ADVERTISEMENT

ഹിപ്നോസിസ് ടേബിളിൽ നിന്നു അലറി കരയുന്ന മരിയ. അവൾക്ക് കൊടുക്കാൻ ഡയസെപാം പത്തു മില്ലിഗ്രാം, സിറിഞ്ചിൽ നിറച്ചു ഓടി വരുന്ന നഴ്സ്മാർ. അറ്റൻഡർ മുറുക്കെ പിടിച്ചപ്പോൾ കുത്തു കിട്ടി, മരുന്ന് ശരീരത്തിൽ കയറി. അവൾ ഒരു ഉറക്കത്തിലേക്ക് വീണു. 

എന്നും രാത്രി ഉറങ്ങുന്നതിനു മുൻപ് മരിയ മോൾ പ്രാർഥിച്ചിരുന്നു. ദൂരെ മേഘങ്ങൾക്ക് ഇടയിൽ ഇരിക്കുന്ന സർവ ശക്തനായ തമ്പുരാനോട്. "തമ്പുരാനെ, മരിയ കുട്ടിയെ കാത്തോളണേ, അപ്പയെയും, അമ്മയെയും കാത്തോളണേ." അതിനു ശേഷം തന്റെ മുറിയുടെ വലത്തേ വശത്തുള്ള ജനാല വഴി മുറ്റത്തു നോക്കി നിൽക്കും. ആകാശത്തിലെ ചിരിക്കുന്ന നക്ഷത്രങ്ങളും, വിടർന്നു നിൽക്കുന്ന ചന്ദ്രനും ഒക്കെ നോക്കി നിൽക്കാൻ അവൾക്ക് ഇഷ്ടാണ്. മരിയ ഒരു സൂക്കേട്കാരി ആണ്. "ലഞ്ച് ബ്രേക്കിനൊന്നും ഓടി ചാടി കളിക്കല്ലേ, സൂക്കേടുകാരിയാ മറക്കണ്ട" എന്നും ത്രേസ്സിയ, അവളുടെ അമ്മ, ഉരുവിടുന്ന മന്ത്ര വാക്യങ്ങൾ ആണ് ഇവ. സ്കൂളിൽ മരിയയ്ക്ക് അധികം കൂട്ടുകാരൊന്നും ഇല്ലായിരുന്നു. ക്ലാസ്സിലെ ആദ്യ ബെഞ്ചിൽ ഇരുന്നു നന്നായി പഠിക്കാൻ അവൾ ശ്രമിച്ചു. പക്ഷേ ചോറുണ്ണാൻ ബെൽ അടിക്കുമ്പോൾ അവളുടെ കുഞ്ഞു ഹൃദയം പിടക്കും. എല്ലാവരും ഓടി കളിക്കുമ്പോൾ, കഴുകിയ ചോറ്റു പാത്രവും ആയി അവൾ ക്ലാസ്സ്മുറിയിൽ തിരിച്ചു വരും. ഹൃദയത്തിലേക്ക് രക്ത ഓട്ടം നിയന്ത്രിക്കുന്ന ഒരു കുഞ്ഞുവാൽവിലെ ഓട്ട. അതായിരുന്നു അവളുടെ പ്രശ്നം. അതുകൊണ്ട് ഭാരിച്ച ജോലികൾ ഒന്നും തന്നെ പറ്റില്ല.

