനക്ക്, അതിനു മറുപടി ഒരു പൊട്ടിച്ചിരി ആയിരുന്നു. ഹരി തുടർന്നു, ഈ അമ്പലത്തിന്റെ നടയിൽ പോലും അവനു 10 മിനിറ്റിൽ കൂടുതൽ നിൽക്കാൻ നേരമില്ല, 42 ഡിഗ്രി ചൂടിലും സ്റ്റാറ്റസ്സ് പോകാതിരിക്കാൻ കോട്ടും സ്യൂട്ടും, ഓഫിസിൽ 9 മണിക്കൂർ ആണ് ജോലി പക്ഷെ 24 മണിക്കൂറും ഓഫിസെന്ന മായ പ്രപഞ്ചത്തിൽ തളച്ചിടുന്ന ഫോൺ കോളുകൾ. മുകളിൽ ഉള്ളവരുടെ മുന്നിൽ തല ചൊറിഞ്ഞു ചൊറിഞ്ഞു കിട്ടിയ കഷണ്ടി. എല്ലാം പോരാത്തതിനു അവനു ഡൽഹിയിൽ നന്നായൊന്ന് ശ്വാസം വലിക്കുവാൻ പറ്റുമോ, പേരക്കുട്ടികളെ പോയിട്ട് മക്കളെ പോലും വർഷത്തിൽ ഒരിക്കൽ പോലും കാണാൻ കിട്ടില്ല, തന്റെ രണ്ടു മക്കളും രണ്ടു കിലോമീറ്റർ അകലത്തിലുണ്ട്. ദിവസത്തിൽ ഒരിക്കലെങ്കിലും പോയി പേരകുട്ടികളുടെ കൂടെ ഒന്നു കുത്തി മറിഞ്ഞാലെ സമാധാനമാവു.
ഒരു അമ്പലത്തിന്റെ സെക്രട്ടറി സ്ഥാനത്തിരുന്നു ഉത്സവം നടത്തി,ആ വർഷത്തെ കണക്കും അവതരിപ്പിച്ചു അമ്പലത്തിൽ നിന്നു ഇറങ്ങുമ്പോളുള്ള സന്തോഷം എന്നെങ്കിലും അവനു കിട്ടുമോ. പ്ലാവിൽ നിന്നും ചക്കയിട്ടു വെട്ടി പുഴുക്കുണ്ടാക്കി കട്ടൻ ചായയും കൂട്ടി കഴിക്കുന്ന രസം അവനറിയുമോ, എല്ലാ ബന്ധുക്കളുടെയും നാട്ടുകാരുടെയും കല്ല്യാണം, മരണം അങ്ങനെ എന്തൊരാവശ്യത്തിനും മുന്നിൽ നിൽക്കാൻ എന്നെങ്കിലും ഇനി അവനു കഴിയുമോ. രാവിലെ മുതൽ വയലിലെ പണിക്കാരുടെ കൂടെ അവരിൽ ഒരാളായി നിന്നു പണിയെടുത്ത്, വിളവെടുക്കുമ്പോൾ ചന്തയിൽ പോയി സാധനങ്ങൾ വിറ്റു ഒരു ഫുള്ളും മേടിച്ചു അവരുടെ കൂടെ ഒരു ചെറിയ സഭ കൂടുമ്പോൾ കിട്ടുന്ന സന്തോഷം ഇവനറിയില്ലല്ലോ കമലേടത്തി. പൈസ വേണം പക്ഷെ അതു ജീവിതം കളഞ്ഞിട്ടാവരുത്. ഇത് കേട്ടു കമലേടത്തിയുടെ മുഖത്തും ഒരു പുഞ്ചിരി വിരിഞ്ഞു. കിഴക്കെ നടയിൽ എത്തി ഒന്നുകൂടി ദേവിയെ തൊഴുതു ഇറങ്ങുമ്പോൾ ഒരു ചെറു പുഞ്ചിരിയോടെ ഹരി മനസ്സിൽ പറഞ്ഞു "ദേവിയുടെ അനുഗ്രഹം, ഞാൻ അവനെ പോലെ ആയില്ലല്ലോ."