മനുഷ്യക്കടത്ത് മാഫിയകളുടെ കെണിയിലകപ്പെട്ടരുടെ കഥ; മലേഷ്യൻ പ്രവാസത്തിലെ നേരനുഭവം
Mail This Article
മലയാളിയുടെ പ്രവാസത്തിലെ ഒരു പ്രധാന ഭൂമികയാണ് മലേഷ്യ. മറ്റു പല ദേശങ്ങളിലേക്കും എത്തിപ്പെടുന്നതിനു മുൻപേ നമ്മൾ പോയത് മലേഷ്യയിലേക്കാണ്. ആ പ്രവാസത്തിൽ ഓരോ മനുഷ്യരും എത്രയോ അധികം വ്യത്യസ്തമായ അനുഭവങ്ങളിലൂടെയെല്ലാം കടന്നു പോയിരിക്കാം. അതൊന്നും രേഖപ്പെടുത്താതെ പോയി എന്ന ഖേദകരമായ വിടവിനെ തന്നെയാണ് ഈ പുസ്തകത്തിന്റെ പിൻകുറിപ്പിൽ പ്രസിദ്ധ എഴുത്തുകാരൻ ബെന്യാമിൻ സൂചിപ്പിച്ചത് പോലെ അക്ഷരാർഥത്തിൽ ആത്മേശൻ പച്ചാട്ട് നികത്തുന്നത്.
ഇന്ത്യയിൽ നിന്നും മലേഷ്യയിലേക്കുള്ള കുടിയേറ്റങ്ങളും, അവയിൽ മലയാളികളുടെ പങ്കും, മലേഷ്യൻ ടൂറിസത്തിന്റെ പ്രത്യേകതകളും, വിസാ സാധ്യതകളുമെല്ലാം ലളിതമായി വിവരിച്ചുകൊണ്ടാണ് പുസ്തകത്തിന്റെ തുടക്കം.
മലേഷ്യയിലേക്ക് ജോലി തേടിയെത്തിയ ചെറുപ്പക്കാരടക്കമുള്ള വിവിധ പ്രവാസികൾക്കനുഭവിക്കേണ്ടി വന്ന ദുരനുഭവങ്ങളാണ് ബോഡിംഗ് പാസിന്റെ പ്രമേയം. മനുഷ്യക്കടത്ത് മാഫിയകളുടെ കെണിയിലകപ്പെട്ട് ജീവിതത്തോട് പൊരുതി തോൽക്കേണ്ടി വന്നവർക്കൊപ്പം എഴുത്തുകാരനും സഞ്ചരിച്ചത് കൊണ്ടായിരിക്കണം 'ഏത് ദുസ്സഹ സാഹചര്യങ്ങളോടും സ്ഥിരമായി ഇടപഴകേണ്ടി വരുമ്പോൾ നമ്മളറിയാതെ അവയോട് പൊരുത്തപ്പെട്ടുപോകും' എന്ന് അദ്ദേഹം വരച്ചു കാട്ടുന്നത്.
ആഗ്രഹങ്ങളും പ്രതീക്ഷകളും അസ്തമിക്കുമ്പോൾ തന്നെയാണ് വിളിച്ച ദൈവങ്ങൾക്കും ഉരുവിട്ട മന്ത്രങ്ങൾക്കും കരുത്തില്ലാതെ പോകുന്നതെന്ന തുറന്നു പറച്ചിൽ എത്രത്തോളം യാഥാർഥ്യമാണെന്നത് ഈ പുസ്തകത്തിലെ ഓരോ കുറിപ്പുകളിൽ നിന്നും വ്യക്തമാണ്.
എന്റെ പേര് പറഞ്ഞ് വരുന്ന കോളുകൾക്ക് രണ്ട് ലക്ഷ്യങ്ങളെ കാണൂ, “ഒന്നുകിൽ എന്റെ മയ്യത്ത് നാട്ടിലേക്കയക്കാൻ” “അല്ലെങ്കിൽ എന്നെ ജീവനോടെ നാട് കടത്താൻ” ഏജന്റുമാർ കബളിപ്പിച്ച അനധികൃത കുടിയേറ്റക്കാരന്റെ പ്രതീക്ഷയറ്റ വാക്കുകൾ കണ്ണുകളെ ഈറനണിയിച്ചു.
'സ്നേഹമാണ്' പ്രവാസത്തിന്റെ ജാതിയെന്ന സന്ദേശം ഓരോ കുറിപ്പുകൾ വായിച്ചു തീർക്കുമ്പോഴും വായനക്കാരുടെ മനസ്സിലേക്കെത്തിക്കാൻ കഥാകാരനായിട്ടുണ്ട്. 'മനുഷ്യത്വമുള്ളവർക്കൊക്കെ പൊതുവെ പണം ഒരു കിട്ടാക്കനിയാണ്, പണമുള്ളവർക്ക് മനുഷ്യത്വവും' എന്ന ഉദ്ധരണിയിലൂടെ സാമൂഹ്യ പ്രവർത്തകർ പൊതുവെ നേരിടുന്ന പ്രശ്നങ്ങളും കഥാകൃത്ത് തുറന്നു കാട്ടുന്നു.
പ്രവാസത്തിൽ നിന്നാണ് ഒരു കൂട്ടം മനുഷ്യരിൽ സഹജീവികളോടുള്ള മറയില്ലാത്ത സ്നേഹവും ഒരുമയും പ്രകടമാകുന്നതെന്നാണ് ബോഡിംഗ് പാസിലൂടെ ഗ്രന്ഥകാരന്റെ നിരീക്ഷണം. ഓരോ കുറിപ്പിലും ഉൾപ്പെടുത്തിയ തത്വചിന്താ നിർഭരമായ ഉദ്ധരണികൾ അതുല്യമായ വായനാനുഭവം പ്രദാനം ചെയ്യുന്നു.
125 പേജുകളിലായി ആറ് വ്യത്യസ്താനുഭവങ്ങളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ആയുസ്സിന്റെ നല്ലൊരു ഭാഗവും കുടുംബത്തിനും വേണ്ടി ജീവിച്ച് തീർത്ത പ്രവാസിയുടെ മൃതദേഹം ഏറ്റെടുക്കാൻ തയാറാകാത്ത ബന്ധുക്കളിൽ നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങളും, തിരോധാനമറിയാതെ മകനെ തേടിയെത്തിയ മാതാപിതാക്കളുടെ നൊമ്പരങ്ങളും, ജയിലഴികൾക്കുള്ളിലെ പ്രവാസികളുടെ വേദനയേറിയ ജീവിതാനുഭവങ്ങളുമെല്ലാം അവയിൽ ചിലത് മാത്രം. "ബോഡിംഗ് പാസ്" എന്ന പുസ്തകം പ്രവാസമെന്ന മൂന്നക്ഷരങ്ങളെക്കുറിച്ചുള്ള നമ്മുടെ ധാരണകളെ ശരിക്കും പൊളിച്ചെഴുതുന്നു. കൈരളി ബുക്‌സാണ് തീർച്ചയായും വായിച്ചിരിക്കേണ്ട ഈ പുസ്തകത്തിൻറെ പ്രസാധകർ.
ബോഡിംഗ് പാസ്
ആത്മേശൻ പച്ചാട്ട്
കൈരളി ബുക്‌സ്