ADVERTISEMENT

ചിങ്ങമാസത്തിലെ അമാവാസി ദിനം. ജനലിലൂടെ ഇരുട്ടിനെ തുറിച്ചു നോക്കികൊണ്ട് ഉണ്ണിമാധവൻ ഓരോന്ന് ഓർത്തു ഉറക്കം വരാതെയിരുന്നു. അല്ലെങ്കിലും ഉറക്കം കിട്ടാത്ത എത്രയോ രാത്രികൾ ഉണ്ണിക്ക് കടന്നു പോയിരിക്കുന്നു. പതിയെ തറയിലെ ഒരു മൂലയിൽ ചുരുണ്ടു കൂടിയിരുന്നു മുഖം കാൽമുട്ടിലേക്ക് താഴ്ത്തി. കണ്ണിൽ ഉറക്കം വന്നിരുന്നെങ്കിൽ ഓർമ്മകൾ ഒന്ന് മറഞ്ഞുപോയിരുന്നെങ്കിൽ.. ഭ്രാന്തിന് പോലും മായ്ക്കാൻ കഴിയുന്നില്ലല്ലോ അതൊന്നും. കാലിലെ ചങ്ങലപിടിച്ചു ഉണ്ണി വലിച്ചു നോക്കി. അന്നത്തെ ആ അമാവാസി അവന്റെ മനസ്സിലേക്ക് തുളച്ചു കയറി. തന്റെ പ്രിയപ്പെട്ട സീതയും കുഞ്ഞും അവരുടെ ക്രൂരതകൊണ്ട് ഇല്ലാതായ ദിവസം. സീത എന്ന കീഴ്ജാതിപെണ്ണ് ഉണ്ണിയുടെ ഉള്ളിൽ വളരെ കാലമായിരുന്നു കുടിയേറിയിട്ട്. കീഴ്ജാതി ആയിരുന്നുവെങ്കിലും കാണാൻ സുന്ദരിയായിരുന്നു. വെളുത്തു മെലിഞ്ഞു നീളൻ മുടി മെടഞ്ഞിട്ട് നടക്കുന്ന അവളെ ആർക്കും വിട്ടു കൊടുക്കാൻ അവന് തോന്നിയില്ല. കാരണവൻമാരുടെ എതിർപ്പ് ഉണ്ടാകും എന്നറിയാമായിരുന്നു. എങ്കിലും അവളെ തന്റെ ഇഷ്ടം അറിയിക്കുക തന്നെ ചെയ്തു. ഉണ്ണിയുടെ വശ്യമായ സംസാരത്തിലും ചിരിയിലും സീതയും വീഴുകയായിരുന്നു. പല മേലാളൻമാരും പ്രണയം നടിച്ചും അല്ലാതെയും ഒക്കെ കീഴാളരുടെ ശരീരം ആസ്വദിക്കുന്ന കഥയൊക്കെ സീതക്കും അറിയാമായിരുന്നു.

മനയ്ക്കലെ അടുക്കളക്കാരിയായിരുന്നു സീതയുടെ അമ്മ ജാനു, അച്ഛൻ കുമാരനും അവിടുത്തെ പണിക്കാരൻ ആയിരുന്നു. പ്രണയം മൂത്ത് ഇരുവരും തറവാട്ടിൽ അറിയാതെ തറവാട്ടമ്പലത്തിൽ കേറി താലികെട്ടി. ഇതറിഞ്ഞ ഉണ്ണിയുടെ അച്ഛനും കാരണവന്മാരും പ്രശ്നമുണ്ടാക്കി. അമ്പലത്തിൽ കീഴ്ജാതിയിൽ പെട്ട പെണ്ണ് കേറിയതിന് അമ്പലക്കാരും മനയ്ക്കലെ നമ്പൂതിരിമാർക്കെതിരെ തിരിഞ്ഞു. അൽപം പുരോഗമന വാദിയായിരുന്ന ഉണ്ണി ഇതൊന്നും ചെവിക്ക് കൊടുത്തില്ല. നേരെ അവളെയും കൊണ്ട് ധൈര്യത്തോടെ വീട്ടിൽ കേറിച്ചെന്നു. അവരെ കണ്ടതും ഉടവാളെടുത്തു അച്ഛൻ അവർക്ക് നേരെ പാഞ്ഞു. സീതയുടെ കഴുത്തറുത്തു താഴെയിടുമെന്ന വെല്ലുവിളിയുയർത്തി. അമ്മയുടെ കണ്ണീരും യാചനയും കൊണ്ട് ഉണ്ണി സീതയെയും കൂട്ടി അവിടെനിന്നിറങ്ങി. കുറച്ചു ദൂരെയായി ഒരു കുടിൽ കെട്ടി താമസം തുടങ്ങി. പട്ടണത്തിൽ എന്തെങ്കിലും ജോലി റെഡിയാക്കി അങ്ങോട്ട് താമസം മാറണം അവർ തീരുമാനിച്ചു. എന്നാൽ കുടുംബത്തിലെ ഏക സന്തതിയായിരുന്ന ഉണ്ണിയെ എങ്ങനെയെങ്കിലും തിരികെ കിട്ടാൻ വീട്ടുകാർ ആവുന്നതും ശ്രമിച്ചു. സീതയെ കൂടാതെ താൻ ആ വീട്ടിലേക്ക് തിരിച്ചു വരില്ല എന്നും ഉണ്ണി അറിയിച്ചു.