അവൾ സ്കൂളൊക്കെ കഴിഞ്ഞു എന്നും വീട്ടിൽ എത്തുന്നത് ഗോൾഡി അമ്മാവന്റെ ഓട്ടോയിൽ ആണ്. വീട്ടിൽ വന്നു ഭക്ഷണം കഴിച്ചു കഴിഞ്ഞു കുറച്ചു സമയം തന്റെ പാവകൾക്ക് ഒപ്പം കളിക്കും. സൂര്യൻ വിട പറഞ്ഞു ചന്ദ്രൻ വരുമ്പോൾ, രണ്ടു കൈയ്യും നീട്ടി അവൾ സ്വീകരിക്കും. പിന്നെ ജനലിനു അടുത്തുള്ള കട്ടിലിൽ കിടന്ന് ആകാശം കാണുകയും, നക്ഷത്രങ്ങൾ എണ്ണുകയും ചെയ്യും. അങ്ങനെ ഉള്ള ഒരു വെള്ളിയാഴ്ച, അവൾ ആകാശം നോക്കി കിടന്നപ്പോൾ ആകാശത്തു മേഘങ്ങൾ കുമിഞ്ഞു കൂടി, ഒരു മല ഉണ്ടായി. കൗതുകത്തോടെ അത് നോക്കിയ മരിയ കണ്ടത് വെള്ളമേഘങ്ങൾക്ക് ഇടയിൽ ഒരു സ്വർണ തളിക. എത്ര നേരം അതിലേക്ക് തുറിച്ചു നോക്കി എന്നറിയില്ല, എപ്പോഴോ അവൾ ഉറങ്ങി പോയി. പിറ്റേന്ന് ദിവസം പതിവ് പോലെ നീങ്ങി. തലേന്ന് കണ്ട സ്വപ്നത്തിനെ പറ്റി, അവൾ അടുത്തിരുന്ന കൂട്ടുകാരിയോട് പറഞ്ഞു. കണക്കിന്റെ ഹോംവർക്ക് തെറ്റിച്ചതിനു, മാലതി മിസ്സ്‌ അടി കൊടുത്തെങ്കിലും അവൾക്ക് അത്ര സങ്കടം തോന്നിയില്ല. സ്കൂൾ കഴിഞ്ഞു വീട്ടിൽ ചെന്ന അവൾ ത്രേസിയാമ്മയോട് സ്വപ്‍നം  വിവരിച്ചു. പ്രാർഥനയുടെ കുറവ് കൊണ്ടാവും, എന്ന് പറഞ്ഞു, അമ്മ കുരിശു വരയുടെ സമയം കൂട്ടി രണ്ടര മണിക്കൂർ ആക്കി. മരിയ പക്ഷേ സ്ഥിരം ആ സ്വപ്നം കണ്ട് കൊണ്ടേ ഇരുന്നു. ആകാശത്തിലെ പേടകം.

അങ്ങനെ ദിവസങ്ങൾ കടന്നു പോയി ക്രിസ്മസ് പരീക്ഷയ്ക്ക് സമയം ആയി. കണക്കു പരീക്ഷയുടെ തലേന്നു, ഉറക്കം എഴുന്നേറ്റു പഠിച്ചു കൊണ്ടിരുന്ന മരിയ ഇടയ്ക്ക് എപ്പോഴോ മയങ്ങി പോയി. എഴുന്നേറ്റപ്പോൾ തന്റെ ജനലിന്റെ അടുത്ത്, ഒരു പ്രകാശവലയം കണ്ടു. അതിൽ നിന്നു കണ്ണെടുക്കാതെ അവൾ ജനലിന്റെ അടുത്തേക്ക് നടന്നു. വല്യ തലയും, നീണ്ട മുഖവും കുറുകിയ ശരീരവും ഉള്ള ഒരു ജീവി. ജീവിയുടെ മുഖത്ത് ശാന്തത ആയിരുന്നു, അതിന്റെ അടുത്തേക്ക് പോകുംതോറും ഒരു കാന്തികശക്തി അവളെ കൂടുതൽ വലിച്ചു അടുപ്പിച്ചുകൊണ്ടേ ഇരുന്നു. എത്ര നേരം കടന്നു പോയി എന്നറിയില്ല, പിന്നീട് അവൾക്ക് ഓർമ പരീക്ഷ ഹാളിൽ ഇരിക്കുന്നതാണ്. രാവിലെ എഴുന്നേറ്റതോ, ഭക്ഷണം കഴിച്ചതോ, എന്തിനു എങ്ങനെ പരീക്ഷ ഹാളിൽ വന്നു എന്ന് പോലും അവൾക്ക് അറിയില്ല. അന്ന് രാത്രി ആകാൻ അവൾ നോക്കി ഇരുന്നു. ഒടുവിൽ രാത്രി ആയപ്പോൾ, അവൾ അന്ന് മുഴുവൻ ജനലിലൂടെ ആകാശത്തേക്ക് നോക്കി കിടന്നു, ഇടയ്ക്ക് എപ്പോഴോ ഒന്ന് മയങ്ങി പോയി. കണ്ണ് തുറന്നു നോക്കിയപ്പോൾ അടുത്ത് ആ പ്രകാശ വലയം. അത് തന്നോട് എന്തോ മിണ്ടുന്ന പോലെ തോന്നി. 

മരിയ ചോദിച്ചു "ആരാ? എന്താ ഇവിടെ?" ആ ജീവി മുന്നോട്ടു വന്നു മരിയയുടെ കൈയ്യിൽ പിടിച്ചു. അവൾക്ക് ഒരു ചുഴലികാറ്റിൽ പെട്ടത് പോലെ തോന്നി. തന്നെ വലിച്ചെടുക്കുന്നത് പോലെ. അവൾ ചെന്നു നിന്നത്, ഒരു സയൻസ് ലാബ് പോലെ തോന്നിപ്പിക്കുന്ന സ്ഥലത്താണ്. കംപ്യൂട്ടറുകൾ പോലെ തലയുള്ള കുറെ ജീവികൾ. ചുറ്റും നോക്കി, ഒന്നും പിടികിട്ടിയില്ല. സൈഡ് ജനലിലൂടെ നോക്കിയപ്പോൾ, തന്റെ കിടപ്പു മുറി അങ്ങു ദൂരെ കാണാം. താൻ ആ സ്വർണ പേടകത്തിനുള്ളിൽ ആണ് അവൾ ഉറപ്പിച്ചു. അനങ്ങാൻ കഴിയാതെ, എല്ലാം കണ്ടും, മനസ്സിലാക്കിയും അവൾ അവിടെ നിന്നു. ഇത് സ്വപ്നം ആണോ എന്ന് സംശയം തോന്നിയിട്ട്, അവൾ ചെറുവിരലിൽ ഒന്ന് കടിച്ചു നോക്കാൻ മുതിർന്നു. പക്ഷേ അവൾക്ക് അനങ്ങാൻ കഴിഞ്ഞില്ല. മരവിച്ച പോലെ ശരീരം തളർന്നിരുന്നു. ഇതിനിടയ്ക്ക് കുറെ ജീവികൾ തന്റെ അടുത്തേക്ക് വരുകയും, തന്നെ തൊട്ടു നോക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. തന്റെ നഖം, തലമുടി ഇതിന്റെ ഒക്കെ കഷ്ണങ്ങൾ ചെറിയ കുപ്പികളിൽ ആക്കി അവർ സൂക്ഷിച്ചു. 

പെട്ടെന്നു ആ മുറിയിലേക്ക് ഒരു പ്രകാശം കടന്നു വന്നു. മറ്റു ജീവികളിൽ നിന്നും വ്യത്യസ്തനായ ഒരു ജീവി. അത് തന്റെ അടുത്തേക്ക് നടന്നു വന്നു പതുക്കെ മരിയയുടെ കൈയ്യിൽ സ്പർശിച്ചു. ഷോക്ക് അടിക്കുന്ന പോലെ തോന്നി. പിന്നീട് അവൾ ഒരു വല്യ സ്ക്രീൻ കണ്ടു. അതിൽ മരിയ കണ്ട കാഴ്ചകൾ അവളെ ഞെട്ടിച്ചു. തന്റെ ക്ലാസ് മുറി, പക്ഷെ ഇത് കഴിഞ്ഞ കൊല്ലം ആണ്, കാരണം കണക്കു പഠിപ്പിക്കുന്നത് മാലതി മിസ്സ്‌ അല്ല ഗ്രെറ്റ മിസ്സ്‌ ആണ്. തന്നെ ക്ലാസ്സിന്റെ വെളിയിൽ നിർത്തിയ ഒരു വെള്ളിയാഴ്ച, അന്ന് സ്കൂളിൽ ചേർന്ന പുതിയ കുട്ടി, മൈക്കിൾ. തന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുകയും. തന്നോട് വളരെ കൂട്ടാകുകയും ചെയ്തു. തന്റെ ഉറ്റതോഴനായി, ഏക സുഹൃത്തായി പെട്ടെന്നു മാറിയ മൈക്കിൾ. ആദ്യമായി തന്നെ ഗ്രൗണ്ടിൽ കളിക്കാൻ വിളിച്ച, ബാക്കി കുട്ടികൾ കളിയാക്കുമ്പോൾ തന്നെ സമാധാനിപ്പിച്ച മൈക്കിൾ. പക്ഷേ മൈക്കിൾ ഒരു ആക്‌സിഡന്റിൽ മരിച്ചല്ലോ, ഇപ്പൊ ഒരു വർഷമായി. ഇതൊക്കെ ഇവർക്ക് എവിടുന്ന് കിട്ടി. ഒരുപാട് സംശയങ്ങൾ മരിയയുടെ മനസ്സിൽ നുരഞ്ഞു പൊങ്ങി. 