കാലം നീങ്ങി കൊണ്ടിരുന്നു. ഉണ്ണിക്ക് സീതയിൽ ഒരു കുഞ്ഞു വാവ പിറന്നു, സീതയുടെ അതേ മുഖമുള്ള  ഒരു കുഞ്ഞു മാലാഖക്കുട്ടി. ചെറിയ ഒരു ജോലി പട്ടണത്തിൽ ശരിയായെങ്കിലും അവളെയും അങ്ങോട്ടു കൊണ്ടു പോയി താമസിക്കാനുള്ള സാഹചര്യം ആയിരുന്നില്ല. അവൻ ചില ദിവസങ്ങളിൽ തിരിച്ചെത്താൻ കഴിയാതെ അവിടെ താമസിക്കും, അപ്പോൾ വീട്ടിൽ കുഞ്ഞും സീതയും മാത്രമായിരുന്നു. അവന്റെ വീട്ടുകാർ ഇടയ്ക്ക് ശല്യവുമായി വരാറുണ്ടായിരുന്നു. ഉണ്ണി ശക്തമായ പ്രതിഷേധമറിയിച്ചതോടെ അവരടങ്ങി. ഉണ്ണിയെ തിരിച്ചു കിട്ടാൻ യാതൊരു രക്ഷയും ഇല്ല എന്ന് കണ്ടപ്പോൾ അവർ അവരുടെ അടവ് മാറ്റി. ഉണ്ണിയോടും കുടുംബത്തോടും സ്നേഹത്തോടെ പെരുമാറാൻ തുടങ്ങി. അവരും ആ സ്നേഹത്തിൽ വിശ്വസിച്ചു പോയി. സീതയെയും കുഞ്ഞിനെയും അപായപ്പെടുത്തിയിട്ട് ഉണ്ണിയെ എങ്ങനെയും തങ്ങൾക്ക് വീണ്ടെടുക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. തറവാട്ടിലെ ഏക അനന്തരാവകാശി ഇല്ലാതാവുന്നത് അവരെ ക്ഷീണിപ്പിച്ചിരുന്നു.