പഴയ റേഡിയോ ട്യൂൺ ചെയ്യുന്ന ശബ്ദത്തിൽ ആ ജീവി സംസാരിച്ചു. അത് സംസാരിച്ചു നിർത്തി, കുറച്ചു കഴിഞ്ഞു അത് മരിയയ്ക്ക് തന്റെ ഭാഷയിൽ കേട്ടു. "ഞാൻ മറ്റൊരു സൗരയുഗത്തിലെ, മറ്റൊരു പ്ലാനെറ്റിലെ ജീവി ആണ്. ഞങ്ങൾ റിസേർച്ച് പഠനത്തിനായിട്ടാണ് ഭൂമിയിൽ വന്നത്. ഞങ്ങൾ കണ്ടിട്ടുള്ളതിലേക്കും വച്ചു ഏറ്റവും വിചിത്ര ജീവികളായ മനുഷ്യരെ, അടുത്ത് പഠിക്കുക എന്നതായിരുന്നു എന്റെ മകന്റെ സ്കൂളിലെ പ്രൊജക്റ്റ്‌. അവന്റെ കണ്ടെത്തലുകൾ, ഞങ്ങളെ ഞെട്ടിച്ചു. ഗവണ്മെന്റ് കൂടുതൽ പഠിക്കുവാൻ ആളുകളെ നിയോഗിച്ചു" അമ്പരപ്പോടെ നോക്കി നിന്ന മരിയയുടെ അടുത്തേക്ക് ഒരു കുട്ടി ജീവി വന്നു, അവളുടെ കൈ പിടിച്ചു. അപ്പോൾ കണ്ട കാഴ്ച, അത് അവളെ ഞെട്ടിച്ചു കളഞ്ഞു. കണ്ണുകൾ നിറഞ്ഞൊഴുകി, ഒന്ന് കണ്ണീരൊപ്പാൻ പോലും അവളുടെ കൈകൾ ചലിച്ചില്ല, അത്രയ്ക്ക് തളർന്നു പോയിരുന്നു അവ. തന്റെ മൈക്കിൾ ചിരിച്ചോണ്ട് മുന്നിൽ നിൽക്കുന്നു. ആ വലിയ ജീവി മരിയയുടെ അങ്കലാപ്പൊ, കണ്ണുനീരോ വകവയ്ക്കാതെ ഒറ്റശ്വാസത്തിൽ കഥ തുടരുകയാണ്.

"നീ അറിയുന്ന മൈക്കിൾ, എന്റെ മകൻ ആണ്. മനുഷ്യരെ അടുത്ത് പഠിക്കുക എന്ന ലക്ഷ്യത്തിൽ ആണ് അവൻ വന്നത്. അവന്റെ സ്കൂൾ പ്രൊജക്റ്റ്‌ അതായിരുന്നുവല്ലോ. അവന്റെ കണ്ടെത്തലുകൾ, വലിയ വഴിത്തിരിവ് ഉണ്ടാക്കി. പക്ഷെ അവൻ ഇവിടെ കുരുങ്ങും എന്ന് തോന്നിയ ഒരു അവസരത്തിൽ, ഒരു ആക്‌സിഡന്റിലൂടെ അവന്റെ മനുഷ്യ ശരീരം ഞങ്ങൾ നശിപ്പിച്ചു. ഞങ്ങൾ അവനെ കൊണ്ട് പോകുകയാണ്, അവനു ട്രാവൽ ബാൻ ഉണ്ട്. 150വർഷം അവനു ഭൂമിയിൽ വരാൻ പറ്റില്ല. നിന്നെ, ഇതൊക്കെ അറിയിക്കണം എന്ന് അവനു നിർബന്ധം ആയിരുന്നു. അതിനായി ആണ് ഈ കൂടി കാഴ്ച." മരിയ ഇതൊക്കെ കണ്ടും, കേട്ടും ഷോക്ക് അടിച്ചപോലെ നിൽക്കുകയാണ്. സംസാരിക്കാൻ അവസരം കൊടുത്തപ്പോൾ അവൾ ഒരൊറ്റ ചോദ്യം മാത്രം ആണ് ചോദിച്ചത്, "എന്താണ് നിങ്ങൾ പഠിക്കാൻ വന്നത്?" വീണ്ടും റേഡിയോ ട്യൂൺ ചെയ്യുന്ന ശബ്ദത്തിൽ ആ ജീവി പറഞ്ഞു. "മനുഷ്യർക്ക് മാത്രം ഉള്ള, ഒരു കഴിവ്, 'സ്നേഹം' അത് പഠിക്കാൻ ആണ് വന്നത്. നിങ്ങളിൽ കാണുന്ന കപടത ആയ, ലോജിക് ഇല്ലാത്ത "സ്നേഹം"; എന്ന വികാരം, അതായിരുന്നു അവന്റെ പ്രൊജക്റ്റ്‌. പക്ഷേ മൈക്കിൾ, അവനും ആ കപടതയിൽ വീണു. തന്റെ ലോകം ഉപേക്ഷിച്ചു, നിന്നോടൊപ്പം നിൽക്കാൻ അവൻ ആഗ്രഹിച്ചു, മനസ് കൊണ്ട് തയാറായി. അത് കൊണ്ട് തന്നെ, ഞങ്ങൾ ഈ പ്രൊജക്റ്റ്‌ പാതി വഴിയിൽ അവസാനിപ്പിച്ചു. മനുഷ്യരുമായി സമ്പർക്കം, ഒരു രീതിയിലും ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അത് വിനാശം വിതയ്ക്കും."

രാത്രി, ജനലിന്റെ അരികിൽ നിന്നു, പിച്ചും പേയും പറയുന്ന മരിയയെ, അമ്മ വന്നു പിടിച്ചു കട്ടിലിൽ കിടത്തി. വർഷങ്ങൾക്ക് ശേഷം, ഇന്ന് മാനസിക ആസ്പത്രിയിൽ നിന്നു ഡിസ്ചാർജ് ആയി, വന്നതേ ഉള്ളു. അപ്പോഴേക്കും ആ മുറിയിൽ പോയിരുന്നു ആലോചന തുടങ്ങി. ഡോക്ടർ തോമസ് പ്രത്യേകം പറഞ്ഞതാ, പ്രകോപനം ഉണ്ടാകുന്ന ഒന്നും അരുതെന്ന്. ഡോക്ടർടെ ഭാഷയിൽ, മരിയ അനുഭവിച്ചത്‌ മാരകമായ ഓഡിറ്റോറി, വിഷുവൽ ഹാലൂസിനേഷൻ ആണ്. അതിനാണ് അവളെ ചികിൽസിച്ചതും. എന്നാൽ പല ശാസ്ത്രജ്ഞന്മാരും പറയുന്നത്. ആദ്യം മരിയ അനുഭവിച്ചത്‌, ഒരു ക്ലോസ് എൻകൗണ്ടർ ആണ് എന്നാണ്. ആ സ്വർണ തളിക കണ്ടത്, അതുപോലെ ഒട്ടനവധി സംഭവങ്ങൾ ലോകത്തിന്റെ പല കോണുകളിലും നടന്നിട്ടുണ്ട് പോലും. അല്ലൻ ഹൈടക് എന്ന ശാസ്ത്രജ്ഞൻ ആണ്, തന്റെ പുസ്തകത്തിൽ ആദ്യമായി ഇതിനെ പറ്റി പറയുന്നത്. പിന്നീട് അവൾ പോലും അറിയാതെ അവളെ അവർ തട്ടി കൊണ്ട് പോയിരുന്നു. എന്നിട്ടു കൗതുകത്തോടെ അവർ അവളെ പഠിച്ചു, എല്ലാം കഴിഞ്ഞപ്പോൾ സ്വാതന്ത്ര ആക്കി. ഏലിയൻ അബടക്ഷൻ എന്ന പ്രക്രിയ, ഇതും, ലോകത്തിന്റെ പലയിടങ്ങളിൽ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്. സത്യം എന്താണ് എന്ന് ഇന്നും ആർക്കുമറിയില്ല. മൈക്കിളിന്റെ ഓർമകളുമായി മരിയ ഇന്നും ജീവിക്കുന്നു. 

English Summary:

Malayalam Short Story ' Oru Ksheerapatham Paryavekshanam ' Written by Jiya George

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com