ഒരു ദിവസം ജോലിക്ക് പോയ ഉണ്ണി തിരിച്ചുവരില്ലെന്ന് അറിഞ്ഞ അവർ സീതയെയും കുഞ്ഞിനെയും ഇല്ലാതാക്കാൻ പദ്ധതിയിട്ടു. അന്ന് ഒരു അമാവാസി ദിവസമായിരുന്നു. അർദ്ധരാത്രിയിൽ ലോകം ഉറങ്ങുന്ന സമയത്ത് മനക്കലെ കിങ്കരന്മാർ സീതയുടെ കുടിൽ തേടിയെത്തി. കാര്യമറിയാതെ സീത ഉറക്കിൽ നിന്നും എഴുന്നേറ്റ് പുറത്തുവന്നു. ഊരിപ്പിടിച്ച വാളുമായി തന്റെയും കുഞ്ഞിന്റെയും നേരെ അടുക്കുന്ന കുറെ ആളുകളെ കണ്ടതോടെ മോളെ മുറുക്കെ പിടിച്ച് പൊട്ടിക്കരഞ്ഞു. ഈ അർദ്ധരാത്രി കരഞ്ഞതുകൊണ്ട് ആരും കേൾക്കാനും പോകുന്നില്ല കേട്ടാൽ തന്നെ സഹായിക്കാൻ ആരും ഉണ്ടാവുകയുമില്ല. അവൾ കുഞ്ഞിനേയും വാരിപ്പുണർന്ന് എങ്ങോട്ടെന്നില്ലാതെ ഓടി. പുറകെ ഊരിപ്പിടിച്ച വാളുമായി കുറെ മനുഷ്യരും. ഓടിയോടി അവളെത്തിയത് തറവാട്ട് അമ്പലത്തിലെ പടവുകളിലായിരുന്നു. പടവുകളിൽ കാൽ തട്ടി സീത താഴെ വീണു. കൈയ്യിൽനിന്നും കുഞ്ഞു ദൂരേക്കു തെറിച്ച് പോയി. അവൾ എഴുന്നേറ്റ് കുഞ്ഞിന് നേരെ ഓടി. എന്നാൽ അവൾ എത്തുമ്പോഴേക്കും ആരോ ഒരാളുടെ ഊരിപ്പിടിച്ച വാൾ പിഞ്ചു പൈതലിന്റെ കഴുത്തിൽ പതിഞ്ഞിരുന്നു. അലറി വിളിച്ച് കരയുന്ന സീതയുടെ വാ പൊത്തി ആരൊക്കെയോ ചേർന്ന് ഒരു കുറ്റിക്കാടിലേക്ക് അവളെ വലിച്ചുകൊണ്ടുപോയി. കുഞ്ഞിനെ നഷ്ടപ്പെട്ട മാതാവിന്റെ അവസ്ഥ പോലും മാനിക്കാതെ അവളെ അവർ പിച്ചിച്ചീന്തി. തളർന്നു കിടന്ന അവളുടെ നെഞ്ചിലേക്ക് മൂർച്ചയുള്ള വാള് കുത്തിക്കേറ്റി. ജീവൻ നിലച്ചു എന്ന് ഉറപ്പുവരുത്തിയ ശേഷം ആ കിരാതന്മാർ തിരിച്ചു നടന്നു.

പിറ്റേന്ന് നേരം പുലർന്നപ്പോൾ ഈ വാർത്ത കാട്ടുതീ പോലെ പടർന്നു. ജോലി കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തിയ ഉണ്ണിമാധവൻ ഈ വിവരം അറിഞ്ഞു അപ്പോത്തന്നെ തളർന്നു വീഴുകയായിരുന്നു. ഉണർന്നെണീറ്റ ഉണ്ണിയെ അവന്റെ തറവാട്ടിലേക്ക് കൊണ്ടുപോയെങ്കിലും അവൻ പഴയ ഉണ്ണി ആയിരുന്നില്ല. ഭാര്യയും പിഞ്ചുകുഞ്ഞും മൃഗീയമായി കൊലചെയ്യപ്പെട്ട വിവരം അറിഞ്ഞ അവന്റെ മനസ്സും ശരീരവും ഒരുപോലെ തളർന്നിരുന്നു. ആ മനസ്സ് നേരെയാക്കാൻ ഇനി ആ തറവാടിനോ തറവാടിന്റെ സ്വത്തിനോ ഒരിക്കലും കഴിയുമായിരുന്നില്ല. ആ തറവാടിന്റെ ഒരു മൂലയിലെ മുറിയിൽ ചങ്ങലയിൽ ബന്ധിക്കപ്പെട്ട അവൻ സീതയെയും കുഞ്ഞിനേയും ഓർത്തു ഉറക്കെ കരയുകയും ചിരിക്കുകയും അവരോട് സംസാരിക്കുകയും ഒക്കെ ചെയ്തുകൊണ്ടിരുന്നു. കാലം കഴിയുന്തോറും പലതും മനപ്പൂർവ്വം മറവിക്ക് വിട്ടു കൊടുക്കാതെ ചങ്ങലയിൽ ബന്ധിപ്പിച്ചു കൂടെ നിർത്തുക തന്നെയായിരുന്നു അവനും.

English Summary:

Malayalam Short Story ' Kirathar ' Written by Shamla Avala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com